ഒന്‍പതാമത് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്ക് ഗാന്ധി നഗറിലെ മഹാത്മാ മന്ദിര്‍ പ്രദര്‍ശന – കണ്വെന്ഷന് സെന്ററില്‍ നാളെ തുടക്കമാകും. ഗുജറാത്തില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ടുള്ള ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.
ഈ മാസം 18 മുതല്‍ 20 വരെ നടക്കുന്ന വൈബ്രന്റ് – ഗുജറാത്ത് ഉച്ചകോടിക്ക് മുന്നോടിയായി സംഘടിപ്പിച്ച ആഗോള വ്യാപാര പ്രദര്‍ശനം പ്രധാനമന്ത്രി എക്സിബിഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനത്തിലെ വിവിധ പവലിയനുകള്‍ വീക്ഷിച്ച പ്രധാനമന്ത്രി ‘ഇന്ത്യയില്‍ നിര്‍മ്മിക്കൂ’ എന്ന തന്റെ ദര്‍ശനം ‘ചര്‍ക്ക മുതല്‍ ചന്ദ്രായന്‍ വരെ’ എന്ന ഉചിതമായ മുദ്രാവാക്യത്തിലൂടെ പ്രമേയമാക്കിയ ഐ.എസ്.ആര്.ഒ., ഡി.ആര്.ഡി.ഒ, ഖാദി തുടങ്ങിയവയുടെ സ്റ്റാളുകളില്‍ പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ. വിജയ് രൂപാനിയും, മറ്റ് വിശിഷ്ട വ്യക്തികളും പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു. 200,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ച് കടക്കുന്ന ആഗോള വ്യാപാര പ്രദര്‍ശനത്തില്‍ 25 ലധികം വ്യവസായ ബിസിനസ്സ് മേഖലകള്‍ തങ്ങളുടെ ആശയങ്ങള്‍, ഉല്‍പ്പന്നങ്ങള്‍, മാതൃകകള്‍ തുടങ്ങിയവ ഇവിടെ ഒരു കുടക്കീഴില് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഉച്ചകോടിയുടെ ഭാഗമായി വിവിധ പരിപാടികളുടെ ഒരു പരമ്പര തന്നെ സംഘടിപ്പിച്ചിട്ടുണ്ട്. ഇവയില്‍ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ അഹമ്മദാബാദ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ -2019 പ്രധാനമന്ത്രി ഇന്ന് വൈകിട്ട് ഉദ്ഘാടനം ചെയ്യും. വൈബ്രന്റ് ഗുജറാത്ത് അഹമ്മദാബാദ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗ്യചിഹ്നത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി ഈ വേളയില്‍ നിര്‍വ്വഹിക്കും. നഗരത്തിലെ സംരംഭങ്ങള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കന്‍ അവസരം കിട്ടുന്ന രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണ് അഹമ്മദാബാദ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ -2019.
വ്യത്യസ്ഥ തരത്തിലുള്ള വിജ്ഞാനം പങ്ക് വയ്ക്കുന്നതിനും, പങ്കാളികള്‍ തമ്മിലുള്ള ബന്ധപ്പെടല്‍ വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് പുതിയ ഒരു കൂട്ടം ഫോറങ്ങളുടെ ഉദ്ഘാടനത്തിനും ഉച്ചകോടി വേദിയാകും.
പശ്ചാത്തലം:
ഗുജറാത്തിനെ ഏറ്റവും മികച്ച നിക്ഷേപ ലക്ഷ്യ സ്ഥാനമായി പുനസ്ഥാപിക്കുന്നതിന് ശ്രീ. നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്ന 2003 ലാണ് വൈബ്രന്റ്, ഗുജറാത്ത് ഉച്ചകോടി എന്ന ആശയത്തിന് രൂപം നല്‍കിയത്. ആഗോള സാമൂഹിക, സാമ്പത്തിക വികസനം, വിജ്ഞാനം പങ്കിടല്‍, ഫലപ്രദമായ പങ്കാളിത്തങ്ങള്‍ക്ക് രൂപം നല്കല് മുതലായവയ്ക്ക് ഉച്ചകോടി വേദിയൊരുക്കും.
2019 ലെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ മറ്റ് സവിശേഷതകളില്‍ ചിലവ:
1. ഇന്ത്യയില്‍ ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (സ്റ്റെം) എന്നിവയിലെ വിദ്യാഭ്യാസത്തിനും, ഗവേഷണത്തിനുമുള്ള അവസരങ്ങള്‍ സംബന്ധിച്ച വട്ടമേശ സമ്മേളനം.
2. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (സ്റ്റെം) എന്നിവയെ കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം.
3. ഗഗനയാത്രയുടെ ഭാവിയെ കുറിച്ച് ദര്‍ശനം പകര്‍ന്ന് തരുന്ന ഭാവി സാങ്കേതികവിദ്യകള്‍, ബഹിരാകാശ പര്യവേഷണം എന്നിവയെ കുറിച്ചുള്ള പ്രദര്‍ശനം.
4. തുറമുഖ കേന്ദ്രീകൃത വികസനവും, ഇന്ത്യയെ ഏഷ്യയുടെ ട്രാന്‍സ്ഷിപ്പ്മെന്റ് കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനുള്ള തന്ത്രങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍.
5. ഇന്ത്യയില്‍ നിര്‍മ്മിക്കൂ പരിപാടിയുടെ വിജയ കഥകളും, ഗവണ്മെന്റിന്റെ സുപ്രധാന ഇടപെടലുകളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സെമിനാര്‍.
6. ഇന്ത്യയെയും, ഗുജറാത്തിനെയും രാജ്യരക്ഷാ, എയ്റോനോട്ടിക്സ് മേഖലകളിലെ നിര്‍മ്മാണ കേന്ദ്ര ബിന്ദുവാക്കി വികസിപ്പിക്കുന്നതിനും, ഈ രംഗങ്ങളില്‍ ഗുജറാത്തിലുള്ള വ്യാവസായിക സാധ്യതകളെയും, അവസരങ്ങളെയും കുറിച്ചുള്ള സെമിനാര്‍.
വ്യാപാരവും, നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരത്തിലുള്ള ഉച്ചകോടികള്‍ സംഘടിപ്പിക്കാന്‍ മറ്റ് സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നതില്‍ 2003 ല്‍ തുടക്കമിട്ടതു മുതല്‍ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.