Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘കൃഷി 2022 – കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

‘കൃഷി 2022 – കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച  ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

‘കൃഷി 2022 – കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച  ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

‘കൃഷി 2022 – കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച  ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ എത്തിയിരിക്കുന്ന ശാസ്ത്രജ്ഞരേ, കര്‍ഷക സുഹൃത്തുക്കളേ, ഇവിടെ സന്നിഹിതരായിരിക്കുന്ന വിശിഷ്ഠാതിഥികളേ.

വളരെ പ്രധാനപ്പെട്ടതും ഗൗരവമുള്ളതും പ്രസക്തവുമായ ഒരു വിഷയം ചര്‍ച്ച ചെയ്യാനാണ് നാം ഇന്ന് ഇവിടെ സമ്മേളിച്ചിരിക്കുന്നത്.

ഞാന്‍ നിങ്ങളുടെ അവതരണങ്ങള്‍ ശ്രദ്ധിച്ചു. നിങ്ങളുടെ അഭിപ്രായങ്ങള്‍ ശ്രവിച്ചു. നിങ്ങള്‍ നടത്തിയ ശ്രമകരമായ ഈ കഠിനാദ്ധ്വാനത്തിന് ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. സഹസ്രാബ്ദങ്ങളായി ഇന്ത്യയുടെ നാഗരികതയെ ശക്തിപ്പെടുത്തുകയും രൂപപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് കൃഷി. നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ പറയുന്നു –

കൃഷി ധന്യ, കൃഷി മേധ്യ
ജാന്‍തോ നവ ജീവനം കൃഷി
അതായത്, കൃഷിയാണ് സമ്പത്തും ബുദ്ധിയും പ്രദാനം ചെയ്യുന്നത്. മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാനവും അതു തന്നെ. അതുകൊണ്ടു തന്നെ അതിപുരാതനമായ ഒരു സങ്കല്‍പ്പമാണ് കൃഷി. ഇക്കാര്യത്തില്‍ മുഴുവന്‍ ലോകത്തിനും വഴികാട്ടിയത് ഇന്ത്യയുടെ സംസ്‌കാരവും ഇന്ത്യന്‍ സാങ്കേതിക വിദ്യയുമാണ്. കൃഷിയില്‍ ഇന്ന് ഉപയോഗിക്കുന്ന എണ്ണമറ്റ സാങ്കേതിക വിദ്യകള്‍ ലോകത്തിന് ഇന്ത്യയുടെ സംഭാവനയാണ്. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നാം ഭൂതകാലവും ഭാവിയും വര്‍ത്തമാനവും മനസില്‍ കാണണം.

ഇന്ത്യയിലെ കൃഷി പരിപാലന രീതികള്‍ കണ്ട് വിദേശികള്‍ അത്ഭുതപ്പെട്ടതായുള്ള വിവരണങ്ങള്‍ ചരിത്രം പരിശോധിച്ചാല്‍ കാണാം. അത്തരത്തില്‍ നൂതനവും പരിഷ്‌കൃതവുമായ സാങ്കേതിക വിദ്യകളാണ് നാം കാര്‍ഷിക മേഖലയില്‍ പണ്ട് ഉപയോഗിച്ചിരുന്നതും ലോകത്തെ പഠിപ്പിച്ചതും. വിശ്രുത കര്‍ഷക കവികളായിരുന്ന ഗാഖയും ബദരിയും പ്രകൃതിയിലെയും കാലാവസ്ഥയിലെയും മാറ്റങ്ങള്‍ സംബന്ധിച്ച് അവരുടെ കവിതകളിലൂടെ കൃഷിക്കാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, ദീര്‍ഘകാലത്തെ കൊളോണിയല്‍ ഭരണത്തോടെ ഈ കാര്‍ഷിക അടിത്തറയും അനുഭവങ്ങളും തുടച്ചു നീക്കപ്പെട്ടു. സ്വാതന്ത്രാനന്തരം നമ്മുടെ കൃഷിക്കാര്‍ അവരുടെ കഠിനാധ്വാനത്തിലൂടെ വീണ്ടും കൃഷിയുടെ നിയന്ത്രണം ഏറ്റെടുത്തു. അവര്‍ വയലുകളില്‍ ഒഴുക്കിയ വിയര്‍പ്പിലൂടെ ഇന്ത്യ ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ സ്വയം പര്യാപ്തമായി. ഇതുവരെ സാധിക്കാത്ത ചരിത്ര നേട്ടമാണ് ഭക്ഷ്യധാന്യങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനത്തില്‍ കഴിഞ്ഞ വര്‍ഷം നമ്മുടെ കൃഷിക്കാര്‍ കഠിനാധ്വാനം വഴി കൈവരിച്ചത്. നമ്മുടെ കൃഷിക്കാരുടെ അളവറ്റ ഇച്ഛാശക്തിയും കഴിവും മൂലം, കേവലം ഒറ്റ വര്‍ഷം കൊണ്ട് പയര്‍ വര്‍ഗ്ഗങ്ങളുടെ ഉത്പാദനം 17 ദശലക്ഷം ടണ്ണില്‍ നിന്ന് 23 ദശലക്ഷം ടണ്‍ ആയി വര്‍ദ്ധിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം കാര്‍ഷിക മേഖല വിപുലപ്പെട്ടെങ്കിലും കൃഷിക്കാരുടെ വികസനം ചുരുങ്ങിക്കൊണ്ടേയിരുന്നു. മറ്റു മേഖലകളെ അപേക്ഷിച്ച് കൃഷിക്കാരുടെ വരുമാനം കുറഞ്ഞു വന്നു. ഫലമോ അവരുടെ മക്കള്‍ കാര്‍ഷികമേഖല വിട്ട് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ തേടി നഗരങ്ങളിലേയ്ക്ക് ചേക്കേറുകയും ചെറിയ ചെറിയ തൊഴിലുകളില്‍ ഏര്‍പ്പെടുകയും ചെയ്തു. അതോടെ, നമ്മുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന, ഈ രാജ്യത്തെ തീറ്റിപ്പോറ്റുന്ന, കൃഷിക്കാരുടെ സാമ്പത്തിക സുരക്ഷ ക്ഷയിക്കാന്‍ ആരംഭിച്ചു. ഈ കാര്യങ്ങള്‍ എന്നെക്കാള്‍ കൂടുതലായി നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. എന്നാലും കഴിഞ്ഞ സാഹചര്യങ്ങളെക്കുറിച്ച് ഞാന്‍ പറയുകയാണ്. കാരണം, ചിലപ്പോള്‍ കഴിഞ്ഞ കാലത്തെകുറിച്ചുള്ള വിലയിരുത്തലുകള്‍ പുതിയ പാതകളിലേയ്ക്ക് നമ്മെ എത്തിച്ചേക്കാം. അവ കൈകാര്യം ചെയ്യുന്നതിന് പുതിയ സമീപനങ്ങള്‍ കണ്ടെത്താനും നമുക്കു കഴിഞ്ഞേക്കാം. പരാജയത്തിലേയ്ക്കു നമ്മെ നയിച്ച കഴിഞ്ഞ കാല സമീപനങ്ങളില്‍ വീഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ട് എന്നും പുരോഗതി ആവശ്യമാണെന്നും നാം തിരിച്ചറിയുന്നു. ഈ അപഗ്രഥനങ്ങളാണ് രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികളുടെ അടിസ്ഥാനമാകേണ്ടത്. പഴയ സമീപനം കൊണ്ട് ഈ ലക്ഷ്യം നേടാന്‍ സാധിക്കില്ല. അതിനാല്‍ കാര്‍ഷിക മേഖലയുടെ സമഗ്രമായ നവീകരണമാണ് ഇന്ന് നമുക്ക് ആവശ്യം. ഈ ചെറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതോടെ സമ്പൂര്‍ണമായ കാര്‍ഷിക മുന്നേറ്റം എന്ന നമ്മുടെ ലക്ഷ്യം വിപുലമാകും.

