Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോ. അംബേദ്ക്കര്‍ അന്താരാഷ്ട്ര കേന്ദ്രം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഡോ. അംബേദ്ക്കര്‍ കേന്ദ്രം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 2015 ഏപ്രിലില്‍ പ്രധാനമന്ത്രി തന്നെയാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ടത്.

ഡോ. അംബേദ്ക്കറുടെ ഉപദേശങ്ങളുടെയും, ദര്‍ശനങ്ങളുടെയും പ്രചാരണത്തില്‍ ഈ കേന്ദ്രം ഒരു മുഖ്യപങ്ക് വഹിക്കുമെന്ന് തദവസരത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.

സാമൂഹിക സാമ്പത്തിക പരിഷ്‌ക്കരണത്തിനായുള്ള ഡോ. അംബേദ്ക്കര്‍ അന്താരാഷ്ട്ര കേന്ദ്രവും ഈ പദ്ധതിയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സാമൂഹിക, സാമ്പത്തിക വിഷയങ്ങളിലെ ഗവേഷണത്തിനുള്ള ഒരു സുപ്രധാന കേന്ദ്രമായിരിക്കും ഇതെന്ന് പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച ഉള്‍പ്പെടെയുള്ള സാമൂഹിക, സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശം നല്‍കാന്‍ കഴിയുന്ന ഒരു വിദഗ്ദ്ധ കേന്ദ്രമായിരിക്കും ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ കാലഘട്ടത്തിലും രാജ്യത്തിന്റെ ദിശ നിര്‍ണ്ണയിച്ചത് ചിന്തകന്‍മാരും, ഭാവനാ സമ്പന്നരായ നേതാക്കളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്ര നിര്‍മ്മാണത്തില്‍ ബാബാ സാഹേബ് നല്‍കിയ സംഭാവനകള്‍ക്ക് രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും, ആശയങ്ങളും കൂടുതല്‍ കൂടുതല്‍ പേര്‍, പ്രത്യേകിച്ച് യുവജനങ്ങള്‍ പഠിക്കണമെന്നാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ആഗ്രഹം. ഇതിനാലാണ് ഡോ. അംബേദ്ക്കറിന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങളെ തീര്‍ത്ഥാടന കേന്ദ്രങ്ങളായി വികസിപ്പിച്ചിട്ടുള്ളത്. ഡല്‍ഹിയിലെ ആലിപ്പൂര്‍, മധ്യപ്രദേശിലെ മോ, മുംബൈയിലെ ഇന്ദു മില്‍, നാഗ്പൂരിലെ ദീക്ഷാ ഭൂമി, ലണ്ടനിലെ വീട് മുതലായവ ഇതില്‍പ്പെടും. ഈ പഞ്ച തീര്‍ത്ഥം ഇന്നത്തെ തലമുറ ഡോ. അംബേദ്ക്കര്‍ക്ക് നല്‍കുന്ന ശ്രദ്ധാഞ്ജലിയാണ്. ഡോ. അംബേദ്ക്കറുടെ സാമ്പത്തിക ദര്‍ശനങ്ങള്‍ക്കുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധാഞ്ജലിയാണ് ഡിജിറ്റല്‍ ഇടപാടുകള്‍ക്കായുള്ള ഭീം ആപ്പ്.
1946 ഡിസംബറില്‍ ഭരണഘടനാ രൂപീകരണ സഭയില്‍ ഡോ.അംബേദ്ക്കറുടെ അഭിസംബോധനയെ ഉദ്ധരിച്ചുകൊണ്ട്, എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കില്‍ പോലും രാജ്യത്തിന് അതിന്റെ പ്രശ്‌നങ്ങളെ അതിജീവിക്കാനുള്ള പ്രചോദനകരമായ ഒരു വീക്ഷണം ഡോ. അംബേദ്ക്കര്‍ക്ക് ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക തിന്മകളെ ഉന്‍മൂലനം ചെയ്യാനുള്ള ശേഷിയും കഴിവും ഇന്നത്തെ തലമുറയ്ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ സാമൂഹിക ജനാധിപത്യം കൂടിയാക്കണമെന്ന ഡോ.അംബേദ്ക്കറുടെ വാക്കുകള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. കഴിഞ്ഞ മൂന്നര വര്‍ഷമായി കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത് സാമൂഹിക ജനാധിപത്യത്തിന്റെ ഈ ദര്‍ശനം യാഥാര്‍ത്ഥ്യമാക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. ജന്‍ധന്‍ യോജന, ഉജ്ജ്വല യോജന, ശുചിത്വ ഭാരത ദൗത്യം, വിവിധ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍, പ്രധാനമന്ത്രി ആവാസ് യോജന, അടുത്തിടെ തുടങ്ങിയ സൗഭാഗ്യ യോജന തുടങ്ങിയവയെല്ലാം ഇതിലേയ്ക്കായി ഗവണ്‍മെന്റ് കൈക്കൊണ്ട മുന്‍കൈകളാണ്. ലക്ഷ്യമിടുന്ന കാലയളവിനുള്ളില്‍ തന്നെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് ഗവണ്‍മെന്റ് എല്ലാ ശ്രമവും നടത്തി വരികയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഡോ. അംബേദ്ക്കര്‍ അന്താരാഷ്ട്ര കേന്ദ്രം ഇതിന് ഉദാഹരണമാണെന്നും ചൂണ്ടിക്കാട്ടി. സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണം, ഇന്ദ്രധനുഷ് ദൗത്യം, ഗ്രാമീണ വൈദ്യുതീകരണ പദ്ധതികള്‍ ലക്ഷ്യം കൈവരിക്കുന്നതിലെ പുരോഗതി തുടങ്ങിയവ ജനക്ഷേമ സംരംഭങ്ങളുടെ നടത്തിപ്പിലുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ വേഗതയും പ്രതിബദ്ധതയുമാണ് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്വയം തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതിയെ കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

‘നവ ഇന്ത്യ’യ്ക്ക് വേണ്ടിയുള്ള തന്റെ ആഹ്വാനം, എല്ലാവര്‍ക്കും തുല്യ അവസരങ്ങളും അവകാശങ്ങളുമുള്ള, ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തലുകള്‍ ഇല്ലാത്ത, സാങ്കേതികവിദ്യയുടെ കരുത്തില്‍ പുരോഗതി കൈവരിക്കുന്ന, ഡോ. അംബേദ്ക്കര്‍ വിഭാവനം ചെയ്ത ഇന്ത്യയ്ക്ക് വേണ്ടിയാണെന്ന് പ്രധാനമന്ത്രി തറപ്പിച്ച് പറഞ്ഞു. ബാബാസാഹേബ് അംബേദ്ക്കറുടെ ആശയങ്ങള്‍ പൂവണിയുന്നതിലേയ്ക്ക് വേണ്ടി യത്‌നിക്കാന്‍ അദ്ദേഹം എല്ലാവരെയും ആഹ്വാനം ചെയ്തു. 2022 ഓടെ ഇത് സഫലമാക്കാന്‍ കഴിയുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.