Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ബംഗ്ലാദേശും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന.


1. ആദരണീയനായ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ബംഗ്ലാദേശിന്റെ ആദരണീയയായ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 2019 ഒക്ടോബര്‍ ഒമ്പതിന് ഒരു ഔദ്യോഗിക സന്ദര്‍ശനം നടത്തി. ന്യൂഡല്‍ഹിയിലെ അവരുടെ ഔദ്യോഗിക പരിപാടികള്‍ക്കു പുറമേ 2019 ഒക്ടോബര്‍ മൂന്നിനും നാലിനും ലോക സാമ്പത്തിക ഫോറം സംഘടിപ്പിച്ച ഇന്ത്യാ സാമ്പത്തിക ഉച്ചകോടിയില്‍ മുഖ്യാതിഥിയായും പങ്കെടുത്തു,

2. ഉന്നതമായ സൗഹാര്‍ദ്ദവും ഊഷ്മളതയും നിറഞ്ഞുനിന്ന അന്തരീക്ഷത്തിലാണ് രണ്ടു പ്രധാനമന്ത്രിമാരും തമ്മില്‍ വിശദ ചര്‍ച്ചകള്‍ നടന്നത്. കൂടാതെ സന്ദര്‍ശനവേളയില്‍ ഒപ്പുവച്ച ഉഭയകക്ഷി ധാരണാപത്രങ്ങളും കരാറുകളും കൈമാറുന്ന ചടങ്ങിലും രണ്ടു പ്രധാനമന്ത്രിമാരും അധ്യക്ഷത വഹിക്കുകയും മൂന്ന് ഉഭയകക്ഷി പദ്ധതികള്‍ വീഡിയോ സമ്മേളനം വഴി ഉദ്ഘാടനം ചെയ്യുകയുമുണ്ടായി. തന്ത്രപരമായ പങ്കാളിത്തം വിനിമയം ചെയ്യുന്നതും പരമാധികാരം, തുല്യത, വിശ്വാസം പരസ്പരധാരണ എന്നിവ അടിസ്ഥാനമാക്കിയ ഉഭയകക്ഷി പങ്കാളിത്തം പ്രതിഫലിക്കുന്നതും ചരിത്രപരവും സഹോദരതുല്യവുമായ ആഴത്തിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ളതുമായ മികച്ച ഉഭയകക്ഷി ബന്ധത്തിലുള്ള സംതൃപ്തി രണ്ടു നേതാക്കളും ഈ സമ്മേളനത്തില്‍ പ്രകടിപ്പിച്ചു. ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ വശങ്ങളും അവലോകനം ചെയ്യുമ്പോള്‍ അവര്‍ ഉല്‍പ്പാദനപരവും സമഗ്രവുമായ ചര്‍ച്ചകള്‍ നടത്തി; മേഖലാപരമായ വിഷയങ്ങളിലെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. പരമ്പരാഗതവും അല്ലാത്തതുമായ മേഖലകളില്‍ രണ്ടുകൂട്ടര്‍ക്കും മെച്ചമുള്ള പങ്കാളിത്തത്തിന് വിവിധ അവസരങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ രണ്ടു പ്രധാനമന്ത്രിമാരും ധാരണയിലെത്തി; മഹത്തായ ബംഗ്ലാദേശ് വിമോചനയുദ്ധ കാലത്ത് തുടക്കമിട്ട പിന്‍മാറാനാകാത്ത ഈ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്തു.

ഇന്ത്യയും ബംഗ്ലാദേശും – സ്നേഹബന്ധം കൈമാറുന്ന തന്ത്രപരമായ പങ്കാളിത്തം

3. ചരിത്രം, സംസ്‌കാരം, ഭാഷ, മതനിരപേക്ഷത, ബന്ധത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്ന മറ്റു സവിശേഷ പൊതുസ്വഭാവങ്ങള്‍ എന്നിവയുടെ പങ്കുവയ്ക്കപ്പെട്ട ഉറപ്പ് രണ്ട് പ്രധാനമന്ത്രിമാരും വീണ്ടും ആവര്‍ത്തിച്ചു. വിമോചന യുദ്ധത്തില്‍ പൊരുതി രക്തസാക്ഷികളായ ഇന്ത്യന്‍ ഭടന്മാരായ മുക്തി യോദ്ധാക്കള്‍ക്കും ബംഗ്ലാദേശ് പൗരന്മാര്‍ക്കും 1971ലെ വിമോചന യുദ്ധത്തിലെ അവരുടെ മഹത്തായ ത്യാഗത്തിനും ജനാധിപത്യത്തിന്റെയും തുല്യതയുടെയും തിളങ്ങുന്ന മൂല്യങ്ങളോടുള്ള ബംഗ്ലാദേശ് നേതാക്കളുടെ പ്രതിബദ്ധതയ്ക്കും ഇരുവരും പ്രൗഢമായ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ്, ബംഗബന്ധു ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ സ്വപ്നങ്ങളുടെ മാതൃകയില്‍ ഈ പങ്കുവയ്ക്കപ്പെട്ട മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് രണ്ടു നേതാക്കളും പ്രതിജ്ഞയെടുത്തു. ഐശ്വര്യപൂര്‍ണവും സമാധാനപരവും വികസിതവുമായ ബംഗ്ലാദേശ് ഉറപ്പാക്കുക എന്ന പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യയുടെ പൂര്‍ണ പിന്തുണ പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ച് ഉറപ്പു നല്‍കി.