സുഹൃത്തുക്കളേ, നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും; ഒരു കാളയെ വയലില്‍ കുറ്റിയടിച്ച് കയര്‍ കൊണ്ടു ബന്ധിച്ചാല്‍ അത് ആ കുറ്റിക്കു ചുറ്റും വട്ടത്തില്‍ കറങ്ങിക്കൊണ്ടേയിരിക്കും. മുന്നോട്ടാണ് പോകുന്നത് എന്നാണ് കാളയുടെ വിചാരം. പക്ഷെ സത്യം അതാണോ? അതിനെ ഒരു കുറ്റിയില്‍ കെട്ടിയിട്ടിരിക്കുകയാണ്. ആ നിശ്ചിത പരിധിക്കുള്ളിലാണ് കാള സഞ്ചരിക്കുന്നത്. ഇത്തരത്തിലൊരു പരിമിതിയ്ക്കുള്ളിലാണ് ഇന്ന് കാര്‍ഷിക മേഖല. അതിനെ മോചിപ്പിക്കുക എന്ന മഹത്തായ ഉത്തരവാദിത്തം നമുക്കാണ്.
കൃഷിക്കാരുടെ വികസനത്തിനും അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും വിത്തു മുതല്‍ വിപണി വരെയുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ നാം സ്വീകരിച്ചു കഴിഞ്ഞു. സ്വയം പര്യാപ്തതയുടെ ഈ യുഗത്തില്‍ കൃഷിക്കാര്‍ക്കു പ്രയോജനം ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള പരിശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി വിവിധ മന്ത്രാലയങ്ങളെയും നിതി ആയോഗ് പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. നിങ്ങളെപ്പോലുള്ള ശാസ്ത്രജ്ഞര്‍, കാര്‍ഷിക മേഖലയിലെ മറ്റ് ഗുണഭോക്താക്കള്‍ എന്നിവരാണ് പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കേണ്ടത്. കൃത്യമായ ഒരു മാര്‍ഗ്ഗരേഖ ഗവണ്‍മെന്റ് ആസൂത്രണം ചെയ്യുകയും അതിലൂടെ മുന്നേറുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്.

കാര്‍ഷികോത്പ്പന്നങ്ങള്‍ക്ക് ശരിയായ വില നല്‍കാനുള്ള സുപ്രധാനമായ തീരുമാനം കഴിഞ്ഞ ബജറ്റില്‍ ഗവണ്‍മെന്റ് പ്രഖ്യാപിക്കുകയുണ്ടായി. ഈ പദ്ധതിയെക്കുറിച്ച് പാഷാ പട്ടേലും വളരെ ആവേശത്തോടെ സൂചിപ്പിച്ചല്ലോ. ഈ പദ്ധതി പ്രകാരം കൃഷിക്കാര്‍ക്ക് അവരുടെ ഉത്പാദനച്ചെലവിനേക്കാള്‍ 50 ശതമാനമെങ്കിലും ഉറപ്പു നല്‍കുന്നുണ്ട്. അതായത് വിളവിന്റെ വിലയുടെ ഒന്നര ഇരട്ടി വരും ഇത്. പദ്ധതിയുടെ മുഴുവന്‍ പ്രയോജനവും രാജ്യത്തെ കൃഷിക്കാര്‍ക്ക് ലഭിക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റുകളുമായി കേന്ദ്ര ഗവണ്‍മെന്റ് ഇക്കാര്യം ചര്‍ച്ച നടത്തിവരികയാണ്. മുന്‍ പദ്ധതികളുടെ പരിമിതികള്‍ നീക്കി ഇതിനെ പിഴവുറ്റ ക്രമീകരണമാക്കുകയാണ് നമ്മുടെ ലക്ഷ്യം.

സഹോദരീ സഹോദരന്മാരേ,
കൃഷിക്കാരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി നാല് വ്യത്യസ്ത തലങ്ങളില്‍ ഗവണ്‍മെന്റ് ശ്രദ്ധ ചെലുത്തും.
ആദ്യ ഘട്ടത്തില്‍ കൃഷിചെലവു കുറയ്ക്കലാണ് ആവശ്യം. രണ്ടാം ഘട്ടത്തില്‍ കാര്‍ഷിക വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കണം. മൂന്നാം ഘട്ടത്തില്‍ കൃഷിയിടത്തില്‍ നിന്നു വിപണിയിലേയ്ക്കുള്ള മാര്‍ഗ മധ്യേ വിളകള്‍ അഴുകിയും മറ്റും പാഴാകുന്നത് കുറയ്ക്കണം. നാലാമതായി കൃഷിക്കാര്‍ക്ക് അധിക വരുമാനത്തിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാകണം. ഗവണ്‍മെന്റിന്റെ എല്ലാ നയ തീരുമാനങ്ങളും സാങ്കേതിക തീരുമാനങ്ങളും നിയമ തീരുമാനങ്ങളും ഈ നാലു തലങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും. നമ്മുടെ എല്ലാ തീരുമാനങ്ങളെയും സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കാനാണ് നാം ശ്രമിച്ചിട്ടുള്ളത്. നമുക്ക് അതിന്റെ അനുകൂല ഫലങ്ങള്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന് വേപ്പെണ്ണയില്‍ പുരട്ടിയ യൂറിയ വിതരണം ചെയ്യാനുള്ള തീരുമാനം കൃഷിക്കാരുടെ ചെലവ് കുത്തനെ കുറച്ചു. നൂറു ശതമാനം വേപ്പെണ്ണ പുരട്ടിയ യൂറിയ, കാര്യക്ഷമത ഉയര്‍ത്തുകയും ചെയ്തു. ഇന്ന് കൃഷിക്കാര്‍ക്ക് അവരുടെ കൃഷിയിടത്തില്‍ വളരെ കുറഞ്ഞ അളവ് യൂറിയ ഉപയോഗിച്ചാല്‍ മതി. ഇത് കൃഷിച്ചെലവു കുറച്ചു, ഉത്പാദനം വര്‍ദ്ധിപ്പിച്ചു. അങ്ങിനെ വരുമാനത്തില്‍ വര്‍ധനയുണ്ടായി. അതായത് യൂറിയയില്‍ വേപ്പെണ്ണ പുരട്ടിയത് വലിയ ഒരു മാറ്റത്തിനു കാരണമായി.

സഹോദരീ സഹോദരന്മാരെ,
നാളിതുവരെ ഏകദേശം 11 കോടി കൃഷിക്കാര്‍ക്ക് മണ്ണു പരിശോധിച്ച് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വഴി ഉത്പാദനത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ കൃഷിക്കാര്‍ക്ക് കൃത്യമായി അറിയാം അവരുടെ വയലില്‍ എത്രമാത്രം വളം നല്കണം എന്ന്. 19 സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തില്‍ കാര്‍ഷിക മേഖലയില്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തതിന്റെ ഫലമായി രാസവളങ്ങളുടെ ഉപയോഗത്തില്‍ 8-10 ശതമാനം വരെ കുറവു വന്നിട്ടുണ്ട്. ഉത്പാദന ക്ഷമത 5- 6 ശതമാനം വരെ കൂടിയിട്ടുമുണ്ട്. സുഹൃത്തുക്കളേ, ഓരോ കൃഷിക്കാരനും ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചാലേ സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളുടെ പൂര്‍ണ പ്രയോജനം യാഥാര്‍ത്ഥ്യമാകുകയുള്ളു. നമ്മുടെ മുഴുവന്‍ സംവിധാനവും പൂര്‍ണമായി വികസിച്ചാല്‍ മാത്രമെ ഇതു സധ്യമാകൂ. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ കൃഷിക്കാര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാനുള്ള പരിശീലനം കൂടി രാജ്യത്തെ കാര്‍ഷിക സര്‍വകലാശാലകളിലെ ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കും. ഈ മൊഡ്യൂളിനെ നൈപുണ്യ പരിശീലനവുമായി ബന്ധിപ്പിക്കുകയും ചെയ്യണം.
ഈ കോഴ്‌സ് പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്കുന്ന കാര്യവും ഞങ്ങള്‍ ആലോചിക്കുന്നു. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഈ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഗ്രാമങ്ങളില്‍ മണ്ണുപരിശോധന ലാബോറട്ടറികള്‍ സ്ഥാപിക്കാന്‍ സാധിക്കും. മുദ്ര യോജന പദ്ധതി വഴി അവര്‍ക്ക് ഇതിനാവശ്യമായ പണം വായ്പയായി നല്കാനുള്ള ശ്രമങ്ങളും ഞങ്ങള്‍ നടത്തിവരികയാണ്. ഈ പരിശോധനാശാലകളെ സെന്‍ട്രല്‍ ഡാറ്റാ ബേസുമായി ബന്ധിപ്പിക്കുകയും, രാജ്യത്തെ മുഴുവന്‍ മേഖലയിലെയും മണ്ണിന്റെ ആരോഗ്യാവസ്ഥ കേന്ദ്ര പോര്‍ട്ടലില്‍ ലഭ്യമാകുകയും ചെയ്യുമ്പോള്‍ രാജ്യത്തെ മുഴുവന്‍ കൃഷിക്കാര്‍ക്കുമാണ് അതിന്റെ പ്രയോജനം ലഭിക്കുക. ഈ സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളുടെ കേന്ദ്ര പൂളില്‍ നിന്നു ലഭിക്കുന്ന വിവിരങ്ങളെ അടിസ്ഥാനമാക്കി ഭാവിയില്‍ രാജ്യത്തെ കാര്‍ഷിക ശാസ്ത്രജ്ഞര്‍ക്ക് മണ്ണിന്റെ ആരോഗ്യം, ജലലഭ്യത, കാലാവസ്ഥ എന്നിവ സംബന്ധിച്ച് കൃഷിക്കാര്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കാനുള്ള സംവിധാനം കൂടി നാം വികസിപ്പിക്കും.

