ബഹുമാനപ്പെട്ട പ്രധാനമന്ത്രി ചാള്സ് മിഷേല്,
മഹതികളേ, മഹാന്മാരേ,
നിങ്ങളുടെ നല്ല പരാമര്ശങ്ങള്ക്കു നന്ദി.
കഴിഞ്ഞയാഴ്ച ബെല്ജിയത്തിനു ദുഃഖം നിറഞ്ഞതായിരുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രീ, കഴിഞ്ഞ എട്ടു ദിവസമായി ബെല്ജിയംകാര് അനുഭവിച്ചുവരുന്ന ദുഃഖം നാം പങ്കുവെക്കുകയാണ്. ബ്രസ്സല്സില് കഴിഞ്ഞയാഴ്ച ഉണ്ടായ തീവ്രവാദി ആക്രമണത്തില് ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടെല്ലാം അഗാധമായ അനുശോചനം അറിയിക്കട്ടെ. എണ്ണിയാലൊടുങ്ങാത്തത്ര എണ്ണം ഭീകരാക്രമണങ്ങള്ക്കിരയായിട്ടുള്ള ഞങ്ങള്, നിങ്ങളുടെ ദുഃഖത്തില് പങ്കു ചേരുകയാണ്. പ്രതിസന്ധിയുടെ ഈ നാളുകളില് ലോകം മുഴുവന് നിങ്ങള്ക്കൊപ്പമുണ്ട്. മറ്റു സമ്മര്ദങ്ങളുണ്ടായിട്ടും എന്നെ സ്വാഗതം ചെയ്യാന് സമയം കണ്ടെത്തിയതിനു നിങ്ങളെ അനുമോദിക്കുന്നു. പൊതുവായി ഇരു രാഷ്ട്രങ്ങള്ക്കുമുള്ള വെല്ലുവിളിയെ നേരിടുന്നന്, നീതി തേടുന്നതിനായുള്ള പരസ്പരസഹായ ഉടമ്പടിയെക്കുറിച്ചുള്ള ചര്ച്ച പുനരാരംഭിക്കണം. കുറ്റവാളികളെ കൈമാറുന്നതിനും ശിക്ഷയ്ക്കു വിധിക്കപ്പെട്ട ജയില്പുള്ളികളെ കൈമാറുന്നതിനുമുള്ള ഉടമ്പടികളെക്കുറിച്ചുള്ള ചര്ച്ചകള് ഉടന് പൂര്ത്തിയാക്കണം.
സുഹൃത്തുക്കളേ,
ഇന്ത്യയും ബെല്ജിയവും തമ്മിലുള്ള സൗഹൃദത്തിനു സുദീര്ഘമായ ചരിത്രമുണ്ട്. നൂറു വര്ഷംമുമ്പ് ബെല്ജിയത്തില്വച്ച് 1,30,000 ഇന്ത്യന് സൈനികര് നിങ്ങളുമായി ചേര്ന്ന് ഒന്നാം ലോകമഹായുദ്ധത്തില് അടരാടി. ഒമ്പതിനായിരത്തിലേറെ ഇന്ത്യന് ഭടന്മാര് അന്നു ജീവന് ബലിയര്പ്പിക്കാന് തയ്യാറായി. ഇന്ത്യ-ബെല്ജിയം നയതന്ത്രബന്ധം അടുത്ത വര്ഷം എഴുപതു വര്ഷം പൂര്ത്തിയാക്കുകയാണ്. സൗഹൃദബന്ധത്തിലെ ഈ നാഴികക്കല്ല് ആഘോഷിക്കുന്നതിനു നാം അടുത്ത വര്ഷം ബഹുമാനപ്പെട്ട ബെല്ജിയം രാജാവ് ഫിലിപ്പിനെ ഇന്ത്യയിലേക്കു ക്ഷണിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവരികയാണ്. ഇരു രാജ്യങ്ങളും സഹകരിച്ചുള്ള ഒരു പരിപാടിയും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. പ്രധാനമന്ത്രി ശ്രീ. ചാള്സ് മിഷേലുമായി ഇന്നു ഞാന് നടത്തിയ ചര്ച്ചയില് പരസ്പരബന്ധം സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും പരാമര്ശിക്കപ്പെട്ടു. വിദേശനയം സംബന്ധിച്ച ഉഭയകക്ഷിഘടനയുണ്ടാകുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല് ഊഷ്മളമാക്കിത്തീര്ക്കും.
