Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബ്ലൂംബെര്‍ഗ് ഇന്ത്യ ഇക്കണോമിക് ഫോറം- 2016ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ബ്ലൂംബെര്‍ഗ് ഇന്ത്യ ഇക്കണോമിക് ഫോറം- 2016ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ശ്രീ. മിക്ലെത്ത്വെയ്റ്റ്,

വിശിഷ്ടാതിഥികളേ,

മഹതികളേ, മഹാന്‍മാരേ,

ബ്ലൂംബെര്‍ഗ് ഇന്ത്യയിലെത്തിയതിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായതില്‍ സന്തോഷമുണ്ട്. ഇക്കാലമത്രയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ബുദ്ധിപൂര്‍വകമായ നിരൂപണവും കണിശമായ വിലയിരുത്തലുകളും ബ്ലൂംബെര്‍ഗ് നല്‍കിയിട്ടുണ്ട്. സാമ്പത്തികലോകത്ത് ബ്ലൂംബെര്‍ഗ് ഒരു അനിവാര്യതയായിത്തീര്‍ന്നിരിക്കുകയാണ്.

അതിനുമപ്പുറം, സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു രൂപംനല്‍കുന്നതില്‍ ശ്രീ. മൈക്കിള്‍ ബ്ലൂംബെര്‍ഗില്‍നിന്നു ലഭിച്ച വിലപ്പെട്ട ഉപദേശത്തിനു ഞാന്‍ കടപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നിന്റെ മേയറെന്ന നിലയില്‍ ഒരു നഗരത്തിന്റെ നിലനില്‍പിനാവശ്യമായതെന്തൊക്കെയെന്നതിനെക്കുറിച്ച് അദ്ദേഹത്തിനു കാഴ്ചപ്പാടുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ നമ്മുടെ സ്മാര്‍ട്ട് സിറ്റി പദധതിയെ സമ്പുഷ്ടമാക്കി. നമ്മുടെ രാജ്യത്തിന്റെ നഗരവികസനത്തിനു മാതൃകയാവുംവിധം നൂറു നഗരങ്ങള്‍ ഈ പദ്ധതിപ്രകാരം സൃഷ്ടിക്കാനാണു പദ്ധതി.

ആഗോളവളര്‍ച്ചയ്ക്കായി ഇന്ത്യയില്‍നിന്ന് ഏറെയാണു ലോകം പ്രതീക്ഷിക്കുന്നത്. വെല്ലുവിളിയെ നേരിടാന്‍ ഇന്ത്യ എങ്ങനെയാണ് ഉദ്ദേശിക്കുന്നതെന്നു സംബന്ധിച്ച എന്റെ ചിന്തകള്‍ പങ്കുവെക്കാം.

പ്രധാനമായും മൂന്നു മേഖലകളെ പരാമര്‍ശിക്കാം. ആദ്യം ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയെക്കുറിച്ചും പിന്നീട് വളര്‍ച്ച സൃഷ്ടിക്കാനും നിലനിര്‍ത്താനും സഹായിക്കുന്ന ഭരണപരവും നയപരവുമായ പരിഷ്‌കാരങ്ങളെക്കുറിച്ചും വിശദമാക്കാം. മൂന്നാമതായി സാമ്പത്തികവികസനത്തിന്റെ പ്രധാന ഘകവും എനിക്ക് ഏറ്റവും ഇഷ്ടമുള്ളതുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലിനെക്കുറിച്ചു പറയാം.

ഇന്ത്യ ലോകത്തിലെ ഏറ്റവും ശോഭനമായ സാമ്പത്തിക ഇടമാണെന്ന കാര്യത്തില്‍ വിദഗ്ധരെല്ലാം ഏകാഭിപ്രായക്കാരാണ്. നമുക്കു കുറഞ്ഞ പണപ്പെരുപ്പവും കറന്റ് അക്കൗണ്ട് കമ്മിയും കൂടിയ വളര്‍ച്ചാനിരക്കുമാണുള്ളത്. ഇതു നല്ല നയങ്ങളുടെ ഫലമാണ്; കേവലം ഭാഗ്യംകൊണ്ടു സിദ്ധിച്ചതല്ല.

2008ും 2009നും ഇടയില്‍ ക്രൂഡ് ഓയില്‍ വില 147 ഡോളറില്‍നിന്ന് 50 ഡോളറില്‍ താഴെയായി താഴ്ന്നു. 2014നും 2015നും ഇടയിലുണ്ടായ ഇടിവിലും കൂടുതലാണിത്. പക്ഷേ, 2009-10ല്‍ ഇന്ത്യയുടെ ധനക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും പണപ്പെരുപ്പനിരക്കുമൊക്കെ വളരെ മോശം സ്ഥിതിയിലാകുകയാണുണ്ടായത്. താരതമ്യേന ഉയര്‍ന്ന നിരക്കില്‍നിന്നാണ് ഈ നിരക്കുകളെല്ലാം താഴ്ന്നത്. പക്ഷേ, 2015-16ല്‍ ഈ മൂന്നിന്റെയും നിരക്കുകള്‍ താരതമ്യേന താഴ്ന്ന നിലയില്‍നിന്നു ഗണ്യമായി ഉയര്‍ന്നു.

വികസ്വര സമ്പദ്‌വ്യവസ്ഥയോടുകൂടിയ മറ്റു പല രാജ്യങ്ങളും ഇറക്കുമതി എണ്ണയെ ആശ്രയിച്ചു നിലകൊള്ളുന്നവയാണ്. വിജയം നിര്‍ണയിക്കുന്നത് കുറഞ്ഞ എണ്ണവിലയാണെങ്കില്‍ ആ രാജ്യങ്ങളിലൊക്കെ വളര്‍ച്ച പ്രകടമാകേണ്ടതാണ്. എന്നാല്‍ അതുണ്ടായിട്ടില്ല.

ആഗോളവാണിജ്യമോ വളര്‍ച്ചയോ നമ്മെ തുണച്ചിട്ടില്ല്. കാരണം രണ്ടും മാന്ദ്യത്തിലാണ്. അതിനാല്‍ കയറ്റുമതിയില്‍ വര്‍ധനയുണ്ടായില്ല.

