Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആസിയാനും ഇന്ത്യയും:


Malayalam Release
ID:
ASEAN-India: Shared values, common destiny: Narendra Modi

ഇന്ത്യയും ആസിയാനും തമ്മിലുള്ള പങ്കാളിത്തവുമായി ബന്ധപ്പെട്ടു തന്റെ വീക്ഷണങ്ങള്‍ ‘ആസിയാനും-ഇന്ത്യയും പങ്കാളിത്ത മൂല്യങ്ങളും പൊതു ഭാഗധേയങ്ങളും’ എന്ന എഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വ്യക്തമാക്കുന്നു. ആസിയാന്‍ അംഗരാജ്യങ്ങളിലെ പ്രധാനപ്പെട്ട ദിനപത്രങ്ങളിലെല്ലാം തന്നെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ലേഖനത്തിന്റെ പൂര്‍ണരൂപം താഴെ കൊടുക്കുന്നു.

‘ആസിയാനും ഇന്ത്യയും: പങ്കാളിത്ത മൂല്യങ്ങളും പൊതു ഭാഗധേയങ്ങളും’: നരേന്ദ്രമോദി
ഇന്നു നമ്മുടെ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ആസിയാന്‍ രാജ്യങ്ങളിലെ നേതാക്കളായ 10 വിശിഷ്ടാതിഥിതികള്‍ക്ക് ആതിഥേയത്വമരുളാനുള്ള ബഹുമതി 125 കോടി ഇന്ത്യക്കാര്‍ക്കു കൈവരികയാണ്.
ഈ വ്യാഴാഴ്ച ആസിയാന്‍-ഇന്ത്യാ പങ്കാളിത്തിന്റെ കനജൂബിലി ആഘോഷ ഉച്ചകോടിക്കെത്തിയ ആസിയാന്‍ നേതാക്കള്‍ക്ക് ആതിഥ്യമരുളാനുള്ള ഭാഗ്യം എനിക്കും ലഭിക്കുകയാണ്. നമ്മോടൊപ്പമുള്ള അവരുടെ സാന്നിധ്യം ആസിയാന്‍ രാജ്യങ്ങളില്‍നിന്നു മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള സൗമനസ്യത്തിന്റെ പ്രകടനം കൂടിയാണ്. ഇതിനോട് പ്രതികരിച്ചുകൊണ്ട് ഒരു ശീതകാലപ്രഭാതത്തില്‍ സൗഹൃദത്തിന്റെ ഊഷ്മളമായ ആലിംഗനത്തിന് ഇന്ത്യ തയ്യാറായിട്ടുമുണ്ട്.
ഇതൊരു സാധാരണ സംഭവമല്ല. ഇതു ചരിത്രപരമായ ഒരു നാഴികക്കല്ലാണ്. മാനവരാശിയുടെ ഏകദേശം കാല്‍ഭാഗത്തോളം വരുന്ന, ഇന്ത്യയിലും ആസിയാന്റെ രാഷ്ട്രങ്ങളിലുംകൂടിയുള്ള 190 കോടി ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്ന തരത്തില്‍ ഇന്ത്യയും ആസിയാനും തമ്മിലുള്ള പങ്കാളിത്തം ദൃഢമാക്കുന്ന തരത്തിലുള്ള ശ്രദ്ധേയമായ യാത്രയാണ്. ഇന്ത്യയും ആസിയാനും തമ്മിലുള്ള ബന്ധത്തിന് 25 വര്‍ഷത്തെ പഴക്കമേ കാണാനിടയുള്ളു. എന്നാല്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് രണ്ട് സഹസ്രാബ്ദത്തിലേറെ പഴക്കമുണ്ട്. സമാധാനവും സൗഹൃദവും, മതവും സംസ്‌ക്കാരവും, കലയും വാണിജ്യവും, ഭാഷയും സാഹിത്യവുമൊക്കെ കൂട്ടിക്കെട്ടിയുള്ള ഈ ശാശ്വതമായ ബന്ധം ഇന്ന് ഇന്ത്യയുടെയും തെക്കുകിഴക്കന്‍ ഏഷ്യയുടെയും ഗംഭീരമായ വൈവിധ്യത്തിന്റെ എല്ലാ തലങ്ങളിലും കാണാം. അതിലൂടെ നമ്മളുടെ ജനങ്ങള്‍ക്ക് ക്ഷേമത്തിന്റെ സവിശേഷമായ ഒരു ആവരണം നല്‍കുന്നുണ്ട്.

രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യ ഘടനാപരമായ മാറ്റങ്ങളിലൂടെ ലോകത്തിന് അതിനെ തുറന്നുകൊടുത്തു. നൂറ്റാണ്ടുകളായി മൂര്‍ച്ചകൂട്ടിവരുന്ന സഹജാവബോധത്തിന്റെ അടിസ്ഥാനത്തില്‍ സ്വാഭവികമായി അത് കിഴക്കോട്ടു തിരിയുകയായിരുന്നു. അതോടെ കിഴക്കുമായുള്ള ഇന്ത്യയുടെ പുനര്‍സംയോജനം ആരംഭിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മുടെ പ്രധാനപ്പെട്ട പങ്കാളികളും വിപണികളും കിടക്കുന്നത് ആസിയാനിലും കിഴക്കന്‍ ഏഷ്യയിലും തുടങ്ങി വടക്കേ അമേരിക്ക വരെയാണ്-എല്ലാം കിഴക്ക് കിടക്കുന്നവ. എന്നാല്‍ കരയിലും കടലിലും നമ്മുടെ അയല്‍ക്കാരായ തെക്കുകിഴക്കന്‍ ഏഷ്യയും ആസിയാനുമാണ് കിഴക്കന്‍ നാടുകളോടുള്ള നമ്മുടെ പ്രിയം വര്‍ധിപ്പിക്കുകയും കഴിഞ്ഞ മൂന്നു വര്‍ഷത്തെ ‘ആക്റ്റ് ഈസ്റ്റ്’ നയത്തിനു സ്പ്രിങ്‌ബോര്‍ഡായി മാറുകയും ചെയ്തത്.

