ദക്ഷിണാഫ്രിക്കന്‍ റിപ്പബ്ലിക് പ്രസിഡന്റ്,
ബഹുമാന്യനായ ശ്രീ. സിറിള്‍ രാമഫോസാ,
ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും നിന്നുള്ള പ്രമുഖ കമ്പനി ഉടമസ്ഥരേ;
മഹതികളേ, മഹാന്മാരേ,
നമസ്കാരം!
ഇന്ത്യാ-ദക്ഷിണാഫ്രിക്കാ ബിസിനസ് ഫോറത്തില്‍ നിങ്ങളോടൊപ്പം പങ്കെടുക്കാന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. ബഹുമാനപ്പെട്ട പ്രസിഡന്റ് നമുക്കൊപ്പം ഉണ്ടെന്നതു വലിയ അംഗീകാരമാണ്.
നാളെ ഞങ്ങളുടെ 70-ാം റിപ്പബ്ലിക് ദിന പരേഡില്‍ അങ്ങായിരിക്കും വിശിഷ്ടാതിഥി എന്നതു വലിയ അനുഗ്രഹമാണ്. ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുള്ള ചരിത്രത്തിന്റെ പൊട്ടിച്ചെറിയാന്‍ സാധിക്കാത്ത ബന്ധത്തിന്റെ തുടര്‍ച്ചയാണു നാം തമ്മിലുള്ള പങ്കാളിത്തം.
നമ്മുടെ ജനതകള്‍ക്കായുള്ള മാഡിബയുടെയും മഹാത്മയുടെയും സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കത്തക്കതായ, മെച്ചപ്പെട്ട പൊതുഭാവി ലക്ഷ്യംവെച്ചുള്ളതാണ് ഇപ്പോഴത്തെ നമ്മുടെ പങ്കാളിത്തം. നമ്മുടെ ജനങ്ങള്‍ക്കും ലോകത്തിനും ഒരു മെച്ചപ്പെട്ട ഭാവിക്കായി ഇടപഴകാനും സഹകരിക്കാനും നാം എല്ലായ്പ്പോഴും ശ്രമിക്കുന്നു.
22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചുവപ്പുകോട്ട പ്രഖ്യാപനം വഴി നാം തന്ത്രപ്രധാന പങ്കാളിത്തത്തിനു തുടക്കമിട്ടു. രണ്ട് പഴയ സുഹൃത്തുക്കളും പങ്കാളികളും തമ്മിലുള്ള തുടര്‍ച്ചയായ സംഭാഷണം എല്ലാ വിധത്തിലും നമ്മെ അടുപ്പിച്ചിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. അടുത്തിടെയായി ഉഭകക്ഷിതലത്തിലും ബഹുമുഖമായും കൂടുതല്‍ സഹകരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയില്‍ നാം ഉറച്ചുനില്‍ക്കുന്നു. ഈ രണ്ടു പഴയ സുഹൃത്തുക്കള്‍ക്കിടയില്‍ പുതിയ തുടക്കങ്ങളും വളര്‍ച്ചയുടെ രസകരമായ കഥകളും ഉണ്ടായിട്ടുണ്ട്.
2017-18 കാലഘട്ടത്തില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുളള വ്യാപാരം കുതിച്ചുയര്‍ന്ന് ആയിരം കോടി ഡോളര്‍ കടന്നിരുന്നു. 2018ല്‍ നടന്ന രണ്ടു പ്രധാന ബിസിനസ് കൂട്ടായ്മകള്‍ ഇതിനു സഹായകമായി. 2018 ഏപ്രിലില്‍ ജൊഹാനസ്ബര്‍ഗില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ബിസിനസ് ഉച്ചകോടി ആയിരുന്നു ഇതിലൊന്ന്. മറ്റൊന്ന് നവംബറില്‍ ജോഹന്നാസ്ബര്‍ഗില്‍ നടന്ന ഇന്ത്യ ബിസിനസ് ഫോറം ആയിരുന്നു.
എന്നിരുന്നാലും ഇപ്പോഴും വലിയ സാധ്യതയുണ്ട്. യഥാര്‍ഥ സാധ്യതകളെ മനസ്സിലാക്കാന്‍ എല്ലാ ഇന്ത്യന്‍, ദക്ഷിണാഫ്രിക്കന്‍ ഏജന്‍സികള്‍, നിക്ഷേപ പ്രോത്സാഹക സംഘടനകള്‍ എന്നിവയോടും ഇരു രാജ്യങ്ങളിലെയും വ്യവസായ നേതാക്കളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രധാന പങ്കാളിത്തവും സാന്നിദ്ധ്യവും ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു.