അതിര്‍ത്തി സുരക്ഷയും മാനേജ്മെന്റും

4. ഭീകരവാദത്തിനെതിരായ ബംഗ്ലാദേശ് ഗവണ്‍മെന്റിന്റെ വിട്ടുവീഴ്ചയില്ലാത്ത നയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും മേഖലയില്‍ സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ദൃഢനിശ്ചയത്തെ പ്രശംസിക്കുകയും ചെയ്തു. ഭീകരവാദം രണ്ടു രാജ്യങ്ങളുടെയും മേഖലയുടെയും സമാധാനത്തിനും സ്ഥിരതയ്ക്കും ഏറ്റവും പ്രധാന ഭീഷണിയാണ് എന്ന് അംഗീകരിച്ചുകൊണ്ട് ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള പ്രതിബദ്ധത രണ്ടു പ്രധാനമന്ത്രിമാരും ആവര്‍ത്തിച്ചു വ്യക്തമാക്കി. ഭീകരതതയുടെ ഏതുതരം പ്രവര്‍ത്തനത്തിനും യാതൊരു തരത്തിലുള്ള ന്യായീകരണവുമില്ല എന്ന് അവര്‍ ഊന്നിപ്പറഞ്ഞു. 2019 ഓഗസ്റ്റില്‍ ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ രണ്ടു രാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രിമാരും തമ്മില്‍ നടത്തിയ വിജയകരമായ ചര്‍ച്ചകള്‍ രണ്ടു നേതാക്കളും പരാമര്‍ശിച്ചു. തീവ്രവാദ-വിധ്വംസക ഗ്രൂപ്പുകള്‍ക്കും ഭീകരപ്രവര്‍ത്തകര്‍ക്കും കള്ളക്കടത്തുകാര്‍ക്കും കള്ളപ്പണം കടത്തുന്നവര്‍ക്കും സംഘടിത കുറ്റവാളികള്‍ക്കും എതിരായ അടുത്ത സഹകരണത്തിന് ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നത് തുടരാന്‍ സമ്മതിക്കുകയും ചെയ്തു.

5. രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കു പരസ്പരം യാത്ര ചെയ്യുന്നതിനുള്ള സാഹചര്യം ലളിതമാക്കുന്നതിന് രണ്ടു പക്ഷവും ഊന്നല്‍ നല്‍കി. ഇന്ത്യയിലേക്ക് റോഡ് മാര്‍ഗവും റെയില്‍ മാര്‍ഗവും യാത്ര ചെയ്യാന്‍ ബംഗ്ലാദേശുകാര്‍ക്ക് ആവശ്യമുള്ള യാത്രാരേഖകള്‍ ലളിതമാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നന്ദി പറഞ്ഞു; പരസ്പര വിനിമയത്തിന്റെ വികാരം ഉള്‍ക്കൊണ്ട് നിലവിലെ ലാന്‍ഡ് പോര്‍ട്ടുകള്‍ ഉപയോഗിക്കുന്ന ബംഗ്ലാദേശ് പൗരന്മാര്‍ക്കുള്ള മുഴുവന്‍ നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ത്രിപുരയിലെ അഖാവുരയിലും പശ്ചിമബംഗാളിലെ ഘോജഡംഗയിലും ചെക് പോയിന്റുകള്‍ തുടങ്ങിക്കൊണ്ട് ബംഗ്ലാദേശ് പൗരന്മാര്‍ക്ക് മതിയായ രേഖകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ ലാന്‍ഡ് പോര്‍ട്ടുകള്‍ വഴി വരുന്നതിനും പോകുന്നതിനുമുള്ള മുഴുവന്‍ നിയന്ത്രണങ്ങളും ഘട്ടം ഘട്ടമായി നീക്കാന്‍ രണ്ടു പക്ഷവും സമ്മതിച്ചു.

6. ശാന്തവും സുസ്ഥിരവും കുറ്റകൃത്യമുക്തവുമായ അതിര്‍ത്തി ഉറപ്പാക്കുന്നതിന് കാര്യക്ഷമമായ അതിര്‍ത്തി മാനേജ്മെന്റ് ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം രണ്ടു നേതാക്കളും ഊന്നിപ്പറഞ്ഞു. ഈ ലക്ഷ്യം നേടാന്‍ രണ്ടു രാജ്യങ്ങളുടെയും അന്താരാഷ്ട്ര അതിര്‍ത്തിയിലെ ബാക്കിയുള്ള പ്രദേശങ്ങളിലും കഴിയുന്നത്ര വേഗം അതിര്‍ത്തി വേലികള്‍ പൂര്‍ത്തിയാക്കാന്‍ അതാതിടത്തെ അതിര്‍ത്തി രക്ഷാ സേനകള്‍ക്ക് രണ്ടു നേതാക്കളും നിര്‍ദേശം നല്‍കും. അതിര്‍ത്തിയില്‍ സാധാരണ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതിലെ ഉത്കണ്ഠ രണ്ടു നേതാക്കളും പങ്കുവയ്ക്കുകയും അതിര്‍ത്തിയിലെ അത്തരം സംഭവങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് അതിര്‍ത്തി രക്ഷാ വിഭാഗങ്ങള്‍ ഏകോപിച്ചു പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

7. ദുരന്തനിവാരണ മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ രണ്ടു നേതാക്കളും ധാരണയിലെത്തി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സമയബന്ധിതമായി സഹകരിക്കുന്നതിന് ഒരു ധാരണാപത്രം കഴിയുന്നത്ര വേഗം പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകതയെ അവര്‍ സ്വാഗതം ചെയ്തു.

പരസ്പര നേട്ടമുള്ള വ്യാപാര പങ്കാളിത്തത്തിലേക്ക്

8. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഒരു സമഗ്ര ഉഭയകക്ഷി ധനകാര്യ പങ്കാളിത്ത കരാറിലേക്കു ( സിഇപിഎ) പ്രവേശിക്കുന്നതു സംബന്ധിച്ച സംയുക്ത പഠനത്തിന് രണ്ടു പക്ഷവും ധാരണയിലെത്തി.