സുഹൃത്തുക്കളേ,
രാജ്യത്തിന്റെ കാര്‍ഷിക നയത്തില്‍ പുതിയ ദിശാബോധം നല്‍കാനാണ് നമ്മുടെ ഗവണ്‍മെന്റ് പരിശ്രമിക്കുന്നത്. പദ്ധതികള്‍ നടപ്പാക്കുന്ന രീതി നാം മാറ്റി. ഉദാഹരണത്തിന് പ്രധാന്‍ മന്ത്രി കൃഷി സിഞ്ചായ് യോജന. ഈ പദ്ധതിയില്‍ രണ്ടു വ്യത്യസ്ത മേഖലകള്‍ക്കാണ് ഊന്നല്‍. ഒന്ന്, രാജ്യത്ത് സൂക്ഷ്മ ജലസേചനത്തിന്റെ സാധ്യത വര്‍ധിപ്പിക്കുക. രണ്ട്, നിലവിലുള്ള ജലസേചന ശൃംഖല ശക്തിപ്പെടുത്തുക.
അതിനാല്‍ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്, ആദ്യം, കഴിഞ്ഞ രണ്ടു മൂന്നു ദശാബ്ദങ്ങളായി തടസ്സപ്പെട്ടിരുന്ന 99 ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കുക എന്നതാണ്. ഇതിനായി 80000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ ഗവണ്‍മെന്റിന്റെ നിരന്തരമായ പരിശ്രമ ഫലമായി ഇതില്‍ 50 പദ്ധതികള്‍ ഈ വര്‍ഷം അവസാനവും ബാക്കി അടുത്ത വര്‍ഷം ആദ്യവും പൂര്‍ത്തിയാകും. ഇതിന് അര്‍ത്ഥം കഴിഞ്ഞ 25 -30 വര്‍ഷമായി മരവിച്ചു കിടന്ന പദ്ധതികള്‍ 25 -30 മാസങ്ങള്‍ കൊണ്ടു പൂര്‍ത്തിയാക്കാനുള്ള പരിശ്രമങ്ങളാണ് ഈ ഗവണ്‍മെന്റ് നടത്തിയിരിക്കുന്നത് എന്നാണ്. പൂര്‍ത്തിയാകുന്ന ഈ ജലസേചന പദ്ധതികള്‍ കൃഷിച്ചെലവു കുറയ്ക്കും, കൃഷിക്കാരുടെ ബുദ്ധിമുട്ടും. പ്രധാന്‍ മന്ത്രി കൃഷി സിഞ്ചായ് യോജനയുടെ സൂക്ഷ്മ ജലസേചന പദ്ധതിയുടെ കീഴില്‍ 20 ലക്ഷം ഹെക്ടര്‍ കൃഷിയിടങ്ങളാണ് ജല സമൃദ്ധമാകുന്നത്.
കാര്‍ഷിക മേഖലയിലെ വിള ഇന്‍ഷുറന്‍സിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമെന്നു ഞാന്‍ കരുതുന്നു. കൃഷിക്കാര്‍ വിളകള്‍ ഇന്‍ഷുര്‍ ചെയ്യുന്നതിന് മുമ്പ് കൂടുതല്‍ വിഹിതം അടയ്‌ക്കേണ്ടിയിരുന്നു. ഇന്‍ഷുറന്‍സിന്റെ സാധ്യത കുറവുമായിരുന്നു. ഈ ഗവണ്‍മെന്റ് അധികാരത്തിലെത്തിയ ഉടന്‍ വിള ഇന്‍ഷുറന്‍സ് പ്രീമിയം വെട്ടിക്കുറയ്ക്കുകയും, പ്രധാന്‍ മന്ത്രി ഫസല്‍ ബിമ യോജനയുടെ കീഴില്‍ വിള ഇന്‍ഷുറന്‍സ് സാധ്യത വര്‍ധിപ്പിക്കുകയും ചെയ്തു.

സുഹൃത്തുക്കളേ,
ഈ പദ്ധതി പ്രകാരം ഇതുവരെ 11000 കോടി രൂപ വിള ഇന്‍ഷുറന്‍സ് ക്ലെയിമായി കൃഷിക്കാര്‍ക്ക് വിതരണം ചെയ്തു എന്നാണ് എനിക്ക് അറിയാന്‍ സാധിച്ചത്. ഓരോ കൃഷിക്കാരനും ഓരോ ഹെക്ടറിനുമുള്ള ക്ലെയിം തുക ഇരട്ടിയാക്കി. എത്രയോ കൃഷിക്കാരുടെ ജീവിതങ്ങളെയാണ് ഈ പദ്ധതി രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. എത്രയോ കര്‍ഷ കുടുംബങ്ങളെയാണ് ഇത് രക്ഷപ്പെടുത്തുന്നത്. നിര്‍ഭാഗ്യവശാല്‍ ഈ നേട്ടം മാധ്യമങ്ങളുടെ അവഗണന മൂലം തലക്കെട്ടായിട്ടില്ല. അതിനാല്‍ ഈ പദ്ധതിയെ കൂടുതല്‍ കൃഷിക്കാരില്‍ എത്തിക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
കൃഷി ചെയ്യുന്ന ഭൂമിയുടെ പകുതിയെങ്കിലും 2018- 19 വര്‍ഷത്തോടെ ഈ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഗവണ്‍മെന്റ് നടത്തുന്നത്.

സഹോദരീ സഹോദരന്‍മാരേ,
നമ്മുടെ ഗവണ്‍മെന്റ് രാജ്യത്തെ കാര്‍ഷിക മേഖലയില്‍ വിപണി രൂപഘടന വികസിപ്പിച്ചുവരികയാണ്. പരസ്പരം സഹകരിച്ചുകൊണ്ട്, ഈ മേഖലയില്‍ മുന്നേറാനുള്ള കേന്ദ്ര സംസ്ഥാ ഗവണ്‍മെന്റുകളുടെ സംയുക്ത നീക്കം കൃഷിക്കാര്‍ക്ക് കൂടുതല്‍ പ്രയോജനം നല്കും. അതിനാല്‍ കര്‍ഷകരുടെ ക്ഷേമത്തിനായി പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രം സംസ്ഥാന ഗവണ്‍മെന്റുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കാര്‍ഷികോത്പ്പന്നങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍ എന്നിവയുടെ വിപണനം, സംഭരണശാലകളുടെ മാര്‍ഗ്ഗനിര്‍ദ്ദേശ ലഘൂകരണം, മറ്റ് നിരവധി കര്‍ഷക ശാക്തീകരണ നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട് ലാന്റ് ലീസ് ആക്ട് പ്രാബല്യത്തിലാക്കാനും ഗവണ്‍മെന്റ് ശ്രമിക്കുന്നു. 2022 ആകുമ്പോഴേക്കും കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുന്നതിന് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണം. വിപണിയിലേയ്ക്കുള്ള മാര്‍ഗ മധ്യേ കാര്‍ഷികോത്പ്പന്നങ്ങള്‍ക്കു സംഭവിക്കുന്ന നഷ്ടം തടയുന്നതിന് പ്രധാന്‍ മന്ത്രി കിസാന്‍ സമ്പാദ യോജന വഴിയും ശ്രമങ്ങള്‍ നടക്കുന്നു. കാര്‍ഷിക മേഖലയെ ശാക്തീകരിക്കാന്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. സംഭരണികള്‍, ശീതീകരണികള്‍, തുടങ്ങിയവയുടെ സഹായത്തോടെ മുഴുവന്‍ വിതരണ ശൃംഖലയും പരിഷ്‌കരിക്കും.
ബജറ്റില്‍ പ്രഖ്യാപിച്ച ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതിയെയും വിതരണ ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധിപ്പിക്കും. പൂക്കളും പച്ചക്കറികളും കൂടി കൃഷി ചെയ്യുന്നത് കൃഷിക്കാര്‍ക്ക് കൂടുതല്‍ പ്രയോജനകരമായിരിക്കും. പാല്‍ ഉത്പാദിപ്പിച്ച് ലക്ഷക്കണക്കിന് കൃഷിക്കാര്‍ വരുമാനം ഉണ്ടാക്കുന്നതിന് അമൂലിന്റെ മാതൃക വിജയിച്ചതു പോലെ തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് കൃഷിക്കാര്‍ക്ക് ഓപ്പറേഷന്‍ ഗ്രീന്‍ സഹായകമാകും.