മണ്‍സൂണോ കാലാവസ്ഥയോ നമുക്ക് അനുകൂലമായിരുന്നില്ല. 2014ഉം 2015ഉം വരള്‍ച്ച നേരിട്ട വര്‍ഷങ്ങളാണ്. വരള്‍ച്ച നിമിത്തമുണ്ടായ നാശനഷ്ടത്തിനു മഞ്ഞുമഴ ആക്കംകൂട്ടി. ഇതിനെയൊക്കെ അതിജീവിച്ച് മെച്ചപ്പെട്ട ഭക്ഷ്യധാന്യോല്‍പാദനം ഉണ്ടാക്കാന്‍ സാധിച്ചു. ഇതിനു മുമ്പു വരള്‍ച്ച നേരിട്ട 2009-2010നെ അപേക്ഷിച്ചു പണപ്പെരുപ്പം കുറച്ചുകൊണ്ടുവരാനുമായി.

ആഗോള വളര്‍ച്ചാ പട്ടികയില്‍ ഇന്ത്യ മുകളിലെത്തുകയെന്നത് അസാധാരണമാണ്. അതുള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള ചിലര്‍ വലിയ നേട്ടത്തെ ഭാവനാത്മകമായ ആശയങ്ങള്‍ ഉപയോഗപ്പെടുത്തി കുറച്ചുകാണിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഫലപ്രദമായ നയങ്ങളുടെയും നടത്തിപ്പിന്റെയും വിജയമാണ് ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയ്ക്കു പിന്നിലെന്നതില്‍ സംശയമില്ല.

നമ്മുടെ നയങ്ങളില്‍ ചിലതു ഞാന്‍ പിന്നീട് വിശദീകരിക്കാം. ഇപ്പോള്‍ ഒന്നിനെക്കുറിച്ചു മാത്രം പറയാം- സാമ്പത്തിക സംയോജനത്തെക്കുറിച്ച്. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷവും നാം സാമ്പത്തിക സൂചികകളില്‍ ലക്ഷ്യമിട്ട നിരക്കു നേടാന്‍ നമുക്കു സാധിച്ചിട്ടുണ്ട്. മൂലധനച്ചലവ് ഉയര്‍ന്നപ്പോഴും ധനക്കമ്മി കുറച്ചുകൊണ്ടുവരാന്‍ നമുക്കു സാധിച്ചു. പതിനാലാമത് ധനകാര്യ കമ്മീഷന്‍ പ്രകാരം കേന്ദ്രഗവണ്‍മെന്റിനുള്ള നികുതിവരുമാന വിഹിതം ഗണ്യമായി കുറഞ്ഞിട്ടും ഈ നേട്ടമുണ്ടാക്കാന്‍ സാധിച്ചുവെന്നോര്‍ക്കണം. 2016-17ല്‍ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 3.5 ശതമാനമാണു ലക്ഷ്യംവെക്കുന്ന ധനക്കമ്മി. കഴിഞ്ഞ 40 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

പ്രമുഖ സമ്പദ്‌വ്യവസ്ഥകളില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചാനിരക്കു നമുക്കാണ്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുള്ള ചിലര്‍ വളര്‍ച്ചാനിരക്കു സംബന്ധിച്ചു പുറത്തുവന്നിട്ടുള്ള നിരക്കുകള്‍ സത്യമാണോ എന്ന ആശങ്ക വച്ചുപുലര്‍ത്തുന്നുണ്ട്. അവരുടെ ആശങ്ക കുറയ്ക്കാനായി ഞാന്‍ ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കാം.

വായ്പയുടെ കാര്യമെടുക്കാം. 2015 സെപ്റ്റംബറിനുശേഷം വായ്പയുടെ കാര്യത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായി. 2015 ഫെബ്രുവരിക്കും 2016 ഫെബ്രുവരിക്കും ഇടയില്‍ വായ്പ 11.5 ശതമാനം കണ്ടു വര്‍ധിച്ചു. 2015-16 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസത്തില്‍ കോര്‍പറേറ്റ് മേഖലയിലേക്കുള്ള പണമൊഴുക്കില്‍ 30 ശതമാനത്തിലേറെ വളര്‍ച്ചയുണ്ടായി. ക്രെഡിറ്റ് റേറ്റിങ് സംബന്ധിച്ച കണക്കുകളും ശ്രദ്ധേയമാണ്. 2013ലും 2014ലും ക്രെഡിറ്റ് റേറ്റിങ് ഉയര്‍ത്തപ്പെട്ട സ്ഥാപനങ്ങളുടെ എണ്ണം താഴ്ത്തപ്പെട്ട സ്ഥാപനങ്ങളുടെ എണ്ണത്തെ അപക്ഷേിച്ചു വളരെ കുറവായിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ ശ്രദ്ധേയമായ മാറ്റമുണ്ടായി. റേറ്റിങ് ഉയര്‍ന്ന സ്ഥാപനങ്ങളുടെ എണ്ണം കൂടുകയും താഴ്ന്ന സ്ഥാപനങ്ങളുടെ എണ്ണം കുറയുകയും ചെയ്തു. 2015-16ല്‍ പദവി താഴ്ത്തപ്പെട്ട ഓരോ സ്ഥാപനത്തിനും പകരം രണ്ടു വീതം സ്ഥാപനങ്ങളുടെ പദവി ഉയര്‍ത്തപ്പെടുന്ന സാഹചര്യമുണ്ടായി. അടുത്ത കാലത്തെങ്ങുമുണ്ടായിട്ടില്ലാത്ത നേട്ടമാണിത്.
നിക്ഷേപത്തിന്റെ കാര്യത്തിലാണെങ്കില്‍ ഈ സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പ്രത്യക്ഷവിദേശനിക്ഷേപം സര്‍വകാല റെക്കോര്‍ഡാണ്. ചില പ്രധാന മേഖലകളിലുണ്ടായ നാടകീയമായ വര്‍ധനയാണ് എന്നെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രധാനം. 2014 ഒക്ടോബര്‍ മുതല്‍ 2015 സെപ്റ്റംബര്‍ വരെ വളംമേഖലയില്‍ പ്രത്യക്ഷനിക്ഷേപം 22.4 കോടി ഡോളറായിരുന്നു. എന്നാല്‍ 2013 ഒക്ടോബര്‍ മുതല്‍ 2014 സെപ്റ്റംബര്‍ വരെ ഇതു കേവലം പത്തു ലക്ഷം ഡോളറായിരുന്നു. ഇതേ കാലഘട്ടത്തില്‍ പഞ്ചസാര വ്യവസായത്തില്‍ വളര്‍ച്ച പത്തു ലക്ഷം ഡോളറില്‍നിന്ന് 12.5 കോടി ഡോളറിലേക്കായിരുന്നു. കാര്‍ഷികോപകരണങ്ങളുടെ കാര്യത്തില്‍ 2.8 കോടി ഡോളറില്‍നിന്ന് 5.7 കോടിയിലേക്കുയര്‍ന്നു. ഇതൊക്കെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുമായി ചേര്‍ന്നുനില്‍ക്കുന്ന മേഖലകളാണ്. ഈ മേഖലകളില്‍ വിദേശനിക്ഷേപം ഉയരുന്നു എന്നതില്‍ ഞാനേറെ സന്തുഷ്ടനാണ്.

