Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാലസ്തീന്‍ സന്ദര്‍ശനവേളയില്‍ (2018 ഫെബ്രുവരി 10) പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവന


ആദരണീയനായ പ്രസിഡന്റ് മെഹമ്മൂദ് അബ്ബാസ്

പാലസ്തീനിലേയും ഇന്ത്യയിലേയും പ്രതിനിധി സംഘങ്ങളിലെ അംഗങ്ങളെ,

മാധ്യമ പ്രതിനിധികളെ, സഹോദരീ, സഹോരന്മാരെ,

ഷബ്ബാ-ആല്‍-ഖൈര്‍ (സുപ്രഭാതം)

ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഏറ്റവും സന്തോഷം നല്‍കുന്നതാണ് റമള്ളയില്‍ തന്റെ ആദ്യ സന്ദര്‍ശനത്തിന് വരികയെന്നത്.

എന്നോട് ആദരവ് പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞ വാക്കുകള്‍ക്കും എനിക്കും എന്റെ പ്രതിനിധിസംഘത്തിനും നല്‍കിയ ഊഷ്മളവും പ്രൗഢഗംഭീരവുമായ സ്വാഗതത്തിനും ഞാന്‍ പ്രസിഡന്റ് അബ്ബാസിന് നന്ദി പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്.
എക്‌സലന്‍സി, പാലസ്തീനിലെ ഏറ്റവും വലിയ ബഹുമതി പുരസ്‌ക്കാരം താങ്കള്‍ സ്‌നേഹപൂര്‍വ്വം എനിക്ക് സമ്മാനിച്ചു. ഇത് ഇന്ത്യക്കാകമാനം ലഭിച്ച വലിയ ബഹുമതിയും, ഇന്ത്യയും പാലസ്തീനുംതമ്മിലുള്ള സൗഹൃദത്തിന്റെയും നല്ല ബന്ധത്തിന്റെയും അടയാളവുമാണ്.

ഇന്ത്യയും പാലസ്തീനും തമ്മിലുള്ള ചരിത്രപരമായ ബന്ധം കാലത്തെ അതിജീവിച്ച് നില്‍ക്കുകയാണ്. പാലസ്തീനുള്ള നമ്മുടെ അണമുറിയാത്തതും ദൃഢവുമായ പിന്തുണയ്ക്ക് എന്നും നമ്മുടെ വിദേശനയത്തില്‍ മുഖ്യസ്ഥാനമുണ്ട്.

അതുകൊണ്ടുതന്നെ ഇവിടെ റമള്ളയില്‍ ഇന്ത്യയുടെ വളരെ പഴയ സുഹൃത്തുകൂടിയായ പ്രസിഡന്റ് മെഹമ്മൂദ് അബ്ബാസുമൊത്ത് നില്‍ക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. കഴിഞ് മേയില്‍ അദ്ദേഹം ഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ സ്വീകരിക്കാനുള്ള വിശേഷാവസരം എനിക്ക് ലഭിച്ചിരുന്നു. നമ്മുടെ സൗഹൃദവും ഇന്ത്യയുടെ പിന്തുണയും പുതുക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

ഈ സന്ദര്‍ശനത്തിനിടയില്‍ എനിക്ക് അബു ഒമറിന്റെ ശവകൂടീരത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ അവസരം ലഭിച്ചു. തന്റെ കാലത്തെ ഏറ്റവും ഉന്നതനായ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. പാലസ്തീന് വേണ്ടിയുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ പങ്ക് മുമ്പൊന്നുമില്ലാത്തതരത്തിലുള്ളതായിരുന്നു. ഇന്ത്യയുടെ ബഹുമാന്യനായ ഒരു സുഹൃത്ത് കൂടിയായിരുന്നു അബു ഒമര്‍. അദ്ദേഹത്തിന് സമര്‍പ്പിച്ച മ്യൂസിയം സന്ദര്‍ശിച്ചത് മറക്കാനാകാത്ത ഒരു അനുഭവമാണ്. അബു ഒമറിന് ഒരിക്കല്‍ കൂടി എന്റെ ഹൃദയം നിറഞ്ഞ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

സഹോദരി, സഹോദരന്മാരെ,

നിരന്തരം അഭിമുഖീകരിക്കേണ്ടി വന്ന വെല്ലുവിളികളോടും പ്രതിസന്ധികളോടും അസാധാരണമായ ധൈര്യവും സ്ഥിരോത്സാഹവുമാണ് പാലസ്തീനിലെ ജനങ്ങള്‍ പ്രകടിപ്പിച്ചത്. അസ്ഥിരതയും സുരക്ഷയില്ലായ്മയും നിലനിന്ന ഒരു കാലത്താണ് നിങ്ങള്‍ സാഹചര്യങ്ങളെ നേരിടുന്നതിന് പാറപോലെ ഉറച്ച നിശ്ചയദാര്‍ഢ്യം പ്രകടിപ്പിച്ചത്. ആ അസ്ഥിരതയും സുരക്ഷയില്ലായ്മയും പുരോഗതിയെ ഇല്ലാതാക്കുകയും ആപത്ഘട്ടത്തിലേക്ക് തള്ളിവിടുകയും ചെയ്തു. ആ സാഹചര്യത്തിലാണ് ഉറച്ച ദൃഢനിശ്ചയത്തിലൂടെ ഇന്ന് കൈവരിച്ച നേട്ടങ്ങള്‍ക്കായി കഠിനമായ പോരാട്ടം നടത്തിയതും.