സംഭാഷണ പങ്കാളികള്‍ എന്ന നിലയില്‍ നിന്നും ആസിയാനും ഇന്ത്യയും തന്ത്രപരമായ പങ്കാളികള്‍ എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. 30 വഴികളിലൂടെ നമ്മുടെ പങ്കാളിത്തം ഒരുപാട് മുന്നേറിയിട്ടുമുണ്ട്. ഓരോ ആസിയാന്‍ അംഗങ്ങളുമായും നമുക്ക് വളര്‍ന്നുവരുന്ന നയതന്ത്രപരവും സാമ്പത്തികവും സുരക്ഷാരവുമായ പങ്കാളിത്തമുണ്ട്. നമ്മുടെ കടല്‍ സംരക്ഷിക്കുന്നതിനും ഭദ്രമാക്കുന്നതിനുമായി നാം ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണ്. നമ്മുടെ വ്യാപാര നിക്ഷേപ ഒഴുക്ക് നിരവധി ഇരട്ടി വര്‍ധിച്ചു. ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ആസിയാന്‍; ഇന്ത്യ ആസിയാന്റെ ഏഴാമത്തേതും. ഇന്ത്യയിലെ അതിര്‍ത്തികടന്നുള്ള നിക്ഷേപത്തിന്റെ 20% ശതമാനത്തിലേറെയും ആസിയാനിലേതാണ്. സിംഗപ്പൂരാണ് അതില്‍ മുന്നില്‍ നില്‍ക്കുന്നത്. നിക്ഷേപത്തില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസാണ് ആസിയാന്‍. ഈ മേഖലയിലുള്ള ഇന്ത്യയുടെ സ്വതന്ത്രവ്യാപാര കരാര്‍ പഴക്കമുള്ളതും വളരെ ഉല്‍കര്‍ഷേച്ഛ നിറഞ്ഞതുമാണ്.

വ്യോമയാന ബന്ധങ്ങള്‍ വേഗത്തില്‍ വികസിപ്പിച്ചതിന് പുറമെ ഇപ്പോള്‍ ഭൂഖണ്ഡത്തില്‍ തെക്കുകിഴക്ക് ഏഷ്യവരെയുള്ള ഹൈവേ വ്യാപിപ്പിക്കല്‍ വളരെ ധൃതിയിലും മുന്‍ഗണനയോടെയും നടപ്പാക്കിവരികയാണ്. ഇത് ഇന്ത്യയെ തെക്കുകഴിക്കന്‍ ഏഷ്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിനുള്ള പ്രധാന സ്രോതസു കൂടിയാണ്. ഈ മേഖലയിലുള്ള ശക്തമായ 60 ലക്ഷം ഇന്ത്യന്‍ ജനവിഭാഗങ്ങള്‍ വൈവിധ്യത്തിന്റെ അടിവേരാകുകയും ഊര്‍ജസ്വലത നല്‍കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല ഇത് നമ്മള്‍ തമ്മില്‍ അതിവിശിഷ്ടമായ ഒരുമനുഷ്യബന്ധവും ഉണ്ടാക്കുന്നു.
ഓരോ ആസിയാന്‍ രാജ്യത്തെയുംകുറിച്ചുള്ള തന്റെ വീക്ഷണം പ്രധാനമന്ത്രി താഴെപ്പറയുന്ന തരത്തില്‍ പങ്കുവയ്ക്കുന്നു.

തായ്‌ലന്‍ഡ്
ആസിയാനില്‍ ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ പ്രധാനപ്പെട്ട ഒരു പങ്കാളിയായി ഉയര്‍ന്നുവരുന്ന രാജ്യമാണ് തായ്‌ലന്‍ഡ്. മാത്രമല്ല, ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന പ്രധാനപ്പെട്ട ഒരു ആസിയാന്‍ രാജ്യം കൂടിയാണ്. കഴിഞ്ഞ പതിറ്റാണ്ടില്‍ ഇന്ത്യയും തായ്‌ലന്‍ഡും തമ്മിലുള്ള ഉഭയകക്ഷിവ്യാപാരം ഇരട്ടിയിലധികമായി. ഇന്ത്യയും തായ്‌ലന്‍ഡും തമ്മിലുള്ള ബന്ധം നിരവധി മേഖലകളിലായി വ്യാപിച്ചുകിടക്കുകയാണ്. തെക്ക്-തെക്കുകിഴക്കന്‍ ഏഷ്യയെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട മേഖലാ പങ്കാളികളുമാണ് നമ്മള്‍. ആസിയാന്‍, കിഴക്കന്‍ ഏഷ്യന്‍ ഉച്ചകോടി, ബിംസ്‌റ്റെക് (ദി ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി-സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ-ഓപ്പറേഷന്‍) എന്നിവയില്‍ നമ്മള്‍ അടുത്ത് സഹകരിക്കുന്നുണ്ട്. കൂടാതെ മെക്കോംഗ് ഗംഗാ സഹകരണത്തിന്റെ ചട്ടക്കൂട് തയാറാക്കുന്നതിലും ഏഷ്യ സഹകരണ ചര്‍ച്ചയിലും ഇന്ത്യന്‍ മഹാസമുദ്ര റിം അസോസിയേഷനിലും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. 2016ല്‍ തായ്‌ലന്‍ഡ് പ്രധാനമന്ത്രി നടത്തിയ ഇന്ത്യാ സന്ദര്‍ശനം ഉഭയകക്ഷി ബന്ധങ്ങളില്‍ ദീര്‍ഘകാലം നിണ്ടുനില്‍ക്കുന്ന ഒരു സുശക്തഫലം ഉളവാക്കുകയും ചെയ്തിട്ടുണ്ട്.
മഹാനും ജനപ്രിയനുമായ രാജാവ് ബൂമിബോള്‍ ആദുള്യജേയുടെ നിര്യാണത്തില്‍ തങ്ങളുടെ തായ് സഹോദരീ സഹോദരന്മാരോടൊപ്പം ഇന്ത്യ ഒന്നാകെ ദുഃഖം രേഖപ്പെടുത്തിയിരുന്നു. പുതിയ രാജാവായ ആദരണീയനായ രാജാവ് മഹാ വജ്രലോങ്കോണ്‍ ബോധിന്ദ്രദേബയാവരങ്കുനിനു ദീര്‍ഘകാലം സുഖവും സമൃദ്ധിയും ശാന്തതയുമുള്ള ഭരണം നടത്താന്‍ കഴിയുമാറാകട്ടെ എന്ന് തായ്‌ലന്‍ഡിലെ ജനങ്ങളോടൊപ്പം ചേര്‍ന്ന് ഇന്ത്യയും പ്രാര്‍ത്ഥിച്ചിരുന്നു.