2015 സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷം നിര്‍മാണരംഗത്തെ പ്രത്യക്ഷവിദേശനിക്ഷേപം 316 ശതമാനം ഉയര്‍ന്നു. കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ രംഗത്ത് 285 ശതമാനവും ഓട്ടമൊബൈല്‍ രംഗത്ത് 71 ശതമാനവും വളര്‍ച്ചയുണ്ടായി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലകളില്‍ ഉണര്‍വുണ്ടാക്കുന്ന കാര്യത്തില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി വിജയമാണെന്നതിനുള്ള വ്യക്തമായ തെളിവാണിത്.

കയറ്റുമതിരംഗത്ത് ആഗോളതലത്തില്‍ അനുകൂലമല്ലാത്ത ഈ കാലഘട്ടത്തില്‍ ഉല്‍പാദനത്തിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടായിട്ടുണ്ട്. എന്നാല്‍, ഉല്‍പാദനമേഖലയില്‍ പല പ്രധാന മേഖലകളിലും നല്ല കുതിപ്പുണ്ടായി. വാങ്ങല്‍ശേഷിയും സാമ്പത്തികപ്രവര്‍ത്തനങ്ങളും സംബന്ധിച്ച പ്രധാന സൂചികകളിലൊന്നായ ഓട്ടോമൊബൈല്‍ രംഗത്ത് 7.6 ശതമാനത്തിന്റെ വളര്‍ച്ച നേടാന്‍ സാധിച്ചു. വസ്ത്രനിര്‍മാണമേഖലയില്‍ 8.7 ശതമാനം കുതിപ്പുണ്ടായപ്പോള്‍ ഫര്‍ണിച്ചര്‍ നിര്‍മാണത്തില്‍ 57 ശതമാനം പുരോഗതിയുണ്ടായി. വീടുകളുടെയും ഫ്‌ളാറ്റുകളുടെയും വില്‍പനയില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് ഫര്‍ണിച്ചര്‍ മേഖലയിലെ വളര്‍ച്ചയില്‍നിന്നു വ്യക്തമാകുന്നത്.

ഭാവിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഞാന്‍ കൃഷിയെക്കുറിച്ചു സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. മുന്‍കാലങ്ങളില്‍ കാര്‍ഷികോല്‍പാദനത്തിനായിരുന്നു മുന്‍ഗണന; കര്‍ഷകരുടെ വരുമാനത്തിനല്ല. എന്നാല്‍, കര്‍ഷകരുടെ വരുമാനം 2022 ആകുമ്പോഴേക്കും ഇരട്ടിയായി വര്‍ധിപ്പിക്കുകയാണ് എന്റെ ലക്ഷ്യം. ഞാന്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണ്. നല്ല നയങ്ങളും പദ്ധതികളും ആവശ്യത്തിനു വിഭവങ്ങളും നല്ല ഭരണവും നടത്തിപ്പുമുണ്ടെങ്കില്‍ ഇതു സാധ്യമാകുംതാനും. നമ്മുടെ ജനസംഖ്യയില്‍ ഏറെപ്പേരും കൃഷിയെ ആശ്രയിച്ചുകഴിയുന്നവരാണെന്നതിനാല്‍ ഈ മേഖലയില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നതു സമ്പദ്‌വ്യവസ്ഥയ്ക്കു ഗുണകരമാകും.

നമ്മുടെ നയം ഞാന്‍ വിശദീകരിക്കാം.

ആദ്യമായി ബജറ്റ് വിഹിതം നീക്കിവെച്ച് ജലസേചനത്തിനു ശ്രദ്ധ നല്‍കി. ജലസേചനവും ജലസംരക്ഷണവും കൂട്ടിച്ചേര്‍ത്തുള്ള സമഗ്രനയമാണു നാം പിന്തുടരുന്നത്. ഓരോ തുള്ളി ജലവും കൂടുതല്‍ വിളവു നേടുന്നതിനായി ഉപയോഗപ്പെടുത്തുകയെന്നതാണു നയം.

രണ്ടാമതായി വിത്തുകളുടെ മേന്മയിലും ഫലഭൂയിഷ്ഠതയിലുമാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭൂമിക്കനുസരിച്ചു കൃഷി നടത്താന്‍ സോയില്‍ കാര്‍ഡുകള്‍ സഹായിക്കുന്നു. ഇത് ഉല്‍പാദനച്ചെലവു കുറച്ചുകൊണ്ടുവരാനും വരുമാനം ഉയര്‍ത്താനും ഇതുവഴി സാധിക്കും.