വെല്ലുവിളികളും പ്രതിസന്ധികളും മറികടന്നുകൊണ്ട് നിങ്ങള്‍ മുന്നോട്ടു നടത്തിയ പ്രയാണം പ്രശംസനിയമാണ്. ഒരു നല്ല നാളെയ്ക്ക് വേണ്ടിയുള്ള പരിശ്രമങ്ങളില്‍ നിങ്ങള്‍ പ്രകടിപ്പിക്കുന്ന ഊര്‍ജ്ജസ്വലതയും വിശ്വാസവും അഭിനന്ദിനീയവുമാണ്.
പാലസ്തീന്റെ രാഷ്ട്ര നിര്‍മ്മാണ പരിശ്രമങ്ങളുമായി സഹകരിക്കുന്ന പഴക്കംചെന്ന സഖ്യകക്ഷിയാണ് ഇന്ത്യ. പരിശീലനം, സാങ്കേതികവിദ്യ, പശ്ചാത്തല സൗകര്യവികസനം, പദ്ധതി സഹായം, ബജറ്റിലൂടെയുള്ള സഹായം എന്നീ മേഖലകളില്‍ നാം തമ്മില്‍ സഹകരണമുണ്ട്.

നമ്മുടെ പുതിയ സംരംഭത്തിന്റെ ഭാഗമായി ഇവിടെ റമള്ളയില്‍ ഒരു സാങ്കേതികവിദ്യാ പാര്‍ക്ക് പദ്ധതി നടപ്പാക്കുകയാണ്. അത് നിര്‍മ്മാണത്തിലാണ്. നിര്‍മ്മാണം പൂര്‍ത്തിയായി കഴിയുമ്പോള്‍ തൊഴിലൂം നൈപുണ്യവും വര്‍ദ്ധിപ്പിക്കുന്ന ഒരു കേന്ദ്രമായി ഈ സ്ഥാപനം മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

റമള്ളയില്‍ ഒരു നയതന്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനും ഇന്ത്യ സഹകരിക്കുന്നുണ്ട്. പാലസ്തിനിലെ യുവ നയതന്ത്രജ്ഞര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയുന്ന ലോകനിലവാരത്തിലുള്ള ഒരു സ്ഥാപനമായി ഇത് മാറുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
ദീര്‍ഘകാല-ഹ്രസ്വകാല കോഴ്‌സുകള്‍ക്കുള്ള പരസ്പര പരിശീലനവും നമ്മുടെ കാര്യശേഷി നിര്‍മ്മാണ സഹകരണത്തില്‍ ഉള്‍പ്പെടുന്നുണ്ട്. പാലസ്തീന് ഇന്ത്യയിലെ ധനകാര്യ, മാനേജ്‌മെന്റ്, ഗ്രാമവികസനം, വിവരസാങ്കേതികവിദ്യ, തുടങ്ങി വിവിധ മേഖലകളില്‍പ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരിശീലനത്തിന് നല്‍കിയിരുന്ന സ്‌കോളര്‍ഷിപ്പും അടുത്തിടെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഈ സന്ദര്‍ശനത്തില്‍ നാം നമ്മുടെ വികസന സഹകരണം കൂടുതല്‍ വികസിപ്പിക്കുന്നുവെന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യവികസനം, സ്ത്രീശാക്തീകരണ കേന്ദ്രം, അച്ചടികേന്ദ്രങ്ങള്‍ തുടങ്ങിയ പദ്ധതികളില്‍ ഇന്ത്യ തുടര്‍ന്നും പാലസ്തിനില്‍ നിക്ഷേപം നടത്തും.

വളരെ ഊര്‍ജ്ജസ്വലമായ ഒരു പാലസ്തീന്‍ രാജ്യത്തിന്റെ നിര്‍മ്മിതിക്ക് വേണ്ട ഇഷ്ടികകളായാണ് ഞങ്ങള്‍ ഈ സംഭാവനകളെ പരിണഗിക്കുന്നത്.

മന്ത്രിതല സംയുക്ത കമ്മിഷന്‍ യോഗങ്ങളിലൂടെ ഉഭയകക്ഷിബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കാനും ഞങ്ങള്‍ യോജിപ്പിലെത്തിയിട്ടുണ്ട്.

