യുവര്‍ എക്സലന്‍സി, പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍,
ഇന്ത്യയില്‍നിന്നും ഫ്രാന്‍സില്‍നിന്നുമുള്ള ബഹുമാനപ്പെട്ട പ്രതിനിധികള്‍,
സുഹൃത്തുക്കളെ,
ബോന്‍ ജോര്,
നമസ്കാരം,
ആദ്യമായി, എന്റെ ഉറ്റ സുഹൃത്ത് പ്രസിഡന്റ് മാക്രോണിന് ഞാന്‍ ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു. ഈ ചരിത്രപ്രസിദ്ധമായ, പൈതൃക സ്ഥലത്തേക്ക് ഏറെ ഗംഭീരമായും ഏറെ സ്നേഹത്തോടെയും അദ്ദേഹം എന്നെയും എന്റെ പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്തു. ഇത് എനിക്ക് ഏറെ സ്മരണീയമായ നിമിഷമാണ്. ജി 7 ലേക്കുള്ള പ്രസിഡന്റ് മാക്രോണിന്റെ ക്ഷണം ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെയും അദ്ദേഹത്തിന് എന്നോടുള്ള സൗഹാര്‍ദ്ദപൂര്‍ണ്ണമായ സമീപനത്തിന്റെയും തെളിവാണ്. ഇന്ന് ഞങ്ങള്‍ വളരെ വിശദമായ ചര്‍ച്ച നടത്തി. ഫ്രാന്‍സ് നേതൃത്വം നല്കുന്ന, ജി 7 ന്റെ അജണ്ട പൂര്‍ണ വിജയമാകണം, ഇതിനായി ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്ന സഹകരണം നല്‍കുമെന്നത് ഇന്ത്യയുടെ ദൃഢനിശ്ചയമാണ്. അത് ജൈവ വൈവിധ്യമാകട്ടെ, കാലാവസ്ഥാ വ്യതിയാനമാകട്ടെ, ശീതീകരണവുമായോ, വാതകവുമായോ ബന്ധപ്പെട്ടതാകട്ടെ, പാരമ്പര്യവുമായി ബന്ധപ്പെട്ട് സംസ്കാരമുള്ള രീതിയില്‍, പ്രകൃതിയുമായി പൊരുത്തമുള്ള ജീവിതം നയിക്കാന്‍ ഇന്ത്യ നൂറ്റാണ്ടുകളായി ആവശ്യപ്പെടുന്നുണ്ട്. പ്രകൃതിയെ നശിപ്പിക്കുന്നത് ഒരിക്കലും മനുഷ്യക്ഷേമത്തിന് പ്രയോജനകരമാവില്ല, അത് ഈ ജി 7 ഉച്ചകോടിയുടെ പ്രമേയമാകുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ സന്തോഷകരമാണ്.
സുഹൃത്തുക്കളേ,
ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമുണ്ട്. നമ്മുടെ പങ്കാളിത്തം ഏതെങ്കിലും സ്വാര്‍ത്ഥ താല്പര്യങ്ങളില് അധിഷ്ഠിതമല്ല, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആദര്‍ശങ്ങളിലധിഷ്ഠിതമാണവ. ഇന്ത്യയും ഫ്രാന്‍സും തോളോടു തോള് ചേര്‍ന്ന് സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിച്ചതും ഫാസിസത്തെയും തീവ്രവാദത്തെയും പ്രതിരോധിച്ചതും ഇതു കാരണമാണ്. ഒന്നാം ലോക മഹായുദ്ധത്തില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ പട്ടാളക്കാരുടെ ജീവ ത്യാഗം ഇപ്പോളും ഫ്രാന്‍സില്‍ ഓര്‍ക്കപ്പെടുന്നു. ഇന്ന് ഭീകരത, കാലാവസ്ഥാ വ്യതിയാനം, പ്രകൃതി, സാങ്കേതിക വിദ്യയുടെ ഉള്‍ച്ചേര്‍ച്ചയുള്ള വികസനം എന്നീ വെല്ലുവിളികളില്‍ ഇന്ത്യയും ഫ്രാന്‍സും ഒരുമിച്ച് ശക്തമായി നിലയുറപ്പിച്ചിരിക്കുന്നു. നല്ല കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക മാത്രമല്ല, നമ്മുടെ ഇരു രാജ്യങ്ങളും ചെയ്തത്, ശക്തമായ നടപടികളും നാം കൈക്കൊണ്ടിട്ടുണ്ട്. ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും അത്തരത്തിലുള്ള വിജയകരമായ ഉദ്യമമാണ് അന്താരാഷ്ട്ര സൗര സഖ്യം.
