Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പി.എം.എ.വൈ: പലിശ സബ്‌സിഡി ലഭ്യമാകുന്നതിന് പരിഗണിക്കുന്ന വീടുകളുടെ കാര്‍പെറ്റ് ഏരിയ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക്(അര്‍ബന്‍) കീഴില്‍ നഗരങ്ങളിലെ ഇടത്തരം വരുമാനക്കാര്‍ക്ക് വായ്പാ ബന്ധിത സബ്‌സിഡി പദ്ധതിക്കു കീഴില്‍ വായ്പാ സബ്‌സിഡി നല്‍കുന്ന വീടുകളുടെ കാര്‍പെറ്റ് ഏരിയ വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ആറു ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ഉള്‍പ്പെടുന്ന എം.ഐ.ജി. 1 കാറ്റഗറിയില്‍പെട്ടവര്‍ക്ക് ഇനി 120 ചതുരശ്ര മീറ്റര്‍ വരെ കാര്‍പെറ്റ് ഏരിയയുള്ള വീടുകള്‍ നിര്‍മ്മിക്കാം. 110 ചതുരശ്ര മീറ്ററായിരുന്നു നേരത്തെ ഈ വിഭാഗക്കാര്‍ക്ക് വായ്പാ സബ്‌സിഡിക്ക് പരിഗണിക്കാനായി അനുവദിച്ചിരുന്ന കാര്‍പെറ്റ് ഏരിയ. 12 ലക്ഷം രൂപ മുതല്‍ 18 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള എം.ഐ.ജി. കാറ്റഗറി രണ്ടില്‍പെട്ടവര്‍ക്ക് ഇനി 150 ചതുരശ്ര മീറ്റര്‍ കാര്‍പറ്റ് ഏരിയയുള്ള വീടുകള്‍ നിര്‍മ്മിക്കാം. നേരത്തേ ഈ വിഭാഗക്കാര്‍ക്ക് 110 ചതുരശ്ര മീറ്ററാണ് കാര്‍പറ്റ് ഏരിയക്കായി അനുവദിച്ചിരുന്നത്.

കാറ്റഗറി ഒന്നില്‍പ്പെടുന്നവര്‍ക്ക് 9 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 4% പലിശ സബ്‌സിഡിയും കാറ്റഗറി രണ്ടില്‍പ്പെടുന്നവര്‍ക്ക് 12 ലക്ഷം രൂപ വായ്പയ്ക്ക് 3%  പലിശ സബ്‌സിഡിയും ലഭിക്കും.
 
ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ (01.01.2017) മുന്‍കാല പ്രാബല്യത്തോടെയാണ് ഈ മാറ്റം പ്രാബല്യത്തില്‍ വന്നിട്ടുള്ളത്.

നഗരമേഖലയിലെ വീടുകളുടെ കുറവു പരിഹരിക്കുന്നതിനുള്ള സക്രിയമായ ചുവടുവെപ്പാണ് ഈ വായ്പാ ബന്ധിത സബ്‌സിഡി. വായ്പാ സബ്‌സിഡി ലഭ്യമാക്കി ഇടത്തരം വരുമാനക്കാര്‍ക്ക് വീടു നിര്‍മ്മാണത്തിന് പ്രയോജനം നല്‍കുന്ന പദ്ധതിയാണിത്. പരമാവധി വായ്പാ കാലാവധിയായ 20 വര്‍ഷത്തെ നിലവിലുള്ള മൊത്തം മൂല്യത്തിന്റെ 9 ശതമാനമോ, യഥാര്‍ത്ഥ കാലാവധിയോ ഏതാണോ കുറവ്, അതനുസരിച്ചാണ് വായ്പാ സബ്‌സിഡി കണക്കാക്കുക. 9 ലക്ഷം രൂപയ്ക്കും 12 ലക്ഷം രൂപയ്ക്കും കൂടുതലുള്ള ഭവന വായ്പകള്‍ക്ക് സബ്‌സിഡി ലഭിക്കില്ല. 2019 മാര്‍ച്ച് 31 വരെയാണ് വായ്പാ ബന്ധിത സബ്‌സിഡി പദ്ധതിയുടെ കാലാവധി.

കാര്‍പറ്റ ഏരിയ 120 ചതുരശ്ര മീറ്ററും 150 ചതുരശ്ര മീറ്ററും ആയി വര്‍ദ്ധിപ്പിച്ചത് ഇടത്തരം വിഭാഗത്തില്‍പ്പെട്ടവരെ സാമ്പത്തിക സബ്‌സിഡി ഉപയോഗപ്പെടുത്തി വീടു നിര്‍മ്മാണത്തിന് സഹായിക്കും. നിര്‍മ്മാതാക്കള്‍ മുന്നോട്ട് വയ്ക്കുന്ന പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിനും ഇത് സഹായിക്കും. താങ്ങാവുന്ന ഭവന മേഖലയില്‍പ്പെടുന്ന, നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ള ഫ്‌ളാറ്റുകളുടെ വില്‍പ്പനയ്ക്കും ഇത് ഉത്തേജനമേകും.

പശ്ചാത്തലം

കേന്ദ്ര പാര്‍പ്പിട, നഗരകാര്യ മന്ത്രാലയം പ്രധാനമന്ത്രി ആവാസ് യോജനക്കു കീഴില്‍ വായ്പാ ബന്ധിത സബ്‌സിഡി പദ്ധതിക്കു തുടക്കം കുറിച്ചത് ഈ വര്‍ഷം ജനുവരി ഒന്നിനാണ്. (01.01.2017). 2016 ഡിസംബര്‍ 31 ന് രാഷ്ട്രത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ തുടര്‍ന്നായിരുന്നു ഇതിന് തുടക്കം കുറിച്ചത്. പാവപ്പെട്ടവര്‍ക്ക് ഭവന വായ്പയില്‍ വര്‍ദ്ധിച്ച ആനുകൂല്യങ്ങളും ഇടത്തരം വരുമാനക്കാര്‍ക്ക് വായ്പാ ബന്ധിത സബ്‌സിഡി പദ്ധതിയുമാണ് പ്രഖ്യാപിച്ചത്.