വിയറ്റ്‌നാം

പരമ്പരാഗതമായി വളരെ അടുപ്പമുള്ളതും സൗഹൃദപരവുമായ ബന്ധത്തിന്റെ വേരുകള്‍ കിടക്കുന്നത് വൈദേശികാധിപത്യത്തില്‍നിന്നുള്ള മോചനത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി അവര്‍ നടത്തിയ ചരിത്രപരമായ പോരാട്ടത്തിലാണ്. കോളനിവാഴ്ചയ്‌ക്കെതിരെയുള്ള ചരിത്രപരമായ പോരാട്ടത്തില്‍ നമ്മുടെ ജനങ്ങളെ നയിച്ചത് മഹാത്മാഗാന്ധിയെയും പ്രസിഡന്റ് ഹോ-ചിമിനെയും പോലുള്ള നേതാക്കന്‍മാരാണ്. 2007ല്‍ പ്രസിഡന്റ നുഗ്യാന്‍ ടാന്‍ ദുംഗ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നമ്മള്‍ തന്ത്രപ്രധാനമായ പങ്കാളിത്ത കരാര്‍ ഒപ്പിട്ടിരുന്നു. 2016ല്‍ എന്റെ വിയറ്റ്‌നാം സന്ദര്‍ശനത്തോടെ തന്ത്രപരമായ പങ്കാളിത്തമെന്നതു സമഗ്ര തന്ത്രപ്രധാനമായ പങ്കാളിത്തമായി മാറി. വളര്‍ന്നുവരുന്ന സാമ്പത്തിക, വാണിജ്യ ഇടപാടുകള്‍ ഇന്ത്യയും വിയറ്റ്‌നാമുമായുള്ള ബന്ധം അടയാളപ്പെടുത്തുന്നതാണ്. 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ പത്തുമടങ്ങ് വളര്‍ച്ചയാണ് ഉണ്ടായത്. പ്രതിരോധ മേഖലയിലെ സഹകരണം ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഏറ്റവും സവിശേഷമായ സ്തംഭമായി വളര്‍ന്നുകഴിഞ്ഞു. ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള സഹകരണത്തിന്റെ മറ്റൊരു മേഖലയാണ് ശാസ്ത്ര-സാങ്കേതിക രംഗം.

മ്യാന്‍മര്‍

ഇന്ത്യയും മ്യാന്‍മറും തമ്മില്‍ കരയില്‍ 1600 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്, അതുപോലെ സമുദ്രത്തിലും. നമ്മുടെ ആഴത്തിലുള്ള ബന്ധുത്വത്തില്‍ നിും ബുദ്ധമത പാരമ്പര്യത്തില്‍ നിന്നും ഒഴുകുന്ന മതവും സംസ്‌ക്കാരവും ഒപ്പം നമ്മുടെ ചരിത്രപങ്കാളിത്തത്തിന്റെ കഴിഞ്ഞകാലങ്ങളും നമ്മെ ശക്തമായി ബന്ധിപ്പിക്കുന്നു. ദീപ്തമായ ഷേവാംഗ് പഗോഡയെക്കാള്‍ മറ്റൊന്നും കൂടുതലായി തിളങ്ങുന്നില്ല. ഈ പങ്കാളിത്ത പാരമ്പര്യത്തിന്റെ സൂചകമാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സഹായത്തോടെ ആനന്ദക്ഷേത്രം പുനഃസ്ഥാപിക്കാനുള്ള സഹകരണം.
കോളനികാലത്ത് നമ്മുടെ നേതാക്കള്‍ തമ്മില്‍ രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടായിരുന്നു. സ്വാതന്ത്ര്യം എന്ന പൊതു ആവശ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ അവര്‍ വളരെയധികം ബുദ്ധിയും പ്രത്യാശയും ഐക്യവും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഗാന്ധിജി യാങ്‌ഗോം നിരവധി തവണ സന്ദര്‍ശിച്ചിരുന്നു. നിരവധി വര്‍ഷത്തേക്ക് ബാലഗംഗാധര തിലകനെ യാങ്‌ഗോങ്ങിലേക്ക് നാടുകടത്തുകയും ചെയ്തിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നേതാജി സുഭാഷ്ചന്ദ്രബോസ് മുഴക്കിയ കാഹളം മ്യാന്‍മറിലെ നിരവധി പേരുടെ ചിന്തകളെ ഇളക്കിമറിച്ചിരുന്നു.

കഴിഞ്ഞ പതിറ്റാണ്ടില്‍ നമ്മുടെ വ്യാപാരം ഇരട്ടിയിലധികമായി. നമ്മുടെ നിക്ഷേപ ബന്ധങ്ങളും വളരെ ശക്തമാണ്. ഇന്ത്യയും മ്യാന്‍മറും തമ്മിലുള്ള ബന്ധത്തില്‍ വികസന സഹകരണത്തിന് വളരെ സവിശേഷമായ സ്ഥാനമുണ്ട്. ഈ സഹകരണം ഇപ്പോള്‍ 170 കോടി അമേരിക്കന്‍ ഡോളറിന് മുകളിലായിട്ടുമുണ്ട്. മ്യാന്‍മറിന്റെ ദേശീയ മുന്‍ഗണനയുടെയും ആസിയാന്‍ ബന്ധിപ്പിക്കല്‍ മാസ്റ്റര്‍ പദ്ധതിയുമായി യോജിച്ചുകൊണ്ടുമുള്ളതാണ് ഇന്ത്യയുടെ സുതാര്യമായ വികസന സഹകരണം.

