Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അവിശ്വാസ പ്രമേയത്തിനു മറുപടി പറയവേ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടിയ കാര്യങ്ങള്‍


സഭയില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയം തള്ളിക്കളയണമെന്ന് എല്ലാ കക്ഷികളോടും ഞാന്‍ ആഹ്വാനം ചെയ്യുന്നു.
ചില അംഗങ്ങള്‍ പ്രകടിപ്പിച്ച നിഷേധാത്മകത ഇന്നു രാഷ്ട്രം കണ്ടു. ചിലര്‍ എങ്ങനെയാണു വികസനത്തിന് അങ്ങേയറ്റം എതിരു നില്‍ക്കുന്നതെന്ന് ഇന്ത്യ കണ്ടു.
ചര്‍ച്ചയ്ക്കു തയ്യാറല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ എന്തിനാണു പ്രമേയം അവതരിപ്പിച്ചത്? പ്രമേയം വൈകിക്കാന്‍ നിങ്ങള്‍ എന്തിനാണു ശ്രമിച്ചത്?
അവര്‍ക്ക് ഒന്നേ പറയാനുള്ളൂ- മോദിയെ മാറ്റുക.
പ്രതിപക്ഷ അംഗങ്ങളില്‍ നമുക്കു നിരീക്ഷിക്കാന്‍ സാധിച്ചതു ധാര്‍ഷ്ട്യം മാത്രമാണ്.
ജനങ്ങളാണു നമ്മെ തെരഞ്ഞെടുത്തതെന്ന് ഈ അംഗത്തോടു പറയാന്‍ ആഗ്രഹിക്കുന്നു. അവര്‍ തെരഞ്ഞെടുത്തതുകൊണ്ടാണു നാം ഇവിടെ എത്തിയത്.
അധികാരം നേടാന്‍ എന്തിനാണ് അദ്ദേഹം തിടുക്കം കാട്ടുന്നത്?
രാവിലെ വോട്ടിങ് നടന്നിട്ടില്ല, ചര്‍ച്ചയും തീര്‍ന്നിട്ടില്ല. അപ്പോള്‍ ഒരു അംഗം ഓടി അടുത്തുവന്ന് എന്നോടു പറഞ്ഞു എഴുന്നേല്‍ക്കൂ, എഴുന്നേല്‍ക്കൂ, എഴുന്നേല്‍ക്കൂ,… എന്ന്.
ഒരു മോദിയെ പുറത്താക്കാന്‍ ആരെയൊക്കെ ഒരുമിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്?
സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടിയല്ല നാം ഇവിടെ ഇരിക്കുന്നത്.
നാം ഇവിടെ എത്തിയത് 125 കോടി ഇന്ത്യക്കാരുടെ അനുഗ്രഹത്താലാണ്.
‘എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം’ എന്ന മന്ത്രവുമായാണു നാം രാഷ്ട്രത്തെ സേവിച്ചത്.
70 വര്‍ഷമായി ഇരുട്ടിലായിരുന്ന 18,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചതിന്റെ അംഗീകാരം ഈ ഗവണ്‍മെന്റിന് ഉണ്ട്.
ഇതുവരെ ഇല്ലാത്ത വേഗത്തില്‍ ഇന്ത്യയിലാകമാനം ശൗചാലയങ്ങള്‍ നിര്‍മിക്കപ്പെടുന്നു.
ഉജ്വല യോജന പദ്ധതി വനിതകള്‍ക്കു പുകവിമുക്തമായ ജീവിതം പ്രദാനം ചെയ്തു.
ഈ ഗവണ്‍മെന്റ് പാവങ്ങള്‍ക്കു ബാങ്ക് അക്കൗണ്ട് ലഭ്യമാക്കി. നേരത്തേ, ദരിദ്രര്‍ക്കു ബാങ്കുകളില്‍ പ്രവേശനമുണ്ടായിരുന്നില്ല.
ദരിദ്രര്‍ക്കു മേന്മയേറിയ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്ന ആയുഷ്മാന്‍ ഭാരത് പോലുള്ള പദ്ധതികള്‍ ആരംഭിച്ചത് ഈ ഗവണ്‍മെന്റാണ്.
യൂറിയയില്‍ വേപ്പെണ്ണ പുരട്ടാന്‍ തീരുമാനിച്ചത് ഇന്ത്യയിലെ കര്‍ഷകര്‍ക്കു സഹായകമായി.
സ്റ്റാര്‍ട്ടപ്പ് രംഗത്ത് ഇന്ത്യ തനതു മുദ്ര പതിപ്പിക്കുകയാണ്.
മുദ്ര യോജന എത്രയോ യുവാക്കളുടെ സ്വപ്‌നങ്ങള്‍ സഫലമാക്കുന്നു.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കരുത്താര്‍ജിക്കുന്നു എന്നു മാത്രമല്ല, ഇന്ത്യ ആഗോള സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടം തുടരും. ഇതു പലര്‍ക്കും എന്നോടു വിരോധം ജനിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നറിയാം. അതു കുഴപ്പമില്ല. കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പു കമ്മീഷനിലോ നീതിന്യായ സംവിധാനത്തിലോ ആര്‍.ബി.ഐയിലെ രാജ്യാന്തര ഏജന്‍സികളിലോ വിശ്വാസമില്ല. അവര്‍ക്ക് ഒരു കാര്യത്തിലും ആത്മവിശ്വാസമില്ല.
നാം എവിടേക്കാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്? എല്ലായിടത്തും കുട്ടിക്കളി പറ്റില്ല.
ഒരു നേതാവ് ദോക്ലാമിനെക്കുറിച്ചു പറഞ്ഞു. നമ്മുടെ സേനയേക്കാള്‍ ചൈനയുടെ അംബാസഡറെ വിശ്വസിച്ച വ്യക്തിയാണ് അദ്ദേഹം.
