രാജ്യസഭയിലെ സെലക്ട് കമ്മിറ്റി ശുപാര്‍ശ ചെയ്ത പ്രകാരമുള്ള 2015ലെ റിയല്‍ എസ്റ്റേറ്റ് (നിയന്ത്രണവും വികസനവും) ബില്ലിന് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായുള്ള കേന്ദ്രമന്ത്രിസഭ അനുമതി നല്കി. ബില്‍ പാസാക്കുന്നതിനായി പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു സമര്‍പ്പിക്കും. ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും റിയല്‍ എസ്റ്റേറ്റ് ക്രയവിക്രയങ്ങള്‍ കുറ്റമറ്റതാക്കുന്നതിനും പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നുവെന്നും ഉറപ്പു വരുത്തുന്നതിനുമുള്ള ആദ്യകാല്വെപ്പാണിത്. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ക്രമാനുഗത വളര്‍ച്ചയ്ക്കും തര്‍ക്കങ്ങളില്‍ അതിവേഗം തീര്‍പ്പുണ്ടാക്കുന്നതിനും ഏകീകൃതവും നിയന്ത്രിതവുമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതായിരിക്കും പുതിയ ബില്‍. റിയല്‍ എസ്റ്റേറ്റ് രംഗത്ത് വിദേശ, ആഭ്യന്തര നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം കേന്ദ്ര ഗവണ്മെന്റിന്റെ ”എല്ലാവര്ക്കും ഭവനം” പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ബില്ലിലെ വ്യവസ്ഥകള്‍ സഹായകമാകും.