Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്നത്തെ കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയുടെ പ്രസക്തിയെ കുറിച്ച് ഇക്കോസോക്ക് ചേംബറില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


 

സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്

പ്രസിഡന്റ് മൂണ്‍

പ്രധാനമന്ത്രി ലീ

പ്രധാനമന്ത്രി ഷേയ്ഖ് ഹസീന

പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നസ്

പ്രധാനമന്ത്രി ആര്‍ഡേണ്‍

പ്രധാനമന്ത്രി ലോത്തേ ഷെറിംഗ്

എക്‌സലന്‍സികളെ, സുഹൃത്തുക്കളെ,

ഇന്നത്തെ കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയുടെ പ്രസക്തിയെ കുറിച്ച് അദ്ദേഹത്തിന്റെ 150-ാം ജന്മവാര്‍ഷികത്തില്‍  ചര്‍ച്ച ചെയ്യാനാണ് നാം ഇന്ന്  ഇവിടെ കൂടിയിരിക്കുന്നത്.
ഇവിടെയുള്ള എല്ലാ വിശിഷ്ട അതിഥികളേയും ഞാന്‍ സ്വാഗതം ചെയ്യുന്നു.

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍   ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയതിന് ഐക്യരാഷ്ട്രസഭയ്ക്ക് ഞാന്‍ എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.

ഗാന്ധിജി ഇന്ത്യക്കാരന്‍ ആയിരുന്നെങ്കിലും അദ്ദേഹം ഇന്ത്യയ്ക്ക് മാത്രം വേണ്ടിയുള്ള ആളായിരുന്നില്ല. ഇന്ന് ഈ വേദി അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ്.

ഭരണവുമായി വിദൂര ബന്ധമില്ലാത്ത സത്യവും, അഹിംസയും മാത്രം കരുത്തായ ഒരാള്‍ ശതാബ്ദങ്ങള്‍ പഴക്കമുള്ള സാമ്രാജ്യത്തെ കുലുക്കി എന്നു മാത്രമല്ല. നിരവധി രാജ്യസ്‌നേഹികളില്‍ സ്വാതന്ത്ര്യത്തിന്റെ അഭിവാഞ്ജ പതിപ്പിച്ചുവെന്നതും ചരിത്രത്തിലെവിടെയും കാണാത്ത കാര്യമാണ്.

മഹാത്മാഗാന്ധി അത്തരത്തില്‍ ഒരു വ്യക്തിയായിരുന്നു. അധികാരത്തില്‍ നിന്ന് വളരെ ദൂരെയായിരുന്നെങ്കിലും ഇന്നും അദ്ദേഹം കോടിക്കണക്കിന് ജനങ്ങളുടെ മനസ്സുകളെ നിയന്ത്രിക്കുന്നു.

നിങ്ങള്‍ക്ക് ഊഹിക്കാം. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത അദ്ദേഹത്തിന്റെ ജീവിതം എങ്ങനെയാണ് ജനങ്ങള്‍ക്ക് ആകൃഷ്ടമായതെന്ന്. അത് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ ആയാലും, നെല്‍സണ്‍ മണ്ടേല ആയാലും അവരുടെ ആശയങ്ങളുടെ അടിസ്ഥാനം മഹാത്മാഗാന്ധിയായിരുന്നു. ഗാന്ധി ദര്‍ശനങ്ങളായിരുന്നു.

സുഹൃത്തുക്കളെ,
ഇന്ന് ജനാധിപത്യത്തിന് പരിമിതമായ ഒരു അര്‍ത്ഥമേയുള്ളൂ. അതായത്, ജനങ്ങള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട ഗവണ്‍മെന്റിനെ തിരഞ്ഞെടുക്കുകയും, ജനാഭിലാഷങ്ങള്‍ക്കനുസൃതമായി ആ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കണമെന്നാണ്. പക്ഷേ മഹാത്മാ ഗാന്ധി ഊന്നല്‍ നല്‍കിയത് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തിയിലാണ്. ജനങ്ങള്‍ ഭരണത്തെ ആശ്രയിക്കാതെ സ്വാശ്രയത്വം കൈവരിക്കുന്നതിനുള്ള ദിശയാണ് അദ്ദേഹം കാണിച്ചുതന്നത്.
സുഹൃത്തുക്കളെ,

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു മഹാത്മാ ഗാന്ധി. പക്ഷേ ഒരു നിമിഷം നാം ചിന്തിച്ചിട്ടുണ്ടോ, ഒരു സ്വതന്ത്ര രാഷ്ട്രത്തിലാണ് ജനിച്ചിരുന്നെങ്കില്‍ ഗാന്ധിജി എന്ത് ചെയ്യുമായിരുന്നു ?
അദ്ദേഹം സ്വാതന്ത്ര്യസമരത്തില്‍ പോരാടിയെന്നത് പ്രധാനപ്പെട്ടതാണ്. പക്ഷേ, ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളുടെ മൊത്തം വികാസം അതല്ല. ഗവണ്‍മെന്റിനെ ആശ്രയിക്കാത്തൊരു സാമൂഹിക സംവിധാനത്തിന് ഗാന്ധിജി വഴിയൊരുക്കി.

മഹാത്മാഗാന്ധി മാറ്റം കൊണ്ടുവന്നത് പരക്കെ അറിയപ്പെടുന്ന ഒന്നാണ്.