സുഹൃത്തുക്കളേ,
രണ്ട് പതിറ്റാണ്ടായി, നാം തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പാതയിലാണ്. ഇന്ന് ഇന്ത്യയും ഫ്രാന്‍സും പരസ്പരമുള്ള വിശ്വസ്ത പങ്കാളികളാണ്. നമ്മുടെ വിഷമതകളില്‍, നാം പരസ്പരമുള്ള കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുകയും പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഇന്ന്, പ്രസിഡന്റ് മാക്രോണും ഞാനും നമ്മുടെ ബന്ധത്തിന്റെ എല്ലാ വശങ്ങളും വിശദമായി ചര്‍ച്ച ചെയ്തു. 2022 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷമാകും. അപ്പോഴേക്കും നവ ഇന്ത്യക്കായി നാം നിരവധി ലക്ഷ്യങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യയെ 5 ടില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കുക എന്നതാണ് നമമ്ുടെ പ്രധാന ഉദ്ദേശ്യം. വികസനത്തിനായുള്ള ഇന്ത്യയുടെ ആവശ്യകതകള്‍ ഫ്രഞ്ച് സംരംഭകര്‍ക്ക് ഒരു സുവര്‍ണാവസരമാണ് നല്‍കുന്നത്. നൈപുണ്യ വികസനം, സിവില്‍ വ്യോമയാനം, ഐ.ടി, ബഹിരാകാശം, മറ്റു നിരവധി മേഖലകള്‍ എന്നിവയില്‍ നമ്മുടെ സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് നാം ഉറ്റുനോക്കുന്നു. പ്രധിരോധ മേഖലയിലെ സഹകരണം നമ്മുടെ ബന്ധത്തിന്റെ ശക്തമായ ഒരു തൂണാണ്. വിവിധ പദ്ധതികളില്‍ നാം നല്ല പുരോഗതി കൈവരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. 36 റഫാല്‍ വിമാനങ്ങളില്‍ ആദ്യത്തേത് അടുത്ത മാസം ഇന്ത്യയ്ക്ക് കൈമാറും. സാങ്കേതിക വിദ്യ, സഹ- നിര്‍മാണം എന്നീ മേഖലകളിലും നാം സഹകരണം വര്‍ദ്ധിപ്പിക്കും. നാം പുതു തലമുറ സിവില്‍ ന്യൂക്ലിയര്‍ കരാര്‍ ആദ്യമായി ഒപ്പുവെച്ചത് ഫ്രാന്‍സുമായാണ്. വൈദ്യുതിയുടെ വില മനസ്സില്‍ കണ്ടുകൊണ്ട്, ജയ്താപൂര്‍ പദ്ധതിയുമായി ദ്രുതഗതിയില്‍ മുന്നോട്ടു പോകാന്‍ നാം നമ്മുടെ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു ഭാഗത്തുനിന്നും ടൂറിസം വര്‍ദ്ധിക്കുന്നതും ഏറെ സന്തോഷം നല്കുന്ന കാര്യമാണ്. എല്ലാവര്‍ഷവും ഏകദേശം 2.5 ലക്ഷം ഫ്രഞ്ച് ടൂറിസ്റ്റുകളും 7 ലക്ഷം ഇന്ത്യന്‍ ടൂറിസ്റ്റികളും പരസ്പരം ഇരുരാജ്യങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ വിനിമയം ഗണ്യമായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഇന്ത്യന്‍ സാംസ്കാരിക പരിപാടിയായ നമസ്തെ ഫ്രാന്‍സിന്റെ അടുത്ത പതിപ്പ് 2021-2022 ല്‍ ഫ്രാന്‍സില്‍ മുഴുവനായും സംഘടിപ്പിക്കും. ഈ ആഘോഷം ഫ്രാന്‍സിലെ ജനങ്ങള്‍ക്ക് ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന സംസ്കാരത്തിലുള്ള താല്പര്യം കൂടുതല്‍ ആഴത്തിലുള്ളതാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. യോഗ ഫ്രാന്‍സില്‍ വളരെ ജനപ്രിയമാണെന്ന് എനിക്കറിയാം. ഫ്രാന്‍സിലെ എന്റെ കൂടുതല്‍ സുഹൃത്തുക്കള്‍ അതൊരു ആരോഗ്യകരമായ ജീവിത രീതിയായി സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
സുഹൃത്തുക്കളേ,
ആഗോളവെല്ലുവിളികള്‍ നേരിടുന്നതിന് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം ഞാന്‍ ചൂണ്ടിക്കാട്ടി. നമ്മുടെ ഇരു രാജ്യങ്ങള്‍ക്കും തുടര്‍ച്ചയായി ഭീകരതയെയും തീവ്രവാദത്തെയും നേരിടേണ്ടി വരുന്നു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം ചെറുക്കുന്നതിന് നമുക്ക് വിലപ്പെട്ട ഫ്രഞ്ച് പിന്തുണ ലഭിച്ചിട്ടുണ്ട്. അതിന് പ്രസിഡന്റ് മാക്രോണിന് ഞാന്‍ നന്ദി പറയുന്നു. സുരക്ഷാ, ഭീകരതക്കെതിരായ പോരാട്ടം എന്നിവയില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ക്ക് താല്പര്യമുണ്ട്. സമുദ്ര, സൈബര്‍ സുരക്ഷാ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും നാം തീരുമാനിച്ചിട്ടുണ്ട്. സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, എന്നിവയില്‍ പുതിയ രൂപരേഖയ്ക്ക് നാം സമ്മതിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. മേഖലയിലെ എല്ലാവരുടെയും സുരക്ഷയും പുരോഗതിയും ഉറപ്പുവരുത്തുന്നതിന് ഈ സഹകരണം പ്രധാനപ്പെട്ടതാണ്.
സുഹൃത്തുക്കളേ,
ഈ വെല്ലുവിളി നിറഞ്ഞ സമയത്ത്, എന്റെ ഉറ്റ സുഹൃത്ത് മാക്രോണിന് പുതിയ കാഴ്ചപ്പാടോടെയും ആവേശത്തോടെയും നൈപുണ്യത്തോടെയും ജി-7 ന്റെയും ഫ്രാന്‍സിന്റെയും വിജയകരമായ നേതൃത്വം ഞാന്‍ ആശംസിക്കുന്നു.
എക്സലന്‍സി,
ഈ ഉദ്യമത്തില്‍ 1.3 ബില്യണ്‍ ഇന്ത്യക്കാരുടെ പൂര്‍ണ്ണ സഹകരണവും പിന്തുണയും താങ്കള്‍ക്കൊപ്പമുണ്ട്. നാം ഇരു രാജ്യങ്ങള്‍ക്കും ചേര്‍ന്ന് സുരക്ഷിതവും അഭിവൃദ്ധിയുള്ളതുമായ ഒരു ലോകത്തിന് വഴിയൊരുക്കാന്‍ സാധിക്കും. ബിയാരിറ്റ്സില്‍ ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് ഞാന്‍ ഉറ്റുനോക്കുന്നു. ഈ സമ്മേളനത്തിന്റെ വിജയത്തിനായി താങ്കള്‍ക്കും മുഴുവന്‍ ഫ്രാന്‍സിനും ശുഭാശംസകള്‍ നേരുന്നു. താങ്കളുടെ സ്നേഹപൂര്‍വ്വമായ ക്ഷണത്തിന് ഒരിക്കല്‍ക്കൂടി ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.
നന്ദി
മേഴ്സി ബ്യൂകൂപ്
ഔ റിവോയിര്‍
***