മൂന്നാമതായി, വിളവിന്റെ വലിയൊരു ഭാഗം ഉപഭോക്താക്കളിലെത്താതെ നശിക്കുകയാണ്. കടത്തുന്നതിനിടെയും സംഭരണത്തിനിടെയുമാണു നഷ്ടം സംഭവിക്കുന്നത്. വെയര്‍ഹൗസിങ് രംഗത്ത് വന്‍കിട നിക്ഷേപം നടത്തുകയും മറ്റും വഴി ഇത്തരത്തിലുള്ള നഷ്ടം കുറയ്ക്കാന്‍ നാം ശ്രമിക്കുകയാണ്. കാര്‍ഷികമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനു നാം നല്ല തുക മാറ്റിവെച്ചിട്ടുണ്ട്.

നാലാമതായി ഭക്ഷ്യസംസ്‌കരണത്തിലൂടെ മൂല്യവര്‍ധന വരുത്താന്‍ നാം ശ്രമിക്കുകയാണ്. ഉദാഹരണത്തിന്, ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ചു കൊക്ക കോള അടുത്തിടെ പാനീയങ്ങളില്‍ പഴച്ചാറ് ചേര്‍ത്തുതുടങ്ങിയിട്ടുണ്ട്.

അഞ്ചാമതായി, അപാകതകള്‍ നീക്കുന്നതിനായി നാം ഒരു ദേശീയ കാര്‍ഷികവിപണി ആരംഭിക്കുകയാണ്. 585 നിയന്ത്രിത മൊത്തവില്‍പനകേന്ദ്രങ്ങള്‍ക്കായി ഒരു പൊതു ഇലക്ട്രോണിക് വിപണനസംവിധാനവും സജ്ജമാക്കുകയാണ്. കാര്‍ഷികോല്‍പന്നങ്ങള്‍ വിപണിയില്‍ വില്‍ക്കുന്ന വിലയുടെ കൂടിയ പങ്കും കര്‍ഷകനു കിട്ടുന്ന സ്ഥിതിയുണ്ടാവണം. മധ്യവര്‍ത്തികള്‍ കൈക്കലാക്കുന്ന പങ്ക് കുറച്ചുകൊണ്ടുവരാന്‍ സാധിക്കണം. രാജ്യത്തിനകത്ത് ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ വിപണനം ചെയ്യുന്നതിനായി പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ചത് ഈ ലക്ഷ്യത്തോടെയാണ്.

ആറാമതായി, നാം പ്രധാനമന്ത്രി ഫസല്‍ ബീമ യോജന ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതൊരു സമഗ്ര ദേശീയതല വിള ഇന്‍ഷുറന്‍സ പദ്ധതിയാണ്. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാല്‍ വിളനാശം സംഭവിച്ചു കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ ഉദ്ദേശിച്ചുള്ളതാണിത്. താങ്ങാവുന്ന പ്രീമിയമേ ഉള്ളൂ എന്നതു പദ്ധതി ആകര്‍ഷകമാക്കുന്നു. കാലാവസ്ഥ മോശമായാലും കര്‍ഷകനു വരുമാന നഷ്ടമുണ്ടാകില്ലെന്ന സാഹചര്യം ഇതോടെ സൃഷ്ടിക്കപ്പെടുകയാണ്.

അനുബന്ധ പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള വരുമാനം നാം വര്‍ധിപ്പിക്കും. കോഴിവളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, ഫിഷറീസ് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇതു ഭാഗികമായി പ്രാവര്‍ത്തികമാക്കുക. കൃഷി ചെയ്യാതെ ഇട്ടിരിക്കുന്ന സ്വന്തം ഭൂമി തടിയാവശ്യത്തിനുള്ള മരങ്ങള്‍ നടുന്നതിനും സോളാര്‍ സെല്ലുകള്‍ സ്ഥാപിക്കുന്നതിനും ഉപയോഗപ്പെടുത്താന്‍ കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും.

ഉല്‍പാദനവര്‍ധനവിലൂടെയും കൃഷിക്കാവശ്യമായ വസ്തുക്കള്‍ ഉപയോഗപ്പെടുത്തുന്നതു ഫലപ്രദമാക്കുന്നതിലൂടെയും വിളവെടുപ്പിനു ശേഷം സംഭവിക്കുന്ന നാശനഷ്ടം കുറച്ചുകൊണ്ടുവരുന്നതിലൂടെയും മൂല്യവര്‍ധനവിലൂടെയും വില്‍പനയില്‍ വിപണി കൈക്കലാക്കുന്ന വിഹിതം കുറച്ചുകൊണ്ടുവരുന്നതിലൂടെയും അനുബന്ധപ്രവര്‍ത്തനങ്ങളിലൂടെയും കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുയെന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഇക്കാര്യത്തില്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ പിതാവ് ഡോ.എം.എസ്.സ്വാമിനാഥന്‍ എന്നോടു യോജിക്കുമെന്നാണു കരുതുന്നത്. കര്‍ഷക കേന്ദ്രീകൃതമായ ബജറ്റാണ് അവതരിപ്പിച്ചത്‌നു നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം എനിക്കെഴുതിയിരുന്നു. കൃഷി വരുമാന കേന്ദ്രീകൃതമാക്കിയ ആശയത്തെ അദ്ദേഹം സ്വാഗതം ചെയ്തു. അദ്ദേഹം തുടര്‍ന്നു: ‘ബജറ്റ് വിഭവപരിമിതിക്കു വിധേയമായി കര്‍ഷക അനുകൂലമാക്കാന്‍ ശ്രമമുണ്ടായിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ പരിവര്‍ത്തനം സൃഷ്ടിക്കാനും യുവാക്കളെ കാര്‍ഷികരംഗത്തു പിടിച്ചുനിര്‍ത്താനുമുള്ള വിത്തെറിഞ്ഞിട്ടുണ്ട്. കാര്‍ഷികരംഗത്ത് ഒരു പുതുപ്രഭാതം തെളിഞ്ഞുവരുന്നു.’

