Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഒക്‌ടോബര്‍ ഇരുപത്തിയെട്ടാം തീയതിരാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ


(മനസ്സ് പറയുന്നത് – നാല്‍പത്തിയൊന്‍പതാം ലക്കം)

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങള്‍ക്കേവര്‍ക്കും നമസ്‌കാരം. ഒക്‌ടോബര്‍ 31 നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജയന്തിയാണ്. എല്ലാ വര്‍ഷത്തെയും പോലെ റണ്‍ ഫോര്‍ യൂണിറ്റിക്കായി, രാജ്യത്തിന്റെ ഐക്യത്തിനായി രാജ്യത്തെ യുവാക്കള്‍ ഓടുവാന്‍ തയ്യാറായിരിക്കയാണ്. ഇപ്പോള്‍ കാലാവസ്ഥയും വളരെ സുഖകരമാണ്. ഇത് ‘റണ്‍ ഫോര്‍ യൂണിറ്റി’യുടെ ഉത്സാഹത്തെ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളേവരും ഉത്സാഹത്തോടെ റണ്‍ഫോര്‍ യൂണിറ്റിയില്‍ തീര്‍ച്ചയായും പങ്കെടുക്കണമെന്നാണ് എന്റെ അഭ്യര്‍ഥന. സ്വാതന്ത്ര്യലബ്ധിക്ക് ഏകദേശം ആറരമാസത്തോളം മുമ്പ് ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ അന്താരാഷ്ട്ര  പ്രസിദ്ധീകരണമായ ‘ദ ടൈം’ മാഗസിന്‍ 1947 ജനുവരി 27 ന് പ്രസിദ്ധീകരിച്ച ലക്കത്തിന്റെ കവര്‍ പേജില്‍ സര്‍ദാര്‍ പട്ടേലിന്റെ ഫോട്ടോയായിരിന്നു. പ്രധാന ലേഖനത്തോടൊപ്പം അവര്‍ ഭാരതത്തിന്റെ ഒരു ചിത്രം കൊടുത്തിരുന്നു, അത് നാം ഇന്നു കാണുന്നതുപോലെയുള്ളതായിരുന്നില്ല. അത് പല ഭാഗങ്ങളായി ചിന്നിച്ചിതറിക്കിടന്നിരുന്ന ഭാരതത്തിന്റെ ചിത്രമായിരുന്നു. അക്കാലത്ത് 550 ലധികം നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. ഭാരതത്തിന്റെ മേല്‍ ഇംഗ്ലീഷുകാരുടെ താത്പര്യം ഇല്ലാതെയായിക്കഴിഞ്ഞിരുന്നു. എങ്കിലും അവര്‍ ഈ രാജ്യത്തെ ഛിന്നഭിന്നമാക്കിയിട്ട് പോകാനാണ് ആഗ്രഹിച്ചത്. ടൈം മാഗസിന്‍ എഴുതി, ‘ഭാരതത്തിന്റെ മേല്‍ വിഭജനം, ഹിംസ, പട്ടിണി, വിലക്കയറ്റം, അധികാരരാഷ്ട്രീയം പോലുള്ള അപകടങ്ങള്‍ വട്ടമിട്ടു പറക്കുന്നു.’ ടൈം മാഗസിന്‍ തുടര്‍ന്നെഴുതുന്നു, ‘ഇവയ്‌ക്കെല്ലാമിടയില്‍ രാജ്യത്തെ ഐക്യത്തിന്റെ ചരടില്‍ കോര്‍ക്കുന്നതിനും മുറിവുകള്‍ ഉണക്കുന്നതിനുമുള്ള കഴിവ് ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അത് സര്‍ദാര്‍ വല്ലഭഭായി പട്ടേലിനാണ്.’ ടൈം മാഗസിനിലെ ലേഖനം ലോഹപുരുഷന്റെ ജീവിതത്തിലെ മറ്റു തലങ്ങളെയും വെളിച്ചത്തുകൊണ്ടുവരുന്നു. 1920 കളില്‍ അദ്ദേഹം അഹമ്മദാബാദിലുണ്ടായ വെള്ളപ്പൊക്ക സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടത്തി എന്നു പറയുന്നു. ബര്‍ദോളി സത്യാഗ്രഹത്തിന് ദിശാബോധം നല്‍കിയത് എങ്ങനെയെന്നും പറയുന്നു. കര്‍ഷകരും തൊഴിലാളികളും മുതല്‍ വ്യവസായികള്‍ വരെ എല്ലാവരും അദ്ദേഹത്തെ വിശ്വസിക്കുവാന്‍ തക്കവിധമായിരുന്നു രാജ്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ  വിശ്വസ്തതയും പ്രതിബദ്ധതയും. ‘അങ്ങയ്ക്കു മാത്രമേ ഇതിനു പരിഹാരം കാണാനാകൂ’ എന്നു മഹാത്മാഗാന്ധി സര്‍ദാര്‍ പട്ടേലിനോടു പറഞ്ഞിരുന്നു. അദ്ദേഹമാകട്ടെ ഓരോന്നോരോന്നായി അതിനു സമാധാനം കണ്ടെത്തുകയും രാജ്യത്തെ ഐക്യത്തിന്റെ നൂലില്‍ കോര്‍ക്കുകയെന്ന അസാധ്യമായ കാര്യം പൂര്‍ത്തീകരിക്കുകയും ചെയ്തു. അദ്ദേഹം എല്ലാ നാട്ടുരാജ്യങ്ങളെയും ഭാരതത്തില്‍ വിലയിപ്പിച്ചു. ജുനാഗഢും, ഹൈദരാബാദും തിരുവിതാംകൂറും രാജസ്ഥാനും എല്ലാം ചേര്‍ന്ന് ഇന്നു നാം ഒന്നായി കാണുന്നത് സര്‍ദാര്‍ പട്ടേലിന്റെ യുക്തിബോധവും യുദ്ധതന്ത്രപരമായ നൈപുണ്യവും കാരണമാണ്. ഐക്യത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന ഈ രാഷ്ട്രത്തെ, നമ്മുടെ ഭാരതാംബയെ കണ്ട് നാം സ്വാഭാവികമായും സര്‍ദാര്‍ പട്ടേലിനെ ഓര്‍ത്തുപോകുന്നു. ഈ ഒക്‌ടോബര്‍ 31 ന്  സര്‍ദാര്‍ പട്ടേലിന്റെ ജയന്തി കൂടുതല്‍ വിശേഷപ്പെട്ടതാകും. ഈ ദിവസം സര്‍ദാര്‍ പട്ടേലിന് യഥാര്‍ഥ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ‘സ്റ്റാച്യൂ ഓഫ് യൂണിറ്റി’ രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെടും. ഗുജറാത്തില്‍ നര്‍മ്മദാ നദിയുടെ തീരത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഈ പ്രതിമയുടെ ഉയരം അമേരിക്കയിലെ ‘സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി’യുടെ ഇരട്ടിയാണ്. ഇത് ലോകത്തിലെ ഏറ്റവും ഉയരമുള്ള, ഗഗനസ്പര്‍ശിയായ പ്രതിമയാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ഭാരതമണ്ണിലാണ് എന്നതില്‍ എല്ലാ ഭാരതീയര്‍ക്കും അഭിമാനിക്കാം. മണ്ണുമായി ബന്ധപ്പെട്ട് നിന്നിരുന്ന സര്‍ദാര്‍ പട്ടേല്‍ ആകാശത്തിനുകൂടി അലങ്കാരമാകും. രാജ്യത്തെ എല്ലാ പൗരന്മാരും ഭാരതാംബയുടെ ഈ മഹത്തായ നേട്ടത്തെക്കുറിച്ചോര്‍ത്ത് ലോകത്തിന്റെ മുന്നില്‍ അഭിമാനത്തോടെ നെഞ്ചുവിരിച്ചുനിന്ന്, തല ഉയര്‍ത്തിനിന്ന് ഇതിന്റെ കീര്‍ത്തിഗാഥ പാടും. സ്വാഭാവികമായും എല്ലാ ഭാരതീയരും സ്റ്റാച്യൂ ഓഫ് യൂണിറ്റി കാണാന്‍ താത്പര്യപ്പെടും. ഹിന്ദുസ്ഥാന്റെ എല്ലാ മൂലകളില്‍ നിന്നും ആളുകള്‍ ഈ സ്ഥലത്തെയും തങ്ങളുടെ പ്രിയപ്പെട്ട യാത്രാ ലക്ഷ്യമാക്കാനാഗ്രഹിക്കുമെന്ന് എനിക്കു വിശ്വാസമുണ്ട്.
പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഇന്നലെയാണ് നാമെല്ലാം ‘ഇന്‍ഫെന്‍ട്രി ഡേ’ ആഘോഷിച്ചത്. ഭാരതസൈന്യത്തിന്റെ ഭാഗമായ എല്ലാവരേയും ഞാന്‍ നമിക്കുന്നു. ഞാന്‍ സൈനികരുടെ കുടുംബാംഗങ്ങളേയും അവരുടെ സാഹസത്തിന്റെ പേരില്‍ സല്യൂട് ചെയ്യുന്നു. എന്നാല്‍ നാം, ഹിന്ദുസ്ഥാനിലെ ജനങ്ങള്‍, എന്തുകൊണ്ടാണ് ‘ഇന്‍ഫെന്‍ട്രി ഡേ’ ആഘോഷിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? ഭാരതീയ സൈന്യത്തിലെ ജവാന്മാര്‍ കശ്മീരിന്റെ മണ്ണിലിറങ്ങിയതും കശ്മീരിനെ നുഴഞ്ഞു കയറ്റക്കാരില്‍ നിന്ന് കാത്തതും ഈ ദിവസമായിരുന്നു. ഈ ചരിത്ര സംഭവത്തിനും സര്‍ദാര്‍ വല്ലഭഭായി പട്ടേലുമായി നേരിട്ടുള്ള ബന്ധമുണ്ട്. ഞാന്‍ ഭാരതത്തിലെ മഹാനായ സൈനിക അധികാരിയായിരുന്ന സാം മനേക് ഷായുടെ ഒരു അഭിമുഖം വായിക്കുകയായിരുന്നു. ആ അഭിമുഖത്തില്‍ ഫീല്‍ഡ് മാര്‍ഷല്‍ മനേക് ഷാ, അദ്ദേഹം ഫീല്‍ഡ് മാര്‍ഷലായിരുന്ന ആ കാലത്തെക്കുറിച്ചോര്‍ക്കുകയാണ്. ആ സമയത്താണ് 1947 ഒക്‌ടോബറില്‍ കാശ്മീരിലേക്ക് സൈനികനീക്കം ആരംഭിച്ചത്. ഒരു യോഗത്തിനിടയില്‍ കശ്മീരില്‍ സൈന്യത്തെ അയയ്ക്കുന്നതിന്റെ കാര്യത്തിലുണ്ടാകുന്ന കാലതാമസത്തില്‍ സര്‍ദാര്‍ പട്ടേല്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. സര്‍ദാര്‍ പട്ടേല്‍ യോഗത്തിനിടയില്‍ തന്റേതായ രീതിയില്‍ മനേക് ഷായുടെ നേരെ നോക്കിക്കൊണ്ടു പറഞ്ഞു, ‘കശ്മീരിലേക്കുള്ള സൈനിക നീക്കത്തില്‍ അല്‍്പംപോലും വിളംബം പാടില്ല.’ എത്രയും വേഗം ഇതിന് സമാധാനം ഉണ്ടാക്കണമെന്നും പറഞ്ഞു. ഒക്‌ടോബര്‍ 31 നമ്മുടെ മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെയും ഓര്‍മ്മദിവസമാണ്. ഇന്ദിരാജിക്കും ആദരവോടെ ശ്രദ്ധാഞ്ജലി.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കളികള്‍, സ്‌പോര്‍ട്‌സ് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? കളിയുടെ ലോകത്ത് സ്പിരിറ്റ്, സ്‌ട്രെങ്ത്, സ്‌കില്‍, സ്റ്റാമിന തുടങ്ങിയവയെല്ലാം പ്രധാനമാണ്. ഇത് ഏതൊരു കളിക്കാരന്റെയും വിജയത്തിന്റെ ഉരകല്ലാണ്. ഈ നാലു ഗുണങ്ങളാണ് ഏതൊരു രാഷ്ട്രത്തിന്റെയും നിര്‍മ്മാണത്തില്‍ മഹത്തായതായിരിക്കുന്നത്. ഏതെങ്കിലും രാജ്യത്തെ യുവാക്കളുടെയുള്ളില്‍ ഇവയുണ്ടെങ്കില്‍ ആ രാജ്യം സാമ്പത്തികം, ശാസ്ത്രം, സാങ്കേതികവിദ്യ പോലുള്ള മേഖലകളില്‍ മാത്രമല്ല പുരോഗമിക്കുക, മറിച്ച് സ്‌പോര്‍ട്‌സ് മേഖലയിലും വെന്നിക്കൊടി പാറിക്കും. അടുത്ത കാലത്ത് ഓര്‍മ്മയില്‍ നില്‍ക്കുന്ന രണ്ടു കൂടിക്കാഴ്ചകള്‍ നടന്നു. ആദ്യത്തേത് ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2018 ല്‍ പങ്കെടുത്ത നമ്മുടെ പാരാ അത്‌ലറ്റ്കളുമായി കൂടികാണാനുണ്ടായ അവസരമാണ്. ഈ കളികളില്‍ ഭാരതം ആകെ 72 പതക്കങ്ങള്‍ നേടിക്കൊണ്ട് പുതിയ റെക്കാര്‍ഡ് സൃഷ്ടിച്ചു. അങ്ങനെ ഭാരതത്തിന്റെ അഭിമാനം വര്‍ധിപ്പിച്ചു. ഈ പ്രതിഭാശാലികളായ പാരാ അത്‌ലറ്റുകളെ നേരിട്ട് കാണാനുള്ള സൗഭാഗ്യം എനിക്കു ലഭിച്ചു, ഞാനവരെ ആശംസിച്ചു. അവരുടെ ഉറച്ച ഇച്ഛാശക്തിയും എല്ലാ പ്രതികൂല പരിതഃസ്ഥിതികളോടും പോരാടി മുന്നേറാനുള്ള അവരുടെ ഉത്സാഹവും ദേശവാസികളെയെല്ലാം പ്രേരിപ്പിക്കുന്നതാണ്. ഇതേപോലെ അര്‍ജന്റീനയില്‍ നടന്ന സമ്മര്‍ യൂത്ത് ഒളിമ്പിക്‌സ് 2018 ലെ ജേതാക്കളെ കാണാനുള്ള അവസരമുണ്ടായി. യൂത്ത് ഒളിമ്പിക്‌സ് 2018 ല്‍ നമ്മുടെ യുവാക്കള്‍ ഇതുവരെയുള്ളതില്‍ വച്ചേറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. ഇതില്‍ നാം 13 മെഡലുകള്‍ കൂടാതെ മിക്‌സ് ഇവന്റില്‍ 3 മെഡലുകളും നേടി. ഇപ്രാവശ്യം ഏഷ്യന്‍ ഗയിംസിലും ഭാരതത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും. നോക്കൂ, കഴിഞ്ഞ ചില മിനിട്ടുകള്‍ക്കുള്ളില്‍ ഞാന്‍ എത്ര പ്രാവശ്യം ഏറ്റവും മികച്ച എന്ന വാക്കു പ്രയോഗിച്ചു. ദിനംപ്രതി പുതിയ ഉയരങ്ങളെ സ്പര്‍ശിക്കുന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സിന്റെ കഥയാണിത്. ഇന്ത്യ കേവലം കളികളില്‍ മാത്രമല്ല ആരും ചിന്തിച്ചിട്ടുപോലുമില്ലാത്ത മേഖലകളിലും പുതിയ റെക്കാര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. ഉദാഹരണത്തിന് പാരാ അത്‌ലറ്റ് നാരായണ്‍ ഠാക്കൂറിനെക്കുറിച്ചു പറയാനാഗ്രഹിക്കുന്നു. അദ്ദേഹം 2018 ലെ പാരാ ഒളിമ്പിക്‌സില്‍ രാജ്യത്തിനുവേണ്ടി അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടുകയുണ്ടായി. അദ്ദേഹം ജന്മനാ ദിവ്യാംഗനാണ്. 8 വയസ്സു പ്രായമായപ്പോള്‍ അദ്ദേഹത്തിന് പിതാവിനെ നഷ്ടപ്പെട്ടു. അടുത്ത 8 വര്‍ഷം അദ്ദേഹം അനാഥാലയത്തിലാണ് ജീവിച്ചത്. അനാഥാലയത്തില്‍ നിന്ന് പോന്നതിനു ശേഷം ജീവിത വണ്ടി മുന്നോട്ടു നീക്കുന്നതിന് ഡിടിസി ബസുകള്‍ വൃത്തിയാക്കി, ദില്ലിയിലെ പാതയോരങ്ങളിലെ തട്ടുകടകളില്‍ വെയ്റ്ററായി ജോലി ചെയ്തു. ഇന്ന് അതേ നാരായണ്‍ ഇന്റര്‍നാഷണല്‍ ഇവന്റുകളില്‍  ഭാരതത്തിനായി സ്വര്‍ണ്ണമെഡലുകള്‍ നേടുകയാണ്. ഇത്രമാത്രമല്ല, ഭാരതം കളികളില്‍ ഉത്കൃഷ്ടതയുടെ ഉയരങ്ങള്‍ കീഴടക്കുന്നത് ഏതെല്ലാം ഇനങ്ങളിലെന്നു നോക്കൂ. ഭാരതം ജൂഡോയില്‍ സീനിയര്‍ ലവലിലോ ജൂനിയര്‍ ലവലിലോ ഒരു ഒളിമ്പിക് മെഡലും ഒരിക്കലും നേടിയിട്ടില്ല. പക്ഷേ, തബാബീ ദേവി യൂത്ത് ഒളിമ്പിക്‌സില്‍ ജൂഡോയില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ട് ചരിത്രം രചിച്ചു. 16 വയസ്സുള്ള യുവ കളിക്കാരി തബാബി ദേവി മണിപ്പൂരിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്നവളാണ്. ആ കുട്ടിയുടെ പിതാവ് ഒരു തൊഴിലാളിയാണ്, അമ്മ മത്സ്യവില്‍പനയാണു  നടത്തുന്നത്. പലപ്പോഴും ഈ കുട്ടിയുടെ കുടുംബത്തിന് ആഹാരത്തിന് എന്തെങ്കിലും വാങ്ങാന്‍ പണമില്ലാത്ത സ്ഥിതിപോലുമുണ്ടായി. അങ്ങനെയുള്ള പരിതഃസ്ഥിതിയില്‍ പോലും തബാബീ ദേവിയുടെ ഉത്സാഹത്തിന് കോട്ടം തട്ടിയില്ല. എന്നിട്ടാണ് രാജ്യത്തിനുവേണ്ടി മെഡല്‍ നേടിക്കൊണ്ട് ചരിത്രം രചിച്ചത്. ഇങ്ങനെയുള്ള അസംഖ്യം കഥകളുണ്ട്. ഓരോ ജീവിതവും പ്രേരണാസ്രോതസ്സുകളാണ്. എല്ലാ യുവ കളിക്കാരുടെയും ഉത്സാഹം നവഭാരതത്തിന്റെ തിലക്കുറികളാണ്.
