Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ഇസ്രായേല്‍, ജര്‍മനി സന്ദര്‍ശനം


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ജൂലൈ നാലു മുതല്‍ ആറു വരെ ഇസ്രായേല്‍ സന്ദര്‍ശിക്കും. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി അദ്ദേഹം 2017 ജൂലൈ ആറു മുതല്‍ എട്ടുവരെ ജര്‍മനിയിലെ ഹാംബര്‍ഗും സന്ദര്‍ശിക്കും.

ഒന്നിലേറെ ഫേസ്ബുക്ക് പോസ്റ്റുകളിലായി പ്രധാനമന്ത്രി വിശദീകരിച്ചു:

‘ഞാന്‍ 2017 ജൂലൈ നാലു മുതല്‍ ആറു വരെ പ്രധാനമന്ത്രി ബെഞ്ചമില്‍ നെതന്യാഹുവിന്റെ ക്ഷണം സ്വീകരിച്ച് ഇസ്രായേല്‍ സന്ദര്‍ശിക്കും.

ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ഇരു രാജ്യങ്ങളിലെയും ജനങ്ങളെ അടുപ്പിക്കുന്നതിനായി ഈ സന്ദര്‍ശനം ഉപകരിക്കുമെന്ന പ്രതീക്ഷയിലാണു ഞാന്‍. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധം 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. നാം തമ്മിലുള്ള പങ്കാളിത്തത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും അതോടൊപ്പം പരസ്പര നേട്ടത്തിനായി വിവിധ മണ്ഡലങ്ങളില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി നെതന്യാഹുവുമായി ഞാന്‍ വിശദമായി ചര്‍ച്ച ചെയ്യും. തീവ്രവാദം പോലുള്ള പ്രധാനപ്പെട്ട പൊതു വെല്ലുവിളികളും ചര്‍ച്ചാവിഷയമാകും.

കഴിഞ്ഞ വര്‍ഷം ന്യൂഡെല്‍ഹിയില്‍ ആതിഥ്യമരുളിയ പ്രസിഡന്റ് റ്യൂവെന്‍ റുവി റിവ്‌ലിനെയും മറ്റു മുതിര്‍ന്ന നേതാക്കളെയും ഞാന്‍ കാണും.

ഇസ്രയേലി സമൂഹത്തിന്റെ പരിച്ഛേദവുമായി ആശയവിനിമയം നടത്താനുള്ള അവസരവും എനിക്കു ലഭിക്കും. ഇരു രാജ്യങ്ങളിലെയും ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ നിര്‍ണായകമായ ഇസ്രായേലിലെ ഇന്ത്യന്‍ സമൂഹവുമായി ഇടപഴകാന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

സാമ്പത്തിക രംഗത്ത്, ബിസിനസ് വികസിപ്പിക്കുകയും നിക്ഷേപസഹകരണം മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ഇരു രാഷ്ട്രങ്ങളുടെയും താല്‍പര്യമനുസരിച്ച് ഇന്ത്യന്‍, ഇസ്രായേലി സി.ഇ.ഒമാരുമായും സ്റ്റാര്‍ട്ടപ്പുകാരുമായും ഞാന്‍ സംവദിക്കും. സാങ്കേതികരംഗത്തും പുതിയ കണ്ടുപിടിത്തങ്ങളുടെ കാര്യത്തിലും ഇസ്രായേലിനുള്ള മുന്‍കൈ മനസ്സിലാക്കാന്‍ ഓണ്‍സൈറ്റ് സന്ദര്‍ശനങ്ങള്‍ സഹായകമാകുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

മാനവ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ വംശഹത്യക്ക് ഇരയാക്കപ്പെട്ടവരുടെ ഓര്‍മകള്‍ക്കു മുന്നില്‍ ആദരവ് അര്‍പ്പിക്കാനായി യാദ് വാഷെം സ്മാരക മ്യൂസിയവും ഞാന്‍ സന്ദര്‍ശിക്കും. പിന്നീട്, 1918ല്‍ ഹൈഫ സ്വതന്ത്രമാക്കാനായി ജീവന്‍ ബലിയര്‍പ്പിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കും.

ജൂലൈ ആറിന്, ജര്‍മനി ആതിഥ്യം വഹിക്കുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഹാംബര്‍ഗിലേക്കു തിരിക്കും. സാമ്പത്തിക വളര്‍ച്ച, സുസ്ഥിര വികസനം, സമാധാനം, സ്ഥിരത എന്നിവയെ ബാധിക്കുന്ന വിധത്തില്‍ ലോകത്തെ ഗ്രസിച്ചിരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ സംബന്ധിച്ചു നേതാക്കളുമായി ജൂലൈ ഏഴ്, എട്ട് തീയതികളില്‍ ചര്‍ച്ച നടത്തും.

കഴിഞ്ഞ വര്‍ഷത്തെ ഹാങ്‌സു ഉച്ചകോടിയില്‍ കൈക്കൊണ്ട തീരുമാനങ്ങളില്‍ ഉണ്ടായിട്ടുള്ള പുരോഗതി വിലയിരുത്തുകയും ഭീകരവാദം, കാലാവസ്ഥ, സുസ്ഥിര വികസനം, വളര്‍ച്ചയും വ്യാപാരവും, ഡിജിറ്റല്‍വല്‍ക്കരണം, ആരോഗ്യം, തൊഴില്‍, കുടിയേറ്റം, സ്ത്രീശാക്തീകരണം, ആഫ്രിക്കയുമായുള്ള സഹകരണം എന്നീ കാര്യങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്യും.

മുന്‍പു ചെയ്തിട്ടുള്ളതുപോലെ ഉച്ചകോടിക്കിടെ നേതാക്കളെ കാണാനും പരസ്പര താല്‍പര്യമുള്ള ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുമുള്ള അവസരത്തിനായും ഞാന്‍ കാത്തിരിക്കുകയാണ്.’