9. അഖവുര- അഗര്‍ത്തല തുറമുഖം വഴിയുള്ള ഉല്‍പ്പന്നക്കടത്തിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയോടുള്ള പ്രതികരണം എന്ന നിലയില്‍, സമീപഭാവിയില്‍ത്തന്നെ സ്ഥിരവ്യാപാരത്തിലെ പ്രധാന ഇനങ്ങള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കുമെന്ന് ബംഗ്ലാദേശ് അറിയിച്ചു.

10. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചണം ഉള്‍പ്പെടെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുന്ന അധിക നികുതിപ്രശ്നത്തില്‍ ഇന്ത്യന്‍ അധികൃതര്‍ ശ്രദ്ധ വയ്ക്കണമെന്ന് ബംഗ്ലാദേശ് പക്ഷം അഭ്യര്‍ത്ഥിച്ചു. നിലവിലെ നിയമങ്ങള്‍ പ്രകാരമുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചുവരികയാണ് എന്ന് ഇന്ത്യന്‍ പക്ഷം സൂചിപ്പിച്ചു. മേഖലയിലെ സഹകരണത്തിനും ശേഷി വികസനത്തിനും വ്യാപാര പ്രശ്നപരിഹാര നടപടികളുടെ രൂപരേഖ തയാറാക്കാനുള്ള വഴി തേടണമെന്ന് രണ്ടു നേതാക്കളും തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

11. അതിര്‍ത്തിഗ്രാമങ്ങളില്‍ ജീവിക്കുന്നവരുടെ ജീവിതത്തിനും ഉപജീവനത്തിനും അതിര്‍ത്തിച്ചന്തകള്‍ സൃഷ്ടിച്ച ഫലപ്രാപ്തിയെ അഭിനന്ദിക്കുകയും രണ്ടു രാജ്യങ്ങളും സമ്മതിച്ച 12 അതിര്‍ത്തിച്ചന്തകള്‍ സ്ഥാപിക്കുന്നതിന് നേതാക്കള്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
12. ബംഗ്ലാദേശ് സ്റ്റാന്റേര്‍ഡ് ആന്റ് ടെസ്റ്റിംഗ് ഇന്‍സ്റ്റിറ്റിയൂഷന്‍ ( ബിഎസ്ടിഐ), ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്സ് (ബിഐഎസ്) എന്നിവ തമ്മിലുള്ള ധാരണാപത്രം പുതുക്കുന്നതിനെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു. രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ സന്തുലിതമായ ചരക്കു വ്യാപാരം വര്‍ധിപ്പിക്കാന്‍ ഈ ധാരണാപത്രം സഹായകമാകുമെന്ന് അവര്‍ സമ്മതിച്ചു. രണ്ടു രാജ്യങ്ങളും ഏഷ്യാ പസഫിക് ലബോറട്ടറി അക്രഡിറ്റേഷന്‍ കോപ്പറേഷനില്‍ അംഗങ്ങളായിരിക്കുകയും എന്‍എബിഎല്‍ വ്യവസ്ഥകളുമായി ഒത്തുപോകുന്ന സൗകര്യങ്ങള്‍ നടപ്പാക്കാന്‍ ബിഎസ്ടിഐ നടപടികളെടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബിഎബിയെയും എന്‍എബിഎല്ലിനെയും പരസ്പരം അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പരിഗണിക്കാമെന്ന് രണ്ടു നേതാക്കളും സമ്മതിച്ചു.

13. ഇന്ത്യന്‍ വിപണിയില്‍ ബംഗ്ലാദേശ് കയറ്റുമതിക്ക് ഡ്യൂട്ടി രഹിത, ക്വാട്ട രഹിത പ്രാപ്തി ലഭ്യമാക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അഭിനന്ദിച്ചു. ഇതാദ്യമായി ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 2019ല്‍ ഒരു ശതകോടി ഡോളര്‍ കടക്കുകയും കയറ്റുമതിയില്‍ ഒറ്റ വര്‍ഷംകൊണ്ട് 52 ശതതമാനം വളര്‍ച്ച കൈവരിക്കുകയും ചെയ്തതിനെ അവര്‍ സ്വാഗതം ചെയ്തു,

14. രണ്ടു രാജ്യങ്ങളിലെയും തുണി, ചണം മേഖലകള്‍ തമ്മിലുള്ള സഖ്യം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ചുവടുവയ്പ്പ് എന്ന നിലയില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ടെക്സ്‌റ്റൈല്‍ മന്ത്രാലയവും ബംഗ്ലാദേശിന്റെ ടെക്സ്‌റ്റൈല്‍- ജൂട്ട് മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രത്തിന് എത്രയും വേഗം അന്തിമ രൂപം നല്‍കാന്‍ പ്രധാനമന്ത്രിമാര്‍ ആവശ്യപ്പെട്ടു.

പരസ്പര ബന്ധം പ്രോല്‍സാഹിപ്പിക്കല്‍- ഭൂമിയിലും ജലത്തിലും ആകാശത്തും

15. ആകാശ, ജല, റെയില്‍, റോഡ് ബന്ധങ്ങള്‍ വര്‍ധിക്കുന്നത് ബംഗ്ലാദേശിനും ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും അതിനുമപ്പുറവും പരസ്പരം ഗുണകരമാകുമെന്ന് രണ്ടു പക്ഷവും അംഗീകരിച്ചു. ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നും പ്രത്യേകിച്ചും ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും അവിടെ നിന്നുമുള്ള ചരക്കുനീക്കത്തിന് ഛട്ടോഗ്രാം- മോംഗ്ലാ തുറമുഖങ്ങള്‍ ഉപയോഗിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ക്ക് അന്തിമ രൂപമാകുന്നതിനെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു. ഇത് രണ്ടു രാജ്യങ്ങളുടെയും സമ്പദ്ഘടനയ്ക്ക് ഗുണകരമായ സാഹചര്യമുണ്ടാക്കും.

