സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചര്‍ച്ച നടത്തി. ‘ഇന്ത്യയുടെ പരിവര്‍ത്തനം സംസ്ഥാനങ്ങളുടെ നേതൃത്വത്തില്‍’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലുള്ള ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായിരുന്നു ചര്‍ച്ച. ഇതാദ്യമായാണ് ഇത്തരമൊരു യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്.
ചീഫ് സെക്രട്ടറിമാരെല്ലാം തങ്ങളുടെ സംസ്ഥാനത്തു നടപ്പാക്കിവരുന്ന ഏറ്റവും നല്ല കീഴ്വഴക്കത്തെക്കുറിച്ചു ചുരുക്കിപ്പറഞ്ഞു.
ഗ്രാമവികസനം, നൈപുണ്യവികസനം, വിള ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, വിദഗ്ധ ചികില്‍സ, ദിവ്യാംഗരായ കുട്ടികള്‍ക്കുള്ള ക്ഷേമപദ്ധതി, ശിശുമരണം ഇല്ലാതാക്കല്‍, ഗോത്രവര്‍ഗ ക്ഷേമം, ഖരമാലിന്യ സംസ്കരണം, ശുചിത്വം, കുടിവെള്ളം, നദീസംരക്ഷണം, ജലസംരക്ഷണം, ഇ-ഭരണം, പെന്ഷന് പരിഷ്കരണം, അടിയന്തര സേവനങ്ങള്‍, ധാതുസമ്പുഷ്ട മേഖലകള്‍ വികസിപ്പിക്കല്‍, പൊതുവിതരണ സമ്പ്രദായം പരിഷ്കരിക്കല്‍, സബ്സിഡി നേരിട്ടുള്ള ആനുകൂല്യവിതരണ സമ്പ്രദായം വഴി വിതരണം ചെയ്യല്‍, സൗരോര്‍ജം, സമൂഹത്തിന്റെ വികസനം, സദ്ഭരണം, ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.
ഭരണത്തെ സംബന്ധിച്ചിടത്തോളം മുന്‍ഗണനയും സമീപനരീതിയും വളരെ പ്രധാനമാണെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രശ്നങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ഉത്തമ പരിഹാരം നേടിത്തരുന്ന ഏറെ കാര്യങ്ങള്‍ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തന അനുഭവങ്ങളില്‍നിന്നു നമുക്കു പഠിക്കാനുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഉയര്‍ന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്കു വെല്ലുവിളികളെ അതിജീവിക്കാനുള്ള സംയോജിത വീക്ഷണവും ശേഷിയും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളില്‍ അനുഭവങ്ങള്‍ പങ്കുവെക്കുക എന്നതു വളരെ പ്രധാനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനങ്ങളിലെ യുവ ഉദ്യോഗസ്ഥരുടെ സംഘം ഓരോ സംസ്ഥാനവും സന്ദര്‍ശിച്ച് അതാതിടങ്ങളിലെ നല്ല മാതൃകകള്‍ പഠിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. നല്ല പ്രവര്‍ത്തന മാതൃകകള്‍ നേടിയെടുക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇതു സഹായകമാകും.
‘മത്സരാധിഷ്ഠിത സഹകരണ ഫെഡറലിസ’ത്തെക്കുറിച്ച് എപ്പോഴും ഓര്‍ക്കണമെന്ന് ഉദ്യോഗസ്ഥരോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജില്ലകളും നഗരങ്ങളും വികസനത്തിന്റെയും സദ്ഭരണത്തിന്റെയും ധാര്‍മികവും മത്സരാധിഷ്ഠിതവുമായ സാഹചര്യങ്ങളുടെ ഭാഗമായി നിലകൊള്ളമമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെറിയ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഉണ്ടാക്കാന്‍ സാധിക്കുന്ന വിജയം ആദ്യഘട്ടത്തില്‍ ഓരോ ജില്ലകളില്‍ പ്രാവര്‍ത്തികമാക്കാന്‍ വലിയ സംസ്ഥാനങ്ങള്‍ ശ്രമിക്കണം. ഹരിയാനയും ചണ്ഡീഗഢും മണ്ണെണ്ണമുക്തമായത് അദ്ദേഹം ഉദാഹരിച്ചു.