സിംഗപ്പൂര്‍

ഇന്ത്യക്ക് ഈ മേഖലയിലുള്ള ബന്ധത്തിലേക്കുള്ള ഒരു പൈതൃകവാതായനമായ സിംഗപ്പൂര്‍, ഇന്നത്തെ പുരോഗിയും നാളത്തെ സാധ്യതകളുമാണ്. ഇന്ത്യയും ആസിയാനും തമ്മിലുള്ള ഒരു പാലമാണ് സിംഗപ്പൂര്‍.
ഇന്ന് ഇത് കിഴക്കോട്ടുള്ള നമ്മുടെ കവാടമാണ്, നമ്മുടെ പ്രധാനപ്പെട്ട സാമ്പത്തിക പങ്കാളിയും നിരവധി മേഖല ആഗോള വേദികളില്‍ നമ്മുടെ പങ്കാളിത്തം പ്രതിദ്ധ്വനിപ്പിക്കുന്ന പ്രമുഖ ആഗോള, തന്ത്രപ്രധാന പങ്കാളിയുമാണ്. ഇന്ത്യയും സിംഗപ്പൂരും തന്ത്രപരമായ പങ്കാളികളാണ്. നമ്മുടെ രാഷ്ട്രീയ ബന്ധങ്ങള്‍ സല്‍കീര്‍ത്തിയും ഊഷ്മളതയും വിശ്വാസവും ഉള്‍ക്കൊണ്ടുകൊണ്ടുള്ളതാണ്. നമ്മുടെ പ്രതിരോധ ബന്ധങ്ങള്‍ രണ്ടുകൂട്ടര്‍ക്കും ഒരു പോലെ ശക്തിപകരുന്നതുമാണ്.

ഇരു രാജ്യങ്ങള്‍ക്കും മുന്‍ഗണനയുള്ള എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തിയുള്ളതാണു നമ്മുടെ സാമ്പത്തികപങ്കാളിത്തം. ഇന്ത്യയുടെ പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനവും നിക്ഷേപത്തിന്റെ പ്രധാനപ്പെട്ട സ്രോതസുമാണ് സിംഗപ്പൂര്‍. ആയിരക്കണക്കിന് ഇന്ത്യന്‍ കമ്പനികള്‍ സിംഗപ്പൂരില്‍ രറജിസ്റ്റര്‍ ചെയ്തവയാണ്. ഇന്ത്യയിലെ 16 നഗരങ്ങളില്‍നിന്ന് ആഴ്ചതോറും ഏകദേശം 240 വിമാനങ്ങള്‍ നേരിട്ട് സിംഗപ്പൂരിലേക്കുണ്ട്. സിംഗപ്പൂരിലെ വിനോദസഞ്ചാരികളില്‍ മൂന്നാമത്തെ വലിയ ഗ്രൂപ്പ് ഇന്ത്യയാണ്. സംസ്‌ക്കാര വൈവിധ്യത്തിനുള്ള പ്രചോദനവും കഴിവുള്ളവരെ ബഹുമാനിക്കാനുള്ള സിംഗപ്പൂരിന്റെ സന്നദ്ധതയും അവിടെ വളരെ ഊര്‍ജസ്വലമായ ഒരു ഇന്ത്യന്‍ സമൂഹത്തിന്റെ പരിപോഷണത്തിന് സഹായിച്ചിട്ടുണ്ട്. ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് അവരുടെ വ്യാപ്തിയേറിയ സംഭാവനയുമുണ്ട്.

ഫിലിപ്പൈന്‍സ്

രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ നടത്തിയ ഫിലിപ്പൈന്‍സ് സന്ദര്‍ശനം വളരെ തൃപ്തികരമായിരുന്നു. അവിടെ ആസിയാന്‍-ഇന്ത്യ, ഇ.എ.എസുമായി ബന്ധപ്പെട്ട ഉച്ചകോടികളില്‍ പങ്കടുക്കുന്നതിനോടൊപ്പം ഫിലിപ്പൈന്‍സ് പ്രസിഡന്റ് ഡ്യൂട്രേറ്റുമായി കൂടിക്കാഴ്ച നടത്തുന്നതിനും സാധിച്ചിരുന്നു. എങ്ങനെ ഊഷ്മളവും പ്രശ്‌നരഹിതവുമായ ബന്ധം തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയുമെന്നതിനെക്കുറിച്ച് ഞങ്ങള്‍ വളരെ ആഴത്തിലൂം വിശദമായും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. നമ്മള്‍ രണ്ടു രാജ്യങ്ങളിലും സേവനങ്ങളിലും വളര്‍ച്ചാനിരക്കിലും ശക്തമാണെന്നു മാത്രമല്ല, പ്രധാനപ്പെട്ട രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലുമാണ്. നമ്മുടെ വ്യാപാര വാണിജ്യ സാധ്യതകള്‍ വലിയ വാഗ്ദാനം നല്‍കുന്നവയാണ്.

സംശ്ലേഷിത വികസനം കൊണ്ടുവരുന്നതിനും അഴിമതിക്കെതിരെ പോരാടുന്നതിനും പ്രസിഡന്റ് ഡ്യൂട്രേറ്റ് കാട്ടുന്ന പ്രതിജ്ഞാബദ്ധതയെ ഞാന്‍ ശ്ലാഘിക്കുന്നു. രണ്ടു രാജ്യങ്ങള്‍ക്കും യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നിരവധി മേഖലകളുണ്ട്. യൂണിവേഴ്‌സല്‍ ഐ.ഡി. കാര്‍ഡുകള്‍, സാമ്പത്തികാശ്ലേഷണം, എല്ലാവര്‍ക്കും ബാങ്കുകള്‍ ലഭ്യമാക്കുക, ആനുകൂല്യങ്ങള്‍ നേരിട്ടു വിതരണം ചെയ്യുന്നത്, പണരഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കുക എന്നിവയില്‍ നമ്മുടെ പരിചയം ഫിലിപ്പൈന്‍സുമായി പങ്കുവയ്ക്കാന്‍ തയാറാണ്. എല്ലാ വര്‍ക്കും താങ്ങാനാവുന്ന വിലയില്‍ മരുന്നുകള്‍ എത്തിക്കുകയെന്നത് ഫിലിപ്പൈന്‍സ് ഗവണ്‍മെന്റിന്റെ മറ്റൊരു മുന്‍ഗണനാ പദ്ധതിയാണ്. ഈ മേഖലയിലും വേണ്ട സംഭാവനകള്‍ നല്‍കാന്‍ ഞങ്ങള്‍ തയാറാണ്. മുംബൈ മുതല്‍ മറാവി വരെ തീവ്രവാദത്തിന് അതിരുകളില്ല. ഈ പൊതു വെല്ലുവിളിയെ നേരിടുന്നതിന് ഞങ്ങള്‍ ഫിലിപ്പൈന്‍സുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുകയാണ്.