16. ഉള്‍നാടന്‍ ജലഗതാഗതവും തീരദേശ സമുദ്ര വ്യാപാരവും ഉപയോഗപ്പെടുത്തിയുള്ള ചരക്കു നീക്കത്തിന്റെ വന്‍തോതിലുള്ള പ്രാധാന്യത്തിനു രണ്ട് നേതാക്കളും അടിവരയിട്ടു. ഇതിന്റെ ഭാഗമായി ദുലിയന്‍-ഗഡഗാരി-രാജ്ഷാഹി-ദൗലത്ത് ദിയ-അരീച റൂട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉള്‍നാടന്‍ ജലഗതാഗതവും വ്യാപാരവും സംബന്ധിച്ച നടപടിക്രമങ്ങള്‍ക്ക് രൂപം നല്‍കാനുള്ള തീരുമാനത്തെ അവര്‍ സ്വാഗതം ചെയ്തു.
17. രണ്ടു പക്ഷത്തെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് സാധ്യമാകുന്ന നേട്ടങ്ങള്‍ സൃഷ്ടിക്കുക എന്ന കൊടുക്കല്‍ വാങ്ങല്‍ മനോഭാവത്തില്‍ തുറമുഖങ്ങളും ചരക്കു കടത്തു യാനങ്ങളും ആവശ്യത്തിനനുസരിച്ച് വിനിയോഗിക്കാനുള്ള ചര്‍ച്ചകള്‍ക്ക് അനുമതി നല്‍കി.
18. മെച്ചപ്പെട്ട പരസ്പര ബന്ധം പ്രോല്‍സാഹിപ്പിക്കുന്നതിനും രണ്ടു രാജ്യങ്ങളിലെയും യാത്രക്കാരുടെയും ചരക്കുകളുടെയും നീക്കങ്ങള്‍ ലളിതമാക്കുന്നതിനും ബിബിഐഎന്‍ മോട്ടോര്‍ വെഹിക്കിള്‍ കരാര്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കാന്‍ രണ്ടു നേതാക്കളും സമ്മതിച്ചു. സന്നദ്ധരായ അംഗരാജ്യങ്ങളിലെ യാത്രക്കാരുടെയും ചരക്കുകളുടെയും നീക്കം സുഗമമാക്കുന്നതിനുള്ള കരാറാണിത്. ഇതല്ലെങ്കില്‍ ഇന്ത്യാ- ബംഗ്ലാദേശ് ഉഭയകക്ഷി മോട്ടോര്‍ വെഹിക്കിള്‍ കരാറിനു രൂപം നല്‍കും.

19. രണ്ടു രാജ്യങ്ങളും തമ്മിലുള്ള റോഡ് ബന്ധം കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള നടപടിയെന്ന നിലയില്‍ ധാക്ക-സിലിഗുരി ബസ് സര്‍വീസ് ആരംഭിക്കാനുള്ള നീക്കത്തെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു.

20. രണ്ടു രാജ്യങ്ങളിലെയും ജലവിഭവ സെക്രട്ടറിമാര്‍ തമ്മില്‍ 2019 ഓഗസ്റ്റില്‍ നടത്തിയ ചര്‍ച്ചകളിലും ബംഗ്ലാദേശിലെ നിര്‍ദിഷ്ട ഗംഗ-പത്മ ബാരേജ് പദ്ധതിയുടെ സാധ്യതാപഠനത്തിനു സംയുക്ത സാങ്കേതിക സമിതി രൂപീകരിച്ചതിലും രണ്ടു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. 1996ലെ ഗംഗാജലം പങ്കുവെക്കല്‍ കരാര്‍ പ്രകാരമുള്ള ജലം പങ്കുവെക്കലാണ് പദ്ധതിയുടെ ലക്ഷ്യം.

21. ഏറ്റവും പുതിയ വസ്തുതകളും വിവരങ്ങളും കൈമാറാന്‍ സംയുക്ത നദീ കമ്മീഷന്റെ സാങ്കേതികതല സമിതി രൂപീകരിച്ചത് രണ്ടു നേതാക്കളും നിര്‍ദേശം നല്‍കി. മനു, മുഹ്രി, ഘൊവായി, ധാര്‍ല, ധൂത് കുമാര്‍ എന്നീ നദികളിലെ ജലം കൈമാറുന്നതു സംബന്ധിച്ച ഇടക്കാല പങ്കുവെക്കല്‍ കരാറുകള്‍ക്കുള്ള കരട് രൂപരേഖയും ഇതിന്റെ ഭാഗമാണ്. ഫെനി നദിയിലെ വെള്ളത്തിന്റെ ഇടക്കാല പങ്കുവയ്ക്കല്‍ കരാറിന്റെ കാര്യത്തിസസും സാങ്കേതിക സമിതിയുടെ രൂപരേഖ ബാധകമായിരിക്കും.

22. രണ്ടു രാജ്യങ്ങളിലെയും ഗവണ്‍മെന്റുകള്‍ 2011ല്‍ കരാര്‍  ഒപ്പിട്ട ടീസ്റ്റാ ജലം പങ്കുവയ്ക്കല്‍ ഇടക്കാല രൂപരേഖാ കരാറിന് അന്തിമ രൂപം നല്‍കി ഒപ്പിടുന്നത് ബംഗ്ലാദേശിലെ ജനങ്ങള്‍ കാത്തിരിക്കുകയാണ് എന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കി. കരാറിന്  കഴിയുന്നത്ര വേഗം അന്തിമ രൂപം നല്‍കുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നു പ്രധാനമന്ത്രി ശ്രീ. മോദി പ്രതികരിച്ചു. 

