Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സാര്‍വത്രിക ആരോഗ്യ പരിരക്ഷ സംബന്ധിച്ച ഐക്യരാഷ്ട്ര പൊതുസഭയുടെ ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍


സാര്‍വത്രിക ആരോഗ്യ പരിരക്ഷ സംബന്ധിച്ച ഐക്യരാഷ്ട്ര പൊതുസഭയുടെ ആദ്യ ഉന്നതതല യോഗത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 സെപ്റ്റംബര്‍ 23 ന് അഭിസംബോധന ചെയ്തു.
സാര്‍വത്രിക ആരോഗ്യ പരിരക്ഷ കൈവരിക്കാന്‍ ഇന്ത്യ കൈക്കൊണ്ട ധീരമായ നടപടികളെ പ്രധാനമന്ത്രി തന്റെ പരാമാര്‍ശത്തില്‍ എടുത്തുകാട്ടി. ആരോഗ്യമെന്നാല്‍ കേവലം രോഗങ്ങളില്‍ നിന്നുള്ള മുക്തി മാത്രമല്ലെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ജീവിതം ഓരോ വ്യക്തിയുടെയും അവകാശമാണ്. ഇത് ഉറപ്പു വരുത്തേണ്ടത് ഗവണ്‍മെന്റുകളുടെ ബാധ്യതയാണ്.
ഇന്ത്യ ഈ വിഷയത്തില്‍ സമഗ്രമായൊരു സമീപനം കൈക്കൊള്ളുകയും ആരോഗ്യ പരിരക്ഷയുടെ നാലു സുപ്രധാന തൂണുകളെ ആധാരമാക്കി പ്രവര്‍ത്തിക്കുകയുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു:
– പ്രതിരോധ ആരോഗ്യ പരിചരണം
– താങ്ങാവുന്ന നിരക്കിലുള്ള ആരോഗ്യ പരിചരണം
– സേവനങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തല്‍
– ദൗത്യ രൂപത്തിലുള്ള നടത്തിപ്പ്

യോഗ, ആയുര്‍വേദം, ഫിറ്റ്‌നസ് എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ കൊടുത്തുകൊണ്ട് പ്രതിരോധ ആരോഗ്യ പരിചരണം പ്രോത്സാഹിപ്പിച്ചതും, 1,25000 സൗഖ്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചതും ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, വിഷാദരോഗം മുതലായവ നിയന്ത്രിക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്. ഇ-സിഗരറ്റുകളുടെ നിരോധനം, ശുചിത്വ ഇന്ത്യ പ്രചാരണത്തിലൂടെ വര്‍ദ്ധിച്ച അവബോധം സൃഷ്ടിക്കല്‍, പ്രതിരോധ കുത്തിവെപ്പ് പ്രചാരണ പരിപാടികള്‍ മുതലായവ ആരോഗ്യ പരിപോഷണത്തിന് വഴിതെളിച്ചു.
‘താങ്ങാവുന്ന നിരക്കിലുള്ള ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്താന്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക്, ആയുഷ്മാന്‍ ഭാരതിന് ഇന്ത്യ തുടക്കമിട്ടു. ഈ പദ്ധതിയ്ക്ക് കീഴില്‍ അഞ്ഞൂറ് ദശലക്ഷം പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയ്ക്ക് വരെ (7000 ഡോളറിലധികം) സൗജന്യ ചികിത്സാ സൗകര്യം ലഭ്യമാക്കും. എണ്ണൂറിലധികം തരം അവശ്യമരുന്നുകള്‍ താങ്ങാവുന്ന വിലയ്ക്ക് ലഭിക്കുന്ന അയ്യായിരത്തിലധികം പ്രത്യേക ഫാര്‍മസികളും ആരംഭിച്ചിട്ടുണ്ട്,’ പ്രധാനമന്ത്രി പറഞ്ഞു.
ഗുണനിലവാരമുള്ള ആരോഗ്യ വിദ്യാഭ്യാസവും ആരോഗ്യ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനവും ഉറപ്പു വരുത്താന്‍ ഇന്ത്യ കൈക്കൊണ്ടിട്ടുള്ള നിരവധി ചരിത്രപരമായ നടപടികളും അദ്ദേഹം പരാമര്‍ശിച്ചു.
ആരോഗ്യ മേഖലയിലെ ദൗത്യ രൂപത്തിലുള്ള ഇടപെടലുകളെക്കുറിച്ച് പരാമര്‍ശിക്കവെ, അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ പോഷകാഹാര ദൗത്യത്തിന്റെ പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു. ആഗോള ലക്ഷ്യമായ 2030 ന് അഞ്ചു വര്‍ഷം മുമ്പ് 2025 ഓടെ ക്ഷയ രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം എടുത്തു പറഞ്ഞു. വായു മലിനീകരണം വഴിയും, മൃഗങ്ങളില്‍നിന്നും പകരുന്ന രോഗങ്ങള്‍ക്കെതിരായ പ്രചാരണവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പരിശ്രമങ്ങള്‍ അതിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ മാത്രം പരിമിതപ്പെടുത്തിയിട്ടില്ല. ടെലി മെഡിസിനിലൂടെ താങ്ങാവുന്ന നിരക്കിലുള്ള ആരോഗ്യ പരിചരണം ലഭ്യമാക്കുന്നതിന് നിരവധി രാജ്യങ്ങളെ, പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളെ ഇന്ത്യ സഹായിച്ചിട്ടുണ്ട്.
‘സാര്‍വത്രിക ആരോഗ്യ പരിരക്ഷ: ആരോഗ്യകരമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനായി ഒരുമിച്ചു നീങ്ങല്‍’ എന്ന വിഷയത്തിലാണ് സമ്മേളനം ചേര്‍ന്നത്. 2030 ഓടെ സാര്‍വത്രിക ആരോഗ്യ പരിരക്ഷ കൈവരിക്കുന്നത് ത്വരിതപ്പെടുത്തുന്നതില്‍ രാഷ്ട്രത്തലവന്‍മാരുടെ രാഷ്ട്രീയ പ്രതിബദ്ധത നേടിയെടുക്കാന്‍ ആഗോള സമൂഹത്തെ പ്രേരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
യു.എന്‍ അംഗത്വമുള്ള ഏകദേശം 160 രാജ്യങ്ങളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ സംസാരിക്കുന്നുണ്ട്.
സാമ്പത്തിക ബാധ്യതാ സംരക്ഷണം, ഗുണനിലവാരമുള്ള അവശ്യ ആരോഗ്യ പരിചരണ സേവനങ്ങള്‍, എല്ലാവര്‍ക്കും സുരക്ഷിതവും ഗുണനിലവാരമുള്ളതും താങ്ങാവുന്ന നിരക്കിലുള്ളതുമായ അവശ്യ മരുന്നുകളുടെയും വാക്‌സിനുകളുടെയും ലഭ്യത ഉറപ്പാക്കല്‍ മുതലായവ ഉള്‍പ്പെടെ 2030 ഓടെ സാര്‍വത്രിക ആരോഗ്യ രക്ഷ കൈവരിക്കുമെന്ന് 2015 ല്‍ രാഷ്ട്രത്തലവന്‍മാരും ഗവണ്‍മെന്റുകളും ഉറപ്പു നല്‍കിയിരുന്നു.