ഗ്രാമ തലങ്ങളിലുള്ള കാര്‍ഷികോത്പ്പന്ന വിപണികളെ ആഗോള വിപണിയുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ബ്രിട്ടീഷ് ഭരണകാലത്ത് ഒരു കമ്മിഷന്‍ രൂപീകരിച്ചതായി ഞാന്‍ മനസിലാക്കുന്നു. ആ കമ്മിഷന്‍ പോലും അഞ്ച് – ആറ് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ കാര്‍ഷിക വിപണികള്‍ രൂപീകരിക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. 100 വര്‍ഷം മുമ്പ് മുന്നോട്ടു വച്ച ആശയം നടപ്പിലാക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ബജറ്റിലെ ഗ്രാമീണ്‍ റീട്ടെയില്‍ അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റ് അഥവ ഗ്രാം എന്ന കാഴ്ച്ചപ്പാട് ഈ ആശയത്തില്‍ നിന്നാണ്. ഇതു പ്രകാരം രാജ്യത്തെ 22000 ഗ്രാമീണ വിപണികളെ വികസിപ്പിച്ച് അവയുടെ പ്രവര്‍ത്തനം എപിഎംസി (അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി) യുമായി ഏകോപിപ്പിക്കും. അതായത് പത്തോ പതിനഞ്ചോ കിലേമീറ്ററിനുള്ളില്‍ രാജ്യത്തെ ഏതു വിപണിയുമായും ബന്ധപ്പെടാനുള്ള ഒരു സംവിധാനം കൃഷിക്കാര്‍ക്ക് ഉണ്ടായിരിക്കും. ഗ്രാമീണ വിപണികളിലൂടെ കാര്‍ഷികോത്പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കു നേരിട്ടു വിപണനം ചെയ്യാനുള്ള അവസരം കൃഷിക്കാര്‍ക്കു ലഭിക്കും. വരും ദിനങ്ങളില്‍ ഇതായിരിക്കും കൃഷിക്കാരുടെ വരുമാനത്തിന്റെയും, തൊഴിലവസരങ്ങളുടെയും കാര്‍ഷികാധിഷ്ഠിത ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും ശ്രദ്ധാകേന്ദ്രം. ഈ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഗവണ്‍മെന്റ് കര്‍ഷകരുടെ ഉത്പാദക സംഘങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. കൃഷിക്കാര്‍ക്ക് അവരുടെ തലത്തില്‍ ചെറിയ ഉത്പാദക സംഘങ്ങള്‍ രൂപീകരിച്ച് ഗ്രാമീണ വിപണികളെ വലിയ വിപണികളുമായി ബന്ധിപ്പിക്കാം. ഇത്തരം സംഘത്തില്‍ അംഗമാകുന്നതോടെ അവര്‍ക്ക് കാര്‍ഷികോത്പ്പന്നങ്ങള്‍ ഒരുമിച്ച് വില്ക്കാം, വിത്തും വളവും പോലുള്ള സാമഗ്രികള്‍ ഒരുമിച്ച് വാങ്ങാം. അപ്പോള്‍ ചെലവു കുറയും, ലാഭം കൂടും.
സഹകരണ സ്ഥാപനങ്ങളെ എന്ന പോലെ കര്‍ഷകരുടെ ഉത്പാദക സംഘങ്ങളെയും വരുമാന നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളെ കര്‍ഷകരുടെ ഉത്പാദക സംഘങ്ങളുടെ സഹായത്തോടെ ജൈവകൃഷി, സുഗന്ധ- ഔഷധ കൃഷികള്‍ നടത്തുന്നതുമായി ബന്ധിപ്പിക്കുന്നത് കൃഷിക്കാരുടെ വരുമാന വര്‍ധനയ്ക്കുള്ള സുപ്രധാനമായ മറ്റൊരു കാല്‍വയ്പായിരിക്കും.
സുഹൃത്തുക്കളേ, നീല വിപ്ലവത്തെയും, മധുര വിപ്ലവത്തെയും, ജൈവ വിപ്ലവത്തെയും ഹരിത – ധവള വിപ്ലവങ്ങളുമായി ബന്ധിപ്പിക്കുക എന്നതാണ് ഇന്നിന്റെ ആവശ്യം. കൃഷിക്കാര്‍ക്ക് അധിക വരുമാനം നേടുന്നതിനുള്ള സ്രോതസുകളാണ് ഈ മേഖലകള്‍. കൂടാതെ ജൈവകൃഷി, തേനീച്ച വളര്‍ത്തല്‍, തുടങ്ങി അധിക വരുമാനം നേടാന്‍ കൃഷിക്കാര്‍ക്ക് മേഖലകള്‍ വേറെയും ഉണ്ട്. ഇവയെക്കുറിച്ച് സാധിക്കുന്നത്ര ബോധവത്ക്കരണമാണ് ഏറ്റവും ആവശ്യം.
ഈ സന്ദേശം, പ്രത്യേകിച്ച് പരമ്പരാഗത കൃഷി, ജൈവ കൃഷി എന്നിവ പ്രചരിപ്പിക്കുന്നതിനായി ഒരു ഡിജിറ്റല്‍ വേദി ലഭ്യമാക്കണമെന്ന് എനിക്ക് അഗ്രഹം ഉണ്ട്. വിപണിയിലെ ഡിമാന്റ്, ഉപഭോക്താക്കള്‍, വിതരണ ശൃംഖല, ജൈവകൃഷി തുടങ്ങിയവ സംബന്ധിക്കുന്ന വിവരങ്ങള്‍ എന്നിവ ഈ ഡിജിറ്റല്‍ വേദിയിലൂടെ കൃഷിക്കാര്‍ക്ക് നല്കണം. കാര്‍ഷികാനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കൃഷിക്കാര്‍ക്കും വായ്പ ലഭ്യമാക്കുന്നതിന് ഗവണ്‍മെന്റു ശ്രമിച്ചു വരുന്നു. മത്സ്യ കൃഷി – മൃഗസംരക്ഷണ മേഖലകള്‍ക്കുള്ള അടിസ്ഥാന നിധിയായി 10000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ബജറ്റില്‍ 11 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കൃഷിക്കാര്‍ക്ക് അനായാസം വായ്പ ലഭ്യമാക്കുന്നതു കൂടാതെ, അവര്‍ക്ക് കൃത്യമായ തുക കൃത്യ സമയത്ത് ലഭിച്ചു എന്ന് ഉറപ്പാക്കാനും ഗവണ്‍മെന്റ് ആഗ്രഹിക്കുന്നു. ചെറുകിട കൃഷിക്കാര്‍ക്ക് സഹകരണ ബാങ്കില്‍ നിന്ന് വായ്പ ലഭിക്കുക അത്ര എളുപ്പമല്ല. അതിനാല്‍ രാജ്യമെമ്പാടുമുള്ള പ്രാഥമിക കാര്‍ഷിക സംഘങ്ങളെ കമ്പ്യൂട്ടര്‍വത്ക്കരിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുകയാണ്. 63000 സംഘങ്ങള്‍ കമ്പൂട്ടര്‍വത്ക്കരിക്കപ്പെടുന്നതോടെ വായ്പ അനുവദിക്കുന്ന പ്രക്രിയ കൂടുതല്‍ സുതാര്യമാകും.
ജന്‍ധന്‍ യോജന, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സംവിധാനങ്ങള്‍ കൃഷിക്കാര്‍ക്കു വായ്പ ലഭിക്കാനുള്ള വഴികള്‍ എളുപ്പമാക്കിയിട്ടുണ്ട്. സുഹൃത്തുക്കളേ, പതിറ്റാണ്ടുകളായി മുള ഈ രാജ്യത്ത് വൃക്ഷമായിട്ടാണ് പരിഗണിക്കപ്പെട്ടിരുന്നത് എന്നു ഞാന്‍ മനസിലാക്കി. അതിനു നിയമ പരിരക്ഷയും ഉണ്ടായിരുന്നു. അനുവാദമില്ലാതെ മുള വെട്ടുന്നത് കുറ്റകരമായിരുന്നു. എനിക്ക് അത്ഭുതം തോന്നി. നിര്‍മ്മാണ മേഖലയില്‍ മുളയുടെ പ്രാധാന്യം ഏവര്‍ക്കും അറിവുള്ളതാണ്. കൂടാതെ, ഫര്‍ണിച്ചറുകള്‍, കരകൗശല ഉത്പ്പന്നങ്ങള്‍, സുഗന്ധ തിരികള്‍, പട്ടം, തീപ്പെട്ടികള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനും ഇത് ഉപയോഗിക്കുന്നു. മുള വെട്ടുന്നതിനുള്ള അനുമതി ലഭിക്കുക ശ്രമകരമായതിനാല്‍ കൃഷിക്കാര്‍ മുള കൃഷി ഒഴിവാക്കിയിരുന്നു. എന്നാല്‍ ഞങ്ങള്‍ ഈ നിയമം മാറ്റി. ഈ തീരുമാനം മുള കൃഷിക്കാര്‍ക്ക് വരുമാനം വര്‍ധിപ്പിക്കാന്‍ സഹായകമാകും.
വകൃഷിയുമായി ബന്ധപ്പെട്ട മറ്റൊരു മാറ്റം കൂടി ഞങ്ങള്‍ നടപ്പാക്കും. നാട്ടില്‍ ഉരുപ്പടി നിര്‍മ്മാണ ആവശ്യത്തിനു വേണ്ടത്ര തടി ലഭ്യമല്ല. തടിയുടെ ആവശ്യവും ഉത്പാദനവും തമ്മിലുള്ള അന്തരം വലുതാണ്. അതിനാല്‍ മരങ്ങള്‍ സംരക്ഷിക്കുക എന്ന ആശയം മനസില്‍ സൂക്ഷിച്ചുകൊണ്ട് തന്നെ വിവിധോദ്യേശ്യ വൃക്ഷങ്ങള്‍ നട്ടു പരിപാലിക്കുന്നതിനു ഗവണ്‍മെന്റ് ഊന്നല്‍ നല്കുന്നു. ആവശ്യാനുസരണം അഞ്ചു വര്‍ഷം പത്തു വര്‍ഷം പതിനഞ്ചു വര്‍ഷം എന്നീ ഇടവേളകളില്‍ മുറിച്ച് വില്ക്കാന്‍ സാധിക്കുന്ന മരങ്ങള്‍ നട്ടു വളര്‍ത്തുക വഴി കൃഷിക്കാരുടെ വരുമാനം എത്ര കണ്ട് ഉയര്‍ത്താം എന്ന് ചിന്തിച്ചു നോക്കുക.
അതിരുകളില്‍ വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുക കൃഷിക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുക മാത്രമല്ല, രാജ്യത്തിന്റെ പരിസ്ഥിതിക്ക് ഉപകരിക്കുകയും ചെയ്യും. രാജ്യത്തെ 22 സംസ്ഥാനങ്ങള്‍ ഈ നിയമ മാറ്റം പ്രാബല്യത്തില്‍ വരുത്തിക്കഴിഞ്ഞു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കാര്‍ഷികാവശ്യങ്ങള്‍ക്കായി പരമാവധി സൗരോര്‍ജ്ജം പ്രോജനപ്പെടുത്തുന്നതും കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കും. കഴിഞ്ഞ മൂന്നു വര്‍ഷമായി കൃഷിക്കാര്‍ക്കായി ഏകദേശം മൂന്നു ലക്ഷം സൗരോര്‍ജ്ജ പമ്പുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതിനായി 2.5000 കോടി രൂപ അനുവദിക്കുകയുണ്ടായി. ഇതുവഴി നല്ല അളവ് ഡീസല്‍ നമുക്ക് ലാഭിക്കാന്‍ സാധിച്ചു. ഇനി ഇത്തരം പമ്പുകള്‍ ഉപയോഗിക്കുന്ന കൃഷിക്കാര്‍ക്കാരെ ഗ്രിഡുമായി ബന്ധിപ്പിച്ച് അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ നിന്ന് കൃഷിക്കാര്‍ക്ക് വരുമാനം നേടാനുള്ള സംവിധാനം കൂടി ഒരുക്കും.