23. ഫെനി നദിയില്‍ നിന്ന് 1.82 ക്യൂസെക് ജലം ത്രിപുരയിലെ സാബ്രൂം പട്ടണത്തിലെ കുടിവെള്ള ആവശ്യത്തിനായി പിന്‍വലിക്കുന്നതു സംബന്ധിച്ച ജലവിഭവ സെക്രട്ടറിതല യോഗ തീരുമാനത്തെ രണ്ടു നേതാക്കളും അഭിനന്ദിച്ചു.

24. റെയില്‍വേ മേഖലയില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിപുല സാധ്യതകള്‍ രണ്ടു നേതാക്കളും അംഗീകരിച്ചു. 2019 ഓഗസ്റ്റില്‍ രണ്ടു രാജ്യങ്ങളിലെയും റെയില്‍വേ മന്ത്രിമാര്‍ നടത്തിയ തുടര്‍ ചര്‍ച്ചകള്‍ അവര്‍ ചൂണ്ടിക്കാട്ടി.

25. ജനങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത രണ്ടു നേതാക്കളും പ്രത്യേകം ചൂണ്ടിക്കാണിച്ചു. മുന്നോട്ടുള്ള ചുവടുവയ്പിന്റെ ഭാഗമായി മൈത്രീ എക്സ്പ്രസ് ആഴ്ചയില്‍ നാലില്‍ നിന്ന് അഞ്ചു തവണയാക്കിയതിനെയും ബന്‍ധന്‍ എക്സ്പ്രസ് ആഴ്ചയില്‍ ഒന്നില്‍ നിന്ന് രണ്ടു തവണയാക്കിയതിനെയും രണ്ടു പ്രധാനമന്ത്രിമാരും അഭിനന്ദിച്ചു. 
26. റയില്‍ഗതാഗത സംവിധാനങ്ങള്‍ ഇന്ത്യ ബംഗ്ലാദേശിന് നല്‍കുന്നതിനും ബംഗ്ലാദേശിലെ സയ്ദാപൂര്‍ വര്‍ക്ക്‌ഷോപ്പിന്റെ നവീകരണത്തിനുമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള വ്യവസ്ഥകള്‍ വേഗത്തിലാക്കുന്നതിന് ഇരു നേതാക്കളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
27. ബംഗ്ലാദേശിന് ഗ്രാന്റ് അടിസ്ഥാനത്തില്‍ നിരവധി ബ്രോഡ് ഗേജ്, മീറ്റര്‍ ഗേജ് തീവണ്ടി എന്‍ജിനുകള്‍ വിതരണം ചെയ്യുന്നത് പരിഗണിക്കുന്നതിന് പ്രധാനമന്ത്രി ഷേഖ് ഹസീന പ്രധാനമന്ത്രി മോദിക്ക് നന്ദി രേഖപ്പെടുത്തി. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വര്‍ദ്ധിക്കുന്നതിന് സഹായിക്കും.
28. 2019 ഗ്രീഷ്മാകലം മുതല്‍ വ്യോമസര്‍വീസുകളുടെ ശേഷി നിലവിലെ പ്രതിവാരം 61 സര്‍വീസുകളില്‍നിന്ന് 91 സര്‍വീസുകളായി ഉയര്‍ത്തുന്നതിനും 2020 ഹേമന്തം മുതലുള്ള ഷെഡ്യൂളുകളില്‍ അത് പ്രതിവാരം 120 സര്‍വീസുകളായി വീണ്ടും വര്‍ധിപ്പിക്കുന്നതിനുമുള്ള തീരുമാനത്തെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു.

പ്രതിരോധ സഹകരണം പരമാവധി ഉപയോഗപ്പെടുത്തുക.
29. 1971ലെ ബംഗ്ലാദേശിന്റെ മോചനത്തിനു വേണ്ടി നടന്ന മഹത്തായ യുദ്ധത്തില്‍ ഇരുസേനകളും സംയുക്തമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുതലുള്ള പ്രശംസനീയമായ സഹകരണം കണക്കിലെടുത്തുകൊണ്ട് കൂടുതല്‍ സമഗ്രവും സുരക്ഷിതവുമായ അയല്‍പക്കത്തിന് വേണ്ടി പ്രതിരോധസഹകരണം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും അംഗീകരിച്ചു. 
30. കുടുതല്‍ അടുപ്പമുള്ള സമുദ്ര സുരക്ഷാ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള മുന്‍കൈയെ രണ്ടു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു, ബംഗ്ലാദേശില്‍ തീരദേശ നിരീക്ഷണ റഡാര്‍ സംവിധാനം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിന് അന്തിമരുപം നല്‍കുന്നതു ചൂണ്ടിക്കാണിക്കുകയും ധാരണാപത്രം എത്രയും വേഗം ഒപ്പുവയ്ക്കുന്നതിനെ പ്രോത്സഹിപ്പിക്കാന്‍ പരസ്പരം സമ്മതിക്കുകയും ചെയ്തു.
31. 2019 ഏപ്രിലില്‍ നടത്തിപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ ബംഗ്ലാദേശിന് വായ്പയായി അനുവദിച്ച 500 മില്യണ്‍ യു.എസ്. ഡോളര്‍ എടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചു.