ഇനി, നമ്മുടെ വളര്‍ച്ചയെ നിര്‍ണയിക്കുന്ന ചില പദ്ധതികളെക്കുറിച്ചും നയങ്ങളെക്കുറിച്ചും സൂചിപ്പിക്കാം. നേരത്തേ പറഞ്ഞതുപോലെ, മാറ്റത്തിനായുള്ള പരിഷ്‌കാരങ്ങള്‍ എന്നതാണ് എന്റെ നയം. സാധാരണക്കാരുടെ ജീവിതത്തില്‍ മാറ്റം വരുത്തുകയാണു പരിഷ്‌കാരങ്ങളുട ലക്ഷ്യം. ഭരണപരമായ പരിഷ്‌കാരങ്ങളിലേക്കും അവു നടപ്പാക്കിയെടുക്കുന്നതില്‍ കാണിക്കുന്ന ശുഷ്‌കാന്തിയും ആദ്യം വ്യക്തമാക്കാം.

ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് വിഭവങ്ങള്‍ കുറവും പ്രശ്‌നങ്ങള്‍ വളരെ കൂടുതലുമാണ്. ബുദ്ധിപരമായ നയം വിഭവങ്ങളുടെ ഉപയോഗം പരമാവധി മെച്ചപ്പെടുത്തുകയും പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുകയെന്നതാണ്. കേവലം നയങ്ങള്‍ പ്രഖ്യാപിച്ചതുകൊണ്ടായില്ല. പരിഷ്‌കരിച്ച നയങ്ങളേക്കാള്‍ നമുക്കാവശ്യം നടത്തിപ്പ് ഫലപ്രദമാക്കുകയാണ്. ഞാനൊരു ഉദാഹരണം പറയാം. ദേശീയഭക്ഷ്യ സുരക്ഷാ നിയമം 2013ല്‍ പാസ്സാക്കിയെങ്കിലും പല സംസ്ഥാനങ്ങളിലും നടപ്പാക്കപ്പെട്ടിരുന്നില്ല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു നീക്കിവെച്ച തുകയില്‍ നല്ലൊരു പങ്കും മധ്യവര്‍ത്തികളും പണമുള്ളവരും നേടിയെടുക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്.

ഇപ്പോള്‍ നാം ഭക്ഷ്യസുരക്ഷാ നിയമം ദേശീയതലത്തില്‍ നടപ്പാക്കുകയാണ്. തൊഴിലുറപ്പു പദ്ധതിക്കു നീക്കിവെക്കുന്ന പണം അര്‍ഹതയില്ലാത്തവര്‍ തട്ടിയെടുക്കുന്നതു ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചു. സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ സംബന്ധിച്ചു വെറുതേ സംസാരിക്കുക മാത്രമല്ല, 20 കോടിയിലേറെപ്പേരെ ബാങ്കിങ് സംവിധാനത്തിലേക്കു കൊണ്ടുവന്നു.
തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലും അഴിമതി കുറച്ചുകൊണ്ടുവരുന്നതിലും ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍ ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നതേയുള്ളൂ. അക്കാര്യവും ചുരുക്കിപ്പറയാം. കല്‍ക്കരി, ധാതുക്കള്‍, സ്‌പെക്ട്രം എന്നിവ സുതാര്യമായി വന്‍തുക ലഭിക്കുംവിധമാണു ലേലത്തില്‍ കൈമാറിയത്. നടത്തിപ്പ് ഫലപ്രദമാക്കുകവഴി ഊര്‍ജക്ഷാമം കുറച്ചുകൊണ്ടുവരാന്‍ സാധിച്ചു. ഹൈവേ നിര്‍മാണവും തുറമുഖങ്ങളുടെ പ്രവര്‍ത്തനവും മെച്ചപ്പെട്ടു. വിവിധ മേഖലകളെ ഉദ്ദേശിച്ചു ധാരാളം പദ്ധതികള്‍ പ്രഖ്യാപിച്ചു. നിയമതടസ്സങ്ങള്‍ പലതും പരിഹരിക്കപ്പെട്ടു. പ്രവര്‍ത്തനം സ്തംഭിച്ചിരുന്ന പദ്ധതികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഏറെക്കാലമായി അടച്ചിട്ടിരിക്കുകയായിരുന്ന ധാബോള്‍ ഊര്‍ജോല്‍പാദന പ്ലാന്റ് പ്രവര്‍ത്തിച്ചുതുടങ്ങി. സംഘടിതമായി പ്രവര്‍ത്തിച്ച് ഇക്കാര്യത്തില്‍ വിജയിക്കുകവഴി എത്രയോ പേരുടെ തൊഴില്‍ സംരക്ഷിക്കാന്‍ സാധിക്കുകയും ബാങ്കുകളുടെ വലിയ അളവു കിട്ടാക്കടം ഇല്ലാതാക്കാനും സാധിച്ചു.

ഇനി നയപരമായ പരിഷ്‌കാരങ്ങളെക്കുറിച്ചു പറയാം. ഈ ഗവണ്‍മെന്റ് അധികാരമേറ്റതു മുതല്‍ പണപ്പെരുപ്പം കുറഞ്ഞുവരുന്ന കാര്യം നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. ഇതിനു വഴിവെച്ച ഒരു കാര്യം സാമ്പത്തികനയത്തെ ശക്തിപ്പെടുത്താന്‍ കൈക്കൊണ്ട ശക്തമായ നടപടികളാണ്. കഴിഞ്ഞ വര്‍ഷം നാം സാമ്പത്തികചട്ടക്കൂട് സംബന്ധിച്ചു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി കരാറില്‍ ഒപ്പുവെച്ചു. ഈ വര്‍ഷം ഫിനാന്‍സ് ബില്ലില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റിനു ഭേദഗതികള്‍ വരുത്തി. ഈ ഭേദഗതികള്‍ പ്രകാരം പണപ്പെരുപ്പത്തോത് എത്രയായിരിക്കണമെന്ന് ആര്‍.ബി.ഐ. നിജപ്പെടുത്തണം. മോണിറ്ററി പോളിസി കമ്മിറ്റിയായിരിക്കും സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുക. കമ്മിറ്റിയില്‍ ഗവണ്‍മെന്റിനു പ്രാതിനിധ്യമുണ്ടാവില്ല. ഈ പരിഷ്‌കാരത്തിലൂടെ സാമ്പത്തികനയം പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനു ലക്ഷ്യംവെക്കുന്നതായിത്തീരുകയും അതു മറ്റു വികസ്വര സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് നടത്തിപ്പിനു സമ്പൂര്‍ണ സ്വാതന്ത്ര്യമുള്ളതായിത്തീരുകയും ചെയ്യും. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനോടു നാം കാട്ടുന്ന പ്രതിബദ്ധതയ്‌ക്കൊപ്പം സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തില്‍ നമുക്കുള്ള ജാഗ്രതയുടെയും നിദര്‍ശനമാണ്.