സുഹൃത്തുക്കളേ,
ലോകത്തില് സാമ്പത്തിക കാര്യത്തില് ഏറ്റവും കൂടുതല് അവസരങ്ങളുള്ള പ്രദേശങ്ങളിലൊന്നാണ് ഇന്ത്യ. സാമ്പത്തിക അടിത്തറ സുശക്തമായ ഇന്ത്യയുടെ സ്മ്പദ്വ്യവസ്ഥയ്ക്കാണ് ഇപ്പോള് ലോകത്തില് ഏറ്റവും കൂടുതല് വളര്ച്ചാനിരക്കുള്ളത്. ബെല്ജിയത്തിന്റെ പ്രവര്ത്തനമികവും ഇന്ത്യയുടെ സാമ്പത്തിക വളര്ച്ചയും കൂടിച്ചേരുന്നത് ഇരു രാഷ്ട്രങ്ങള്ക്കും വാണിജ്യരംഗത്ത് അവസരങ്ങള് വര്ധിക്കുന്നതിനു കാരണമായിത്തീരും. പ്രധാനമന്ത്രിക്കൊപ്പം ഇന്നു ഞാന് ബെല്ജിയത്തിലെ സി.ഇ.ഒമാരെ കണ്ടിരുന്നു. ഡിജിറ്റല് ഇന്ത്യ, സ്റ്റാര്ട്ടപ് ഇന്ത്യ, സ്കില് ഇന്ത്യ തുടങ്ങിയ പദ്ധതികളില് ഉള്പ്പെടെ, ഇന്ത്യയുമായി സഹകരിക്കാന് ബെല്ജിയം ഗവണ്മെന്റിനെയും കമ്പനികളെയും ക്ഷണിക്കുകയാണ്. ഇന്ത്യയിലെ സാധ്യതകള് തിരിച്ചറിയുന്നതിനായി ബെല്ജിയത്തിലെ വാണിജ്യപ്രമുഖര്ക്കൊപ്പം ഇന്ത്യ സന്ദര്ശിക്കുന്നതിനായി പ്രധാനമന്ത്രിയെ ഞാന് ക്ഷണിച്ചിട്ടുണ്ട്. വികസനം സുസാധ്യമാക്കുന്നതിനായി ഇന്ത്യ ശാസ്ത്രസാങ്കേതികരംഗത്തിനും ഉന്നതസാങ്കേതികവിദ്യാ രംഗത്തിനും വളരെയധികം പ്രാധാന്യം കല്പിക്കുന്നുണ്ട്. ഈ രംഗത്തു ബെല്ജിയത്തില്നിന്നു സഹകരണം തേടുകയാണ്. അല്പം മുമ്പാണ് ബെല്ജിയം പ്രധാനമന്ത്രി ശ്രീ. മിഷേലും ഞാനും ചേര്ന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ദൂരദര്ശിനി റിമോട്ട് സംവിധാനത്തിന്റെ സഹായത്തോടെ ഇവിടെനിന്ന് ഉദ്ഘാടനം ചെയ്തത്. നമ്മുടെ സഹകരണത്തിലൂടെ എന്തൊക്കെ നേട്ടങ്ങള് ഉണ്ടാക്കാന് സാധിക്കുമെന്ന പ്രതീക്ഷകള്ക്ക് ഊര്ജം പകരുന്നതാണ് ഈ പദ്ധതി. ആശയവിനിമയ സാങ്കേതികവിദ്യ, ഓഡിയോ-വിഷ്വല് മേഖല, ഷിപ്പിങ്, തുറമുഖങ്ങള് തുടങ്ങി പല മേഖലകളിലും ധാരണകളിലെത്താനുള്ള പ്രവര്ത്തനം നടന്നുവരികയാണ്.
സുഹൃത്തുക്കളേ,
ഏതാനും മണിക്കൂറുകള്ക്കകം ഞാന് യൂറോപ്യന് യൂണിയന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട പങ്കാളികളിലൊന്നാണ് യൂറോപ്യന് യൂണിയന്. ഇന്ത്യയും യൂറോപ്യന് യൂണിയനുമായി വാണിജ്യം, നിക്ഷേപം, സാങ്കേതികവിദ്യ എന്നീ മേഖലകളിലുള്ള സഹകരണത്തെക്കുറിച്ചുള്ള ചര്ച്ചകള്ക്കു കൂടിക്കാഴ്ചയില് പ്രത്യേക ഊന്നല് നല്കും. ഈ ചര്ച്ച ഗുണകരമാകുന്നത് ബെല്ജിയം ഉള്പ്പെടെയുള്ള യൂറോപ്യന് യൂണിയന് അംഗങ്ങള്ക്ക് ഇന്ത്യയുടെ സാമ്പത്തികവളര്ച്ച ഉപയോഗപ്പെടുത്തി നേട്ടങ്ങളുണ്ടാക്കാന് അവസരമൊരുക്കുമെന്നാണു പ്രതീക്ഷ. സ്വാഗതം ചെയ്തതിനും ആതിഥ്യമര്യാദ പാലിച്ചതിനും പ്രധാനമന്ത്രി ശ്രീ. ചാള്സ് മിഷേലിനോട് ഒരിക്കല്ക്കൂടി നന്ദി അറിയിക്കട്ടെ. അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിക്കുന്നതിനെക്കുറിച്ചും ഞാന് ആലോചിക്കുന്നു.
നന്ദി.
Combination of Belgian capacities & India's economic growth can create wonderful opportunities & benefit the world. https://t.co/s9lDufn1Eh
— Narendra Modi (@narendramodi) March 30, 2016