Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ നൂറ്റിയാറാം സമ്മേളനം പഞ്ചാബിലെ ജലന്ധറില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.

 

സമ്മേളനത്തിന്റെ ഇക്കൊല്ലത്തെ വിഷയമായ ‘ഭാവി ഇന്ത്യ: ശാസ്ത്രവും സാങ്കേതിക വിദ്യയും’ എന്നതിനെക്കുറിച്ച് പരാമര്‍ശിക്കവെ, ശാസ്ത്രത്തെയും സാങ്കേതികവിദ്യയേയും നവീനാശായങ്ങളേയും ജനങ്ങളുമായി ബന്ധപ്പെടുത്തുന്നതിലാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തിയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

 

മുന്‍കാലങ്ങളിലെ ഇന്ത്യന്‍ ശാസ്ത്രജ്ഞരായ ജെ.സി. ബോസ്, സി.വി. രാമന്‍, മേഘനാഥ് സാഹ, എസ്.എന്‍ ബോസ് തുടങ്ങിയവരെല്ലാം ‘ഏറ്റവും കുറഞ്ഞ വിഭവങ്ങള്‍ ഉപയോഗിച്ച് ഏറ്റവുമധികം പോരാട്ടങ്ങളിലൂടെയാണ്’ ജനങ്ങളെ സേവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

 

“അഗാധമായ അടിസ്ഥാന ഉള്‍ക്കാഴ്ചകളെ സാങ്കേതിക വിദ്യാ വികസനവുമായും രാഷ്ട്ര നിര്‍മ്മാണവുമായും ഇണക്കിച്ചേര്‍ത്തതിന്റെ സാക്ഷ്യപത്രമാണ് നൂറുകണക്കിന് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ ജീവിതവും സംഭാവനകളും”, പ്രധാനമന്ത്രി പറഞ്ഞു.

 

നമ്മുടെ മുന്‍ പ്രധാനമന്ത്രിമാരായ ശ്രീ. ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ശ്രീ. അടല്‍ ബിഹാരി വാജ്‌പേയി എന്നിവരെ പ്രധാനമന്ത്രി അനുസ്മരിച്ചു. ശാസ്ത്രിജി നമുക്ക് ‘ജയ് ജവാന്‍ ജയ് കിസാന്‍’ മുദ്രാവാക്യം നല്‍കിയപ്പോള്‍ അടല്‍ജി അതിനോടൊപ്പം ‘ജയ് വിജ്ഞാനും’ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഒരു പടി കൂടി കടന്ന് ‘ജയ് അനുസന്ധാന്‍’ (ഗവേഷണം) കൂടി ചേര്‍ക്കേണ്ട സമയമായിരിക്കുകയാണ്.

 

അഗാധമായ വിജ്ഞാനത്തിന്റെ ഉല്‍പ്പാദനം, സാമൂഹിക, സാമ്പത്തിക നന്‍മയ്ക്കായി ആ അറിവിന്റെ വിനിയോഗം എന്നീ രണ്ടു ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിലാണ് ശാസ്ത്രത്തിന്റെ ഉദ്യമങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

 

നാം നമ്മുടെ കണ്ടുപിടുത്ത ശാസ്ത്ര പരിസ്ഥിതിക്ക് ആക്കമേകുമ്പോള്‍തന്നെ നവീനാശയങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ശാസ്ത്രജ്ഞരില്‍ നവീനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഗവണ്‍മെന്റ് അടല്‍ ഇന്നവേഷന്‍ മിഷന്‍ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് കൂടുതല്‍ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററുകള്‍ സ്ഥാപിച്ചു. അതിനു മുമ്പത്തെ 40 വര്‍ഷത്തെക്കാള്‍ അധികമാണിത്, പ്രധാനമന്ത്രി പറഞ്ഞു.

 

താങ്ങാവുന്ന നിരക്കിലുള്ള ആരോഗ്യ പരിചരണം, ഭവനനിര്‍മ്മാണം, ശുചിത്വമാര്‍ന്ന വായു, ജലം, ഊര്‍ജ്ജം, കാര്‍ഷികോല്‍പ്പാദനം, ഭക്ഷ്യ സംസ്‌കരണം തുടങ്ങിയവയില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ സ്വയം അര്‍പ്പിക്കണം. ശാസ്ത്രം സാര്‍വജനീനമാണെങ്കിലും, പ്രാദേശിക ആവശ്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസൃതമായി പ്രാദേശികമായ പരിഹാരങ്ങള്‍ പ്രദാനം ചെയ്യുന്നതിന് സാങ്കേതിക വിദ്യ തദ്ദേശീയമായിരിക്കണം, പ്രധാനമന്ത്രി പറഞ്ഞു.

 

ബിഗ് ഡാറ്റാ അനാലിസിസ്, നിര്‍മ്മിത ബുദ്ധി, ബ്ലോക്ക്‌ചെയിന്‍ മുതലായവ കാര്‍ഷിക മേഖലയില്‍, വിശേഷിച്ച് താരതമ്യേന ചെറുകിട കര്‍ഷകരെ സഹായിക്കുന്നതിനായി വിനിയോഗിക്കണെമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