ആദയമായി ഇന്ത്യയും പാലസ്തീനും തമ്മിലുള്ള യുവജനതാ കൈമാറ്റം കഴിഞ്ഞവര്‍ഷം നടന്നിരുന്നു. നമ്മുടെ യുവജനങ്ങളില്‍ നിക്ഷേപിക്കുന്നതും അവരുടെ നൈപുണ്യവികസനവുമായി സഹകരിക്കുന്നതും ബന്ധങ്ങളില്‍ പങ്കാളിത്ത മുന്‍ഗണനയുള്ളതാണ്.

പാലസ്തീനെപ്പോലെ ഇന്ത്യയും ഒരു യുവരാജ്യമാണ്. ഇന്ത്യയിലെ യുവജനങ്ങളെക്കുറിച്ചുള്ളതുപോലുള്ള അഭിലാഷങ്ങളാണ് ഞങ്ങള്‍ക്ക് പാലസ്തീനിലെ യുവജനതയെക്കുറിച്ചുള്ളത്. അത് സമ്പല്‍സമൃദ്ധിക്കും പുരോഗതിക്കും സ്വയം പര്യാപ്തതയ്ക്കുമുള്ള അവസരങ്ങള്‍ നല്‍കുന്നതാണ്. അവരാണ് നമ്മുടെ ഭാവിയും സൗഹൃദത്തിന്റെ അന്തരാവകാശികളും.

ഈ വര്‍ഷം യുവജനജങ്ങളുടെ കൈമാറ്റം 50ല്‍ നിന്നും 200ആയി വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

സഹോദരീ, സഹോദരന്മാരെ,

പാലസ്തീന്‍ ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് ഇന്ന് പ്രസിഡന്റ് അബ്ബാസ്സുമായി നടന്ന ഞങ്ങളുടെ ചര്‍ച്ചകളില്‍ ഞാന്‍ ഒരിക്കല്‍ കൂടി ഉറപ്പുനല്‍കിയിട്ടുണ്ട്.

സമാധാനപരമായ അന്തരീക്ഷത്തില്‍ വളരെ വേഗത്തില്‍ തന്നെ പാലസ്തീന്‍ ഒരു സ്വതന്ത്ര പരമാധികാര രാജ്യമായി മാറുമെന്ന് ഇന്ത്യ ആശിക്കുന്നു.

പാലസ്തീന്റെ സമാധാനവും സുരക്ഷയും സമാധാനശ്രമങ്ങളുമായി ബന്ധപ്പെട്ട പ്രാദേശികവും ആഗോളതലത്തിലുള്ളതുമായ സമീപകാല വിഷയങ്ങളെക്കുറിച്ച് ഞാനും പ്രസിഡന്റ് അബ്ബാസും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

ഈ മേഖലയില്‍ സമാധാനവും സ്ഥിരതയുമാണ് ഇന്ത്യ അതിയായി ആഗ്രഹിക്കുന്നത്.
പാലസ്തീന്‍ പ്രശ്‌നത്തിനുള്ള സ്ഥായിയായ പരിഹാരം അന്തിമമായി അടങ്ങിയിരിക്കുന്നത് ഒത്തുതീര്‍പ്പുകളിലും സമാധാനപരമായ സഹവര്‍ത്തിത്വം ഏത് വഴിയില്‍ കൂടി ഉറപ്പാക്കാമെന്ന് മനസിലാക്കുന്നതിലുമാണ്.

ആഗാധമായ നയന്ത്രജ്ഞതയ്ക്കും വിവേകത്തിനും മാത്രമേ അക്രമത്തിന്റെ ഈ ചാക്രികത്തില്‍ നിന്നും ചരിത്രത്തിന്റെ ഭാരത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിത്തരാനാകൂ.

അത് അത്ര എളുപ്പമല്ലെന്ന് ഞങ്ങള്‍ക്കറിയാം. ഇവിടെ അപകടസ്ഥതി വളരെ ഗുരുതതരമായതുകൊണ്ട് അതിന് വേണ്ടി നാം നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കണം.
യുവര്‍ എക്‌സലന്‍സി, നിങ്ങളുടെ അതിശയകരമായ അതിഥിസല്‍ക്കാരത്തിന് ഞാന്‍ എന്റെ ഹൃദയംഗമായ നന്ദിരേഖപ്പെടുത്തുന്നു.

പാലസ്തിനിലെ ജനങ്ങളുടെ സമ്പല്‍സമൃദ്ധിക്കും പുരോഗതിക്കും ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഊഷ്മളമായ ആശംസകള്‍ അര്‍പ്പിക്കുന്നു.

നന്ദി

ഷുക്രന്‍ഷാജേലന്‍!

***