Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഓഖി ചുഴലിക്കാറ്റ് : കേരളം, ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവിടങ്ങളിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നാളെ സന്ദര്‍ശിക്കും


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ലക്ഷദ്വീപ്, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സ്ഥിതി കവരത്തി, കന്യാകുമാരി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി അവലോകനം ചെയ്യും. ഉദ്യോഗസ്ഥരുമായും, ജനപ്രതിനിധികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മത്സ്യത്തൊഴിലാളികള്‍, കര്‍ഷക പ്രതിനിധി സംഘങ്ങള്‍ മുതലായവര്‍ ഉള്‍പ്പെടെയുള്ള ചുഴലിക്കാറ്റ് ദുരിതബാധിതരെയും പ്രധാനമന്ത്രി കാണും.

കഴിഞ്ഞ മാസം അവസാനവും ഈ മാസം ആദ്യവും ഉണ്ടായ ഓഖി ചുഴലിക്കാറ്റ് കേരളത്തിന്റെയും, തമിഴ്‌നാടിന്റെയും, ലക്ഷദ്വീപിന്റെയും ചിലഭാഗങ്ങളെ രൂക്ഷമായി ബാധിച്ചു.

ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നിരന്തരം നിരീക്ഷിക്കുകയുണ്ടായി. ബന്ധപ്പെട്ട അധികാരികളുമായും, ഉദ്യോഗസ്ഥരുമായും അദ്ദേഹം സംസാരിച്ചു.

പ്രതിരോധ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ കന്യാകുമാരി ജില്ലയിലെയും, തിരുവനന്തപുരം ജില്ലയിലെയും ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങള്‍ ഈ മാസം 3, 4 തീയതികളില്‍ സന്ദര്‍ശിച്ചിരുന്നു. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ശ്രീ. പി.കെ. സിന്‍ഹയുടെ അദ്ധ്യക്ഷതയില്‍ ദേശീയ ക്രൈസിസ്സ് മാനേജ്മെന്റ് കമ്മറ്റി ഈ മാസം നാലാം തീയതി യോഗം ചേര്‍ന്ന് ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിലെ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിരുന്നു.

തീര സംരക്ഷണ സേന, വ്യോമസേന, നാവിക സേന, ദേശീയ ദുരന്ത പ്രതികരണ സേന എന്നിവയുള്‍പ്പെടെ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റ് ഏജന്‍സികള്‍ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ദുരന്ത ബാധിത മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ നേരിടുന്നതിന് 2017-18 ല്‍ സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേയ്ക്കുള്ള (എസ്.ഡി.ആര്‍.എഫ്) രണ്ടാം ഗഡു കേന്ദ്ര ഗവണ്‍മെന്റ് കേരള, തമിഴ്‌നാട് ഗവണ്‍മെന്റുകള്‍ക്ക് അനുവദിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേയ്ക്കുള്ള കേന്ദ്ര വിഹിതം കേരളത്തിന് 153 കോടി രൂപയും, തമിഴ് നാടിന് 561 കോടി രൂപയുമാണ്.

ഓഖി ചുഴലിക്കാറ്റിന്റെ പ്രഭാവം കുറഞ്ഞതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഈ മാസം 5 ന് ശേഷം കേന്ദ്ര ഏജന്‍സികള്‍, വിവിധ സംസ്ഥാന ഏജന്‍സിക, പ്രദേശിക ഭരണകൂടങ്ങള്‍, ജാഗരൂകരായ പൗരന്മാര്‍ തുടങ്ങിയവരെ, അവര്‍ കാഴ്ച വച്ച സ്തുത്യര്‍ഹമായ തയ്യാറെടുപ്പുകള്‍ക്കും പ്രതികൂലാവസ്ഥയില്‍ ജനങ്ങളെ സഹായിച്ചതിനും ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു. നേരത്തെ ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് തന്റെ ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി അറിയിച്ചിരുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹപൗരന്മാരെ സഹായിക്കാന്‍ അദ്ദേഹം ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.