സുഹൃത്തുക്കളേ,
കൃഷിയിടങ്ങളില്‍ നിന്നുണ്ടാകുന്ന ഉപോത്പ്പന്നങ്ങളും കൃഷിക്കാര്‍ക്ക് നല്ല ധനാഗമ മാര്‍ഗ്ഗമാണ് . കാര്‍ഷാകാവശിഷ്ടങ്ങളെ ധനമാക്കി മാറ്റാനുള്ള നടപടികള്‍ക്ക് ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നു. കാര്‍ഷികാവശിഷ്ടങ്ങളെക്കുറിച്ച് നാമെല്ലാം ബോധവാന്മാരാണ്. ഉദാഹരണത്തിന് വാഴപ്പഴം നാം വില്ക്കുന്നു. എന്നാല്‍ ഇലയും തടയും പാഴ് വസ്തുക്കളായി തള്ളുന്നു. വാഴത്തട കൃഷിക്കാര്‍ക്ക് എന്നും തലവേദനയാണ്. ഇവ നീക്കം ചെയ്യാന്‍ തന്നെ പണം മുടക്കേണ്ടി വരുന്നു. വാഴത്തട മിക്കപ്പോഴും വഴിയരികില്‍ തള്ളപ്പെടുന്നു. എന്നാല്‍ ഈ വാഴത്തട ഉപയോഗിച്ച് കടലാസും തുണിയും നിര്‍മ്മിക്കാം.

ഇത്തരത്തില്‍ കാര്‍ഷികാവശിഷ്ടങ്ങളില്‍നിന്ന്, കയര്‍ അവശിഷ്ടങ്ങളില്‍ നിന്ന്, ചിരട്ടയില്‍ നിന്ന്, മുളയില്‍ നിന്ന്, മറ്റ് കൃഷിയിട അവശിഷ്ടങ്ങളില്‍ നിന്ന് പണം ഉണ്ടാക്കാനുള്ള നിരവധി പ്രചാരണങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്നു. ഇവയെല്ലാം കര്‍ഷകന്റെ വരുമാന വര്‍ധനവിന് ഉതകുന്നതാണ്.
ബജറ്റില്‍ ഗോവര്‍ധന്‍ യോജന ആരംഭിക്കുന്നതു സംബന്ധിച്ചും ഗവണ്‍മെന്റ് പരാമര്‍ശിച്ചിരുന്നു. ഈ പദ്ധതി ഗ്രാമീണ ശുചിത്വ പരിപാലനത്തെ സഹായിക്കുമെന്നു മാത്രമല്ല, കൃഷിക്കാര്‍ക്ക് വരുമാനം വര്‍ധിപ്പിക്കാനും സഹായകമാകും. പ്രത്യേകിച്ച് ഗ്രാമീണ ക്ഷീര കര്‍ഷകര്‍ക്ക് ഇതുവഴി ഇന്ധനമായി ബയോഗ്യാസും ലഭിക്കുന്നു. ഇതു ധനമായി മാറ്റാവുന്ന ഉപോത്പ്പന്നമല്ല, കൃഷിക്കാരുടെ വരുമാനം മാത്രമല്ല വ്യത്യസ്ത രീതികളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന പ്രധാന വിളകൂടിയാണ്. ഉദാഹരണത്തിന് കരിമ്പില്‍ നിന്ന ഉത്പാദിപ്പിക്കുന്ന എഥനോള്‍. നമ്മുടെ ഗവണ്‍മെന്റ് എത്‌നോള്‍ നയത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പെട്രോളില്‍ 10 ശതമാനം എഥനോള്‍ കലര്‍ത്താന്‍ ഇതോടെ അനുമതിയായി.
അതാത് രാജ്യത്തെ പഞ്ചസാര ഉത്പാദനത്തിനു ശേഷം മിച്ചം വരുന്ന കരിമ്പ് ഇനി എഥനോള്‍ ഉത്പാദനത്തിന് ഉപയോഗിക്കാം. ഇത് കരിമ്പു കര്‍ഷകര്‍ക്ക് ഉപകാരമാകും.
രാജ്യത്തെ കാര്‍ഷിക മേഖലയുടെ പ്രവര്‍ത്തന രീതി തന്നെ ഈ ഗവണ്‍മെന്റ് മാറ്റാന്‍ പോവുകയാണ്. കാര്‍ഷിക മേഖലയില്‍ പുതിയ ഒരു സംസ്‌കാരം സ്ഥാപിക്കാന്‍ പോവുന്നു. ഇനി നമ്മുടെ ശക്തിയും, സുഖവും, സ്വപ്‌നസാക്ഷാത്ക്കാരത്തിനുള്ള വഴിയും ഈ സംസ്‌കാരമായിരിക്കും. സങ്കല്പത്തില്‍ നിന്നു സിദ്ധിയിലേയ്ക്കുള്ള നമ്മുടെ യാത്രയെ പൂര്‍ണ്ണമാക്കാനും, 2022 ല്‍ നാം ലക്ഷ്യമാക്കുന്ന നേട്ടങ്ങള്‍ കൈവരിക്കാനും ഈ സംസ്‌കാരം സഹായകമാകും. ഗ്രാമങ്ങള്‍ ഉണരുമ്പോള്‍ മാത്രമേ ഇന്ത്യ ഉണരുകയുള്ളു. രാജ്യം ശാക്തീകരിക്കപ്പെടുമ്പോള്‍ കൃഷിക്കാരും ശക്തരാകും.
അതിനാല്‍ നിങ്ങള്‍ ഇവിടെ നടത്തിയ അവതരണങ്ങള്‍ ഗവണ്‍മെന്റ് സസൂക്ഷ്മം പരിശോധിക്കും. എട്ടു മിനിറ്റു മാത്രമെ ലഭിച്ചുള്ളു എന്നു പാഷാ പട്ടേല്‍ പരാതിപ്പെടുന്നതു കേട്ടു. നിങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ചുരുങ്ങിയ സമയമേ നിങ്ങള്‍ക്കു ലഭിച്ചുള്ളു എങ്കില്‍ പോലും നിങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുകയും അവ ചെറിയ ഗ്രൂപ്പുകളായി അപഗ്രഥിക്കുകയും അതിനു വേണ്ടി കഠിനമായി അധ്വാനിക്കുകയും ചെയ്തതൊന്നും പാഴാകില്ല. ഗവണ്‍മെന്റ് എല്ലാം പരിശോധിക്കും. ചിലപ്പോള്‍ നിങ്ങള്‍ അവതരിപ്പിച്ച ചില ആശങ്ങള്‍ വൈകാതെ നടപ്പിലാക്കാനും സാധ്യതയുണ്ട്. മറ്റ് ആശങ്ങള്‍ക്ക് സമയം എടുക്കും. പക്ഷെ ഇതിനായി നിങ്ങള്‍ നടത്തിയ അധ്വാനം, അതിന്റെ ആധികാരികത എല്ലാം ഗവണ്‍മെന്റു പരിശോധിക്കും. ഗവണ്‍മെന്റ് വകുപ്പുകളിലെ നിലപാടുകള്‍ മാറ്റുന്നതിനും കൃഷിക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും ഇതു വേണ്ടി വന്നു. നാം എത്രത്തോളം അവരുമായി ബന്ധപ്പെടുന്നുവോ, അത്ര കൂടുതല്‍ അവരുടെ പ്രശ്‌നങ്ങള്‍ നമുക്കു മനസിലാകും. അതുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങളെ പോലെ വലിയ അനുഭവങ്ങളും പരിചയങ്ങളും ഉള്ളവരുമായി ചര്‍ച്ച ചെയ്യുന്നത്.