മലേഷ്യ

ഇന്ത്യയും മലേഷ്യയും തമ്മിലുള്ള സമകാലിക ബന്ധങ്ങള്‍ വളരെ വിശാലവും വര്‍ഷങ്ങള്‍ പഴക്കമുള്ളതുമാണ്. മലേഷ്യയും ഇന്ത്യയും തന്ത്രപ്രധാന പങ്കാളികളാണ്. അതുകൊണ്ടുതന്നെ നിരവധി ബഹുതല പ്രാദേശിക വേദികളില്‍ നമ്മള്‍ സഹകരിക്കുന്നുണ്ട്. 2017ല്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം വളരെക്കാലം നീണ്ടുനില്‍ക്കുന്ന തരത്തിലുള്ള സംഭാവനയാണ് ഉഭയകക്ഷിബന്ധത്തിലുണ്ടാക്കിയത്.

ആസിയാനില്‍നിന്നുള്ള ഇന്ത്യയിലെ മൂന്നാമത്തെ വലിയ വ്യാപാരപങ്കാളിയാണ് മലേഷ്യ. മാത്രമല്ല, ആസിയാനില്‍നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപകരില്‍ പ്രധാനിയുമാണ്. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ രണ്ടിരട്ടിയായി. 2011 മുതല്‍ തന്നെ ഇന്ത്യയും മലേഷ്യയും തമ്മില്‍ ഒരു സമഗ്ര സാമ്പത്തിക സഹകരണത്തിനുള്ള ഉഭയകക്ഷികരാറുമുണ്ട്. ഈ കരാറിന് ചില സവിശേഷതകളുണ്ട്.

അതായത് ചരക്കുവ്യാപാരത്തിലും കൈമാറ്റത്തിലും ആസിയാന് പുറത്തുള്ള ചില ഉത്തരവാദിത്വങ്ങള്‍ ഇതിലൂടെ ലഭ്യമാകുന്നു.
ലോക വ്യാപാര കരാറിന് പുറമെയുള്ള വ്യാപാര സേവനങ്ങള്‍ നല്‍കുന്നു. ഇരട്ടനികുതി ഒഴിവാക്കല്‍ പുനഃപരിശോധിച്ചു.
രണ്ടു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ മേയ് 2012ന് ഒപ്പുവയ്ക്കുകയും വ്യാപാര നിക്ഷേപ സഹകരണം കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനായി കസ്റ്റംസ് സഹകരണത്തിനുള്ള ധാരണാപത്രം 2013ല്‍ ഒപ്പുവെക്കുയും ചെയ്തു.

ബ്രൂണേ

കഴിഞ്ഞ പതിറ്റാണ്ടില്‍ ഇന്ത്യയും ബ്രൂണേയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയായി. യു.എന്‍. നാം, കോമണ്‍വെല്‍ത്ത്, എ.ആര്‍.എഫ് എന്നിവയില്‍ ഇന്ത്യയും ബ്രൂണേയും പൊതു അംഗത്വം പങ്കുവയ്ക്കുന്നുണ്ട്. വികസിക്കുന്ന രാജ്യങ്ങള്‍ എന്ന നിലയ്ക്ക് അതിശക്തമായ പാരമ്പര്യ-സാംസ്‌ക്കാരിക ബന്ധങ്ങളുമുണ്ട്. പ്രധാനപ്പെട്ട അന്തരാഷ്ട്ര വിഷയങ്ങളിലെല്ലാം ഇന്ത്യയും ബ്രൂണേയും പൊതുവീക്ഷണം പ്രകടിപ്പിക്കുന്നുണ്ട്. 2008ല്‍ ബ്രൂണേ സുല്‍ത്താന്റെ ഇന്ത്യാ സന്ദര്‍ശനം ഇന്ത്യ-ബ്രൂണേ ബന്ധത്തില്‍ നാഴിക്കല്ലായിരുന്നു. 2016 ഫെബ്രുവരിയില്‍ ഇന്ത്യന്‍ ഉപരാഷ്ട്രപതി ബ്രൂണേ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ലാവോ പി.ഡി.ആര്‍.

ഇന്ത്യയും ലാവോ പി.ഡി.ആറും തമ്മിലുള്ള ബന്ധം വളരെ വിശാലമായ നിരവധി മേഖലകളിലായി വ്യാപിച്ചുകിടക്കുകയാണ്. ലാവോ പി.ഡി.ആറിലേക്ക് ഊര്‍ജ പ്രസരണത്തിലും കാര്‍ഷികമേഖലയിലും ഇന്ത്യയുടെ സജീവമായ ഇടപെടലുണ്ട്. ഇന്ന് ഇന്ത്യയും ലാവോ പി.ഡി.ആറും നിരവധി ബഹുതല-പ്രാദേശിക വേദികളില്‍ സഹകരിക്കുന്നുണ്ട്.
എന്നാല്‍ ഇപ്പോഴും ഇന്ത്യയും ലാവോ പി.ഡി.ആറും തമ്മിലുള്ള വ്യാപാരം കഴിവിനും വളരെ താഴെയാണ്. ലാവോ പി.ഡി.ആറില്‍നിന്നും ഇന്ത്യയിലേക്ക് സാധാനങ്ങള്‍ കയറ്റുമതി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ലാവോ പി.ഡി.ആറിന് ഇന്ത്യ ഡ്യൂട്ടിഫ്രീ താരിഫ് പദ്ധതികളും നല്‍കിയിട്ടുണ്ട്. ലാവോ പി.ഡി.ആറിന്റെ സമ്പദ്ഘടന നിര്‍മ്മിക്കുന്നതിന് സഹായകരമായ സേവന വ്യാപാര മേഖലയില്‍ നമ്മുടെ വലിയ അവസരങ്ങളുമുണ്ട്. ആസിയാന്‍-ഇന്ത്യ സേവന നടപ്പാക്കല്‍ കരാര്‍ നടപ്പാക്കുന്നത് നമ്മുടെ സേവന വ്യാപാരത്തിന് സഹായകരമാകും.