പ്രിയപ്പെട്ട ജനങ്ങളേ, 2017 ല്‍ നാം ഫിഫാ അണ്ടര്‍-17 വേള്‍ഡ് കപ്പ് വിജയകരമായി സംഘടിപ്പിക്കുകയുണ്ടായി. താരതമ്യേന വിജയകരമായി സംഘടിപ്പിച്ച ടൂര്‍ണമെന്റ് എന്ന നിലയില്‍ ലോകം മുഴുവന്‍ അതിനെ അഭിനന്ദിക്കുകയും ചെയ്തു. ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പിലെ കാണികളുടെ എണ്ണത്തിന്റെ കാര്യത്തിലും കീര്‍ത്തിഗാഥ രചിക്കയുണ്ടായി. രാജ്യത്തെ വിവിധ സ്റ്റേഡിയങ്ങളില്‍ 12 ലക്ഷത്തിലധികം പേര്‍ ഫുട്‌ബോള്‍ കളി കണ്ടത് യുവാക്കളായ കളിക്കാരുടെ ഉത്സാഹം വര്‍ധിപ്പിച്ചു. ഈ വര്‍ഷം ഭാരതത്തതിന് ഭുവനേശ്വറില്‍  പുരുഷ ഹോക്കി വേള്‍ഡ് കപ്പ് 2018 സംഘടിപ്പിക്കാനുള്ള സൗഭാഗ്യം കിട്ടിയിരിക്കയാണ്. ഹോക്കി വേള്‍ഡ് കപ്പ് നവംബര്‍ 28 ന് തുടങ്ങി ഡിസംബര്‍ 16 വരെ നടക്കും. എല്ലാ ഭാരതീയരുടെയും മനസ്സില്‍, ഏതു കളിയാണു കളിക്കുന്നതെങ്കിലും, ഏതു കളിയിലാണ് താത്പര്യമെങ്കിലും ഹോക്കിയോടൊരു ചായ്‌വ് തീര്‍ച്ചയായും ഉണ്ടാകും. ഭാരതം മഹാന്മാരായ ഹോക്കി കളിക്കാരെ പ്രദാനം ചെയ്തിട്ടുണ്ട്. ലോക ഹോക്കിയെക്കുറിച്ച് എപ്പോള്‍ ചര്‍ച്ച നടന്നാലും ഭാരതത്തിലെ ഈ മഹാന്മാരായ കളിക്കാരെക്കൂടാതെ ഹോക്കിയുടെ കഥ അപൂര്‍ണ്ണമായിരിക്കും. ഹോക്കി മാന്ത്രികന്‍ മേജര്‍ ധ്യാന്‍ചന്ദിനെ ലോകം മുഴുവന്‍ അറിയും. അതിനുശേഷം ബല്‍വീന്ദര്‍ സിംഹ് സീനിയര്‍, ലേസ്ലി ക്ലൗഡിയസ്, മൊഹമ്മദ് ശാഹിദ്, ഉദ്ധം സിംഗ് മുതല്‍ ധന്‍രാജ് പിള്ള വരെ ഹോക്കി നീണ്ട യാത്രയാണ് നടത്തിയിട്ടുള്ളത്. ഇന്നും ടീം ഇന്ത്യയുടെ കളിക്കാര്‍ തങ്ങളുടെ അധ്വാനവും അര്‍പ്പണവും കാരണം നേടുന്ന വിജയങ്ങളിലൂടെ ഹോക്കിയുടെ പുതു തലമുറയ്ക്ക് പ്രേരണയേകുന്നു. സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് രോമാഞ്ചം കൊള്ളിക്കുന്ന കളികള്‍ കാണാനുള്ള നല്ല അവസരമാണ്. ഭുവനേശ്വറിലേക്കുപോവുകയും, ഭാരതീയ ടീമിന്റെ ഉത്സാഹം വര്‍ധിപ്പിക്കുകയും മാത്രമല്ല ചെയ്യേണ്ടത്, മറിച്ച് എല്ലാ ടീമുകളെയും പ്രോത്സാഹിപ്പിക്കണം. ഒഡിഷ, സ്വന്തമായി വേറിട്ട ചരിത്രമുള്ള, സമൃദ്ധമായ, സാസ്‌കാരിക പാരമ്പര്യമുള്ള സംസ്ഥാനമാണ്. അവിടത്തെ ജനങ്ങളും തികഞ്ഞ ഉത്സാഹികളാണ്. സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് ഒഡിഷ കാണാനുള്ള ഒരു നല്ല അവസരമാണിത്. ഈ സമയത്ത് ജഗന്നാഥ ക്ഷേത്രവും ചില്കാ തടാകവും അടക്കം പല വിശ്വപ്രസിദ്ധമായ കാണേണ്ട, പവിത്രങ്ങളായ സ്ഥലങ്ങളും തീര്‍ച്ചയായും കാണണം. ഈ മത്സരത്തില്‍ വിജയിക്കാന്‍ ഞാന്‍ ഭാരതീയ പുരുഷ ഹോക്കി ടീമിന് ശുഭാശംസകള്‍ നേരുന്നു. നൂറ്റി ഇരുപത്തിയഞ്ചുകോടി ഭാരതീയര്‍ അവരോടൊപ്പം അവരെ പിന്തുണച്ചുകൊണ്ട് കൂടെയുണ്ട് എന്ന് അവര്‍ക്ക് ഉറപ്പുനല്‍കുന്നു. അതോടൊപ്പം ഭാരതത്തിലേക്കുവരുന്ന ലോകത്തിലെ എല്ലാ ടീമുകള്‍ക്കും അനേകം ശുഭാശംസകള്‍ നേരുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, സാമുഹിക കാര്യങ്ങള്‍ക്കുവേണ്ടി എങ്ങനെയാണ് ആളുകള്‍ വരുന്നത്? അവര്‍ വോളണ്ടിയര്‍മാരായിട്ടാണ് വരുന്നത്. അത് രാജ്യമെങ്ങുമുള്ള ജനങ്ങള്‍ക്ക് പ്രേരണാപ്രദമാണ്, ഉത്സാഹമേകുന്നതാണ്. ‘സേവാ പരമോ ധര്‍മ്മഃ’ എന്നത് ഭാരതത്തിന്റെ പാരമ്പര്യമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യമാണ്. സമൂഹത്തിലെ എല്ലാ കോണിലും, എല്ലാ മേഖലകളിലും ഇതിന്റെ സുഗന്ധം നമുക്ക് ഇന്നും അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ പുതിയ യുഗത്തില്‍, പുതിയ രീതിയില്‍, പുതിയ തലമുറ, പുതിയ ഉത്സാഹത്തോടെ, പുതിയ ആവേശത്തോടെ, പുതിയ സ്വപ്നങ്ങളുമായി ഈ കാര്യങ്ങള്‍ ചെയ്യാന്‍ ഇന്ന് മുന്നോട്ടു വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഒരുപോര്‍ട്ടല്‍ ലോഞ്ച് ചെയ്യപ്പെടുകയായിരുന്നു. ‘സെല്‍ഫ് 4 സൊസൈറ്റി.’  രാജ്യത്തെ ഐടി, ഇലക്‌ട്രോണിക്‌സ് വ്യവസായം തങ്ങളുടെ ഉദ്യോഗസ്ഥരെ സാമൂഹികപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭ്യമാക്കിക്കൊടുക്കുന്നതിനുമാണ് ഈ പോര്‍ട്ടല്‍ ആരംഭിച്ചിട്ടുള്ളത്. ഈ കാര്യത്തിന് അവരിലുള്ള ഉത്സാഹവും സമര്‍പ്പണവും കണ്ടാല്‍ എല്ലാ ഭാരതീയര്‍ക്കും അഭിമാനം തോന്നും.  ഐടി ടു സൊസൈറ്റി. ഞാനല്ല, നാം, അഹം അല്ല വയം, സ്വ മ്മില്‍ നിന്ന് സമഷ്ടിയിലേക്കുള്ള യാത്രയുടെ ഗന്ധമാണിതിലുള്ളത്. ചിലര്‍ കുട്ടികളെ പഠിപ്പിക്കുന്നു, ചിലര്‍ മുതിര്‍ന്നവരെ പഠിപ്പിക്കുന്നു, ചിലര്‍ ശുചിത്വത്തിന്റെ കാര്യത്തിലേര്‍പ്പെട്ടിരിക്കുന്നു, ചിലര്‍ കര്‍ഷകരെ സഹായിക്കുകയാണ്. ഇതെല്ലാം ചെയ്യുന്നതിന്റെ പിന്നില്‍ ഒരു ആഗ്രഹവുമില്ല, മറിച്ച് ഇതില്‍ സമര്‍പ്പണവും ദൃഢനിശ്ചയവും നിസ്വാര്‍ത്ഥതയുമാണുള്ളത്. ഒരു യുവാവ് ദിവ്യാംഗരുടെ വീല്‍ചെയര്‍ ബാസ്‌കറ്റ്‌ബോള്‍ ടീമിനെ സഹായിക്കാന്‍ സ്വയം വീല്‍ചെയര്‍ ബാസ്‌കറ്റ്‌ബോള്‍ കളിക്കാന്‍ പഠിച്ചു. ഈ ഉത്സാഹം, ഈ സമര്‍പ്പണം മിഷന്‍ മോഡിലുള്ള പ്രവൃത്തിയാണ്. ഏതെങ്കിലും ഭാരതീയന് ഇതില്‍ അഭിമാനം തോന്നാതിരിക്കുമോ? തീര്‍ച്ചയായും ഉണ്ടാകും! ഞാനല്ല, നാം എന്ന വികാരം നമുക്കെല്ലാം പ്രേരണയാകും.
പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഇപ്രാവശ്യം ഞാന്‍ മന്‍ കീ ബാത്തുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ നോക്കിയപ്പോള്‍ എനിക്ക് പോണ്ടിച്ചേരിയില്‍ നിന്നുള്ള ശ്രീ. മനീഷ് മഹാപാത്രയുടെ വളരെ ആകര്‍ഷകമായ ഒരു കുറിപ്പ് കാണാന്‍ കിട്ടി. അദ്ദേഹം മൈ ജിഒവിയില്‍  എഴുതിയിരിക്കുന്നു, ഭാരതത്തിലെ ജനജാതികളും അവരുടെ ജീവിതരീതികളും പാരമ്പര്യവും പ്രകൃതിയോടൊപ്പം സഹവര്‍ത്തിത്വത്തിന്റെ ഉത്തമോദാഹരണമാകുന്നതെങ്ങനെ എന്നു മന്‍ കീ ബാത്തില്‍ ദയവായി പറയണം. സുസ്ഥിര വികസനത്തിന് പാരമ്പര്യങ്ങളെ നാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയെന്ത് എന്നത് അവരില്‍ നിന്ന് പഠിക്കേണ്ടതുണ്ട്. മനീഷ് ജീ, ഈ വിഷയം മന്‍ കീ ബാത്തിന്റെ ശ്രോതാക്കള്‍ക്കു മുന്നിലേക്കു വച്ചതില്‍ ഞാന്‍ അങ്ങയെ അഭിനന്ദിക്കുന്നു. നമ്മുടെ അഭിമാനാര്‍ഹമായ ഭൂതകാലത്തിലേക്കും സംസ്‌കാരത്തിലേക്കും നോക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന വിഷയമാണിത്. ഇന്ന് ലോകമാകെയും വിശേഷിച്ചും പാശ്ചാത്യരാജ്യങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യം പറയുന്നു, സന്തുലിതമായ ജീവിത ശൈലിക്കായി പുതിയ വഴികള്‍ തേടുകയും ചെയ്യുന്നു. ഇന്നു നമ്മുടെ ഭാരതവര്‍ഷവും ഈ പ്രശ്‌നത്തില്‍ പെടാതെയല്ല ഇരിക്കുന്നത്, എന്നാല്‍ ഇതിന്റെ പരിഹാരത്തിന് നാം നമ്മുടെ ഉള്ളിലേക്കു മാത്രമേ നോക്കേണ്ടതുള്ളൂ, നമ്മുടെ സമൃദ്ധമായ ചരിത്രത്തിലേക്കും, പാരമ്പര്യത്തിലേക്കും നോക്കണം. വിശേഷിച്ച് നമ്മുടെ ജനജാതീയസമുദായങ്ങളുടെ ജീവിതശൈലിയെക്കുറിച്ചു മനസ്സിലാക്കണം. പ്രകൃതിക്കൊപ്പം സമരസപ്പെട്ട് കഴിയുകയെന്നത് നമ്മുടെ ആദിവാസി സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. നമ്മുടെ ആദിവാസികളായ സഹോദരീ സഹോദരന്മാര്‍ മരങ്ങളെയും ചെടികളെയും പൂക്കളെയും ദേവീദേവന്മാരെപ്പോലെതന്നെ പൂജിക്കുന്നു. മധ്യഭാരതത്തിലെ ഭീല്‍ ജനജാതി വിഭാഗത്തില്‍ വിശേഷിച്ചും മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും ആളുകള്‍ ആല്‍മരം, അര്‍ജുന്‍ എന്നു പേരുള്ള മരം എന്നിവയെ ആദരവോടെ പൂജിക്കുന്നു. രാജസ്ഥാനെപ്പോലെയുള്ള മരുഭൂമിയില്‍ ബിഷ്‌ണോയി സമൂഹം പരിസ്ഥിതി സംരക്ഷണം എങ്ങനെയായിരിക്കണമെന്ന് നമ്മെ കാണിച്ചു തന്നിട്ടുണ്ട്. വിശേഷിച്ചും വൃക്ഷങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍  അവര്‍ക്ക് സ്വന്തം ജീവന്‍ ത്യജിക്കാന്‍ മടിയില്ല, എന്നാല്‍ ഒരു മരത്തിനുപോലും ഹാനി വരുന്നത് അവര്‍ സമ്മതിക്കില്ല. അരുണാചലിലെ മിശമികള്‍ കടുവകളുമായി തങ്ങള്‍ക്ക് നേരിട്ടു ബന്ധമുണ്ടെന്നു കരുതുന്നവരാണ്. അവയെ അവര്‍ സ്വന്തം സഹോദരീ സഹോദരന്മാരെപ്പോലെ കരുതുന്നു. നാഗാലാന്റിലും കടുവകളെ വനങ്ങള്‍ കാക്കുന്നവരെന്ന രീതിയിലാണു കാണുന്നത്. മഹാരാഷ്ട്രയിലെ വാര്‍ലീ സമുദായത്തില്‍ പെട്ട ആളുകള്‍ കടുവകളെ അതിഥികളായി കാണുന്നു. അവരെ സംബന്ധിച്ചിടത്തോളം കടുവകളുടെ സാന്നിധ്യം സമൃദ്ധി കൊണ്ടുവരുന്നതാണ്. മധ്യഭാരതത്തിലെ കോള്‍ സമുദായത്തില്‍പെട്ടവര്‍ കരുതുന്നത് അവരുടെ ഭാഗ്യം കടുവകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. കടുവകള്‍ക്ക് ആഹാരം കിട്ടിയില്ലെങ്കില്‍ ഗ്രാമീണര്‍ക്കും പട്ടിണികിടക്കേണ്ടിവരും. ഇത്രയ്ക്കാണ് ഇവരുടെ കടുവകളോടുള്ള ആദരവ്. മധ്യഭാരതത്തിലെ ഗൗഡ് ജനജാതിക്കാര്‍ മത്സ്യപ്രജനന കാലത്ത് കേഥന്‍ നദിയുടെ ചില ഭാഗങ്ങളില്‍ മത്സ്യബന്ധനം നിര്‍ത്തി വയ്ക്കുന്നു. ഈ പ്രദേശങ്ങളെ അവര്‍ മത്സ്യങ്ങളുടെ ആശ്രയസ്ഥാനമായി കാണുന്നു. ഈ ആചാരം നിലനില്‍ക്കുന്നതുകൊണ്ടാണ് അവര്‍ക്ക് നല്ല മത്സ്യങ്ങള്‍ ആവോളം ലഭിക്കുന്നത്. ആദിവാസി സമൂഹം തങ്ങളുടെ വീടുകള്‍  പ്രകൃതിജന്യമായ സാധനസാഗ്രികള്‍ കൊണ്ടാണ് നിര്‍മ്മിക്കുന്നത്. അവ ബലമുള്ളതായിരിക്കുന്നതോടൊപ്പം പരിസ്ഥിതി സൗഹൃദവുമാണ്. ദക്ഷിണഭാരതത്തിലെ നീലഗിരിയിലെ ഏകാന്ത പ്രദേശങ്ങളില്‍ ഒരു ചെറിയ ഊരുചുറ്റു സമൂഹമായ തോഡാ, പരമ്പരാഗതമായി അവരുടെ വീടുകള്‍ നിര്‍മ്മിക്കുന്നത് ആ പ്രദേശത്തുതന്നെ ലഭ്യമായ സാധനങ്ങള്‍ കൊണ്ടാണ്.
