Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ ആഗോള സി.ഇ.ഒയുമായും സീനിയര്‍ എക്‌സിക്യൂട്ടീവുകളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂയോര്‍ക്കില്‍ ഇരുപതു മേഖലകളിലെ 42 ആഗോള വ്യവസായ തലവന്‍മാരുമായി ഒരു പ്രത്യേക വട്ടമേശ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ പങ്കെടുത്ത കമ്പനികളുടെ മൊത്തം മൂല്യം 16.4 ട്രില്യണ്‍ യു.എസ് ഡോളര്‍ വരും. അതില്‍ അവരുടെ ഇന്ത്യയിലെ മൂല്യം 50 ബില്യണ്‍ യു.എസ് ഡോളറാണ്.
ഐ.ബി.എം ചെയര്‍മാനും പ്രസിഡന്റുമായ ഗിന്നി റോമെറ്റി, വാള്‍മാര്‍ട്ട് പ്രസിഡന്റും സി.ഇ.ഒയുമായ ഡഗ്‌ളസ് മാക്മില്ലന്‍, കൊക്കാ കോള ചെയര്‍മാനും സി.ഇ.ഒയുമായ ജെയിംസ് ക്വിന്‍സി, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ സി.ഇ.ഒ മാര്‍ലിന്‍ ഹ്യൂസന്‍, ജെ.പി മോര്‍ഗന്‍ ചെയര്‍മാനും സി.ഇ.ഒയുമായ ജെമി ഡൈമണ്‍, അമേരിക്കന്‍ ടവര്‍ കോര്‍പറേഷന്‍ സി.ഇ.ഒയും ഇന്ത്യ- യു.എസ് സി.ഇ.ഒ ഫോറത്തിന്റെ സഹ അധ്യക്ഷനുമായ ജെയിംസ് ഡി. തായ്ക്ലറ്റ് എന്നിവര്‍ക്കു പുറമെ, ആപ്പിള്‍, ഗൂഗിള്‍, മാരിയറ്റ്, വിസ, മാസ്റ്റര്‍ കാര്‍ഡ്, 3എം, വാര്‍ബര്‍ഗ് പിന്‍കസ്, എ.ഇ കോം, റെയ്തിയോണ്‍, ബാങ്ക് ഓഫ് അമേരിക്ക, പെപ്‌സി എന്നിവയുടെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളും ചര്‍ച്ചയില്‍ പങ്കെടുത്തു.
കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പും ഇന്‍വെസ്റ്റ് ഇന്ത്യയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയുഷ് ഗോയല്‍, കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
ആയാസകരമായ ബിസിനസ് നടത്തിപ്പിനുള്‍പ്പെടെ നിക്ഷേപകര്‍ക്ക് അനുഗുണമായ സാഹചര്യമൊരുക്കിയ നിരവധി പരിഷ്‌കരണ നടപടികളെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു. ഇന്ത്യയെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കാനും ബിസിനസ് നടത്തിപ്പ് സുഗമമാക്കാനും ഊന്നല്‍ നല്‍കിക്കൊണ്ട് കരുത്തുറ്റ തീരുമാനങ്ങള്‍ കൈക്കൊണ്ട പ്രധാനമന്ത്രിയെ ബിസിനസ് നേതാക്കള്‍ പ്രകീര്‍ത്തിച്ചു. ഇന്ത്യയുടെ വളര്‍ച്ചാ ഗാഥയില്‍ തങ്ങളുടെ കമ്പനികള്‍ തുടര്‍ന്നും പ്രതിബദ്ധമായിരിക്കുമെന്ന് പറഞ്ഞ അവര്‍ ഇന്ത്യയിലെ തങ്ങളുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുമെന്നും വ്യക്തമാക്കി.

ഇന്ത്യക്കുള്ള തങ്ങളുടെ വ്യക്തമായ പദ്ധതികള്‍ സി.ഇ.ഒമാര്‍ ഹ്രസ്വമായി വരച്ചുകാട്ടി. നൈപുണ്യ വികസനം, ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ, ഏവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച, ഹരിത ഊര്‍ജ്ജം, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ എന്നിവയ്ക്കായുള്ള ഇന്ത്യയുടെ ഉദ്യമങ്ങളെ സഹായിക്കുന്നതിനുള്ള ശുപാര്‍ശകളും അവര്‍ മുന്നോട്ടുവെച്ചു.
സി.ഇ.ഒമാരുടെ നിര്‍ദ്ദേശങ്ങളോടു പ്രതികരിക്കവെ, രാഷ്ട്രീയ സ്ഥിരത, നയങ്ങളിലെ പ്രവചനാത്മകത, വികസനോന്‍മുഖവും വളര്‍ച്ചോന്‍മുഖവുമായ നയങ്ങള്‍ എന്നിവയുടെ തുടര്‍ച്ച പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വിനോദസഞ്ചാര വികസനം, പ്ലാസ്റ്റിക് റീസൈക്ലിംഗ്, മാലിന്യ നിര്‍മ്മാര്‍ജ്ജന ഉദ്യമങ്ങള്‍, കൃഷിക്കും കൃഷിക്കാര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ബിസിനസ് വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയും അദ്ദേഹം എടുത്തു പറഞ്ഞു. മാലിന്യം കൈകാര്യം ചെയ്യല്‍, പോഷകാഹാരം തുടങ്ങിയ വെല്ലുവിളി നിറഞ്ഞ വിഷയങ്ങളിലുള്‍പ്പെടെ ഇന്ത്യയ്ക്കു മാത്രമല്ല, ലോകത്തിനു വേണ്ടിയും പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് മറ്റു രാജ്യങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ഇന്നൊവേഷന്‍ പ്ലാറ്റ്‌ഫോം വിനിയോഗിക്കാന്‍ പ്രധാനമന്ത്രി കമ്പനികളെ ആഹ്വാനം ചെയ്തു.