ഇന്തോനേഷ്യ

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 90 നോട്ടിക്കല്‍ മൈല്‍ മാത്രം അകലത്തില്‍ കിടക്കുന്ന ഇന്ത്യയും ഇന്തോനേഷ്യയും രണ്ടു സഹസ്രാബ്ദത്തിലേറെയായി തുടരുന്ന സംസ്‌ക്കാരിധിഷ്ഠിതമായ ബന്ധമാണുള്ളത്. അത് ഒഡീഷയിലെ വാര്‍ഷികാഘോഷമായ ബാലിജാത്രയായിക്കോട്ടെ അല്ലെങ്കില്‍ മഹാഭാരതത്തിലെയും രാമായണത്തിലെയും ഇതിഹാസകഥാപാത്രങ്ങളായിക്കോട്ടെ, അവയെല്ലാം തന്നെ ഇന്തോനേഷ്യയില്‍ അങ്ങോളമിങ്ങോളം കാണാനാകും. ഈ സവിശേഷമായ സാംസ്‌ക്കാരിക നൂലിഴകള്‍ ഏഷ്യയിലെ രണ്ടു വലിയ ജനാധിപത്യ രാഷ്ട്രങ്ങളിലെ ജനങ്ങളെ ഒരു കുടക്കീഴിലായി പ്രത്യേക അയല്‍പക്ക ആശ്ലേഷണത്തോടെ ഒരുമിപ്പിക്കുകയാണ്.
‘നാനാത്വത്തില്‍ ഏകത്വം’ അല്ലെങ്കില്‍ ‘ബിനേക്കാ തുംഗല്‍ ഇക്ക’ എന്നിവയാണ് രണ്ടു രാജ്യങ്ങളിലെയും ആഘോഷങ്ങളുടെ സാമൂഹിക പങ്കാളിത്ത മുഖത്തിന്റെ പ്രധാന മുല്യ ഘടന. അതു തന്നെയാണു ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും പൊതുമൂല്യവും. ഇന്നു തന്ത്രപരമായ പങ്കാളി എന്ന നിലയില്‍ നമ്മുടെ സഹകരണം രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധവും സുരക്ഷയും സാംസ്‌ക്കാരികം, ജനങ്ങള്‍ തമ്മില്‍ തുടങ്ങി സമസ്ത മേഖലകളിലും വ്യാപരിച്ചുകിടക്കുകയാണ്. ആസിയാനിലുള്ള നമ്മുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഇന്തോനേഷ്യതന്നെ തുടരുകയാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള വ്യാപാരത്തില്‍ 2.5 മടങ്ങ് വര്‍ധന ഉണ്ടായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തില്‍ 2016ലെ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ ഇന്ത്യാസന്ദര്‍ശനം വളരെക്കാലം നീണ്ടുനില്‍ക്കുന്ന സംഭാവനകള്‍ നല്‍കിയിട്ടുമുണ്ട്.

കംബോഡിയ

ഇന്ത്യയും കംബോഡിയയും തമ്മിലുള്ള പാരമ്പര്യ സൗഹൃദത്തിന്റെ വേരുകള്‍ കിടക്കുന്നത് സാംസ്‌കാരിക ബന്ധത്തിലാണ്. നമ്മുടെ ചരിത്രപവും മതപരവും സാംസ്‌കാരികവുമായ ബന്ധങ്ങള്‍ക്കുള്ള ഏറ്റവും വലിയ സാക്ഷ്യപത്രവും മഹത്തായ ചിഹ്നവുമാണ് ആങ്കോര്‍ വാത് ക്ഷേത്രത്തിന്റെ അതിവിശിഷ്ടമായ ഘടന. വളരെ ദുര്‍ഘടാവസ്ഥയിലായിരുന്ന 1986-1993 കാലഘട്ടത്തില്‍ അങ്കോര്‍ വാത് ക്ഷേത്രത്തിന്റെ പുഃസ്ഥാപിക്കലും സംരക്ഷണവും ഏറ്റെടുക്കുന്നത് ബഹുമാനമായാണ് ഇന്ത്യ കണ്ടത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടാ-പോങ് ക്ഷേത്രത്തിന്റെ പുനഃസ്ഥാപനത്തിലും ഈ വിലയേറിയ പങ്കാളിത്തം ഇന്ത്യ തുടരുന്നുണ്ട്.
ഖേമര്‍ റോഡ് ഭരണത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം 1981ല്‍ രൂപീകൃതമായ പുതിയ ഗവണ്‍മെന്റിനെ ആദ്യം അംഗീകരിച്ച രാജ്യം ഇന്ത്യയായിരുന്നു. 1991ലെ പാരിസ് സമാധാന ഉടമ്പടിയുമായുംം അത് അംഗീകരിക്കുന്നതുമായും ഇന്ത്യ സഹകരിച്ചിരുന്നു. പാരമ്പര്യമായുണ്ടായിരുന്ന ഈ സൗഹൃദത്തിന്റെ ബന്ധം ഉന്നതതലത്തിലുള്ള നിരന്തര സന്ദര്‍ശനങ്ങളിലൂടെ കൂടുതല്‍ ശക്തിപ്പെടുത്താനായിട്ടുണ്ട്. നമ്മുടെ സഹകരണം സ്ഥാപന ശേഷിവല്‍ക്കരണം, മാനവ വിഭശേഷി വികസനം, വികസനവും സാമുഹികവുമായ പദ്ധതികള്‍, സാംസ്‌കാരിക വിനിമയം, പ്രതിരോധ സഹകരണം, വിനോദസഞ്ചാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധപ്പെടല്‍ തുടങ്ങി വിവിധ മേഖലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

