അരുണാചല്‍ പ്രദേശിലെ തവാങില്‍ സശസ്ത്ര സീമാ ബലിന്റെ കൈവശമുള്ള 5.99 ഏക്കര്‍ ഭൂമി, മെഗാ ഫെസ്റ്റിവല്‍-കം-മള്‍ട്ടിപര്‍പ്പസ് ഗ്രൗണ്ട് നിര്‍മ്മാണത്തിനായി സംസ്ഥാന ഗവണ്‍മെന്റിന് കൈമാറുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
സശസ്ത്ര സീമാ ബല്‍ കാമ്പസിനകത്തുള്ള 5.99 ഏക്കര്‍ ഭൂമി മെഗാ ഫെസ്റ്റിവല്‍-കം- മള്‍ട്ടിപര്‍പ്പസ് ഗ്രൗണ്ട് നിര്‍മ്മാണത്തിനായി അരുണാചല്‍ പ്രദേശ് ഗവണ്‍മെന്റ് കണ്ടെത്തിയിരുന്നു. ഇതില്‍ 4.73 ഏക്കര്‍ പാര്‍ക്കിംഗ് സൗകര്യത്തോടു കൂടിയ വിവിധോദ്ദേശ ഗ്രൗണ്ടിനും 1.26 ഏക്കര്‍ റിംഗ് റോഡ് നിര്‍മ്മിക്കുന്നതിനുമാണ്. ഇതനുസരിച്ച് 5.99 ഏക്കര്‍ ഭൂമി കൈമാറാന്‍ സംസ്ഥാന ഗവണ്‍മെന്റ് അവരോട് അഭ്യര്‍ത്ഥിച്ചു.
ഫെസ്റ്റിവല്‍-കം- മള്‍ട്ടിപര്‍പ്പസ് ഗ്രൗണ്ട് നിര്‍മ്മാണത്തിനുള്ള ഈ പദ്ധതിയ്ക്ക് വടക്കു കിഴക്കന്‍ മേഖലയുടെ വികസനത്തിനായുള്ള മന്ത്രാലയം 2016 ല്‍ തന്നെ അംഗീകാരം നല്‍കിയിരുന്നു. ഈ വിവിധോദ്ദേശ ഗ്രൗണ്ട് വിവിധ ടൂറിസം ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുന്നതിനായി ഉപയോഗിക്കും.