സഭയില്‍ റാഫേലിനെ സംബന്ധിച്ച് അശ്രദ്ധമായി നടത്തിയ ആരോപണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കും പ്രസ്താവന പുറപ്പെടുവിക്കേണ്ടി വന്നു.
ദേശസൂരക്ഷയിലേക്കു രാഷ്ട്രീയം കടത്തിവിടരുതെന്നാണ് കോണ്‍ഗസ്സിനോടുള്ള എന്റെ അഭ്യര്‍ഥന.
സൈന്യത്തെ അപമാനിക്കുന്നതിനെ ഞാന്‍ അംഗീകരിക്കില്ല. എന്നെ എത്ര വേണമെങ്കിലും അധിക്ഷേപിച്ചോളൂ. പക്ഷേ, ഇന്ത്യയുടെ സൈനികരെ അപമാനിക്കരുത്. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ നിങ്ങള്‍ ജൂല സ്‌ട്രൈക്കെന്നാണു വിളിച്ചത്.
1999ലെ സ്ഥിതി ഞാന്‍ ഓര്‍ത്തുപോയി. രാഷ്ട്രപതി ഭവന്റെ പുറത്തുനിന്ന് അവര്‍ പറഞ്ഞു, ഞങ്ങള്‍ക്കൊപ്പം 272 പേരുണ്ടെന്നും കൂടുതല്‍പ്പേര്‍ ഒപ്പം ചേരുമെന്നും. അടല്‍ ജിയുടെ ഗവണ്‍മെന്റിനെ മറിച്ചിട്ടെങ്കിലും അവര്‍ സ്വയം ഗവണ്‍മെന്റ് രൂപീകരിച്ചില്ല.
ഞാന്‍ ഇങ്ങനെയൊരു പ്രസ്താവന വായിക്കാനിടയായി: ‘ആരു പറഞ്ഞു ഞങ്ങള്‍ക്കു വേണ്ടത്ര അംഗബലമില്ലെന്ന്?’
കോണ്‍ഗ്രസ് എന്താണു ചരണ്‍ സിങ് ജിയോടു ചെയ്തത്? അവര്‍ എന്താണു ചന്ദ്രശേഖര്‍ ജിയോടു ചെയ്തത്? അവര്‍ എന്താണു ദേവഗൗഡ ജിയോടു ചെയ്തത്? അവര്‍ എന്താണ് ഐ.കെ.ഗുജ്‌റാല്‍ ജിയോടു ചെയ്തത്?
പണത്തിന്റെ പിന്‍ബലത്തില്‍ കോണ്‍ഗ്രസ് രണ്ടു തവണ വോട്ട് വാങ്ങിയിട്ടുണ്ട്. ഇന്ന് എന്താണു സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണ്.
കോണ്‍ഗ്രസ് ആന്ധ്രാപ്രദേശിനെ വിഭജിച്ചു. അവരുടെ പ്രകടനം നാണക്കേടു നിറഞ്ഞതായിരുന്നു.
ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും വികസനത്തിന് എന്‍.ഡി.എ. ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.
വൈ.എസ്.ആര്‍.സി.പിയുമായുള്ള നിങ്ങളുടെ രാഷ്ട്രീയപ്രശ്‌നം മാത്രം നിമിത്തമാണ് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്നു ഞാന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയോടു പറഞ്ഞിരുന്നു.
നിങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ തുടരുമെന്നാണ് ആന്ധ്രാപ്രദേശിലെ ജനങ്ങളോടു പറയാനുള്ളത്. ആന്ധ്രാപ്രദേശിന്റെ വികസനത്തിനായി സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും.
അവരുടെ ചങ്ങാതിമാര്‍ക്ക് ഒറ്റ ഫോണ്‍വിളിയിലൂടെ വായ്പകള്‍ അനുവദിക്കപ്പെടുന്ന സാഹചര്യം ഉടലെടുത്തതോടെ രാഷ്ട്രം വലഞ്ഞു.
നിഷ്‌ക്രിയാസ്തിയെക്കുറിച്ച് എനിക്കു നിങ്ങളോടു പറയാനുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങ്ങിനും എത്രയോ മുന്‍പേ കോണ്‍ഗ്രസ് പാര്‍ട്ടി ഫോണ്‍ ബാങ്കിങ് കണ്ടുപിടിച്ചിരുന്നു. ഇതാണു നിഷ്‌ക്രിയാസ്തി ഇത്രത്തോളം വര്‍ധിക്കാനിടയാക്കിയത്.
നീതിക്കായി ദാഹിക്കുന്ന മുസ്ലീം സ്ത്രീകള്‍ക്കൊപ്പമാണു ഗവണ്‍മെന്റ്.
ഏതു തരത്തിലുള്ള അക്രമവും രാജ്യത്തിനു നാണക്കേടാണ്. അക്രമങ്ങളിലേര്‍പ്പെടുന്നവരെ ശിക്ഷിക്കണമെന്നു സംസ്ഥാന ഗവണ്‍മെന്റുകളോട് ഒരിക്കല്‍ക്കൂടി ആഹ്വാനം ചെയ്യുകയാണ്.
എത്ര വേഗത്തിലാണു റോഡുകള്‍ നിര്‍മിക്കപ്പെടുന്നത്, ഗ്രാമങ്ങള്‍ പരസ്പരം ബന്ധിപ്പിക്കപ്പെടുന്നത്, ഐ-വേകള്‍ നിര്‍മിക്കപ്പെടുന്നത്, റെയില്‍വേ വികസനം സംഭവിക്കുന്നത് എന്ന് ഇന്ത്യ കണ്ടുകൊണ്ടിരിക്കുകയാണ്.