ദീര്‍ഘകാലമായി നടപ്പാക്കപ്പെടാതെ കിടക്കുകയായിരുന്ന പദ്ധതികള്‍ക്കു നിര്‍ണായകമായ ചലനം സൃഷ്ടിച്ച പ്രതിമാസ പ്രഗതി യോഗങ്ങളെ ഉദാഹരണമായി പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. ഒറ്റപ്പെട്ടു കഴിയുന്ന അറകള്‍ സ്വയം വെട്ടിപ്പൊളിച്ച് കേന്ദ്രവുമായും മറ്റു സംസ്ഥാനങ്ങളുമായും യോജിച്ചുപ്രവര്‍ത്തിക്കാന്‍ സംസ്ഥാനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
ലോകം മുഴുവന്‍ ഇന്ന് ഇന്ത്യയെ വിശ്വസിക്കുന്നുവെന്നും ഇന്ത്യയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുവെന്നും ഇന്ത്യയുടെ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതു നമുക്കൊരു സുവര്‍ണാവസരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനാണ് ഏറ്റവും മുന്‍ഗണന നല്‍കേണ്ടതെന്നും ഇതുവഴി നിക്ഷേപം നേടാന്‍ സംസ്ഥാനങ്ങള്‍ക്കു സാധിക്കുമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഉപയോഗിക്കപ്പെടാതെ കിടക്കുന്ന വികസനസാധ്യതകള്‍ ഏറെയാണു സംസ്ഥാനങ്ങള്‍ക്ക് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ ആദ്യനാളുകള്‍ ഓര്‍ത്തെടുത്ത പ്രധാനമന്ത്രി, കച്ചില്‍ ഭൂകമ്പത്തിനുശേഷം നടത്തിയ നിര്മാണപ്രവര്ത്തനത്തെക്കുറിച്ചു വിശദീകരിച്ചു. സംഘടിച്ചു പ്രവര്‍ത്തിക്കുകയും സമര്‍പ്പണഭാവത്തോടെ പ്രയത്നിക്കുകയും ചെയ്ത ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. ഇതോടൊപ്പം, പഴക്കംചെന്ന നിയമങ്ങളും ചട്ടങ്ങളും ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി സൂചിപ്പിച്ചു.
കാര്‍ഷികമേഖലയെക്കുറിച്ചു പരാമര്‍ശിക്കവേ, ഈ രംഗത്തു സാങ്കേതികവിദ്യയുടെ ഉപയോഗം അനിവാര്യമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കാര്‍ഷികവിളകളുടെ കാര്യത്തില്‍ പാഴ്ച്ചെലവ് ഒഴിവാക്കുന്നതിനും ഭക്ഷ്യസംസ്കരണത്തിനും ഊന്നല്‍ നല്‍കിയായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. കാര്‍ഷിക മേഖല പരിഷ്കരിക്കാനും ഇ-നാം പദ്ധതിക്കു പ്രത്യേക പ്രാധാന്യം കല്പിക്കാനും അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചു.
പുതിയ സംരംഭങ്ങളോട് അനുകൂല നിലപാടു കൈക്കൊള്ളണമെന്ന് ഉദ്യോഗസ്ഥരോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഏത് ആദര്‍ശം പിന്തുടരുന്ന രാഷ്ട്രീയനേതൃത്വവും തെരഞ്ഞെടുക്കപ്പെട്ടാല്‍ എല്ലായ്പ്പോഴും പുതിയതും പ്രതീക്ഷ പകരുന്നതുമായ ആശയങ്ങളെ സ്വീകരിക്കാന്‍ തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു.
