Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി 2019ല്‍ പങ്കെടുക്കാന്‍ ചെക് റിപ്പബ്ലിക് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചു (ജനുവരി 17-19, 2019)


ചെക്ക് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ. ആന്ദ്രേജ് ബാബിസ് 2019 ജനുവരി 17 മുതല്‍ 19 വരെ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. ചെക് റിപ്പബ്ലിക് വാണിജ്യ, വ്യവസായ മന്ത്രി ശ്രീമതി മാര്‍ത്താ നവാക്കോവയും വലിയ വാണിജ്യ പ്രതിനിധിസംഘവും അദ്ദേഹത്തോടൊപ്പം എത്തി. ചെക് റിപ്പബ്ലിക് പങ്കാളിത്ത രാഷ്ട്രമായ വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 2019ല്‍ ചെക് പ്രതിനിധിസംഘത്തെ നയിക്കുന്നതു പ്രധാനമന്ത്രി ശ്രീ. ബാബിസാണ്.

ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ. മോദിയും പ്രധാനമന്ത്രി ശ്രീ. ബാബിസും ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. പരസ്പര താല്‍പര്യമുള്ള പ്രധാന ആഗോള, പ്രാദേശിക പ്രശ്‌നങ്ങള്‍ ഉള്‍പ്പടെയുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

പ്രധാനമന്ത്രി ശ്രീ. മോദിയുടെ നേതൃശേഷിയെ പ്രശംസിച്ച ചെക് പ്രധാനമന്ത്രി, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വേഗത്തിലുള്ള വളര്‍ച്ചയെയും ഉഭയകക്ഷി വ്യാപാരവും നിക്ഷേപ ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനു കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിനെയും അഭിനന്ദിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യന്‍ പ്രസിഡന്റ് ചെക് റിപ്പബ്ലിക് സന്ദര്‍ശിച്ചതും ഉഭയകക്ഷി സഹകരണത്തിനുള്ള ഏറെ ധാരണാപത്രങ്ങള്‍ ഒപ്പുവെക്കപ്പെട്ടതും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഹെവി മെഷിനറിയിലും പ്രിസിഷന്‍ എന്‍ജിനീയറിങ്ങിലും ചെക് റിപ്പബ്ലിക് ഏറെ മുന്നിലാണ്. ഇന്ത്യന്‍ വിപണിയില്‍ വിശേഷിച്ച് പ്രതിരോധം, ഓട്ടോമോട്ടീവ്, റെയില്‍വേ എന്നീ മേഖലകളില്‍ ഉള്ള വര്‍ധിച്ച അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പ്രധാനമന്ത്രി ശ്രീ. മോദി ചെക് കമ്പനികളെ ക്ഷണിച്ചു.

പ്രധാനമന്ത്രി തന്നെ നയിക്കുന്നതും ഒട്ടേറെ രാജ്യാന്തര ഗവേഷകര്‍ പങ്കെടുക്കുന്നതുമായ ഗവേഷണ വികസന കൗണ്‍സിലിലേക്ക് ഒരു ഇന്ത്യന്‍ ശാസ്ത്രജ്ഞനനെ നാമനിര്‍ദേശം ചെയ്യാന്‍ ചെക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പരമ്പരാഗതമായ ഊഷ്മളമായ ബന്ധം ഊട്ടിയുറപ്പിച്ച ഇരു പ്രധാനമന്ത്രിമാരും ബന്ധം മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.
പ്രധാനമന്ത്രി ശ്രീ. ബാബിസ് 2019 ജനുവരി 19ന് ന്യൂഡല്‍ഹിയില്‍ രാഷ്ട്രപതിയെ സന്ദര്‍ശിക്കും. പുണെയിലെ സിംബയോസിസ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ യൂറോപ്യന്‍ സ്റ്റഡീസിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.