Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ജമ്മുവില്‍; ഷേര്‍-ഇ-കശ്മീര്‍ കാര്‍ഷിക ശാസ്ത, സാങ്കേതികവിദ്യ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ സംബന്ധിച്ചു; അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കു തറക്കല്ലിട്ടു

പ്രധാനമന്ത്രി ജമ്മുവില്‍; ഷേര്‍-ഇ-കശ്മീര്‍ കാര്‍ഷിക ശാസ്ത, സാങ്കേതികവിദ്യ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ സംബന്ധിച്ചു; അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കു തറക്കല്ലിട്ടു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഷേര്‍-ഇ-കശ്മീര്‍ കാര്‍ഷിക ശാസ്ത, സാങ്കേതികവിദ്യ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ സംബന്ധിച്ചു. മറ്റൊരു ചടങ്ങില്‍ പകുല്‍ദുല്‍ ഊര്‍ജ പദ്ധതിക്കും ജമ്മു റിങ് റോഡിനും തറക്കല്ലിടുകയും ചെയ്തു. ശ്രീ മാതാ വൈഷ്‌ണോദേവി ക്ഷേത്ര ബോര്‍ഡിന്റെ താരാക്കോട്ട് മാര്‍ഗും മെറ്റീരിയില്‍ റോപ്‌വേയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

സാങ്കേതികവിദ്യ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഈ മാറ്റവുമായി ചേര്‍ന്നുപോകാന്‍ നമ്മുടെ രാജ്യത്തെ യുവത്വത്തിനു സാധിക്കുന്നുണ്ടെന്നും ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി പ്രസ്താവിച്ചു.

കര്‍ഷകര്‍ക്ക് ഉപയോഗപ്രദമായ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക വഴി കൃഷിയില്‍ ഉള്‍പ്പെടെ പുതിയ ‘സംസ്‌കാരം’ വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണു കേന്ദ്ര ഗവണ്‍മെന്റിന്റെ നയങ്ങളും തീരുമാനങ്ങളുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

ഉന്നതപഠനം നടത്തിവരുന്ന വിദ്യാര്‍ഥികള്‍ ശാസ്ത്രീയ സമീപനവും സാങ്കേതിക കണ്ടുപിടിത്തങ്ങളും ഗവേഷണവും വികസനവും വഴി കൃഷിയെ ലാഭകരമായ തൊഴിലാക്കി മാറ്റുന്നതില്‍ വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പകുല്‍ദുല്‍ ഊര്‍ജ പദ്ധതിക്കു തറക്കല്ലിട്ടശേഷം പ്രസംഗിച്ച പ്രധാനമന്ത്രി, ഒരു ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനവും മറ്റൊന്നിന്റെ തറക്കല്ലിടലും നിര്‍വഹിച്ച സവിശേഷമായ ദിനമാണ് ഇന്ന് എന്നു വ്യക്തമാക്കി. രാജ്യത്തിലെ അവികസിത പ്രദേശങ്ങളിലെല്ലാം വികസനം എത്തിക്കുന്നതിനായി ഒഴിച്ചുനിര്‍ത്തിലിനു പകരം ഒരുമിപ്പിക്കല്‍ എന്ന സമീപനത്തോടെയാണു കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

തീര്‍ഥാടകര്‍ക്ക് ഉപകാരപ്രദമാവും വിധം മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കു മറ്റൊരു പാത യാഥാര്‍ഥ്യമാകുകയാണ് താരാക്കോട്ട് മാര്‍ഗ് ഉദ്ഘാടനം ചെയ്യപ്പെടുന്നതിലൂടെ എന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരം, വിശേഷിച്ച് തീര്‍ഥാടക വിനോദസഞ്ചാരം ജമ്മു കശ്മീര്‍ സംസ്ഥാനത്തിനു വരുമാനം നേടാവുന്ന ഒരു പ്രധാന സ്രോതസ്സാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

****