ഇന്ത്യയുടെ പുനരുജ്ജീവനത്തിനായി അടിസ്ഥാനസൗകര്യം വികസിപ്പിക്കല്‍
അധികാരമേറ്റ നാള് മുതല്‍ അടിസ്ഥാനസൗകര്യവികസനത്തിന് എന്‍.ഡി.എ. ഗവണ്മെന്റ് കാട്ടുന്ന താല്പര്യം പ്രകടമാണ്. റെയില്‍വെ ആയാലും റോഡ് ആയാലും കപ്പല്ഗതാഗതമായാലും വിവിധ സ്ഥലങ്ങളെ പരസ്പരം ബന്ധപ്പടുത്താനുള്ള മാര്‍ഗങ്ങള്‍ ശാക്തീകരിക്കുന്നതിലാണു ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇതാദ്യമായി, റെയില്‍വേ ബജറ്റ് ഘടനാപരമായ പരിഷ്കാരത്തിലും അടിസ്ഥാനസൗകര്യ വികസനത്തിലും ഊന്നല്‍ നല്കി. പുതിയ ട്രെയിനികള്‍ പ്രഖ്യാപിക്കുകയെന്ന പ്രതിവര്‍ഷ രാഷ്ട്രീയ കണ്കെട്ടുവിദ്യ അതോടെ കേവലം ദൈനംദിന പ്രവൃത്തി മാത്രമായിത്തീര്‍ന്നു.
റെയില്‍വേ സ്റ്റേഷനുകളില്‍ വൈ-ഫൈ, പാസഞ്ചര്‍ ഹെല്പ്ലൈന് (138), സുരക്ഷാ ഹെല്പ്ലൈന് (182), പേപ്പറിലല്ലാത്ത യാത്രാടിക്കറ്റ്, ഇ-കാറ്ററിങ്, മൊബൈല്‍ സെക്യൂരിറ്റി ആപ്പ്, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി സി.സി.ടിവി എന്നിവയ്ക്കു തുടക്കമിട്ടു.
തുറമുഖങ്ങളെയും ഖനികളെയും ബന്ധിപ്പിക്കുന്ന ചെലവു കുറഞ്ഞ ഗതാഗതമാര്‍ഗമായി റെയില്‍വേ മാറി. മുംബൈ- അഹമ്മദാബാദ് ഇടനാഴിയില്‍ അതിവേഗ ബുള്ളറ്റ് ട്രെയിനുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ന്യൂഡെല്‍ഹി- ചെന്നൈ റൂട്ടിന്റെ സാധ്യതാപഠനം നടന്നുവരികയാണ്.
ഈ വര്‍ഷം 1,983 കിലോമീറ്റര്‍ റെയില്‍വേ ലൈന്‍ കമ്മീഷന് ചെയ്യുകയും 1,375 കിലോമീറ്റര്‍ റെയില്‍വേ ലൈന്‍ വൈദ്യുതീകരിക്കുകയും ചെയ്തു. ഇത്രത്തോളം പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷം നടക്കുന്നത് ഇതാദ്യമാണ്. തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് ആറു ട്രെയിന്‍സര്‍വീസുകള്‍ ആരംഭിക്കുകയും വൈഷ്ണോദേവി ക്ഷേത്രത്തിലെത്താന്‍ കാത്ര ലൈന്‍ ആരംഭിക്കുകയും ചെയ്തു.
റോഡുകളുടെ കാര്യത്തില്‍, പ്രവര്‍ത്തനം നിലച്ചുപോയവയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ദീര്‍ഘനാളായി അംഗീകാരം കാത്തുകിടക്കുകയായിരുന്ന കരാര്തര്ക്കങ്ങള് പരിഹരിക്കുകയും നടത്തിക്കൊണ്ടുപോകാന്‍ സാധിക്കാത്ത പദ്ധതികള്‍ ഉപക്ഷിക്കുകയും ചെയ്തു. അതിര്‍ത്തിപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലുംകൂടി കടന്നുപോകുന്ന റോഡ് നിര്‍മിക്കുന്നതിനായി ഭാരത് മാല പദ്ധതിക്കു തുടക്കമിട്ടു. വിവിധ സ്ഥലങ്ങളിലായുള്ള 62 ടോള്‍ പ്ലാസകളിലെ ടോള്‍ പിരിവ് നിര്‍ത്തിവെച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 120 ശതമാനം കൂടുതല്‍ ഹൈവേ പദ്ധതികളാണ് അനുവദിച്ചത്. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം നിര്‍മിച്ച റോഡുകളുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചു.
എന്‍.ഡി.എ. ഗവണ്മെന്റ് കപ്പല്‍ഗതാഗത രംഗത്തും അതിവേഗം പരിഷ്കാരം നടത്തിവരികയാണ്. തീരദേശസമൂഹത്തില് വികസനം യാഥാര്ഥ്യമാക്കുകവഴി തുറമുഖാധിഷ്ഠിത വികസനം വേഗത്തിലാക്കാന്‍ സാഗരമാല പദ്ധതി സഹായകമാകും. തുറമുഖങ്ങളിലൂടെയുള്ള ചരക്കുനീക്കം ഈ വര്‍ഷം നേരത്തേയുണ്ടായിരുന്നതില്‍നിന്ന് ഇരട്ടിച്ച് എട്ടു ശതമാനമായിത്തീര്‍ന്നു. പ്രതിവര്‍ഷ ശേഷിവര്‍ധന 71എം.ടി.പി.എ. ആയി ഉയര്‍ന്നു. ഏറ്റവും കൂടിയ നിരക്കാണിത്. ഛഹബാര് തുറമുഖത്തിന്റെ വികസനത്തിനും അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യന്‍ രാഷ്ട്രങ്ങളിലേക്കും പ്രവേശനം ലഭിക്കുന്നതിനുമായി ഇറാനുമായി ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു. ഗംഗയില്‍ ഉള്‍നാടന്‍ ജലഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിനായി ജല്‍മാര്‍ഗ് വികാസ് പ്രോജക്റ്റിനു തുടക്കമിട്ടു.
വ്യോമയാന ഗതാഗതരംഗവും അതിവേഗം പുരോഗമിക്കുന്നു. മൊഹാലി, തിരുപ്പതി, ഖജുരാഹോ എന്നിവിടങ്ങളില്‍ സമഗ്ര ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. കടപ്പയിലെയും ബിക്കാനീറിലെയും ടെര്‍മിനലുകള്‍ പൂര്‍ത്തിയായി. ഹൂബ്ലി, ബെല്‍ഗാം, കിഷന്‍ഗഢ്, തേസു, ഝര്‍സുഗുഡ വിമാനത്താവളങ്ങള്‍ മെച്ചപ്പെടുത്തിയത് ഈ പ്രദേശങ്ങളുമായി വോമമാര്ഗം ബന്ധപ്പെടുന്നതു കൂടുതല്‍ സൗകര്യപ്രദമാക്കി. ഇന്‍ഡ്യയുടെ ഇന്റര്‍നാഷണല്‍ എവിയേഷന്‍ സെയ്ഫ്റ്റി ഓഡിറ്റ് ഉയര്‍ന്ന സുരക്ഷാനിരക്കിലേക്കുയര്ത്തി. ഇതു വ്യോമഗതാഗതം കൂടുതല്‍ സജീവമാകുന്നതിനു സഹായകമാകും.