ആസിയാന്‍ അടിസ്ഥാനമാക്കിയും മറ്റനേകം ആഗോള വേദികളിലും കമ്പോഡിയ സംവാദങ്ങള്‍ക്കു തയ്യാറാവുകയും ഇന്ത്യക്കു പിന്തുണയേകുകയും ചെയ്യുന്ന പങ്കാളിയാണ്. കമ്പോഡിയയുടെ സാമ്പത്തിക വികസനത്തില്‍ പ്രധാന പങ്കാളിയായി തുടരാനും പാരമ്പര്യബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ളതാക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധവുമാണ്.
ഇന്ത്യയൂം ആസിയാനും കൂടുതല്‍ പലതും ചെയ്യുന്നുണ്ട്. ആസിയാന്‍ നേതൃത്വം നല്‍കുന്ന കിഴക്കന്‍ ഏഷ്യ ഉച്ചകോടി, എ.ഡി.എം.എം+ (ആസിയാന്‍ പ്രതിരോധമന്ത്രിമാരുടെ യോഗം പ്ലസ്) എ.ആര്‍.എഫ്. (ദി ആസിയാന്‍ റീജിയണല്‍ ഫോറം) എന്നിവിയിലുള്ള നമ്മുടെ പങ്കാളിത്തം ഈ മേഖലയില്‍ സമാധാനവും സ്ഥിരതയും നല്‍കുന്നതിനു സഹായകരമാണ്. മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ പങ്കെടുക്കുന്നതിന് ഇന്ത്യക്കു വളരെയധികം താല്‍പര്യമുണ്ട്. വളരെ സമഗ്രവും സന്തുലിതവും 16 പങ്കാളികള്‍ക്കും വളരെ ന്യായമായതുമായ കരാര്‍ വേണമെന്ന ആവശ്യം മുന്നോട്ടുവെക്കും.

പങ്കാളിത്തം ശക്തിപ്പെടുന്നതും പിന്മാറുന്നതും കണക്കാക്കേണ്ടത് വെറും കണക്കിലെ എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല, അത് ബന്ധങ്ങളുടെ അടിത്തറയുറപ്പലിലൂടെയാണ്. ഇന്ത്യക്കും ആസിയാന്‍ രാജ്യങ്ങള്‍ക്കും തമ്മില്‍ അവകാശവാദങ്ങളില്‍നിന്നും മത്സരങ്ങളില്‍നിന്നുമൊക്കെ സ്വതന്ത്രമായ ബന്ധമാണ് ഉള്ളത്. കടപ്പാടിലും സംശ്ലേഷണത്തിലും സംയോജനത്തിലും നിര്‍മിച്ചതും രാജ്യങ്ങളുടെ വലിപ്പം നോക്കാതെ അവയുടെ പരമാധികാരത്തിലും സമത്വത്തിലും സ്വതന്ത്രവും തുറന്നുകിടക്കുന്നതുമായ വഴികളിലൂടെ വ്യാപാര ഇടപാടുകള്‍ നടത്തുന്നതുമായ ഭാവിയെക്കുറിച്ചുള്ള ഒരു പൊതുവീക്ഷണമാണ് നമുക്കുള്ളത്. ഇന്ത്യയും ആസിയാനും തമ്മിലുള്ള ബന്ധം വളര്‍ന്നുകൊണ്ടിരിക്കും. ജനസംഖ്യാപരതയുടെയും ഊര്‍ജസ്വലതയുടെയും ആവശ്യകതയുടെയും സമ്മാനത്തിന്റെയും വളരെ വേഗത്തില്‍ പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുന്ന സമ്പദ്ഘടനയുടെയും സഹായത്തോടെ ഇന്ത്യയും ആസിയാനും വളരെ ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കാനാകും. ബന്ധപ്പെടലിനുള്ള മാര്‍ഗങ്ങള്‍ വര്‍ധിക്കുകയും വ്യാപാരം വിപുലമാകുകയും ചെയ്യും. ഇന്ത്യയില്‍ ഇന്നത്തെ സഹകരണ മത്സരാധിഷ്ഠിത ഫെഡറലിസത്തിന്റെ ഈ കാലഘട്ടത്തില്‍ സംസ്ഥാനങ്ങള്‍ പോലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി വളരെ ഉല്‍പ്പാദനപരമായ ബന്ധം സ്ഥാപിക്കുന്നുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്ക് ഒരു പുനരുജ്ജീവനത്തിന്റെ പാതയിലാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം അവയുടെ പുരോഗമനത്തിന് വേഗതകൂട്ടും. അതിന് പകരമായി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന വടക്ക്കിഴക്ക് നാം സ്വപ്‌നം കാണുന്നതുപോലെയുള്ള ആസിയാന്‍-ഇന്ത്യ ബന്ധത്തിന്റെ പാലമായി വര്‍ത്തിക്കും.

പ്രധാനമന്ത്രിയെന്ന നിലയില്‍ ഞാന്‍ നാല് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയിലും കിഴക്കന്‍ ഏഷ്യ ഉച്ചകോടിയിലും പങ്കടുത്തിട്ടുണ്ട്. ഇത് ആസിയാന്‍ ഐക്യം, കേന്ദ്രീകൃത നേതൃത്വം എന്നിവ ഈ മേഖലയുടെ വീക്ഷണം രൂപീകരിക്കുന്നതിന് സഹായിക്കുമെന്ന ദൃഢവിശ്വാസം ശക്തിപ്പെടുത്തുന്നു.