രണ്ടാമതായി അതിനെ എങ്ങനെ മുന്നോട്ടു കൊണ്ടു പോകും എന്നറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഇന്ത്യ ഗവണ്‍മെന്റിന്റെ എല്ലാ വകുപ്പുകളും അവയിലെ ജോലിക്കാരും മന്ത്രിമാരും ഇവിടെ സന്നിഹിതരാണ്. നിതി ആയോഗിന്റെ കീഴില്‍ മന്ത്രി തല ശിപാര്‍ശകളെ നമുക്ക് എപ്രകാരം ഏകോപിപ്പിക്കാം? മുന്‍ഗണനകള്‍ തീരുമാനിക്കും മുമ്പ് പ്രധാന ആശയങ്ങളുമായി നമുക്ക് എങ്ങിനെ മുന്നോട്ടു വരാം? പണം ഇല്ലാത്തത് മൂലം ഒരു പ്രവര്‍ത്തനവും മുടങ്ങില്ല എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍.

പഴയ പാരമ്പര്യങ്ങളുടെ ചാക്രിക ക്രമത്തില്‍നിന്ന് നിന്നുപുറത്തു വരണം എന്നു നാം വിശ്വസിക്കുന്നു. നാം ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും സ്വീകരിക്കണം. വിനാശകാരിയായ ശാസ്ത്രത്തില്‍ നിന്ന് ഒഴിഞ്ഞുമാറണം. ചില ഘട്ടങ്ങളില്‍ നമുക്ക് അത് ആവശ്യമാണ്. പക്ഷെ അത് പഴയതാണെങ്കില്‍ നമുക്ക് അത് ആവശ്യമില്ല. നാം അതിനെ ഉപേക്ഷിക്കണം. അതിന് പക്ഷേ നമുക്ക് അധികം പരിശ്രമം ആവശ്യമാണ്. ഉദാഹരണത്തിന് നാം സ്റ്റാര്‍ട്ട് അപ്പുകളെക്#ുറിച്ച് പറയുകയാണെങ്കില്‍ കാര്‍ഷിക സര്‍വകലാശാലകള്‍ എന്ന വിഷയത്തില്‍ അവര്‍ക്കു പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ. അതുപോലെ തന്നെ കാര്‍ഷിക ബിരുദത്തിനു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക ഹാക്കത്തണ്‍ പോലുള്ള പരിപാടികള്‍ ക്രമീകരിക്കാന്‍ നമുക്കു സാധിക്കുമോ. എഞ്ചിനീയറിംഗ് കോളജുകളില്‍ നിന്നുള്ള വിദാര്‍ത്ഥികള്‍ ഗവണ്‍മെന്റിന്റെ 400 പ്രശ്‌നങ്ങളുമായി വന്നു. ഏതാണ്ട് 50 -60 ആയിരം കുട്ടികള്‍ 36 മണിക്കൂര്‍ തുടര്‍ച്ചയായി ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റിനു സമര്‍പ്പിക്കുകയും ചെയ്തു. വര്‍ഷങ്ങളായി ഗവണ്‍മെന്റ് വകുപ്പുകള്‍ അഭിമുഖീകരിച്ചിരുന്ന അനേകം പ്രശ്‌നങ്ങള്‍ക്ക് ഈ ചെറുപ്പക്കാര്‍ കൃത്യമായ സാങ്കേതികമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചു.

നമ്മുടെ കാര്‍ഷിക സര്‍വകലാശാലകള്‍ ഹാക്കത്തണ്‍ സംഘടിപ്പിച്ചെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഐഐടികളും ഐഐഐടികളും എന്‍ജിനിയറിംങ് കോളജുകളും റോബോട്ടിക്ക് വാരങ്ങളും, നാനോ ടെക്‌നോളജി വാരങ്ങളും ആചരിക്കാറുണ്ടല്ലോ. ഇതു നല്ല കാര്യമാണ്. ഇത്തരത്തില്‍ ഈ സ്ഥാപനങ്ങള്‍ക്ക് കാര്‍ഷിക സാങ്കേതിക വാരവും ഉത്സവവും കൂടി ആഘോഷിച്ചു കൂടെ? ഇന്ത്യയ്ക്കു പ്രസക്തമായ വിഷയങ്ങളിന്മേല്‍ രാജ്യത്തെ എല്ലാ സാങ്കേതിക മസ്തിഷ്‌കങ്ങളും ചര്‍ച്ചകളും സംവാദങ്ങളും നടത്തണം. ഇക്കാര്യത്തില്‍ ഒരു മത്സരം തന്നെ ഉള്‍പ്പെടുത്താവുന്നതാണ്.

നമുക്ക് ഇതു മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കണം. അതുപോലെ ഞാന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ച സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പോലുള്ള വിഷയങ്ങളും. ഇന്ന് നാം രക്തവും മറ്റും പരിശോധിക്കാന്‍ പോകുന്ന പാതോളജി ലാബുകള്‍ ഒരു വലിയ ബിസിനസായി വികസിച്ചിരിക്കുന്നു. ഇന്ന് വേണ്ടത്ര സ്വകാര്യ പാതോളജി ലാബുകള്‍ ഉണ്ട്. ഇത്തരത്തില്‍ എന്തുകൊണ്ട് ഗ്രാമങ്ങള്‍ തോറും മണ്ണു പരിശോധനാ ശാലകള്‍ നമുക്ക് ആയിക്കൂടാ. അതിനു സാധിക്കില്ലേ. അതിന് സര്‍വകലാശാലകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്കണം. മുദ്ര യോജന വഴി അവര്‍ക്ക് വായ്പയും ലഭ്യമാക്കണം. മികച്ച സാങ്കേതിക ഉപകരണങ്ങള്‍ അവര്‍ക്കു ലഭ്യമാക്കണം. എങ്കില്‍ മാത്രമെ കൃഷിക്കാര്‍ക്ക് അവരുടെ കൃഷിയിടങ്ങളിലെ മണ്ണു പരിശോധിപ്പിക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിക്കാനും ഒരു ഉത്സാഹം ഉണ്ടാവുകയുള്ളു. ഇത്തരത്തിലുള്ള ഒരു സംവിധാനം നമുക്ക് വികസിപ്പിക്കണം. ഗ്രാമങ്ങള്‍ തോറും മണ്ണു പരിശോധന സൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്കിയാല്‍ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കും. കാര്‍ഷിക പ്രവര്‍ത്തനങ്ങളെയും അതിലെ ശാസ്ത്രീയ സ്വഭാവത്തെയും ശതഗുണീ ഭവിപ്പിക്കുന്ന രാസത്വരകമായി ഇതു വര്‍ത്തിക്കും.

മണ്ണു പരിശോധന അത്യാവശ്യമായിരിക്കുന്നതു പോലെ, അതേ പരിശോധനാ ശാലയില്‍ വെള്ളവും പരിശോധിപ്പിക്കേണ്ടത് ആവശ്യമാണ്. കാരണം കൃഷിക്കാരുടെ ചിന്താഗതി തന്നെ. കഴിഞ്ഞ തവണ തുണിസഞ്ചിയിലുള്ള വിത്താണ് അയാള്‍ വാങ്ഹിയതെങ്കില്‍ ഇപ്രാവശ്യവും അയാള്‍ അതു തന്നെ വാങ്ങും, പ്ലാസ്റ്റിക്ക് സഞ്ചിയിലുള്ളതു വാങ്ങില്ല. സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇക്കാര്യമാണ് അവര്‍ പരിഗണിക്കാറ്..
മൊബൈല്‍ ഫോണിലുള്ള ഡിജിറ്റല്‍ ആനിമേഷന്‍ വഴി കൃഷിക്കാര്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കാം. വിത്തു വാങ്ങുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ഓര്‍മ്മിക്കണം എന്ന് അയോളോടു പറയണം. അയാള്‍ക്കു മനസിലാകുന്ന പക്ഷം അയാള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങും.

