Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ പ്രധാനമന്ത്രി സമ്മാനിച്ചു


  •  

    പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 18 കുട്ടികള്‍ക്കു ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു. ഇതില്‍ മൂന്നു പേര്‍ക്കുള്ള അവാര്‍ഡ് മരണാനന്തര ബഹുമതിയാണ്.
    അവാര്‍ഡ് നേടിയവരുമായി സംവദിക്കവേ, അവാര്‍ഡിന് അര്‍ഹരായ കുട്ടികള്‍ ചെയ്ത ധീരകൃത്യം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും മാധ്യമങ്ങള്‍ അവ ഉയര്‍ത്തിക്കാട്ടിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതു മറ്റു കുട്ടികള്‍ക്കു പ്രചോദനമേകുകയും അവരില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    അവാര്‍ഡ് ജേതാക്കളിലേറെയും ഗ്രാമീണ പശ്ചാത്തലത്തില്‍നിന്നോ എളിയ കുടുംബസാഹചര്യങ്ങളില്‍നിന്നോ വരുന്നവരാണെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. നിത്യജീവിതത്തോടു പടവെട്ടേണ്ടിവരുന്നതാണു പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള സവിശേഷമായ കഴിവ് ഈ കുട്ടികളില്‍ വളര്‍ത്തിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
    എല്ലാ അവാര്‍ഡ് ജേതാക്കളെയും അവരുടെ രക്ഷിതാക്കളെയും സ്‌കൂള്‍ അധ്യാപകരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കുട്ടികള്‍ കാട്ടിയ ധീരത രേഖപ്പെടുത്തുകയും അവരുടെ പ്രവര്‍ത്തനത്തിനു പൊതുശ്രദ്ധ നേടിയെടുക്കാനും പ്രയത്‌നിച്ചവരെയും അഭിനന്ദിച്ചു.
    അവാര്‍ഡ് ജേതാക്കളില്‍നിന്ന് ഇനിയുമേറെയാണു പ്രതീക്ഷിക്കുന്നതെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അവരുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ മെച്ചമാര്‍ന്നതാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
    സ്ത്രീ, ശിശു വികസന മന്ത്രി ശ്രീമതി മേനക ഗാന്ധിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.