Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യാങ്കൂണില്‍ ഇന്ത്യന്‍ വംശജരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

യാങ്കൂണില്‍ ഇന്ത്യന്‍ വംശജരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


യാങ്കൂണില്‍ ഇന്ത്യന്‍ വംശജരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

‘ഇന്ത്യയുടെയും മ്യാന്‍മറിന്റെയും മക്കള്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി പരസ്പരം പങ്കുവെക്കുന്ന സംസ്‌കാരത്തെയും നാഗരികതയെയും, ഭൂമിശാസ്ത്രത്തെയും ചരിത്രത്തെയും, അഭിലാഷങ്ങളെയും നേട്ടങ്ങളെയും നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്നു’, ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. മ്യാന്‍മറിന്റെ സമ്പന്നമായ ആത്മീയ പാരമ്പര്യത്തെക്കുറിച്ചു പ്രധാനമന്ത്രി വിശദീകരിച്ചു.

മ്യാന്‍മറിലുള്ള ഇന്ത്യന്‍ വംശജര്‍ ഇന്ത്യക്ക് ‘രാഷ്ട്ര ദൂത്’ പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. യോഗയ്ക്ക് ആഗോളതലത്തില്‍ അംഗീകാരം നേടിയെടുത്തത് അതു മറ്റു രാഷ്ട്രങ്ങളില്‍ എത്തിച്ച, വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ വംശജരാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘നിങ്ങളുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍, വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരുമായുള്ള ഇന്ത്യാ ഗവണ്‍മെന്റ് പ്രതിനിധികളുടെ ആശയവിനിമയം ഇനി മുതല്‍ ഒരു ദിശയിലേക്കു മാത്രം ഉള്ളതായിരിക്കില്ലെന്ന വിശ്വാസം എന്നില്‍ ജനിക്കുന്നു’, അദ്ദേഹം പറഞ്ഞു.

‘നാം നമ്മുടെ രാജ്യത്തെ പരിഷ്‌കരിക്കുക മാത്രമല്ല, മാറ്റിയെടുക്കുകയാണ്’, എന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ദാരിദ്ര്യത്തില്‍നിന്നും ഭീകരവാദത്തില്‍നിന്നും അഴിമതിയില്‍നിന്നും വര്‍ഗീയതയില്‍നിന്നും ജാതീയതയില്‍നിന്നും മുക്തമായ ഇന്ത്യ സൃഷ്ടിക്കപ്പെടുകയാണെന്നു വെളിപ്പെടുത്തുകയും ചെയ്തു.

അടിസ്ഥാനസൗകര്യ വികസനത്തിലാണ് കേന്ദ്ര ഗവണ്‍മെന്റ് ശ്രദ്ധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നല്ല അടിസ്ഥാനസൗകര്യ വികസനം എന്നത് റോഡുകളും റെയില്‍വെയും ആയി മാത്രം ബന്ധപ്പെട്ട കാര്യമല്ലെന്നും സമൂഹത്തില്‍ ഗുണപരമായ പരിവര്‍ത്തനത്തിന് ആവശ്യമായ നിരവധി ഘടകങ്ങള്‍ ഉള്‍പ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരുന്ന സാഹചര്യത്തില്‍ അതിനു തയ്യാറാവാതെ മാറിനില്‍ക്കാന്‍ ഗവണ്‍മെന്റ് ശ്രമിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജി.എസ്.ടി. രാജ്യത്ത് ഒരു പുതിയ സംസ്‌കാരമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ പരിഷ്‌കരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം രാജ്യത്തുള്ള ജനതയ്ക്കുണ്ടെന്നും നമ്മുടെ സംവിധാനത്തില്‍ വന്നുപെട്ട ചില തിന്മകളെ അതിജീവിക്കാന്‍ നമുക്കു സാധിക്കുമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

ജനങ്ങള്‍ തമ്മിലുള്ള ബന്ധമാണ് ഇന്ത്യ-മ്യാന്‍മര്‍ ബന്ധത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.

യാങ്കൂണ്‍ മേഖലാ മുഖ്യമന്ത്രി ശ്രീ. ഫ്യോ മിന്‍ തെയിനും സംഗമത്തിനെത്തിയിരുന്നു.

*****