കാര്യമായ നയംമാറ്റമുണ്ടായ മറ്റൊരു മേഖല പെട്രോളിയമാണ്. പുതിയ ഹൈഡ്രോകാര്‍ബണ്‍ എക്‌സ്‌പ്ലൊറേഷന്‍ ലൈസന്‍സിങ് പോളിസി പ്രകാരം വില നിശ്ചയിക്കുന്നതിനും വിപണനം നടത്തുന്നതിനും സ്വാതന്ത്ര്യമുണ്ടായിരിക്കും. വരുമാനം പങ്കുവെക്കുന്നതിനു സുതാര്യമായ സംവിധാനവുമുണ്ടായിരിക്കും. ഇത് ഉദ്യോഗസ്ഥനിയന്ത്രണം കുറച്ചുകൊണ്ടുവരാന്‍ സഹായകമാകും.

റിയല്‍ എസ്‌റ്റേറ്റ് മേഖലയെ പരിഷ്‌കരിക്കാന്‍ കെല്‍പുള്ളതാണ് റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആക്റ്റില്‍ നടപ്പാക്കിയ മാറ്റങ്ങള്‍. വാങ്ങാനായി മുന്നോട്ടുവരുന്നവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ഇടപാടുകള്‍ സുതാര്യവും സത്യസന്ധവുമാക്കാനും ഇതിലൂടെ സാധിച്ചു. ദീര്‍ഘകാലമായി പാസ്സാക്കാതെ കിടക്കുകയായിരുന്ന ഈ ബില്‍ പാസ്സാക്കുന്നതിലൂടെ നവമധ്യവര്‍ഗത്തിനും ദരിദ്രര്‍ക്കുമായി കെട്ടിടനിര്‍മാണം നടത്തുന്നവര്‍ക്കു നികുതിയിളവു നടപ്പാക്കി.

ഊര്‍ജമേഖലയില്‍, ഉദയ് പദ്ധതി വഴി സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കുള്ള ഇളവുകള്‍ പരിഷ്‌കരിച്ചു. പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ വഴികള്‍ സ്വീകരിക്കുന്നതിനൊപ്പം മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനു പ്രോല്‍സാഹനം നല്‍കാനും സംവിധാനമൊരുക്കി. വിതരണക്കമ്പനികള്‍ വരുത്തുന്ന നഷ്ടം സംസ്ഥാന ഗവണ്‍മെന്റുകള്‍ ഏറ്റെടുക്കേണ്ടിവരും. ധനക്കമ്മിയുമായി ബന്ധപ്പെടുത്തി അതിനെ കണക്കാക്കുകയും ചെയ്യും. ഇതു സംസ്ഥാനങ്ങള്‍ക്കു മേല്‍ വലിയ ബജറ്റ് നിയന്ത്രണമായി നിലകൊള്ളും. ഇതു വൈദ്യതിമേഖല ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കും. വിതരണക്കമ്പനികളുടെ 40 ശതമാനത്തിനും കാരണമായ ഒമ്പതു സംസ്ഥാനങ്ങള്‍ ഇതിനകം കേന്ദ്രഗവണ്‍മെന്റുമായി ഇക്കാര്യത്തില്‍ ധാരണയിലെത്തിക്കഴിഞ്ഞു. മറ്റ് ഒമ്പതു സംസ്ഥാനങ്ങള്‍ ധാരണയിലെത്താന്‍ തീരുമാനിച്ചിട്ടുമുണ്ട്.

പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ കാര്യത്തില്‍ ഈ ഗവണ്‍മെന്റ് നടപ്പാക്കിയ സമഗ്ര നയപരിഷ്‌കരണത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടാവാം. പ്രതിവര്‍ഷം അധികമായി 1500 മെഗാവാട്ട് സൗരോര്‍ജം എന്ന നിരക്ക് പ്രതിവര്‍ഷം 10,000 മെഗാവാട്ട് എന്ന തോതിലേക്കു നാം ഉയര്‍ത്തി. കാലാവസ്ഥാവ്യതിയാന നിയന്ത്രണ നയത്തിന്റെ ഭാഗമായി 175 ജിഗാവാട്ട് പുനരുപയോഗിക്കാവുന്ന ഊര്‍ജം ഉല്‍പാദിപ്പിക്കണമെന്ന ലക്ഷ്യം ഞാന്‍ പ്രഖ്യാപിച്ചപ്പോള്‍ പലരും അദ്ഭുതം കൂറുകയും സംശയദൃഷ്ടിയോടെ വീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഊര്‍ജസംബന്ധിയായ കാര്‍ബണ്‍വാതക പുറംതള്ളല്‍ ഈ വര്‍ഷം വര്‍ധിച്ചിട്ടില്ലെന്ന് രാജ്യാന്തര ഊര്‍ജ ഏജന്‍സി ഈ മാസത്തെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഉള്‍നാടന്‍ ജലഗതാഗത രംഗം മെച്ചപ്പെടുത്താനുതകുന്ന നിയമം പാര്‍ലമെന്റ് ഈയിടെ പാസ്സാക്കിയിരുന്നു. ഗതാഗതയോഗ്യമായ ജലഗതാഗത പാതകളുടെ എണ്ണം നിലവിലുള്ള അഞ്ചില്‍നിന്ന് 106ലേക്ക് ഉയര്‍ത്താന്‍ ഇതു സഹായകമാകും.