വികസനസഹകരണം ഉറപ്പിക്കുന്നു
32. ബംഗ്ലാദേശിന്റെ താഴേത്തട്ടുവരെ സാമൂഹിക-സാമ്പത്തിക വികസനം എത്തിക്കുന്നതിനുള്ള ബംഗ്ലാദേശിന് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുന്ന വിവിധ സാമൂഹികപദ്ധതികള്‍ ഗ്രാന്റ് ഇന്‍ എയ്ഡ് പദ്ധതികളായി ഏറ്റെടുത്തതിന് പ്രധാനമന്ത്രി ഹസീന ഇന്ത്യന്‍ ഗവണ്‍മെന്റിന് നന്ദി രേഖപ്പെടുത്തി,
33. മൂന്നു വായ്പകളും ഉപയോഗിച്ചതിലുള്ള പുരോഗതിയില്‍ ഇരു പ്രധാനമന്ത്രിമാരും സംതൃപ്തി രേഖപ്പെടുത്തുകയും ഇരു രാജ്യങ്ങളിലേയും ഉദ്യോഗസ്ഥരോട് ഈ വായ്പയുമായി ബന്ധപ്പെട്ട പദ്ധതികളുടെ നടത്തിപ്പിന് എത്രയും വേഗം തുടക്കം കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
34. ഢാക്കയില്‍ ഇന്ത്യന്‍ എക്‌സിം ബാങ്കിന്റെ പ്രതിനിധി ഓഫിസിന്റെ പ്രവര്‍ത്തന സൗകര്യം ഒരുക്കിയതിലും ഇന്ത്യന്‍ ഗവണ്‍മെന്റ് ബംഗ്ലാദേശിന് നല്‍കിയ വായ്പകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു ചട്ടക്കൂട് കരാര്‍ ഒപ്പിട്ടതിലും ഇരു രാജ്യങ്ങളും സംതൃപ്തി പ്രകടിപ്പിച്ചു.
35.  നേതാക്കള്‍ വിഡിയോ ലിങ്കിലൂടെ ഒക്‌ടോബര്‍ അഞ്ചിന് മൂന്ന് ഉഭയകക്ഷി വികസന പങ്കാളിത്ത പദ്ധതികള്‍ ഉദ്ഘാടനംചെയ്യുകയും ചെയ്തു. അവ
എ) ബംഗ്ലാദേശില്‍ നിന്നും വന്‍തോതില്‍ ദ്രവീകൃത വാതകം ഇറക്കുമതി ചെയ്യുക.
ബി) ഢാക്കയിലെ രാമകൃഷ്ണ മിഷനില്‍ വിവേകാനന്ദ ഭഭന്റെ (വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍) ഉദ്ഘാടനം.
സി) ഖുലാനയിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഡിപ്ലോമ എഞ്ചിനിയേഴ്‌സ് ബംഗ്ലാദേശില്‍ ഇന്തോ-ബംഗ്ലാദേശ് നൈപുണ്യവികസന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ബി.ഐ.പി.എസ്.ഡി.ഐ) ഉദ്ഘാടനം.
36. ബംഗ്ലാദേശിലെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ കാര്യശേഷി വര്‍ധിപ്പിക്കുന്നതിനായി നിലവിലുള്ള ഉഭയകക്ഷി സഹകരണത്തില്‍ ഇരു രാജ്യങ്ങളും സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യാ ഗവണ്‍മെന്റ് നല്‍കിയ നീതിശാസ്ത്രത്തിന്റെ പൊതുപാരമ്പര്യം ഭാവിയില്‍ ബംഗ്ലാദേശിലെ നിയമ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനപരിപാടി വര്‍ദ്ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കും.

അതിര്‍ത്തി കടന്നുള്ള ഊര്‍്ജ സഹകരണം
37. ബംഗ്ലാദേശില്‍ നിന്നും വന്‍ തോതില്‍ ദ്രവീകൃത വാതകം ബംഗ്ലാദേശ് ട്രക്കുകള്‍ വഴി ത്രിപുരയില്‍ എത്തിക്കുന്ന പദ്ധതി ഇരുനേതാക്കളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുകയും ഇത്തരം ഊര്‍ജ ബന്ധങ്ങള്‍ ഭാവിയില്‍ അതിര്‍ത്തികടന്നുള്ള ഊര്‍ജ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
38. അതിര്‍ത്തികടന്നുള്ള വൈദ്യുതിയുമായി ബന്ധപ്പെട്ട് ഖൈത്തറില്‍ (ഇന്ത്യ) നിന്നും പാര്‍ബോത്തിപൂരി (ബംഗ്ലാദേശ്)ലേക്കും ബോനഗറിലേ(ഇന്ത്യ)ക്കും 765 കെ.വിയുടെ ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ വികസിപ്പിക്കാന്‍ അടുത്തിടെ ഢാക്കയില്‍ ചേര്‍ന്ന ഇന്തോ-ബംഗ്ലാദേശ് ഊര്‍ജ മേഖല സഹകരണത്തിനുളള ജെ.എസ്.സിയുടെ 17-മാത് യോഗത്തില്‍ എടുത്ത തീരുമാനങ്ങളെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. നടപ്പാക്കലിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ മേഖലകള്‍ക്കുള്ളില്‍ ഇന്ത്യാ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ ജലവൈദ്യുത പദ്ധതികളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വളരെ മത്സരാധിഷ്ഠിതമായ വിലയുളള ഊര്‍ജം ഉള്‍പ്പെടെ കുടുതല്‍ വൈദ്യുതി വ്യാപാരത്തിന് ഈ അധികശേഷി സഹായിക്കുമെന്ന് ഇരുനേതാക്കളും ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസവും യുവത്വത്തിന്റെ വിനിമയവും

