Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്തോ-ജര്‍മ്മന്‍ സുസ്ഥിര കേന്ദ്രത്തിനുള്ള സംയുക്ത പ്രസ്താവന വിലയിരുത്തി


ഇന്ത്യയും ജര്‍മ്മനിയും തമ്മില്‍ ഇന്തോ ജര്‍മ്മന്‍ സുസ്ഥിര കേന്ദ്രത്തിനുള്ള (ഐ.ജി.സി.എസ്) സംയുക്ത താല്‍പര്യ പ്രസ്താവന(ജെ.ഡി.ഐ) പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി. ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക വകുപ്പും (ഡി.എസ്.ടി) ജര്‍മ്മനിയിലെ വിദ്യാഭ്യാസ ഗവേഷണ ഫെഡറല്‍ മന്ത്രാലയ(ബി.എം.ബി.എഫ്)വുമാണ് ഇന്തോ ജര്‍മ്മന്‍ സുസ്ഥിര കേന്ദ്രത്തിനുള്ള സംയുക്ത താല്‍പര്യ പ്രസ്താവനയിലെ പങ്കാളികള്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയും ജര്‍മ്മന്‍ ഫെഡറല്‍ ചാന്‍സലറും തമ്മില്‍ ബെര്‍ലിനില്‍ നടന്ന ഗവണ്‍മെന്റുകള്‍ തമ്മിലുള്ള നാലാമത് കൂടിക്കാഴ്ചയ്ക്കിടെ 2017 മേയ് 30നാണ് ജെ.ഡി.ഐക്കു രൂപം നല്‍കിയത്. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക ഭൗമശാസ്ത്ര മന്ത്രി ഡോ: ഹര്‍ഷവര്‍ധനും ജര്‍മ്മനിയുടെ വിദ്യാഭ്യാസ ഗവേഷണ മന്ത്രി ഡോ: ജോഹാന്‍ വാങ്കയും തമ്മിലാണ് ജെ.ഡി.ഐ ഒപ്പിട്ടത്.

ഇന്ത്യയിലെയും ജര്‍മ്മനിയിലെയും ശാസ്ത്രജ്ഞന്മാര്‍ തമ്മില്‍ അടിസ്ഥാനപരവും പ്രായോഗികവുമായ സഹകരണം വര്‍ധിപ്പിക്കുകയാണ് ഐ.ജി.സി.എസിനുള്ള ജെ.ഡി.ഐയുടെ പ്രധാന ലക്ഷ്യം. പരസ്പരമുള്ള പഠനസംവിധാനത്തിലൂടെയും അല്ലെങ്കില്‍ വിവിധ വിഷയങ്ങളിലുള്ള അറിവുകളിലുള്ള ഗവേഷണത്തിന്റെ അടിസ്ഥാനത്തിലും നയപരം, പിന്തുണ, അദ്ധ്യാപനം, പരിശീലനം, സുസ്ഥിരവികസനം കാലാവസ്ഥ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലെ വിവരങ്ങളുടെ പ്രചരണം ഇവയില്‍ ഉള്‍പ്പെടുന്നു. ഭാവിയില്‍ ഇന്ത്യയിലെയും ജര്‍മ്മനിയിലെയും സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിവ തമ്മിലുള്ള ബന്ധത്തിന്റെ ശൃംഖല വിശാലമാക്കുന്നതിന് ഐ.ജി.സി.എസിന് കഴിയും. ഇന്ത്യയുടെ ഭാഗത്തുനിന്നും ഐ.ജി.സി.എസിന്റെ ആതിഥേയ സ്ഥാപനമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐ.ഐ.ടി.) മദ്രാസ് പ്രവര്‍ത്തിക്കും.

ഐ.ഐ.ടി. മദ്രാസിലുള്ള ഐ.ജി.സി.എസിന് വേണ്ട സാമ്പത്തിക സഹായത്തിനായി ജെ.ഡി.ഐയ്ക്ക് കീഴില്‍ വേണ്ട സ്ഥാപന ചട്ടക്കൂടുകള്‍ ഡി.എസ്.ടിയും ബി.എം.ബിഎഫും ചേര്‍ന്നു വികസിപ്പിക്കും. സുസ്ഥിരവികസനത്തിനുള്ള കാലാവസ്ഥാ വ്യതിയാനം പോലുള്ള വിഷയങ്ങളിലെ ഗവേഷണത്തിന് ഐ.ജി.സി.എസിന് ഡി.എസ്.ടി ഗ്രാന്റ് നല്‍കും. 2018 ജനുവരി ഒന്നുമുതല്‍ അഞ്ചുവര്‍ഷത്തേക്ക് ഡി.എസ്.ടിയും ബി.എം.ബിഎഫും സംയുക്തമായ ഐ.ഡി.സി.എസിനെ സഹായിക്കും.