നേരത്തേ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കേ, ദക്ഷിണാഫ്രിക്കയിലെ പ്രമുഖ പങ്കാളികളെ സ്വാഗതം ചെയ്യുവാന്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള നമ്മുടെ സുഹൃത്തുക്കളെയും പങ്കാളികളെയും കഴിഞ്ഞ ദിവസം വൈബ്രന്റ് ഗുജറാത്ത് വീണ്ടും സ്വാഗതം ചെയ്തതു സന്തോഷകരമാണ്. അവിടെ ഒരു ദിവസം ‘ആഫ്രിക്ക ദിനം’ ആയി പ്രത്യേകം മാറ്റിവെച്ചിരുന്നു.
ഇത് പൊതുവെ മനസ്സിലാക്കുന്നതിനേക്കാളും കൂടുതല്‍ ശക്തമാണു നാം തമ്മിലുള്ള ബന്ധം. നമ്മുടെ ഉഭയകക്ഷി സാമ്പത്തിക പങ്കാളിത്തത്തിലും ഇതു വിസ്മയകരമാംവിധം പ്രകടമാണ്.
മഹതികളേ, മഹാന്മാരേ,
ഇപ്പോള്‍ 2.6 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണ്.
ആഗോളതലത്തില്‍ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറാനുള്ള നീക്കത്തിലാണ് ഞങ്ങള്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ലോകബാങ്കിന്റെ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ഇന്ത്യ 77-ാം സ്ഥാനത്തെത്തി. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 65 സ്ഥാനമാണു മുകളിലേക്ക് ഉയര്‍ന്നത്.
യു.എന്‍.സി.ടി.എ.ഡി. പട്ടികയില്‍ ഏറ്റവും കൂടുതല്‍ നേരിട്ടുള്ള വിദേശനാണ്യ നിക്ഷേപം നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഞങ്ങളുടേത്. പക്ഷേ, ഞങ്ങള്‍ തൃപ്തരല്ല. ദിവസേന, സമ്പദ്ഘടനയിലെ പ്രധാനപ്പെട്ട മേഖലകളില്‍ ആവശ്യമായ മാറ്റങ്ങളും പരിഷ്കാരങ്ങളും വരുത്തുകയാണ്.
മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ട്-അപ് ഇന്ത്യ പോലുള്ള ഞങ്ങളുടെ പ്രത്യേക പരിപാടികള്‍ ലോകത്തിന്റെ പ്രതീക്ഷകളെ സ്വാധീനിച്ചിരിക്കുന്നു.
ഞങ്ങളുടെ വ്യവസായമേഖല ഇന്‍ഡസ്ട്രി ഫോര്‍ പോയിന്റ് സീറോ, കൃത്രിമ ഇന്റലിജന്‍സ്, 3-ഡി പ്രിന്റിങ്, റോബോട്ടിക്സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിലേക്ക് പുരോഗമിക്കുന്നു. 130 കോടി ജനങ്ങളുടെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിന് ഞങ്ങളുടെ ഗവണ്മെന്റ് എല്ലാ ശ്രമങ്ങളും നടത്തുകയാണ്.
അടുത്ത തലമുറ അടിസ്ഥാനസൗകര്യവും വേഗവും വൈദഗ്ധ്യവും വലിപ്പവുമെല്ലാം ഊന്നല്‍ നല്‍കേണ്ട മേഖലകളായി തിരിച്ചറിഞ്ഞുകൊണ്ട് ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
നിങ്ങളെ അഭിനന്ദിക്കാന്‍ ഈ അവസരവും ഞാന്‍ ഉപയോഗപ്പെടുത്തുകയാണ്.
ബഹുമാന്യരേ,
ദക്ഷിണാഫ്രിക്കയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു. അതുപോലെ മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു ദശലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കും ആശംസകള്‍ നേരുന്നു.