ഗുജറാത്തില്‍ മാത്രമല്ല, രാജ്യത്തുടനീളം ആളുകളുടെ സംഖ്യയെക്കാള്‍ മൊബൈല്‍ ഫോണുകള്‍ ഉണ്ട്. ഡിജിറ്റല്‍ കണക്ടിവിറ്റിയുണ്ട്. ആനിമേഷന്‍ വഴി എങ്ങനെ കൃഷിക്കാരെ ഇക്കാര്യങ്ങള്‍ ധരിപ്പിക്കാം എന്നു നാം ചിന്തിക്കണം. എല്ലാവരുടെയും നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടായാല്‍ നമുക്ക് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് എന്റെ വിശ്വാസം .ഞാന്‍ മൃഗസംരക്ഷണത്തെക്കുറിച്ചു സൂചിപ്പിച്ചല്ലോ. നിരവധി മേഖലകളില്‍ നമുക്ക് നിയമങ്ങള്‍ ഇല്ല.

ഇത്തരത്തിലുള്ള എല്ലാ വകുപ്പുകളിലും നിയമങ്ങള്‍ ഉണ്ടാക്കാന്‍ എല്ലാവരെയും ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. പിഴവുകള്‍ നീക്കി നിലവാരമുള്ള സംവിധാനം നാം വികസിപ്പിച്ചു കഴിഞ്ഞു. നിങ്ങള്‍ നല്കിയ എല്ലാ നിര്‍ദ്ദേശങ്ങളും എനിക്ക് അറിവുകളാണ്. അതില്‍ നിന്നു ധാരാളം പഠിക്കാന്‍ സാധിച്ചു. ഈ വിഷയങ്ങളില്‍ എനിക്ക് വളരെ താല്പര്യമുണ്ട്. ഈ കാലത്ത് പല കാര്യങ്ങളും എനിക്ക് പുതിയവയാണ്. ഇവ നിങ്ങള്‍ക്കും നമ്മുടെ വിവിധ വകുപ്പുകള്‍ക്കും ഉപകാരപ്രദമായിരിക്കും. ഈ ചര്‍ച്ച വളരെ ഫലപ്രദമായി എന്നു ഞാന്‍ വിശ്വസിക്കുന്നു.

നമുക്ക് ഇത്തരത്തിലുള്ള പരിപാടികള്‍ സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കാന്‍ സാധിക്കുമോ? അവിടെ ഈ വിഷയങ്ങള്‍ അവതരിപ്പിക്കണം. കൃഷിക്കാരും വിദഗ്ധരും അവിടെ സന്നിഹിതരാകണം. ഇതു പറയാന്‍ കാരണം നമ്മുടെ രാജ്യം വളരെ വിശാലമാണ്. രാജ്യത്തിന്റെ ഒരു ഭാഗത്ത് വിജയിച്ച ഒരു പരീക്ഷണം മറ്റൊരിടത്തു വിജയിക്കണമെന്നില്ല. ചില സംസ്ഥാനങ്ങളിലെ വിശ്വാസമല്ല മറ്റു സംസ്ഥാനങ്ങളില്‍.
കാലാവസ്ഥാ മേഖലകള്‍ തിരിച്ചോ സംസ്ഥാനങ്ങള്‍ തിരിച്ചോ നടപ്പാക്കിയാല്‍ ഇതു കൂടുതല്‍ പ്രയോജകരമായിരിക്കും. മൂന്നാമതായി നമുക്ക് സര്‍വകലാശാലാ തലത്തില്‍ ഈ വിഷയങ്ങളെക്കുറിച്ചെല്ലാം അവസാന വര്‍ഷ വിദ്യര്‍ത്ഥികളെക്കൊണ്ട് ചര്‍ച്ചകളും സംവാദങ്ങളും നടത്തിക്കണം.
അതുകൊണ്ട് നാം ഇതുമായി മുന്നോട്ടു പോകുന്നു. സര്‍വകലാശാലകള്‍, വിദ്യാര്‍ത്ഥികള്‍, വിദഗ്ധര്‍ എന്നിവരെ ഇതില്‍ പങ്കാളികളാക്കിക്കൊണ്ടുള്ള ഒരു മാര്‍ഗ്ഗരേഖയാകും നാം തയാറാക്കുക. ചിലപ്പോള്‍ ഇത് അവിടെ ഉപകാരപ്രദമായി എന്നു വരില്ല. പക്ഷെ ഇവ ആവശ്യമുള്ള സ്ഥലങ്ങളില്‍ എങ്ങനെ പ്രയോജനപ്പെടുത്താം?

നമുക്ക് വ്യാപകമായി മൂല്യവര്‍ധനവ് നടത്താന്‍ സാധിക്കുന്നില്ല. ഗുജറാത്തില്‍ 24 മണിക്കൂര്‍ വൈദ്യുതി വിതരണത്തിനായി ഞങ്ങള്‍ ജ്യോതി ഗ്രാം യോജന പരീക്ഷിക്കുകയുണ്ടായി. രാജ്യത്ത് നടന്ന വിപ്ലവകരമായ ഒരു സംഭവമായിരുന്നു അത്. കൃഷിക്കാര്‍ക്ക് എങ്ങിനെയാണ് 24 മണിക്കൂര്‍ വൈദ്യുതി ഉപകാരപ്രദമാകുക? അത് എപ്പോഴും ടിവി കാണാനാണോ? അല്ലെങ്കില്‍ രാത്രിയില്‍ ഉപയോഗിക്കാനാണോ? എന്തുമാകട്ടെ, ഞങ്ങള്‍ ഒരു ചടങ്ങു സംഘടിപ്പിച്ചു. അതിലൂടെ എങ്ങിനെ വൈദ്യുതിയ്ക്ക് ജനങ്ങളുടെ ജീവിതത്തില്‍ മാറ്റും വരുത്താന്‍ സാധിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

ഗാന്ധിനഗറിനടുത്ത് ഒരു ഗ്രാമം ഉണ്ട്. അവിടെ മുളകാണ് കൃഷി ചെയ്യുന്നത്. ഇപ്പോള്‍ നമ്മുടെ രാജ്യത്ത് ഒരു പ്രത്യേകതയുണ്ട്, ഒരു സ്ഥലത്ത് ഒരു കൃഷിക്കാരന്‍ ഒരു വിള കൃഷി ചെയ്താല്‍ സമീപത്തുള്ള എല്ലാ കൃഷിക്കാരും അതു തന്നെ കൃഷി ചെയ്യും. ഫലമായി വില കുത്തനെ ഇടിയും. മുളകു കൃഷിയിലും അങ്ങിനെ തന്നെ. വില ഇടിഞ്ഞു. മുളകു വിറ്റ് ആ ഗ്രാമത്തിലെ വരുമാനം ഒരിക്കലും മൂന്നു ലക്ഷത്തിനപ്പുറം കടന്നില്ല. അതിനു സാധിക്കില്ല. ഗ്രാമീണര്‍ ഒരു സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചു. അവര്‍ക്ക് 24 മണിക്കൂര്‍ മുടങ്ങാതെ വൈദ്യുതി ലഭിച്ചപ്പോള്‍ അവര്‍ വൈദ്യുതി കണക്ഷന്‍ എടുത്തു. മുളകു പൊടി ഉണ്ടാക്കാനാണ് അവര്‍ തീരുമാനിച്ചത്. അങ്ങനെ പ്രോസ്സസര്‍ വാങ്ങി. മുളകു പൊടി നല്ല പായ്ക്കറ്റിലാക്കി. നേരത്തെ മൂന്നു ലക്ഷത്തിനു വിറ്റിരുന്ന മുളകിന് മൂന്നു നാലു മാസത്തെ ചെറിയ ആസൂത്രണം വഴി മൂല്യവര്‍ധനവ് നടത്തിയപ്പോള്‍ 18 ലക്ഷം രൂപ ലഭിച്ചു. ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം കൃഷിക്കാരോട് അവര്‍ക്കു മനസിലാകുന്ന ഭാഷയില്‍ മൂല്യവര്‍ധനവിനെക്കുറിച്ച് സംസാരിക്കണം. കാരണം ലോകത്തില്‍ കയറ്റുമതിയും ഇറക്കുമതിയും വളരെ വേഗത്തിലാണ് നടക്കുന്നത്. ഈ വക സാധനങ്ങളാണ് ഇല്ലാത്തതു കാരണം വാങ്ങുന്നത്..