ജനങ്ങളുടെ ജീവിതം ആയാസരഹിതമാക്കുന്നതിലേക്ക് യത്‌നിക്കാന്‍ അദ്ദേഹം ശാസ്ത്രജ്ഞരെ ആഹ്വാനം ചെയ്തു. മഴക്കുറവുള്ള പ്രദേശങ്ങളിലെ വരള്‍ച്ച കൈകാര്യം ചെയ്യല്‍, മുന്‍കൂട്ടിയുള്ള ദുരന്ത, അപായ സൂചനാ സംവിധാനങ്ങള്‍, പോഷകാഹാരക്കുറവ് പരിഹരിക്കല്‍, എന്‍സിഫലൈറ്റിസ് പോലെ കുട്ടികളില്‍ കാണുന്ന രോഗങ്ങള്‍ ചികിത്സിക്കല്‍, ശുദ്ധ ഊര്‍ജ്ജം, ശുചിയായ കുടിവെള്ളം, സൈബര്‍ സുരക്ഷ മുതലായ വിഷയങ്ങളും ഇതോടൊപ്പം പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഈ രംഗങ്ങളിലെ ഗവേഷണങ്ങളിലൂടെ സമയബന്ധിതമായ പരിഹാരങ്ങള്‍ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു.

 

2018 ല്‍ ഇന്ത്യന്‍ ശാസ്ത്ര മേഖലയുടെ പ്രധാന നേട്ടങ്ങള്‍ പ്രധാനമന്ത്രി വിവരിച്ചു:
1. വിമാനങ്ങള്‍ക്കുപയോഗിക്കാവുന്ന നിലവാരമുള്ള ജൈവ ഇന്ധനം വികസിപ്പിക്കല്‍.
2. കാഴ്ച പരിമിതര്‍ക്കുള്ള യന്ത്രം- ദിവ്യ നയനം.
3. ഗര്‍ഭാശയ കാന്‍സര്‍, ക്ഷയരോഗം, ഡെങ്കി മുതലായവ കണ്ടെത്തുന്നതിനുള്ള ചെലവു കുറഞ്ഞ ഉപകരണങ്ങള്‍.
4. സിക്കിം-ഡാര്‍ജിലിംഗ് മേഖലയില്‍ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച തല്‍സമയ അപായസൂചനാ സംവിധാനം.
നമ്മുടെ ഗവേഷണ, വികസന നേട്ടങ്ങളെ വ്യാവസായിക ഉല്‍പ്പന്നങ്ങളിലൂടെ വാണിജ്യവല്‍ക്കരണത്തിന്റെ കരുത്തുറ്റ പാതയിലേക്ക് നയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കലകള്‍, സാമൂഹ്യ ശാസ്ത്രം, ശാസ്ത്ര സാങ്കേതിക വിദ്യ എന്നിവയുടെ മിശ്രിതമായ ഗവേഷണത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. നമ്മുടെ ദേശീയ ഗവേഷണശാലകള്‍, കേന്ദ്ര സര്‍വകലാശാലകള്‍, ഐ.ഐ.ടികള്‍, ഐ.ഐ.എസ്.സി, ടി.ഐ.എഫ്.ആര്‍, ഐസറുകള്‍ എന്നിവയിലാണ് നമ്മുടെ ഗവേഷണ വികസന ശക്തി കുടികൊള്ളുന്നതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്, സംസ്ഥാന സര്‍വകലാശാലകളിലും കോളേജുകളിലും കരുത്തുറ്റ ഗവേഷണ പരിസ്ഥിതി വികസിപ്പിച്ചെടുക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

3600 കോടിയിലധികം രൂപ മുതല്‍മുടക്കില്‍ ഇന്റര്‍ഡിസിപ്ലിനറി സൈബര്‍ ഫിസിക്കല്‍ സിസ്റ്റത്തിനായി ഒരു ദേശീയ ദൗത്യത്തിന് കേന്ദ്ര ഗവണ്‍മെന്റ് അനുമതി നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍, സാങ്കേതികവിദ്യാ വികസനം, മനുഷ്യവിഭവ ശേഷി, നൈപുണ്യം, നവീനാശയങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ പരിസ്്ഥിതി, കരുത്തുറ്റ വ്യാവസായിക അന്താരാഷ്ട്ര കൂട്ടു പ്രവര്‍ത്തനങ്ങള്‍ മുതലായവ ഈ ദൗത്യം കൈകാര്യം ചെയ്യും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ബഹിരാകാശ മേഖലയിലെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കവെ, കാര്‍ട്ടോസാറ്റ് രണ്ടിന്റെയും മറ്റു ഉപഗ്രഹങ്ങളുടെയും വിജയം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2022 ല്‍ ഗഗന്‍യാനിലൂടെ മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. അരിവാള്‍ രോഗത്തിന് ഫലപ്രദമായ പരിഹാരം കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കിടയില്‍ അനുയോജ്യമായ ശാസ്ത്ര സാങ്കേതിക ഇടപെടലുകള്‍, കൂട്ടു പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കല്‍ മുതലായവയ്ക്ക് പ്രധാനമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക, നവീനാശയ ഉപദേശക സമിതി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

രാജ്യത്തെ മികച്ച സ്ഥാപനങ്ങളിലെ ഒരായിരം പ്രതിഭകള്‍ക്ക് ഐ.ഐ.റ്റികളിലെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെയും പി.എച്ച്.ഡി പ്രോഗ്രാമുകള്‍ക്ക് നേരിട്ട് പ്രവേശനം നല്‍കുന്ന പ്രൈം മിനിസ്റ്റേര്‍സ് റിസര്‍ച്ച് ഫെല്ലോസ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഗുണമേന്‍മയുള്ള ഗവേഷണം ത്വരിതപ്പെടുത്തുന്നതിന് പുറമെ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യയന വിഭാഗങ്ങളിലുള്ള കുറവ് നികത്താനും ഈ പദ്ധതി സഹായിക്കും, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.