റെയില്‍വേ, പ്രതിരോധം തുടങ്ങി നേരത്തേ അനുവദിച്ചിട്ടില്ലാതിരുന്ന മേഖലകളില്‍ക്കൂടി പ്രത്യക്ഷ വിദേശനിക്ഷേപം ണനുവദിക്കാന്‍ തീരുമാനിച്ചു. ഇന്‍ഷറന്‍സ് ഉള്‍പ്പെടെ പല മേഖലകളിലും നിക്ഷേപ പരിധി ഉയര്‍ത്തുകയും ചെയ്തു. ഇതു ഫലം കണ്ടു തുടങ്ങിയിട്ടുമുണ്ട്. ബിഹാറില്‍ ജി.ഇയും ആല്‍സ്റ്റോമും അഞ്ചു ലക്ഷം കോടി ഡോളര്‍ മുതല്‍മുടക്കി രണ്ടു പുതിയ ലോക്കോമോട്ടീവ് ഫാക്ടറികളുടെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. ഓഹരിവിപണിയിലും വിദേശനിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തി. പ്രൈവറ്റ് ഇക്വിറ്റി വെഞ്ച്വര്‍ ക്യാപിറ്റല്‍ പ്രോല്‍സാഹിപ്പിക്കാനായും പുതിയ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കാനും നയപരിഷ്‌കരണം വരുത്തി. ഈ ‘പുതിയ സമ്പദ്‌വ്യവസ്ഥ’യെക്കുറിച്ചാണ് നിങ്ങളുടെ ഇന്നത്തെ പാനല്‍ ചര്‍ച്ച എന്നു ഞാന്‍ മനസ്സിലാക്കുന്നു.

അവസാനമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി നാം കൈക്കൊണ്ടിട്ടുള്ള പ്രധാന നടപടികളെക്കുറിച്ചു പറയാം. മൂലധന ലഭ്യത കുറഞ്ഞതും തൊഴില്‍ശേഷി കൂടിയതുമായ രാഷ്ട്രമെന്ന നിലയില്‍ ഈ മേഖല എന്നെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. മൂലധനാധിഷ്ഠിതവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് അനുകൂലമല്ലാത്തതുമായ നികുതിഘടനയില്‍ മാറ്റം വരുത്താന്‍ നാം നടപടികള്‍ കൈക്കൊണ്ടു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നികുതിയിളവു നല്‍കുകയും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ റജിസ്റ്റര്‍ ചെയ്യപ്പെടുന്ന വ്യക്തികളുടെ ആദ്യ മൂന്നു വര്‍ഷത്തെ പെന്‍ഷന്‍ വിഹിതം ഗവണ്‍മെന്റ് അടയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതു തൊഴില്‍രഹിതരായ ലക്ഷക്കണക്കിനു പേര്‍ക്കും ഔദ്യോഗിക സ്വഭാവത്തോടെയല്ലാതെ തൊഴില്‍ ചെയ്യുന്നവര്‍ക്കും ഗുണകരമാകുമെന്നാണു കണക്കുകൂട്ടല്‍.

ഗവണ്‍മെന്റ് നിയമനങ്ങളില്‍ അഴിമതി കുറച്ചുകൊണ്ടുവരുന്നതിനായി താഴെത്തട്ടിലുള്ള ജോലികലുടെ നിയമനത്തിന് ഇ്ന്റര്‍വ്യൂ ഒഴിവാക്കി.

ഗവണ്‍മെന്റ് നടത്തുന്ന എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശനപ്പരീക്ഷാ ഫലമാണു പ്രൈവറ്റ് കോളജുകളും ഉപയോഗപ്പെടുത്തുന്നതെന്ന് അറിയാമല്ലോ. തൊഴില്‍വിപണിക്ക് ഊര്‍ജം പകരാനും തൊഴില്‍രഹിതരെ സഹായിക്കാനും ഉതകുന്ന ഒരു നടപടി കൂടി ഞാന്‍ പ്രഖ്യാപിക്കട്ടെ. ഗവണ്‍മെന്റ് സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും നിയമനങ്ങള്‍ നടത്തുന്നതിനായി ആവര്‍ത്തിച്ചു പരീക്ഷകള്‍ നടത്തുന്നുണ്ട്. ഇത്തരം പരീക്ഷകളിലെ മാര്‍ക്കുകള്‍ ഇതുവരെ ഗവണ്‍മെന്റ് രഹസ്യമായി വെക്കുകയാണു പതിവ്. ഇനി മുതല്‍ മല്‍സരാര്‍ഥികളുടെ താല്‍പര്യത്തിനു വിധേയമായി ഈ മാര്‍ക്ക് തൊഴില്‍ദാതാക്കള്‍ക്കു ലഭ്യമാക്കും. സ്വകാര്യമേഖലയിലെ തൊഴില്‍ദാതാക്കള്‍ക്കു തൊഴിലന്വേഷകരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വിശ്വസനീയമാംവിധം ഇതിലൂടെ ലഭിക്കും. തൊഴിലന്വേഷകര്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും എളുപ്പത്തില്‍ പരസ്പരം കണ്ടുമുട്ടുന്നതിന് ഇതു സഹായകമാകും.

