Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇലക്‌ട്രോണിക് സിഗരറ്റുകള്‍ നിരോധിക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം


രാജ്യത്തിനുള്ള സുപ്രധാന ആരോഗ്യ, രോഗ വിമുക്ത ഉദ്യമമെന്ന നിലയ്ക്ക് ഇലക്‌ട്രോണിക് സിഗരറ്റ് നിരോധിച്ച് കൊണ്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇ-സിഗരറ്റുകളുടെ നിര്‍മ്മാണം, സംഭരണം, കടത്ത്, വിപണനം, കയറ്റുമതി, ഇറക്കുമതി, ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ എന്നിവയെല്ലാം നിരോധിക്കുന്നതിനുള്ള ഓര്‍ഡിനന്‍സിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

നിക്കോട്ടിന്‍ അടങ്ങിയ ഒരു ലായനി ചൂടാക്കുന്നതിലൂടെ എയ്‌റോസോള്‍ ഉല്‍പ്പാദിപ്പിക്കുന്ന ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്നവയാണ് ഇലക്‌ട്രോണിക് സിഗരറ്റുകള്‍. എല്ലാത്തരം ഇലക്‌ട്രോണിക് നിക്കോട്ടിന്‍ സംവിധാനങ്ങള്‍ ഇ-ഹുക്ക പോലുള്ള ഉപകരണങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.

ആദ്യത്തെ തവണ ഇ-സിഗരറ്റ് ഉപയോഗിക്കുന്ന കുറ്റത്തിന് ഒരു വര്‍ഷം പരമാവധി തടവ് ശിക്ഷയായും, പരമാവധി പിഴയായി ഒരു ലക്ഷം രൂപയും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു. തുടര്‍ന്നുള്ള കുറ്റകൃത്യങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും, 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ഇലക്‌ട്രോണിക് സിഗരറ്റുകള്‍ സൂക്ഷിക്കുന്നതും കുറ്റകരമാണ്. ഇതിന് ആറ് മാസം വരെ തടവോ, 50000 രൂപ പിഴയോ രണ്ടും കൂടിയോ ചുമത്താം.

ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരുന്ന ദിവസം നിലവില്‍ ഇ-സിഗരറ്റുകളുടെ സ്റ്റോക്കുള്ള ഉടമകള്‍ അവ സ്വമേധയാ വെളിപ്പെടുത്തി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഈ സ്റ്റോക്ക് കെട്ടിവയ്‌ക്കേണ്ടതാണ്. ഓര്‍ഡിനന്‍സ് പ്രകാരം നിയമപരമായ നടപടി കൈക്കൊള്ളാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറാണ്. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് തതുല്യമായ പദവിയിലുള്ള മറ്റേതെങ്കിലും ഉദ്യോഗസ്ഥനെയോ, ഉദ്യോഗസ്ഥരെയോ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള അംഗീകൃത ഉദ്യോഗസ്ഥനായി നിയോഗിക്കാവുന്നതാണ്.

പ്രധാന ഫലം

ഇ-സിഗരറ്റ് നിരോധിക്കാനുള്ള തീരുമാനം ജനങ്ങളെ പ്രത്യേകിച്ച് കുട്ടികളെയും, യുവാക്കളെയും ഇ-സിഗരറ്റുകളുടെ ആസക്തിയില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായകരമാകും. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ നടപ്പാലാക്കുന്നതിലൂടെ ഗവണ്‍മെന്റിന്റെ പുകയില നിയന്ത്രണ ശ്രമങ്ങള്‍ക്കും, പുകയില ഉപയോഗം കുറയ്ക്കുന്നതിനും ആക്കമേകും.

പശ്ചാത്തലം

2018 ല്‍ ഇ-സിഗരറ്റ് നിരോധിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയ നിര്‍ദ്ദേശത്തില്‍ നിന്നാണ് ഈ തീരുമാനം വന്നിട്ടുള്ളത്. 16 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും ഇതിനകം ഇ-സിഗരറ്റുകള്‍ നിരോധിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇ-സിഗരറ്റുകള്‍ രാജ്യമൊട്ടാകെ നിരോധിക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച്ച് അടുത്തിടെ പുറപ്പെടുവിച്ച ധവള പത്രത്തില്‍ പ്രസ്ഥാവിച്ചിരുന്നു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാന്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുന്നതിന് അംഗരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പരമ്പരാഗത സിഗരറ്റുകളെക്കാള്‍ സുരക്ഷിതമാണ് ഇ-സിഗരറ്റ് എന്ന തെറ്റായ പ്രചാരണത്തിലൂടെയാണ് ഇവ വിപണനം ചെയ്ത് പോകുന്നത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുകവലിക്കാരല്ലാത്ത ചെറുപ്പക്കാരെയും, കുട്ടികളെയും ഇവ നിക്കോട്ടിന്‍ ഉപയോഗിത്തിലേയ്ക്ക് ആകര്‍ഷിക്കുകയും അതുവഴി പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് ആസക്തി കൂടുകയും ചെയ്യും. മികപ്പോഴും പുകവലി നിര്‍ത്തുന്നതിനുള്ള സുരക്ഷിതവും, ഫലപ്രദവുമായ സഹായിയെന്ന നിലയ്ക്കാണ് ഇ-സിഗരറ്റുകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഇതുവഴി പുകയില ശീലം മാറിയതായി തെളിയിക്കപ്പെട്ടിട്ടില്ല. ലോകാരോഗ്യ സംഘടനയും ഇതിന് അംഗീകാരം നല്‍കിയിട്ടില്ല. ഇ-സിഗരറ്റുകളുടെ വ്യാപകമായ ഉപയോഗവും, അനിയന്ത്രിതമായ പ്രചാരവും പുകയില ഉപയോഗം കുറയ്ക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ ഗുരുതരമായി ബാധിക്കും.

നിക്കോട്ടിന്റെ ആസക്തി കൂട്ടാനുള്ള സ്വഭാവും, ഇ-സിഗരറ്റുകളും പരമ്പരാഗത സിഗരറ്റുകളും ഒരെ സമയം ഉപയോഗിക്കുന്നതും, രാജ്യത്തെ പുകയില ഉപയോഗ നിയന്ത്രണ ശ്രമങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുകയും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് വൈകിക്കുകയും, 2017 ലെ ദേശീയ ആരോഗ്യ നയത്തിന് അനുസൃതമായി, മൊത്തത്തില്‍ പൊതുജനാരോഗ്യം കണക്കിലെടുത്തുമാണ് എല്ലാ തരത്തിലുമുള്ള ഇലക്‌ട്രോണിക് സിഗരറ്റുകള്‍ നിരോധിക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.