ഇത് നാഴികക്കല്ലുകളുടെ വര്‍ഷമാണ്. കഴിഞ്ഞവര്‍ഷം ഇന്ത്യ 70ലെത്തി. ആസിയാന്‍ സുവര്‍ണ്ണ നാഴിക്കല്ലായ 50ലും എത്തി. നമുക്ക് ഓരോരുത്തര്‍ക്കും ഭാവിയെ ശുഭാപ്തിവിശ്വാസത്തോടെയും നമ്മുടെ പങ്കാളിത്തത്തെ ദൃഢവിശ്വാസത്തോടെയും നോക്കിക്കാണാം.
എഴുപതില്‍ ഇന്ത്യ അതിന്റെ യുവജനങ്ങള്‍ക്കായി ഊര്‍ജസ്വലത, പരിശ്രമം കാര്യശേഷി എന്നിവ പ്രകടിപ്പിക്കുകയാണ്. ലോകത്തില്‍ വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്ഘടന എന്ന നിലയില്‍ ആഗോള അവസരങ്ങളുടെ നാടും ആഗോള സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കുള്ള ഒരു നങ്കുരവുമാണ് ഇന്ത്യ . ഓരോ ദിവസം കഴിയുന്തോറും ഇന്ത്യയില്‍ വ്യാപാരം ചെയ്യുകയെന്നത് സുഗമവും ലളിതവുമായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ അയല്‍ക്കാരായ ആസിയാന്‍ രാജ്യങ്ങള്‍ നവ ഇന്ത്യയിലേക്കുള്ള പരിണാമത്തിന്റെ കേന്ദ്ര ഭാഗമായി മാറുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ആസിയാന്റെ സ്വന്തം വളര്‍ച്ചയെ ഞങ്ങള്‍ അംഗീകരിക്കുന്നു. തെക്കുകിഴക്കന്‍ ഏഷ്യ ക്രൂരമായ യുദ്ധത്തിന്റെയും രാജ്യങ്ങളുടെ അനിശ്ചിതാവസ്ഥ നിലനിന്നിരുന്ന ഒരു മേഖലയില്‍ നിന്നു പൊതു ആവശ്യത്തിനും പങ്കാളിത്ത ഭാവിക്കുമായി പത്തു രാജ്യങ്ങളെ ഒന്നിപ്പിക്കാന്‍ ആസിയാന് കഴിഞ്ഞു. നമുക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനും നമ്മുടെ കാലത്തുള്ള വെല്ലുവിളികള്‍ നേരിടാനുമുള്ള ശേഷിയുണ്ട്. അടിസ്ഥാനസൗകര്യവും നഗരവല്‍ക്കരണവും മുതല്‍ കാര്‍ഷികമേഖലയുടെ പിന്‍മാറ്റവും ആരോഗ്യകരമായ ഒരു ഗ്രഹവും ഉള്‍പ്പെടെയുള്ളവ ഇതില്‍ വരും. ജീവിതങ്ങളെ മുമ്പൊരിക്കലുമില്ലാത്ത വേഗത്തിലും ഉയരത്തിലും പരിവര്‍ത്തനപ്പെടുത്തുന്നതിനായി നമുക്ക് ഡിജിറ്റല്‍വല്‍ക്കരണവും ന്യുതനാശയങ്ങളും ബന്ധിപ്പിക്കലും ഉപയോഗിക്കാം. ആശയുള്ള ഭാവിക്ക് സമാധാനത്തിന്റെ അടിസ്ഥാനം വേണം. ഇത് മാറ്റത്തിന്റെ കാലമാണ്; തടസങ്ങളും മാറ്റങ്ങളും ചരിത്രത്തില്‍ അപൂര്‍വമായി സംഭവിക്കുന്നതാണ്. ഇന്ത്യക്കും ആസിയാനും അനന്തമായ സാധ്യതകളുണ്ട്-നമ്മുടെ കാലത്തെ അനിശ്ചിതത്വത്തില്‍ നിന്നും പ്രശ്‌നഭരിതത്തില്‍ നിന്നും സമാധാനവും സ്ഥിരതയുമുള്ളതുമായ നമ്മുടെ മേഖലയും ലോകവും സൃഷ്ടിക്കുകയെ ബൃഹത്തായ ഉത്തരവാദിത്വം തീര്‍ച്ചയായും നമുക്കുമുിലുണ്ട്.
വളര്‍ന്നുവരുന്ന സൂര്യോദയത്തിനും അവസരങ്ങളുടെ പ്രകാശത്തിനുമായി ഇന്ത്യ എന്നും കിഴക്കോട്ടു നോക്കാറുണ്ട്. ഇന്നു മുമ്പെത്തെപ്പോലെത്തന്നെ കിഴക്കന്‍ മേഖലയെ, ഇന്തോ-പസഫിക് മേഖലയെ, ഇന്ത്യയുടെ ഭാവിയില്‍നിന്നും നമ്മുടെ പൊതു ഭാഗധേയത്തില്‍നിന്നും മാറ്റിനിര്‍ത്താനാവില്ല, ഈ രണ്ടു കാര്യങ്ങളിലും ആസിയാന്‍-ഇന്ത്യ പങ്കാളിത്തം നിര്‍ണായകമായ ഒരു പങ്കുതന്നെ വഹിക്കും. ഡല്‍ഹിയില്‍ ഇന്ത്യയും ആസിയാനും ഒന്നിച്ചു മുേന്നറാമെന്നുള്ള പ്രതിജ്ഞ പുതുക്കും.
ആസിയാന്‍ ദിനപ്പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പ്രധാനമന്ത്രിയുടെ ലേഖനം താഴെയുള്ള ലിങ്കുകളില്‍ ലഭ്യമാണ്.

https://www.bangkokpost.com/opinion/opinion/1402226/asean-india-shared-values-and-a-common-destiny

http://vietnamnews.vn/opinion/421836/asean-india-shared-values-common-destiny.html#31stC7owkGF6dvfw.97

http://www.businesstimes.com.sg/opinion/asean-india-shared-values-common-destiny

http://www.globalnewlightofmyanmar.com/asean-india-shared-values-common-destiny/

http://www.thejakartapost.com/news/2018/01/26/69th-republic-day-india-asean-india-shared-values-common-destiny.html

http://www.mizzima.com/news-opinion/asean-india-shared-values-common-destiny

http://www.straitstimes.com/opinion/shared-values-common-destiny

https://news.mb.com.ph/2018/01/26/asean-india-shared-values-common-destiny/