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ആദിവാസി സമൂഹം വളരെ ശാന്തവും പരസ്പരം ഒരുമയോടും ജീവിക്കുന്നതില്‍ വിശ്വസിക്കുന്നു എന്നതു സത്യമാണ്. എന്നാല്‍ ആരെങ്കിലും അവരുടെ പ്രകൃതി വിഭവങ്ങള്‍ക്ക് ഹാനി ഉണ്ടാക്കിയാല്‍ അവര്‍ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാടാനും മടിക്കില്ല. നമ്മുടെ ആദ്യകാല സ്വാതന്ത്ര്യ സമര സേനാനികളില്‍ ആദിവാസിസമൂഹത്തിലെ ആളുകളായിരുന്നു ഉണ്ടായിരുന്നത് എന്നതില്‍ ആശ്ചര്യമില്ല. തന്റെ വനഭൂമിയെ കാത്തു രക്ഷിക്കാനായി ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പോരാടിയ ഭഗവാന്‍ മിര്‍സാ മുണ്ടയെ ആര്‍ക്കാണു മറക്കാനാകുക. ഞാന്‍ പറഞ്ഞ കാര്യങ്ങളുടെ പട്ടിക നീണ്ടതാണ്. പ്രകൃതിയോട് ഒത്തിണങ്ങി എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് നമ്മെ കാട്ടിത്തരുന്ന അനേകം ആദിവാസി സമൂഹവുമായി ബന്ധപ്പെട്ട ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. നമ്മുടെ പക്കല്‍ അവശേഷിച്ചിരിക്കുന്ന വനസമ്പത്തിന്റെം കാര്യത്തില്‍ നാം ആദിവാസികളോടു കടപ്പെട്ടിരിക്കുന്നു. വരൂ, നമുക്ക് അവരോടുള്ള ആദരവ് വ്യക്തമാക്കാം.
പ്രിയപ്പെട്ട ജനങ്ങളേ, സമൂഹത്തിനുവേണ്ടി അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്നവരെക്കുറിച്ച് മന്‍ കീ ബാത്തില്‍ പറയാറുണ്ട്. അങ്ങനെയുള്ള കാര്യങ്ങള്‍ കാണുമ്പോള്‍ വളരെ നിസ്സാരങ്ങളെന്നു തോന്നുമെങ്കിലും വാസ്തവത്തില്‍ അവയുടെ സ്വാധീനം വളരെ ആഴത്തിലുള്ളതാണ്. നമ്മുടെ മനസ്സ് മാറ്റൂന്നതില്‍, സമൂഹത്തിന്റെ ദിശ മാറ്റുന്നതില്‍ അതിനു പങ്കുണ്ട്. കുറച്ചു നാള്‍ മുമ്പ് ഞാന്‍ പഞ്ചാബിലെ കര്‍ഷകസഹോദരന്‍ ഭായി ഗുരുബചന്‍ സിംഗിനെക്കുറിച്ചു വായിക്കുകയായിരുന്നു. ഒരൂ സാധാരണ അദ്ധ്വാനിയായ കര്‍ഷകന്‍ ഗുരുബചന്‍ സിംഗിന്റെ വിവാഹമായിരുന്നു. ഈ വിവാഹത്തിനു മുമ്പ് ഗുരുബചന്‍ സിംഗ് വധുവിന്റെ മാതാപിതാക്കളോടു പറഞ്ഞു നമുക്ക് വിവാഹം ലളിതമായി നടത്താം. ഘോഷയാത്രയാകാം, മറ്റുപലതുമാകാം, പക്ഷേ, അധികം ചിലവു ചെയ്യേണ്ട ആവശ്യമില്ല. നമുക്ക് ഇതൊരു സാധാരണ ചടങ്ങുമാത്രമാക്കണം. പക്ഷേ, പെട്ടെന്ന് അദ്ദേഹം പറഞ്ഞു, പക്ഷേ, ഒരു നിബന്ധനയുണ്ട്. ഇക്കാലത്ത് വിവാഹവുമായി ബന്ധപ്പെട്ട് നിബന്ധനയെന്നൊക്കെ കേള്‍ക്കുമ്പോള്‍ സാധാരണയായി തോന്നുക മുന്നിലുള്ള ആള്‍ ഏതോ കടുത്ത ആവശ്യം മുന്നോട്ടു വയ്ക്കാന്‍ പോകയാണെന്നാണ്. വധുവിന്റെ കുടുംബക്കാര്‍ക്ക് വഹിക്കാനാവാത്ത സാധനമെന്തോ ചോദിക്കാന്‍ പോകയാണ് എന്നു തോന്നും. പക്ഷേ, ഭായി ഗുരുബച്ചന്‍ സിംഗിനെപ്പോലുള്ള ഒരു സാധാരണ കൃഷിക്കാരന്‍, വധുവിന്റെ പിതാവിനോടു പറഞ്ഞത്, അദ്ദേഹം മുന്നോട്ടു വച്ച നിബന്ധന, അത് നമ്മുടെ സമൂഹത്തിന്റെ യഥാര്‍ഥ ശക്തിയാണെന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും. ഗുരുബച്ചന്‍ സിംഗ് ജി അവരോടു പറഞ്ഞു, ഇനി വയലില്‍ വയ്‌ക്കോല്‍ കത്തിക്കയില്ലെന്ന് എനിക്കു വാക്കു തരണം. ഇതിന് എത്ര വലിയ സാമൂഹിക ശക്തിയാണുള്ളതെന്ന് നിങ്ങള്‍ക്ക് സങ്കല്പിക്കാനാകും. ഗുരുബച്ചന്‍ സിംഗ്ജി പറഞ്ഞ ഈ കാര്യം നിസ്സാരമെന്നു തോന്നാം, എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം എത്ര വിശാലമാണെന്നാണ് ഈ സംഭവം നമ്മോടു പറയുന്നത്. വ്യക്തിപരമായ കാര്യങ്ങളെ സമൂഹനന്മയ്ക്കുതകുന്ന വിഷയമാക്കി മാറ്റുന്ന അനേകം കുടുംബങ്ങളുണ്ട് നമ്മുടെ സമൂഹത്തില്‍. ശ്രീമാന്‍ ഗുരുബചന്‍ സിംഗ്ജിയുടെ കുടുംബം അങ്ങനെയൊരു ഉദാഹരണമാണ് നമ്മുടെ മുന്നില്‍ വച്ചത്.