39. ഭാവിയിലെ നിക്ഷേപം എന്ന നിലയ്ക്ക് യുവത്വങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഇരു രാജ്യങ്ങളും ഊന്നല്‍ നല്‍കി. യൂവജനകാര്യങ്ങളിലെ യുവത്വത്തിന്റെ സഹകരത്തിനായി ഒപ്പിട്ട ധാരണാപത്രം ഈ ദിശയിലേക്കുള്ള ചുവട്‌വയ്പ്പാണെന്ന് അവര്‍ സൂചിപ്പിച്ചു. ബംഗ്ലാദേശിന് അനുയോജ്യമായ ഘടനാപരമായ പരിശീലനപരിപാടികള്‍ കൂടുതല്‍ ഉല്‍പ്പാദനക്ഷമമാകുമെന്നും നേതാക്കള്‍ അംഗീകരിച്ചു.
40. അക്കാദമിക യോഗ്യതകള്‍ പരസ്പരം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം എത്രയൂം വേഗം പൂര്‍ത്തിയാക്കാന്‍ ഇരു നേതാക്കളും ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സാംസ്‌ക്കാരിക സഹകരണം-മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം(2019), ബംഗബന്ധുവിന്റെ ജന്മശതാബ്ദി വാര്‍ഷികം (2020), ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ 50-ാം വാര്‍ഷികം (2021)
41. രണ്ടു പ്രധാനപ്പെട്ട വാര്‍ഷികത്തില്‍ കുടുതല്‍ സഹകരണത്തിന്റെ ആവശ്യകതയ്ക്ക് ഇരു നേതാക്കളും ഊന്നല്‍ നല്‍കി: 2020ലെ ബംഗബന്ധു ഷേഖ് മുജീബുര്‍ റഹ്മാന്റെ ജന്മ ശതാബ്ദിയും 2021ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റെ 50-ാം വാര്‍ഷികവും ഒപ്പം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി നയതന്ത്ര ബന്ധം 2021ല്‍ സ്ഥാപിക്കുന്നതിനും. ഈ രണ്ടു ചരിത്ര വര്‍ഷങ്ങളുടെ ആഘോഷത്തിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌ക്കാരിക ആശയവിനിമയത്തിനും രണ്ടു നേതാക്കളും സമ്മതിച്ചു. 2019-2020 ല്‍ ഇരുരാജ്യങ്ങള്‍ക്കും സൗകര്യമുള്ള സമയത്ത് ബംഗ്ലാദേശില്‍ ഫെസ്റ്റിവെല്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദേശത്തിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി.
42. ഈ സന്ദര്‍ശനത്തില്‍ സാംസ്‌ക്കാരിക വിനിമയപരിപാടികളുടെ ധാരണാപത്രം പുതുക്കുന്നതിനെയും ഇരു പ്രധാനമന്ത്രമാരും സ്വാഗതം ചെയ്തു.
43. 2020ല്‍ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ ബംഗബന്ധു ഷേഖ് മുജിബുര്‍ റഹ്മാനെക്കുറിച്ചുള്ള ഫീച്ചര്‍ ഫിലിമിന്റെ നിര്‍മ്മാണ സഹകരണത്തിന് ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷനും ബംഗ്ലാദേശ് ചലച്ചിത്ര വികസന കോര്‍പ്പറേഷനും തമ്മിലുള്ള കരാറുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള  നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇരു പ്രധാനമന്ത്രിമാരും നിര്‍ദ്ദേശം നല്‍കി.
44. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികവേളയില്‍ ആദരസൂചകമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കാന്‍ ബംഗ്ലാദേശ് ഗവണ്‍മെന്റ് സമ്മതിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദിരേഖപ്പെടുത്തി. ലോകമാകെ അഹിംസാ സിദ്ധാന്തത്തിന്റെ പേരിലും കോളനിവാഴ്ചയ്ക്കും അസമത്വത്തിനുമെതിരെയുള്ള പോരാട്ടത്തിന്റെ പേരിലും അദ്ദേഹത്തിനെ ആദരിക്കുന്നു.
45. ദേശീയ മ്യൂസിയവും (ഇന്ത്യ), ബംഗബന്ധു മ്യൂസിയവും (ബംഗ്ലാദേശ്) തമ്മിലുള്ള സഹകരണത്തിനായി ഒരു ധാരണാപത്രത്തില്‍ ഏര്‍പ്പെടുന്നതിന് ഇരു നേതാക്കളും സമ്മതിക്കുകയും ബന്ധപ്പെട്ട അധികാരികളോട് ധാരണാപത്രത്തിന് എത്രയും വേഗം അന്തിമരൂപം നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

