ശാസ്ത്ര, സാങ്കേതിക, നൂതനാശയ മേഖലയില്‍ സഹകരണത്തിനായി ഇന്ത്യയും ഡെന്‍മാര്‍ക്കും തമ്മില്‍ ഒപ്പുവെച്ച കരാര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം വിലയിരുത്തി.
ഈ വര്‍ഷം മെയ് 22 ന് (22 മെയ് 2018) ശാസ്ത്ര, സാങ്കേതിക, നൂതനാശയ മേഖലയില്‍ സഹകരണത്തിനായി ഇന്ത്യയും ഡെന്‍മാര്‍ക്കും തമ്മില്‍ കരാര്‍ ഒപ്പുവെച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശാസ്ത്ര സാങ്കേതിക ബന്ധത്തിലെ ചരിത്രപരമായ ഒരു നാഴികക്കല്ലായിരുന്നു.
പ്രയോജനങ്ങള്‍;
ശാസ്ത്രം, സാങ്കേതിക വിദ്യ, നൂതനാശയങ്ങള്‍ എന്നീ മേഖലകളില്‍ ഇരു രാഷ്ട്രങ്ങള്‍ക്കും പരസ്പര താല്‍പര്യമുള്ള കാര്യങ്ങള്‍ക്കായി യോജിച്ച ശക്തി വിനിയോഗിക്കുക വഴി ഈ കരാര്‍ ഇരു രാഷ്ട്രങ്ങളുടെയും ഉഭയകക്ഷി ബന്ധത്തില്‍ പുതിയ അധ്യായം തുറക്കും. ശാസ്ത്രം, സാങ്കേതിക വിദ്യ, നൂതനാശയങ്ങള്‍ എന്നിവയില്‍ ഇന്ത്യക്കും ഡെന്‍മാര്‍ക്കിനുമുള്ള പൊതുവായ താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സഹകരണം വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ കരാര്‍. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള ശാസ്ത്ര സ്ഥാപനങ്ങളിലെ ഗവേഷകര്‍, പഠന ഗവേഷണ വിഭാഗങ്ങള്‍, ഗവേഷണ-വികസന ലബോറട്ടറികള്‍, കമ്പനികള്‍ എന്നിവരാണ് കരാറില്‍ ഭാഗഭാക്കായവര്‍. പുനരുല്‍പ്പാദന ഊര്‍ജ്ജം, ജലം, മെറ്റീരിയല്‍ സയന്‍സ്, താങ്ങാവുന്ന ആരോഗ്യ പരിരക്ഷ, സിന്തറ്റിക് ബയോളജി, ഫങ്ഷണല്‍ ഫുഡ്, നീല സമ്പദ് വ്യവസ്ഥ എന്നിവയാണ് ഉടന്‍ സഹകരണത്തിനായി കണ്ടെത്തിയിരിക്കുന്ന മേഖലകള്‍.