ഹാംബര്‍ഗില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി റിപ്പബ്ലിക് ഓഫ് കൊറിയ പ്രസിഡന്റ് ശ്രീ. മൂണ്‍ ജെയിനുമായി ചര്‍ച്ച നടത്തി. പ്രസിഡന്റ് പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനു പ്രസിഡന്റ് മൂണിനെ പ്രധാനമന്ത്രി മോദി അനുമോദിച്ചു. പ്രധാനമന്ത്രി ടെലഫോണില്‍ വിളിച്ചതും കൊറിയന്‍ ഭാഷയില്‍ ട്വീറ്റ് ചെയ്തതും അതു കൊറിയന്‍ ജനതയെ ആഹ്ലാദിപ്പിച്ചതും പ്രസിഡന്റ് ഓര്‍മപ്പെടുത്തി. ഇന്ത്യയും കൊറിയയും തമ്മിലുള്ള സവിശേഷതയാര്‍ന്ന തന്ത്രപരമായ പങ്കാളിത്തം പൊതുവായും മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളിലൂടെ വിശേഷിച്ചും മെച്ചപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും പങ്കുവെച്ചു. ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രസിഡന്റ് മൂണിനെ പ്രധാനമന്ത്രി ക്ഷണിച്ചു. ക്ഷണം സ്വീകരിക്കപ്പെടുകയും ചെയ്തു.
ഇറ്റലി പ്രധാനമന്ത്രി ശ്രീ. പൗലോ ജന്റോലിനിയുമായി പ്രധാനമന്ത്രി മോദി നടത്തിയ ചര്‍ച്ചകള്‍ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതില്‍, വിശേഷിച്ച് വാണിജ്യ, നിക്ഷേപ ബന്ധങ്ങളും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തുന്നതില്‍, കേന്ദ്രീകരിച്ചുള്ളതായിരുന്നു. ഈ വര്‍ഷം നവംബറില്‍ ഇന്ത്യയില്‍ നടത്താനിരിക്കുന്ന ഭക്ഷ്യസംസ്കരണ പ്രദര്‍ശനമായ വേള്‍ഡ് ഫുഡ് ഇന്ത്യയില്‍ പങ്കാളിയാകാന്‍ ഇറ്റലിയെ പ്രധാനമന്ത്രി ക്ഷണിച്ചു. ഉഭയകക്ഷി സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളിലെയും ഇടത്തരം സംരംഭ മേഖലകള്‍ തമ്മിലുള്ള ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഇരു നേതാക്കളും വിലയിരുത്തി. വ്യാവസായിക മേഖലയില്‍ ഉള്‍പ്പെടെ ഇറ്റലിയില്‍ ഇന്ത്യ നിക്ഷേപം നടത്തുന്നതിനെ ഇറ്റാലിയന്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു. കാലാവസ്ഥാ വ്യതിയാനം ഇല്ലാതാക്കീനും ആഫ്രിക്കയുടെ വികസനത്തെ പ്രോത്സാഹിപ്പിക്കാനും ശാശ്വതമായ വഴികള്‍ കണ്ടെത്തുന്നതിനായി ഇരുവരും ചര്‍ച്ച ചെയ്തു.
നോര്‍വേ പ്രധാനമന്ത്രി കുമാരി എര്‍ന സോള്‍ബര്‍ഗും പ്രധാനമന്ത്രിയും ധനകാര്യ രംഗത്ത് ഉള്‍പ്പെടെയുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു ചര്‍ച്ച നടത്തി. ദേശീയ നിക്ഷേപ, അടിസ്ഥാനസൗകര്യ ഫണ്ടിലേക്ക് നോര്‍വീജിയന്‍ പെന്ഷന് ഫണ്ട് പ്രധാനമന്ത്രി മോദി അഭ്യര്‍ഥിച്ചു. യു.എന്‍.ജി.എക്കൊപ്പം നടക്കുന്ന ഓഷ്യന്‍സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഇന്ത്യയെ നോര്‍വേ പ്രധാനമന്ത്രി ക്ഷണിച്ചു. ശാശ്വതമായ വികസന ലക്ഷ്യ (എസ്.ഡി.ജി.)ങ്ങള്‍ക്കായുള്ള സഹകരണത്തിന്റെ പ്രതീകമായി എസ്.ഡി.ജികള് രേഖപ്പെടുത്തിയ ഫുട്ബോള്‍ പ്രധാനമന്ത്രി സോള്‍ബെര്‍ഗ്, പ്രധാനമന്ത്രി മോദിക്കു സമ്മാനിച്ചു.