ഞാന്‍ പഞ്ചാബിലെ മറ്റൊരു ഗ്രാമം നാഭായ്ക്കടുത്തുള്ള കല്ലര്‍ മാജരയെക്കുറിച്ച് വായിക്കയുണ്ടായി. കല്ലര്‍ മാജരായിലെ ആളുകള്‍ വൈയ്‌ക്കോല്‍ കത്തിക്കുന്നതിനു പകരം അത് നിലമുഴുത് നിലത്തിനോടു ലയിപ്പിക്കുന്നു. അതിനുവേണ്ടി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ഭായി ഗുരുബചന്‍ സിംഗിന് ആശംസകള്‍. കല്ലര്‍ മാജരായിലെയും അന്തരീക്ഷത്തെ മാലിന്യമുക്തമായി വയ്ക്കുന്നതിന് മഹത്തായ ശ്രമങ്ങള്‍ നടത്തുന്ന മറ്റെല്ലാ ഇടങ്ങളിലെയും ആളുകള്‍ക്ക് ആശംസകള്‍. ആരോഗ്യദായകമായ ജീവിതശൈലിയെന്ന ഭാരതീയ പാരമ്പര്യത്തിന്റെ യഥാര്‍ഥ അനന്തരാവകാശികള്‍ എന്ന നിലയില്‍ ജീവിക്കുന്നവരാണു നിങ്ങള്‍. തുള്ളികള്‍ ചേര്‍ന്ന് സമുദ്രം രൂപപ്പെടുന്നതുപോലെ ചെറിയ ചെറിയ ഉണര്‍വ്വോടെയുള്ള, സജീവവും സകാരാത്മകവുമായ പ്രവൃത്തികള്‍ എപ്പോഴും സകാരാത്മകമായ അന്തരീക്ഷം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, നമ്മുടെ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
ഓം ദ്യൗഃ ശാന്തിഃ അന്തരിക്ഷം ശാന്തിഃ
പൃഥ്വി ശാന്തിഃ, ആപഃ ശാന്തിഃ ഔഷധയഃ ശാന്തിഃ
വനസ്പതയഃ ശാന്തിഃ വിശ്വേദേവാഃ ശാന്തിഃ ബ്രഹ്മ ശാന്തിഃ
സര്‍വ ശാന്തിഃ ശാന്തിരേവ ശാന്തിഃ സാമാ ശാന്തിരേധി
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ഇതിന്റെ അര്‍ഥം,
അല്ലയോ ഈശ്വരാ മൂന്നു ലോകങ്ങളിലും എല്ലാദിക്കിലും ശാന്തിയുണ്ടാകട്ടെ, ജലത്തില്‍, ഭൂമിയില്‍, ആകാശത്തില്‍, അന്തരീക്ഷത്തില്‍, അഗ്നിയില്‍, വായുവില്‍, ഔഷധികളില്‍, സസ്യജാലങ്ങളില്‍, ഉപവനത്തില്‍, അചേതനത്തില്‍, സമ്പൂര്‍ണ്ണ ബ്രഹ്മാണ്ഡത്തിലും ശാന്തിയുണ്ടാകട്ടെ. ജീവജാലങ്ങളില്‍, ഹൃദയത്തില്‍, എന്നില്‍, നിന്നില്‍, ജഗത്തിലെ കണങ്ങളില്‍ എല്ലായിടത്തും ശാന്തിയുണ്ടാകട്ടെ.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
വിശ്വ ശാന്തിയുടെ കാര്യം പറയുമ്പോഴെല്ലാം ഇക്കാര്യത്തില്‍ ഭാരതത്തിന്റെ സംഭാവന സുവര്‍ണ്ണാക്ഷരങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതു കാണാം. ഭാരതത്തെ സംബന്ധിച്ചിടത്തോളം നവംബര്‍ 11 ന് വിശേഷാല്‍ മഹത്വമുണ്ട്. കാരണം നൂറു വര്‍ഷം മുമ്പ് നവംബര്‍ 11 ന് ആണ് ലോകമഹായുദ്ധം അവസാനിച്ചത്. യുദ്ധം അവസാനിച്ചിട്ട് നൂറു വര്‍ഷം തികയുകയാണ്. അതായത് അപ്പോഴുണ്ടായ വമ്പിച്ച വിനാശവും ജീവഹാനിയും കഴിഞ്ഞിട്ട് നൂറു വര്‍ഷമാകും. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒന്നാം ലോകമഹായുദ്ധം ഒരു വലിയ സംഭവമായിരുന്നു. വ്യക്തമായി പറഞ്ഞാല്‍ നമുക്ക്  ആ യുദ്ധവുമായി നേരിട്ട് ബന്ധമൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും നമ്മുടെ സൈനികര്‍ ധീരമായി പോരാടി, വളരെ വലിയ പങ്കു വഹിച്ചു, മഹത്തായ രക്തസാക്ഷിത്വംവഹിച്ചു. ഭാരതീയ സൈനികര്‍ യുദ്ധത്തിന്റെ കാര്യം വരുമ്പോള്‍ ആരെക്കാളും പിന്നിലല്ലെന്ന് ലോകത്തിനു കാട്ടിക്കൊടുത്തു. നമ്മുടെ സൈനികര്‍ ദുര്‍ഗ്ഗമങ്ങളായ പ്രദേശങ്ങളില്‍, അസഹ്യമായ പരിതഃസ്ഥിതികളിലും തങ്ങളുടെ ശൗര്യം പ്രകടിപ്പിച്ചു. ഇതിന്റെയെല്ലാം പിന്നില്‍ ശാന്തി പുനഃസ്ഥാപിക്കുക എന്ന ഒരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. ഒന്നാം ലോകമഹായുദ്ധത്തില്‍ ലോകം വിനാശത്തിന്റെ താണ്ഡവമാണു കണ്ടത്. ഒരു കോടിയോളം