അതോടൊപ്പം തന്നെ അദ്ദേഹം ജനങ്ങളുടെ ആന്തരിക ശക്തിയെ ഉണര്‍ത്തുകയും മാറ്റം കൊണ്ടുവരാനായി അവരെ ഉദ്ബുദ്ധരാക്കുകയും ചെയ്തു.

ഗാന്ധിജി സ്വാതന്ത്ര്യസമരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ലെങ്കിലും, സ്വരാജിന്റെയും, സ്വാശ്രയത്തിന്റെയും അടിസ്ഥാനഘടകങ്ങളുമായി അദ്ദേഹം മുന്നോട്ട് പോകുമായിരുന്നു.
ഇന്ത്യ ഇന്ന് നേരിടുന്ന വന്‍ വെല്ലുവിളികള്‍ പരിഹരിക്കുന്നതില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ വലിയൊരു മാധ്യമമായി മാറിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷം ജനകീയ പങ്കാളിത്തത്തിന് ഞങ്ങള്‍ മുന്‍ഗണന നല്‍കിയിരുന്നു. ശുചിത്വ ഭാരത ദൗത്യമായാലും, ഡിജിറ്റല്‍ ഇന്ത്യയായാലും ജനങ്ങള്‍ സ്വയം തന്നെയാണ് ഈ പ്രചാരണ പരിപാടികള്‍ ഇന്ന് നയിക്കുന്നത്.

സുഹൃത്തുക്കളെ,
മഹാത്മജി പറയാറുണ്ടായിരുന്നു, അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സന്ദേശമെന്ന്. ഗാന്ധിജി ഒരിക്കലും തന്റെ ജീവിതം കൊണ്ട് സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ ജീവിതം പ്രചോദനത്തിന് ഹേതുവാണ്. എങ്ങനെ ബോധ്യപ്പെടുത്താം എന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. പക്ഷേ ഗാന്ധിജിയുടെ ദര്‍ശനം എങ്ങനെ പ്രചോദിപ്പിക്കാം എന്നതായിരുന്നു.

ജനാധിപത്യത്തോടുള്ള ഗാന്ധിജിയുടെ ആത്മാര്‍ത്ഥതയുടെ കരുത്തുമായി ബന്ധപ്പെട്ട ഒരു സംഭവം എനിക്ക് നിങ്ങളോട് പറയണമെന്നുണ്ട്. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ വര്‍ദ്ധിച്ച വികാരത്തോടെ എനിക്കൊരു തൂവാല കാണിച്ചു തന്നു. തന്റെ വിവാഹ വേളയില്‍ ഗാന്ധിജി അവര്‍ക്ക് സമ്മാനിച്ച ഖാദിയില്‍ തുന്നിയ കൈലേസായിരുന്നു അത്.

ഒന്നാലോചിച്ചുനോക്കൂ, ആശയങ്ങളുടെ പേരില്‍ കലഹിച്ചിരുന്ന അവരോട് അദ്ദേഹം എത്രത്തോളം സംവേദനക്ഷമതയാണ് പ്രകടിപ്പിച്ചതെന്ന്. സ്വാതന്ത്ര്യസമരത്തില്‍ താന്‍ പോരാളികള്‍ക്കെതിരെയും തനിക്കെതിരായവരോടും അദ്ദേഹത്തിന് ബഹുമാനമായിരുന്നു. അവരുടെ ക്ഷേമമാണ് അദ്ദേഹം ആഗ്രഹിച്ചത്.

സുഹൃത്തുക്കളെ,
ആദര്‍ശങ്ങളോടുള്ള ഈ പ്രതിബദ്ധതയാണ് ഏവരും അകറ്റി നിര്‍ത്തേണ്ട ഏഴ് വൈകൃതങ്ങളിലേക്ക് ഗാന്ധിജിയുടെ ശ്രദ്ധ തിരിച്ചത്. അവ ഇവയാണ് :

ജോലി ഇല്ലാതെയുള്ള സമ്പത്ത്

മനസ്സാക്ഷി ഇല്ലാത്ത സന്തോഷം

സ്വഭാവഗുണമില്ലാത്ത വിജ്ഞാനം

ധാര്‍മ്മികതയില്ലാത്ത ബിസിനസ്സ്

ധാര്‍മ്മികതയില്ലാത്ത മതം

ആദര്‍ശമില്ലാത്ത രാഷ്ട്രീയം

കാലാവസ്ഥാ വ്യതിയാനമോ, ഭീകരതയോ, അഴിമതിയോ, സ്വാര്‍ത്ഥമായ സാമൂഹിക ജീവിതമോ അവിടെയെല്ലാം ഗാന്ധിജിയുടെ ഈ തത്വങ്ങള്‍ മാനവികതയെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗദര്‍ശകങ്ങളായി മാറും.

ഗാന്ധിജി കാട്ടിത്തന്ന പാത മെച്ചപ്പെട്ടൊരു ലോകം സൃഷ്ടിക്കുന്നതില്‍ പ്രചോദനമേകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഗാന്ധിജിയുടെ ആശയങ്ങള്‍ മാനവികതയോടൊപ്പം ഒഴുകുന്നത് തുടരുന്നിടത്തോളം, ഗാന്ധിജിയുടെ പ്രചോദനവും, പ്രസക്തിയും നമ്മോടൊപ്പമുണ്ടാകും.

ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാം എന്റെ കൃതജ്ഞത !

നന്ദി.