പാരമ്പര്യ വൈദ്യത്തിലും ഹോമിയോപ്പതിയിലും സഹകരിക്കുന്നതിനായി ഇന്ത്യയും ഗിനിയയും തമ്മിലുള്ള കരാറിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്കി. രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് നടത്തിയ ത്രിദിന ഗിനിയ സന്ദര്‍ശനത്തിനിടെ 2019 ഓഗസ്റ്റ് രണ്ടിനാണു ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്.
പ്രധാന ഫലം:
പാരമ്പര്യ വൈദ്യ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുന്നതിനു സഹായകമാണു ധാരണാപത്രം. ഒരേ സാംസ്കാരിക മൂല്യങ്ങള്‍ പങ്കുവെക്കുന്ന രണ്ടും രാജ്യങ്ങളെയും സംബന്ധിച്ച് ഇതു വളരെ പ്രധാനമാണ്.
നടപ്പാക്കുന്നതിനുള്ള നയവും ലക്ഷ്യങ്ങളും:
ഒപ്പുവെക്കപ്പെട്ട ധാരണാപത്രം ലഭ്യമാകുന്നതോടെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് ഇരു രാജ്യങ്ങളും സന്നദ്ധമാകും. ധാരണാപത്രത്തില്‍ വ്യക്തമാക്കുംവിധമായിരിക്കും മുന്നോട്ടുപോകുന്നത്. ധാരണാപത്രത്തിന്റെ കാലാവധി തീരുംവരെ ഉള്ള തുടര്‍പ്രകിയ ആയിരിക്കും നടപ്പാക്കുന്നത്.
ചെലവ്:
അധികച്ചെലവില്ല. ഗവേഷണം, പരിശീലന കോഴ്സുകള്‍, സമ്മേളനങ്ങള്‍, വിദഗ്ധരെ കൈമാറല്‍ എന്നീ കാര്യങ്ങള്‍ക്കുള്ള പണം അനുവദിക്കപ്പെട്ട ബജറ്റ് വിഹിതത്തില്‍നിന്നോ ആയുഷ് മന്ത്രാലയത്തിന്റെ നിലവിലുള്ള പദ്ധതികളില്‍നിന്നോ കണ്ടെത്തും.
പശ്ചാത്തലം:
ആഗോള ആരോഗ്യ രംഗത്തു വലിയ സാധ്യതകളുള്ള, ഔഷധമൂല്യമുള്ള ചെടികളോടുകൂടിയതും നല്ല രീതിയില്‍ വികസിച്ചതുമായ പാരമ്പര്യ വൈദ്യത്താല് അനുഗൃഹീതമാണ് ഇന്ത്യ. ആയുര്‍വേദം, യോഗയും പ്രകൃതിചികില്‍സയും, യൂനാനി, സിദ്ധ, സോവ-റിഗ്പ, ഹോമിയോപ്പതി എന്നിവ ഉള്‍പ്പെടുന്ന ആയുഷ് ചികില്‍സാ രീതികള്‍ ആഗോളതലത്തില്‍ പ്രോല്‍സാഹിപ്പിക്കാനും പ്രചരിപ്പിക്കാനും ഉള്ള അവകാശം ഇന്ത്യയുടെ ആയുഷ് മന്ത്രാലയത്തിന് ഉണ്ട്. ആയുഷ് ചികില്‍സാ സമ്പ്രദായങ്ങള്‍ ആഗോള തലത്തില്‍ പ്രചരിപ്പിക്കുന്നതിനായി ആയുഷ് മന്ത്രാലയം പാരമ്പര്യ വൈദ്യ രംഗത്തു വിവിധ രാജ്യങ്ങളുമായി ധാരണാപത്രങ്ങള്‍ ഒപ്പുവെക്കുകയും വിദേശ രാഷ്ട്രങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍വകലാശാലകളില്‍ ആയുഷ് അക്കാദമിക ചെയറുകള്‍ സ്ഥാപിക്കുകയും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ഗിനിയയില്‍ ആയുഷ് ചികില്‍സാ സമ്പ്രദായം പ്രോല്‍സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനായി പാരമ്പര്യ വൈദ്യത്തിലും ഹോമിയോപ്പതിയിലും സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തിന്റെ കരടു രൂപം വിദേശകാര്യ മന്ത്രാലയത്തിന്റെ കേന്ദ്ര, പശ്ചിമ ആഫ്രിക്കന്‍ വിഭാഗം വഴി ഗിനിയയുമായി പങ്കുവെച്ചിരുന്നു.