സൈനികരും ഏകദേശം അത്രതന്നെ  സാധാരണ ജനങ്ങളും പ്രാണന്‍ നല്കി എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിലൂടെ ശാന്തിയുടെ മഹത്വമെന്താണെന്ന് ലോകത്തിനു മുഴുവന്‍ മനസ്സിലായി. കഴിഞ്ഞ നൂറു വര്‍ഷങ്ങളില്‍ ശാന്തിയുടെ നിര്‍വ്വചനം തന്നെ മാറിപ്പോയി. ഇന്ന് ശാന്തിയും സൗഹാര്‍ദ്ദവുമെന്നാല്‍ യുദ്ധം ഉണ്ടാകാതിരിക്കുക എന്നുമാത്രമല്ല. ഭീകരവാദം മുതല്‍ കാലാവസ്ഥാ മാറ്റം, സാമ്പത്തിക വികസനം മുതല്‍, സാമൂഹിക നീതി തുടങ്ങിയവയ്‌ക്കെല്ലാം ലോകത്തിന്റെ സഹകരണവും പരസ്പര സമന്വയത്തോടെ ജോലി ചെയ്യേണ്ടതും ആവശ്യമാണ്. ദരിദ്രരില്‍ ദരിദ്രരായവരുടെ വികസനമാണ് ശാന്തിയുടെ യഥാര്‍ഥ പ്രതീകമായിരിക്കുന്നത്.
പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ വടക്കുകിഴക്കന്‍ പ്രദേശത്തിന്റെ കാര്യം വേറിട്ടതാണ്. അവിടത്തെ പ്രകൃതി സൗന്ദര്യം അനുപമമാണ്. അവിടത്തെ ജനങ്ങള്‍ വളരെ പ്രതിഭാശാലികളുമാണ്. നമ്മുടെ വടക്കു കിഴക്കന്‍ പ്രദേശം ഇപ്പോള്‍ വളരെയേറെ സദ്പ്രവൃത്തികള്‍ക്ക് പേരുകേട്ടതായിരിക്കുന്നു. വടക്കുകിഴക്കന്‍ മേഖല ജൈവകൃഷി, അതായത് ഓര്‍ഗാനിക് ഫാമിംഗിന്റെ കാര്യത്തില്‍ വളരെ പുരോഗമിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സിക്കിം സുസ്ഥിരഭക്ഷ്യലഭ്യതയെ പ്രോത്സാഹിപ്പിക്കുന്നതില്‍ കീര്‍ത്തികേട്ട് ഫ്യൂചര്‍ പോളിസി ഗോള്‍ഡ് അവാര്‍ഡ് 2018 നേടുകയുണ്ടായി. ഈ അവാര്‍ഡ് ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട എഫ്.എ.ഒ. അതായത് ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ആണ് നല്‍കുന്നത്. ഈ മേഖലയില്‍ മികച്ച നയരൂപീകരണത്തിന് നല്കപ്പെടുന്ന പുരസ്‌കാരം ആ മേഖലയിലെ ഓസ്‌കാറിനു തുല്യമാണ്. ഇത്രമാത്രമല്ല, നമ്മുടെ സിക്കിം സംസ്ഥാനം 25 രാജ്യങ്ങളുടെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 51 നയങ്ങളെ പിന്തള്ളിയാണ് പുരസ്‌കാരം നേടിയത്. ഇതില്‍ സിക്കിമിലെ ജനങ്ങള്‍ക്ക് അനേകമനേകം ശുഭാശംസകള്‍ നേരുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഒക്‌ടോബര്‍ മാസം അവസാനിക്കയാണ്. കാലാവസ്ഥയില്‍ വളരെ മാറ്റങ്ങള്‍ കാണാനുണ്ട്. ഇപ്പോള്‍ തണുപ്പിന്റെ കാലം ആരംഭിച്ചു. കാലാവസ്ഥ മാറുന്നതിനനുസരിച്ച്  ഉത്സവങ്ങളുടെയും കാലമായിരിക്കുന്നു. ധന്‍തേരസ്, ദീപാവലി, ഭയ്യാദൂജ്, ഛഠ്.. തുടങ്ങി ഒരു വിധത്തില്‍ പറഞ്ഞാല്‍ നവംബര്‍ മാസം ഉത്സവങ്ങളുടെ മാസമാണ്. ജനങ്ങള്‍ക്കെല്ലാം ഈ ഉത്സവങ്ങളുടെ അനേകമനേകം ശുഭാശംസകള്‍.
ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സ്വയം സൂക്ഷിക്കണമെന്നുകൂടി നിങ്ങളെ ഓര്‍മ്മിപ്പിക്കാനാഗ്രഹിക്കുന്നു. സ്വന്തം ആരോഗ്യം ശ്രദ്ധിക്കണം, സമൂഹത്തിന്റെ നന്മയും ശ്രദ്ധയില്‍ വേണം. ഈ ഉത്സവങ്ങള്‍ പുതിയ തീരുമാനങ്ങളെടുക്കാനുള്ള അവസരമായിരിക്കുമെന്ന് എനിക്കു വിശ്വാസമുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ ഒരു മിഷന്‍ മോഡില്‍ മുന്നോട്ടു പോകാനുള്ള, ദൃഢനിശ്ചയമെടുക്കാനുള്ള ഒരു അവസരമായി ഇതുമാറട്ടെ  നിങ്ങളുടെ പുരോഗതി രാജ്യത്തിന്റെ പുരോഗതിയുടെ ഒരു സുപ്രധാന ഭാഗമാണ്. നിങ്ങള്‍ക്ക് എത്രത്തോളം പുരോഗതിയുണ്ടാകുമോ അത്രതന്നെ പുരോഗതി രാജ്യത്തിനുമുണ്ടാകും. നിങ്ങള്‍ക്കേവര്‍ക്കും എന്റെ ശുഭാശംസകള്‍. വളരെ വളരെ നന്ദി.

*****