ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് (എ.ഐ.ഐ.ബി.) നിയുക്ത അധ്യക്ഷന്‍ ശ്രീ. ജിന്‍ ലിക്വന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
സമവായത്തിലൂടെ എ.ഐ.ഐ.ബിയുടെ പ്രഥമ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനു ശ്രീ. ലിക്വിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഏഷ്യന്‍ മേഖലയുടെ വികസനത്തില്‍ ബ്രിക്സ് ന്യൂ ഡെവലപ്മെന്റ് ബാങ്കിനൊപ്പം നിര്‍ണായക പങ്കു വഹിക്കാന്‍ എ.ഐ.ഐ.ബിക്കു സാധിക്കുമെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.
ഗതാഗതബന്ധം മെച്ചപ്പെടുത്തുന്നതിനായി റോഡ്, റെയില്‍, തുറമുഖ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
സുസ്ഥിരമായ വികസനത്തിനായി മാലിന്യമില്ലാത്ത ഊര്‍ജം കണ്ടെത്തുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന് അറുതി വരുത്തുംവിധമുള്ള അടിസ്ഥാന സൗകരവികസനം യാഥാര്‍ഥ്യമാക്കുന്നതിനും ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇതു ദശലക്ഷക്കണക്കിനു ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സഹായകമാവുകയും സാമ്പത്തിക പുരോഗതി വര്‍ധിപ്പിക്കാന്‍ ഉതകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥാപകാംഗമെന്ന നിലയിലും രണ്ടാമത്തെ ഏറ്റവും വലിയ ഓഹരിയുടമ എന്ന നിലയിലും എ.ഐ.ഐ.ബിയുടെ വിജയത്തിനായി ഇന്ത്യ സര്‍വവിധ പിന്തുണയും നല്കുമെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കി.