പ്രധാനമന്ത്രി മുദ്ര യോജന പദ്ധതിക്കുണ്ടായിട്ടുള്ള സവിശേഷമായ പുരോഗതി നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവാം. ഈ വര്‍ഷം 3.1 കോടി വായ്പകളിലായി 1900 കോടി രൂപയുടെ വായ്പ സംരംഭകര്‍ക്കു നല്‍കിയിട്ടുണ്ട്. ഇതില്‍ 77 ശതമാനം പേരും വനിതകളാണ്. 22 ശതമാനംപേര്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗക്കാരുമാണ്. ഒരു സംരംഭത്തിലൂടെ കേവലം ഒരാള്‍ക്കു ജോലി ലഭിക്കുമെന്നു കണക്കുകൂട്ടിയാല്‍ത്തന്നെ 3.1 കോടി പേര്‍ക്ക് ഇതിലൂടെ ജോലി ലഭിക്കും. സ്റ്റാന്‍ഡ്-അപ് ഇന്ത്യ പദ്ധതി പ്രകാരം വനിതകള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുമായി രണ്ടര ലക്ഷം സംരംഭകത്വ വായ്പകള്‍ ലഭിക്കും. v

നൈപുണ്യവികസനത്തിന്റെ കാര്യത്തിലും എന്റെ ഗവണ്‍മെന്റിന്റെ നയം പ്രചാരം നേടിക്കഴിഞ്ഞു. ബജറ്റില്‍, വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചു രണ്ടു പ്രധാന പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. അവ ഞാന്‍ വിശദമാക്കാം. നിലവാരം മെച്ചപ്പെടുത്താന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയെന്നതാണു നമ്മുടെ നയം. തുടക്കമായി പത്തു പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യമേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലോകോത്തര നിലവാരം നേടിയെടുക്കാനുള്ള സാഹചര്യം ഗവണ്‍മെന്റ് ഒരുക്കും. അവയെ നിയന്ത്രിക്കാന്‍ നിലവിലുള്ള യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ എന്നിവയില്‍നിന്നു വ്യത്യസ്തമായുള്ള സംവിധാനമേര്‍പ്പെടുത്തും. അവയ്ക്ക് അക്കാദമിക കാര്യങ്ങളിലും ഭരണപരവും സാമ്പത്തികവുമായ കാര്യങ്ങളിലും സമ്പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കും. പത്തു പൊതുമേഖലാ സര്‍വകലാശാലകള്‍ക്കു വരുന്ന അഞ്ചു വര്‍ഷത്തേക്കു കൂടുതല്‍ വിഭവങ്ങള്‍ ലഭ്യമാക്കും. സാധാരണ പൗരന്‍മാര്‍ക്കു ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ആര്‍ജിക്കാനുള്ള അവസരം ഇതോടെ ലഭിക്കും.

ഉന്നതവിദ്യാഭ്യാസരംഗത്തെ നിയന്ത്രണ എജന്‍സികളുടെ യഥാര്‍ഥ ഉത്തരവാദിത്തിലേക്ക് അവരുടെ പ്രവര്‍ത്തനങ്ങളെ എത്തിക്കുയെന്നതാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. അടിമുടി നിര്‍ദേശങ്ങള്‍ നല്‍കലും നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്നതിനുപകരം പ്രവര്‍ത്തനത്തില്‍ സുതാര്യതയുള്ള മാര്‍ഗദര്‍ശികളും സൗകര്യമൊരുക്കുന്നവരുമായി ഇത്തരം സ്ഥാപനങ്ങള്‍ നിലകൊള്ളണം. പരിഷ്‌കാരങ്ങള്‍ കൊണ്ടുവരിക വഴി നമ്മുടെ എല്ലാ കോളജുകളും സര്‍വകലാശാലകളും ലോകോത്തര നിലവാരമുള്ളതാക്കി ഉയര്‍ത്താനാണ് ആഗ്രഹിക്കുന്നത്.

ശ്രദ്ധിക്കുന്ന മറ്റൊരു മേഖല സ്‌കൂള്‍ വിദ്യാഭ്യാസമാണ്. അധ്യാപക-വിദ്യാര്‍ഥി അനുപാതത്തിന്റെ കാര്യത്തിലും സ്‌കൂളുകള്‍ ലഭ്യമാക്കുന്നിതലും വളരെയധികം പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നവരുടെ കയ്യിലാണ് ഇക്കാലത്ത് സമ്പദ്‌വ്യവസ്ഥയില്‍ അറിവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍. പഠനത്തിലെ മികവാണു ഗവണ്‍മെന്റ് പ്രധാന ലക്ഷ്യമായി കാണുന്നത്. ഇതിനായി സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിക്കു കൂടുതല്‍ വിഭവങ്ങള്‍ ലഭ്യമാക്കും. പ്രാദേശികമായ ആവശ്യങ്ങള്‍ക്കനുസരിച്ചു വിദ്യാഭ്യാസമേഖലയില്‍ പരിഷ്‌കാരങ്ങള്‍ വരുത്താനായിരിക്കും ഈ പണം ഉപയോഗപ്പെടുത്തുക. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെയും ഉന്നതവിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ നടപ്പാക്കുന്ന ഇത്തരം പരിഷ്‌കാരങ്ങളെ ഇവിടെ കൂടിയിട്ടുള്ള രക്ഷിതാക്കളും തൊഴില്‍ദാതാക്കളും സ്വാഗതംചെയ്യുമെന്ന് എനിക്കുറപ്പാണ്.

മഹാന്‍മാരേ, മഹതികളേ, ചുരുക്കത്തില്‍, നാം ഏറെ ചുവടുകള്‍ പിന്നിട്ടുകഴിഞ്ഞു. ഇനി ചെയ്യാനുള്ളത് ഏറെയാണു താനും. ചില പരിഷ്‌കാരങ്ങള്‍ ഗുണം ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇതുവരെ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ച നേട്ടങ്ങള്‍ ജനങ്ങളുട പിന്തുണയോടെ ഇന്ത്യയെ പരിഷ്‌കരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം എനിക്കു പകര്‍ന്നു നല്‍കുന്നുണ്ട്. എന്നാല്‍ അത് എളുപ്പമല്ലെന്നു ഞാന്‍ തിരിച്ചറിയുന്നുമുണ്ട്. പക്ഷേ, ചെയ്യാന്‍ സാധിക്കുമെന്നതില്‍ എനിക്കു സംശയമില്ല. അതു നേടിയെടുക്കുമെന്നതില്‍ എനിക്ക് ആത്മവിശ്വാസവുമുണ്ട്.

നന്ദി.