ഇന്ത്യയും മ്യാന്‍മറും തമ്മില്‍ കരമാര്‍ഗ്ഗമുള്ള അതിര്‍ത്തി കടക്കുന്നത് സംബന്ധിച്ച കരാറിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി പ്രദേശങ്ങളില്‍ വസിക്കുന്ന ജനങ്ങള്‍ക്ക് പരസ്പരം അതിര്‍ത്തി കടക്കുന്നതിന് നിലവിലുള്ള സ്വതന്ത്രാവകാശം ഏകീകരിക്കാന്‍ കരാര്‍ വഴിയൊരുക്കും. സാധുവായ പാസ്‌പോര്‍ട്ടിന്റെയും വിസയുടെയും അടിസ്ഥാനത്തില്‍ ജനങ്ങളുടെ നീക്കം പ്രോത്സാഹിപ്പിക്കാനും അതുവഴി രണ്ട് രാജ്യങ്ങളുടെയും സാമൂഹിക, സാമ്പത്തിക, ആശയവിനിമയം വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ കഴിയും.
ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് മ്യാന്‍മാറിലെ ജനങ്ങളുമായുള്ള ആശയവിനിമയവും, രണ്ട് പ്രദേശങ്ങളും തമ്മിലുള്ള ബന്ധിപ്പിക്കലും പരിപോഷിപ്പിക്കാനും കരാര്‍ ലക്ഷ്യമിടുന്നു.
മ്യാന്‍മറുമായുള്ള വ്യാപാരം കൂടുതല്‍ മെച്ചപ്പെടുത്താനും ഭൂമിശാസ്ത്രപരമായുള്ള ബന്ധങ്ങള്‍ ഉപയോഗിച്ച് കൊണ്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ സമ്പദ്ഘടനയ്ക്ക് ഊര്‍ജ്ജമേകാനും കരാര്‍ സഹായിക്കും.
അതിര്‍ത്തി പ്രദേശങ്ങളില്‍ കഴിയുന്ന ആദിവാസി സമൂഹങ്ങള്‍ക്ക് അവരുടെ പരമ്പരാഗതമായ അവകാശങ്ങള്‍ സംരക്ഷിക്കാനും കരാറിലൂടെ കഴിയും.