മ്യാന്‍മറിലെ രാഖിനേ സംസ്ഥാനത്തില്‍ നിന്നു പുറത്താക്കപ്പെട്ട ജനങ്ങള്‍
46. മ്യാന്‍മറിലെ രഖിനി സംസ്ഥാനത്തില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പുറത്താക്കിയവര്‍ക്ക് അഭയവും മാനുഷികമായ സഹായങ്ങളും നല്‍കുന്ന ബംഗ്ലാദേശിന്റെ മഹാമനസ്‌കതയെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. കോക്‌സ് ബസാറില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലികാഭയം നല്‍കിയ ബംഗ്ലാദേശിന്റെ മാനുഷിക സഹായത്തിന്റെ ഒരു പങ്ക് ഇന്ത്യ വിതരണം ചെയ്യും. ടെന്റുകള്‍, ദുരിതാശ്വാസ, സുരക്ഷാ വസ്തുക്കള്‍ ഒപ്പം മ്യാന്‍മറില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പുറത്താക്കപ്പെട്ട സ്ത്രീകള്‍ക്ക് നൈപുണ്യവികസനത്തിനായി തയ്യല്‍മെഷിനുകള്‍ എന്നിവ ഈ സഹായവിഹിതത്തില്‍ ഉണ്ടായിരിക്കും. ഇതിന് പുറമെ മ്യാന്‍മറിലെ രഖിനി സംസ്ഥാനത്ത് 250 വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ പദ്ധതി ഇന്ത്യ പൂര്‍ത്തിയാക്കുകയും മറ്റൊരു സാമൂഹിക-സാമ്പത്തിക വികസന പദ്ധതി ആ മേഖലയില്‍ നടപ്പാക്കുന്നതിനായി തയാറെടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു.
47. മ്യാന്‍മറില്‍ നിന്നും പുറത്താക്കപ്പെട്ടവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സഹായിക്കാനായി 2017 മുതല്‍ ഇന്ത്യ നല്‍കിവരുന്ന മാനുഷികമായ സഹായങ്ങള്‍ക്കുള്ള ബംഗ്ലാദേശ് ഗവണ്‍മെന്റിന്റെ നന്ദി പ്രധാനമന്തി ഷേഖ് ഹസീന അറിയിച്ചു. മ്യാന്‍മറിലെ രഖിനി സംസ്ഥാനത്ത് സ്വന്തം ഭവനങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് വളരെപ്പെട്ടെന്ന്, സുരക്ഷിതവും സുസ്ഥിരമായ നഷ്ടപരിഹാരം ലഭ്യമാക്കേണ്ടത് വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും സമ്മതിച്ചു. അവരുടെ മടക്കയാത്രയ്ക്ക്, മ്യാന്‍മറിലെ രാഖിനി സംസ്ഥാനത്തിലെ സുരക്ഷാസാഹചര്യവും സാമൂഹിക വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ളതിന് വേണ്ടി കുടുതല്‍ പരിശ്രമത്തിന്റെ ആവശ്യത്തിന് രണ്ടു പേരും സമ്മതിച്ചു.

മേഖലയിലും ലോകത്തിലും പങ്കാളികള്‍
48. ഐക്യരാഷ്ട്രസഭയിലും മറ്റു ബഹുതല സംഘടനകളിലും യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത രണ്ടു പ്രധാനമന്ത്രിമാരും ആവര്‍ത്തിച്ചു. അന്താരാഷ്ട്ര രംഗത്ത്, 2030ലെ അജണ്ടയിലുള്ള വികസിത രാഷ്ട്രങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയും അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
49. മേഖല-ഉപമേഖല സഹകരണത്തിനാണ് ഇരു രാജ്യങ്ങളും മുന്‍ഗണന നല്‍കുന്നതെന്നു രണ്ടു നേതാക്കളും സമ്മരതിച്ചു. ഈ ലക്ഷ്യത്തിനായി അംഗരാജ്യങ്ങള്‍ക്ക് കൂട്ടായ സമ്പല്‍സമൃദ്ധി എന്ന ലക്ഷ്യം നേടുന്നതിനായി ബിംസ്‌റ്റെക്കിനെ കൂടുതല്‍ ഉപമേഖല സഹകരണത്തിനുള്ള സംവിധാനമാക്കി അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും.
50. ഈ സന്ദര്‍ശന വേളയില്‍ താഴെപ്പറയുന്ന ഉഭയകക്ഷി രേഖകള്‍ ഒപ്പിടുകയും കൈമാറ്റംചെയ്യുകയും സ്വീകരിക്കുകയും കൈമാറുകയും ചെയ്തു.
തീരദേശ നിരീക്ഷണ സംവിധാനത്തിനുള്ള ധാരണാപത്രം.
ചട്ടോഗ്രാം, മോങ്കല തുറമുഖങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ചരക്കുകളുടെ നീക്കത്തിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍.
ഇന്ത്യയിലെ ത്രിപുരയിലെ സബ്രൂം നഗരത്തില്‍ കുടിവെള്ള വിതരണത്തിനായി ഇന്ത്യയ്ക്ക് ഫെനി നദിയില്‍ നിന്നും 1.82 ക്യുസെക്‌സ് വെള്ളം പിന്‍വലിക്കാനുള്ള ധാരണാപത്രം.
ബംഗ്ലാദേശിന് ഇന്ത്യ വാഗ്ദാനം ചെയ്ത വായ്പകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാര്‍.
ധാക്ക – ഹൈദരാബാദ് സര്‍വകലാശാലകള്‍ തമ്മിലുള്ള ധാരണാപത്രം.

സാംസ്‌ക്കാരിക വിനിമയ പരിപാടിയുടെ പുതുക്കല്‍
യുവജനക്ഷേമ സഹകരണത്തിനുള്ള ധാരണാപത്രം
51. ചെൈന്നയില്‍ ബംഗ്ലാദേശിന്റെ ഒരു ഡെപ്യൂട്ടി ഹൈക്കമ്മിഷന്‍ തുറക്കുന്നതിന് സമ്മതം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രധാനമന്ത്രി ഷേഖ് ഹസീന നന്ദി രേഖപ്പെടുത്തി.

ഉന്നതതല സന്ദര്‍ശനത്തിലൂടെ ചലനാത്മകത നിലനിര്‍ത്തുക
52. ഇന്ത്യയിലെ സന്ദര്‍ശന സമയത്ത് തനിക്കും തന്റെ പ്രതിനിധി സംഘത്തിനും നല്‍കിയ മഹത്തായ ആതിഥ്യത്തിനും തങ്ങളോട് പ്രകടിപ്പിച്ച ഊഷ്മളതയ്ക്കും സൗഹാര്‍ദപരതയ്ക്കും പ്രധാനമന്ത്രി ഷേഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി രേഖപ്പെടുത്തി.
53. ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി ഷേഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു. ക്ഷണം സ്വീകരിക്കുകയും സന്ദര്‍ശനത്തിനുള്ള തീയതികള്‍ക്ക് നയന്ത്രവഴികളിലൂടെ അന്തിമരൂപം നല്‍കാമെന്നു സമ്മതിക്കുകയും ചെയ്തു.