ആധാറിന്റെ ഉപയോഗം എല്ലായിടത്തും നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും ചോര്‍ച്ച ഇല്ലാതാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സദ്ഭരണത്തിനായി ആധാര്‍ ഉപയോഗം പരമാവധി വര്‍ധിപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഗവണ്മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസ് (ജെം) പദ്ധതി ഗവണ്മെന്റ് നടത്തുന്ന സംഭരണം ഫലപ്രദവും ചെലവു കുറഞ്ഞതും സുതാര്യവുമാക്കിത്തീര്ത്തുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 15 ആകുമ്പോഴേക്കും ‘ജെം’ പരമാവധി ഉപയോഗപ്പെടുത്തിത്തുടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘ഏക ഭാരതം, ശ്രേഷ്ഠ ഭാരതം’ പദ്ധതിയെക്കുറിച്ചു പരാമര്‍ശിക്കവേ, നമ്മെ ഒന്നിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ച് എല്ലായ്പ്പോഴും ഓര്‍ക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതിക്കായി പ്രവര്‍ത്തിക്കാന്‍ എല്ലാ ചീഫ് സെക്രട്ടറിമാരോടും അദ്ദേഹം ആഹ്വാനം ചെയ്തു.
ഗവണ്‍മെന്‍ിന്റെ പദ്ധതികള്‍ വിജയിപ്പിക്കാനും വികസനലക്ഷ്യങ്ങള്‍ നേടിയെടുക്കാനും സദ്ഭരണമാണ് ഏറ്റവും പ്രധാന ഘടകമെന്നു പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളിലെ യുവ ഉദ്യോഗസ്ഥര്‍ പദ്ധതിപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ആവശ്യമായ സമയം നീക്കിവെക്കണമെന്നും ഇത്തരം സന്ദര്‍ശനങ്ങളിലൂടെ മാത്രമേ പദ്ധതികള്‍ നേരിടുന്ന തടസ്സങ്ങള്‍ യഥാവിധി മനസ്സിലാക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന അനുഭവങ്ങള്‍ ഭാവിയിലേക്കായി കരുതിവെക്കേണ്ടതിന്റെ പ്രസക്തി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജില്ലകളില്‍ ഉദ്യോഗസ്ഥര്‍ ഗസറ്റുകള്‍ എഴുതുന്നതു കര്‍ശനമാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022 ആകുമ്പോഴേക്കും സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പൂര്‍ത്തിയാകുമെന്ന് ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, സമഗ്രവികസനം ഒരു ദൗത്യമായിക്കണ്ട് ഉണര്‍വോടെ പ്രവര്‍ത്തിക്കാന്‍ എല്ലാവര്ക്കും ലഭിക്കുന്ന അവസരമാണിത് എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കേന്ദ്ര ആസൂത്രണ സഹമന്ത്രി ശ്രീ. റാവു ഇന്ദ്രജിത്ത് സിങ്, നിതി ആയോഗ് വൈസ് ചെയര്മാന് ഡോ. അരവിന്ദ് പനഗരിയ, നിതി ആയോഗ് സി.ഇ.ഒ. ശ്രീ. അമിതാഭ് കാന്ത്, പ്രധാനമന്ത്രിയുടെ ഓഫീസിലെയും ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെയും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.
Here are highlights of a special interaction PM @narendramodi had with Chief Secretaries of States & UTs. https://t.co/UuoSpVlsMq
— PMO India (@PMOIndia) July 11, 2017
Chief Secretaries presented best practices in their states in key areas including rural development, agriculture, health, tribal welfare.
— PMO India (@PMOIndia) July 11, 2017
Presentations were also shared on Divyang welfare, solid waste management, e-governance, PDS reform among various other policy issues.
— PMO India (@PMOIndia) July 11, 2017
In his address, PM highlighted the importance of ‘competitive cooperative federalism’ & need to learn from best practices of various states
— PMO India (@PMOIndia) July 11, 2017
PM spoke about Central Government’s focus on ease of doing business & bringing greater investment in the states, which would benefit people.
— PMO India (@PMOIndia) July 11, 2017
PM also called for greater usage of technology in areas of governance. Technology has a transformative potential on the lives of citizens.
— PMO India (@PMOIndia) July 11, 2017
Good governance is the greatest key to the success of government programmes & development goals. https://t.co/UuoSpVlsMq
— PMO India (@PMOIndia) July 11, 2017