ഇന്ത്യ ഈ ലക്ഷ്യങ്ങള്‍ക്ക് സംഭാവന അര്‍പ്പിക്കുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ദക്ഷിണാഫ്രിക്കയിലേക്കുള്ള ഞങ്ങളുടെ നിക്ഷേപം നിരന്തരം വളരുകയാണ്. ഇത് ഇപ്പോള്‍ ഏതാണ്ട് ആയിരം കോടി ഡോളറാണ്. പ്രാദേശികമായി 20,000 ജോലികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
ഒരു സഹോദരരാഷ്ട്രമെന്ന നിലയില്‍, നയപരിഷ്കാരങ്ങളില്‍ തങ്ങളുടെ അനുഭവം പങ്കുവയ്ക്കാനും താഴെത്തട്ടിലുള്ള ഏജന്‍സികള്‍ സ്ഥാപിക്കാന്‍ സഹായിക്കാനും ഇന്ത്യക്കു സന്തോഷമാണ്. ദക്ഷിണാഫ്രിക്കയില്‍ കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ നിക്ഷേപം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം കൂടുതല്‍ ദക്ഷിണാഫ്രിക്കന്‍ കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.
ഭക്ഷണം, കാര്‍ഷിക സംസ്കരണം, ആഴത്തിലുള്ള ഖനനം, പ്രതിരോധം, ഫിന്‍ടെക്, ഇന്‍ഷുറന്‍സ്, അടിസ്ഥാനസൗകര്യം എന്നീ മേഖലകളില്‍ ലഭ്യമായ എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്താന്‍ പുതിയ ഇന്ത്യ നിങ്ങളെ സ്വാഗതം ചെയ്യുമെന്ന് ഞാന്‍ ഉറപ്പു നല്കുന്നു.
അതുപോലെതന്നെ, സ്റ്റാര്‍ട്ട് അപ്പ്, ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഫാര്‍മ, ബയോ ടെക്, ഐ.ടി, ഐ.ടി. അനുബന്ധ മേഖല തുടങ്ങിയ രംഗങ്ങളില്‍ ഇന്ത്യക്കു ദക്ഷിണാഫ്രിക്കയെ പങ്കാളിയാക്കാന്‍ സാധിക്കും.
അടുത്തിടെ തുടക്കമിട്ട ഗാന്ധി മണ്ടേല നൈപുണ്യപരിശീലന കേന്ദ്രത്തിലൂടെ ദക്ഷിണാഫ്രിക്കയുടെ നൈപുണ്യഗാഥയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ സംരംഭം ചെറുപ്പക്കാരെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നു.
ആഭരണ നിര്‍മാണ രംഗമാണ് ഇരു രാഷ്ട്രങ്ങള്‍ക്കും സഹകരിക്കാവുന്ന മറ്റൊരു മേഖല. നേരിട്ട് രത്നം സംഭരിക്കുന്നതിനുള്ള സാധ്യതകള്‍ രണ്ടു രാജ്യങ്ങള്‍ക്കും തേടാവുന്നതാണ്.
ഇത് അളവു വര്‍ധിക്കുന്നതിനും വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും താഴ്ന്ന വില സാധ്യമാക്കാനും സഹായകമാകും. പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജം സംബന്ധിച്ച ഇന്ത്യയുടെ പ്രചരണത്തില്‍, വിശേഷിച്ച് രാജ്യാന്തര സൗരോര്‍ജ സഖ്യത്തിലൂടെ, ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയുമായി സഹകരിക്കാവുന്നതാണ്.
വ്യാപാരികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും വീസ നടപടിക്രമങ്ങളില്‍ ഇളവു വരുത്തുന്നതും നേരിട്ടുള്ള ഗതാഗതസൗകര്യം ഒരുക്കുന്നതും ബിസിനസ് സുഗമമാക്കുകയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യും.
മഹതികളേ, മഹാന്മാരേ,
ഇന്ത്യ-ദക്ഷിണാഫ്രിക്ക പങ്കാളിത്തത്തില്‍ ഉപയോഗപ്പടുത്താതെ കിടക്കുന്ന ധാരാളം സാധ്യതകളുണ്ട്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിയും വളര്‍ച്ചയും ഉറപ്പാക്കുന്ന നവയുഗത്തിനായി നാം ഒരുമിച്ചു പ്രവര്‍ത്തിക്കണം.
അങ്ങയുടെ സന്ദര്‍ശനം ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ വളരെ അനുകൂലമായ അവസരം നമുക്ക് ഒരുക്കിത്തരുന്നു.
ഈ പൊതു ലക്ഷ്യത്തിനായി തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്.
നന്ദി, വളരെയധികം നന്ദി.