ഇന്ത്യ വിശാലമായ ഒരു രാജ്യമാണ്. കൃഷിയിടങ്ങളില്‍ നിന്ന് തുറമുഖങ്ങളിലേയ്ക്ക് വലിയ ദൂരം താണ്ടണം. എന്നിട്ടും ഉത്പ്പന്നം തിരസ്‌കരിക്കപ്പെടുന്നു. ഇത്തരം കാര്യങ്ങളെ കുറിച്ച് നിങ്ങളും ബോധവാന്മാരാണ്. ഇന്ത്യ മികച്ച ഒരു കമ്പളം നിര്‍മ്മിച്ചാല്‍ അതിനു പിന്നില്‍ ബാലവേലയുണ്ട് എന്നു പറഞ്ഞ് അതു തിരസ്‌കരിക്കപ്പെട്ടേക്കാം. അങ്ങിനെയാണ് കാര്യങ്ങള്‍. അവിടെ കൊണ്ട് വ്യാപാരം അവസാനിക്കുന്നു. ഈ തടസ്സങ്ങള്‍ മറികടക്കാന്‍ നമ്മുടെ അന്വേഷണവും കടലാസു പണികളും ശക്തമാക്കിയേ തീരു. ഇക്കാര്യങ്ങള്‍ നമ്മുടെ കൃഷിക്കാരുമായി പങ്കു വയ്ക്കണം. അനേകം രാജ്യങ്ങളുമായി ഈ അനീതിക്കെതിരെ ഞാന്‍ പോരാടുകയാണ്. നിയമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നതായും ഇവ ഇന്ത്യയിലെ കൃഷിക്കാരുടെ ഉത്പ്പന്നമാണ് എന്നും അവരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഞാന്‍ വല്ലാതെ ക്ലേശിക്കുന്നു. ഈ വ്യാഖ്യാനങ്ങളും അതിന്റെ അടിസ്ഥാനങ്ങളും തെറ്റാണ്.

ഇതു കാരണം നമ്മുടെ മാമ്പഴം മറ്റു രാജ്യങ്ങളിലേയ്ക്കു വളരെ ബുദ്ധിമുട്ടിയാണ് നാം കയറ്റി അയക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വളരെ ശക്തമായ ഒരു ലോബി നമുക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നു നാം കൃഷിക്കാരെ പറഞ്ഞു ബോധ്യപ്പെടുത്തണം. അതിനാല്‍ നാം നമ്മുടെ സംവിധാനവും സംസ്‌കരണവും ആഗോളതലത്തില്‍ ചിട്ടപ്പെടുത്തണം എന്ന് അവരോടു പറയണം.

ഒരിക്കല്‍ ഞാന്‍ ചുവപ്പു കോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഉത്പാദനത്തിലെ സീറോ ഡിഫക്ട്, സീറോ ഇഫക്ട് എന്നവിഷയത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. ഉത്പ്പന്നത്തിലായാലും അതിന്റെ പാക്കിംഗിലായാലും ശരി നാം ആഗോള നിലവാരം പിന്തുടരണം. ജൈവസാക്ഷ്യപത്രങ്ങള്‍ നല്കുന്ന സ്ഥാപനങ്ങളും പരീക്ഷണശാലകളും നമുക്ക് ഇല്ലെങ്കില്‍ നമ്മുടെ ജൈവ ഉത്പ്പന്നങ്ങള്‍ ഒരിക്കലും അന്താരാഷ്ട്ര വിപണിയില്‍ സ്വീകരിക്കപ്പെടുകയില്ല.

സുഗന്ധ വ്യാപാരത്തിന്റെ വളര്‍ച്ച് ഇന്ന് 40 ശതമാനമാണ്. ഈ വളര്‍ച്ച മുഴുവന്‍ കാര്‍ഷിക മേഖല അടിസ്ഥാനമാക്കിയാണ്. സുഗന്ധ വ്യാപാരത്തിന്റെ അടിസ്ഥാനം കാര്‍ഷിക മേഖലയായതിനാല്‍ ഇന്ത്യയെ പോലെ ഒരു രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ക്ക് അവിടെ സാധ്യതയുണ്ട്.അനേകം കാര്യങ്ങള്‍ നമുക്ക് ഈ മേഖലയുമായി ബന്ധപ്പെട്ട് ചെയ്യാനാവും. അതിനാല്‍ ഈ മേഖലയില്‍ വൈവിധ്യമാര്‍ന്ന സാധ്യതകള്‍ ഇന്ത്യയ്ക്കുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. സുഗന്ധവും സ്വാഭാവിക ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട മേഖലയില്‍ നമുക്ക് വലിയ സംഭാവനകള്‍ ചെയ്യാനാവും. അതിനാല്‍ അന്താരാഷ്ട്ര വിപണിയെ മുന്നില്‍ കണ്ട് നമുക്ക് ഏതൊക്കെ വിധത്തില്‍ നമ്മുടെ കൃഷിക്കാരെ സഹായിക്കാനാവും എന്നു നാം ചിന്തിക്കണം. കഴിഞ്ഞ ദിവസം ഗള്‍ഫിലെ ചില ആളുകളുമായി ഞാന്‍ സംസാരിക്കുകയായിരുന്നു. അവര്‍ക്ക് ഏതു തരത്തിലുള്ള പഴങ്ങളും പച്ചക്കറികളുമാണ് ആവശ്യമുള്ളത് എന്ന് ഞാന്‍ അവരോടു ചോദിച്ചു. അത്തരത്തില്‍ ഉത്പാദിപ്പിച്ച് സംസ്‌കരിച്ച് നല്കാന്‍ കൃഷിക്കാരോട് നമുക്ക് പറയുന്നതിനായിരുന്നു എന്റെ അന്വേഷണം. പക്ഷെ അവരുടെ തോട്ടങ്ങളില്‍ നിന്നു തന്നെ അവ വാങ്ങണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അതിനാല്‍ നിങ്ങള്‍ സ്വന്തമായി ശീതികരണ സംഭരണികളും, സംഭരണ കേന്ദ്രങ്ങളും, ഗതാഗത സംവിധാനങ്ങളും വികസിപ്പിക്കുക. മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളെയും തീറ്റി പോറ്റാനുള്ള ഉത്തരവാദിത്വം എന്റെ രാജ്യത്തെ കൃഷിക്കാര്‍ക്കാണ്.

ഈ വിഷയം നിരവധി രാജ്യങ്ങളുമായി ഞാന്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. എന്തായാലും നിങ്ങളുടെ കഠിനാധ്വാനം ഫലം കാണാന്‍ പോവുകയാണ് എന്നു നിങ്ങളോടു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതായിരുന്നില്ല മുന്‍ കാലങ്ങളിലെ സ്ഥിതി. ഉദ്യോഗസ്ഥര്‍ക്കാണ് ഇക്കാര്യം മറ്റാരെക്കാളും നന്നായി അറിയാവുന്നത് എന്ന് ഞാന്‍ അവരോടു പറഞ്ഞു. ഇത്തരത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ല എന്ന് അവര്‍ എന്നോടും പറഞ്ഞു. ഇത് ആദ്യമായാണ് കാര്‍ഷിക സാമ്പത്തിക വിദഗ്ധരും ശാസ്ത്രജ്ഞരും കൃഷിക്കാരും നയരൂപീകരണ വിദഗ്ധരും ഒന്നിച്ചിരുന്ന ചര്‍ച്ചകളും സംവാദങ്ങളും നടത്തുന്നത്.
ഈ യത്‌നം ശരിയായ ദിശയിലാണ് പോകുന്നത് എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്തെങ്കിലും നടപടി പെട്ടെന്ന് ഉണ്ടായില്ല എന്നു കരുതി നിരാശപ്പെടരുത്. ചില കാര്യങ്ങള്‍ നടപ്പാക്കാന്‍ അല്പം കാല താമസം വരും. അത്തരത്തിലാണ് നമ്മുടെ ഭരണ സംവിധാനം. ചെറിയ സ്‌കൂട്ടര്‍ ഓടിക്കാന്‍ കുറച്ചു സമയം മതി. പക്ഷെ വലിയ ട്രെയിന്‍ കൂടുതല്‍സമയം എടുക്കും. പക്ഷെ ഞാന്‍ വാക്കു തരുന്നു, നാം ഒന്നിച്ച് ഇതു ചെയ്തിരിക്കും.

ഈ ജോലി നിങ്ങളാണ് ചെയ്യേണ്ടത്. പൂര്‍ണവിശ്വാത്തോടെ ഞാന്‍ പറയുന്നു നാം ഇതു പൂര്‍ത്തിയാക്കിയിരിക്കും. കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ നാം ഒരുമിച്ചു പ്രവര്‍ത്തിക്കും.2022 ല്‍ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുക എന്ന നമ്മുടെ പ്രതിജ്ഞ നമുക്കു നിറവേറ്റണം. അത് കാര്‍ഷികോത്പ്പന്നങ്ങളിലൂടെ, മൃഗസംരക്ഷണത്തിലൂടെ, മധുര വിപ്ലവത്തിലൂടെ, നീല വിപ്ലവത്തിലൂടെ ഒക്കെയാകും. കൃഷിക്കാരുടെ വികസനവുമായി ബന്ധപ്പെട്ട എല്ലാ വഴികളിലൂടെയും നാം നടക്കും. ഈ പ്രതീക്ഷയോടെ ഞാന്‍ നിങ്ങളുടെഎല്ലാവരുടെയും സംഭാവനകള്‍ക്ക് കൃതജ്ഞത അര്‍പ്പിക്കുന്നു.

നിങ്ങള്‍ക്കു നന്ദി.

***