Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ വായനാ ദിന – വായാന മാസാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

s20170617107706


വായനാമാസാചരണത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഈ ചടങ്ങ് സംഘടിപ്പിച്ചിതിനു പി.എന്‍.പണിക്കര്‍ ഫൗണ്ടേഷനെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. വായനയേക്കാള്‍ സുഖം പകരുന്ന അനുഭവമോ വിജ്ഞാനത്തേക്കാള്‍ വലിയ കരുത്തോ ഇല്ല.

സുഹൃത്തുക്കളേ,

സാക്ഷരതയുടെ കാര്യത്തില്‍ കേരളം മാര്‍ഗദര്‍ശിയും രാജ്യത്തിനാകെ ഊര്‍ജം പകരുകയും ചെയ്യുന്ന സംസ്ഥാനമാണ്.

നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ നഗരവും ആദ്യ ജില്ലയും കേരളത്തിലാണ്. നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം യാഥാര്‍ഥ്യമായ ആദ്യ സംസ്ഥാനവും കേരളമാണ്. രാജ്യത്ത് പണ്ട് മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന കോളജുകളിലും സ്‌കൂളുകളിലും വായനശാലകളിലും പലതും കേരളത്തിലാണ്.

ഈ നേട്ടം സാധ്യമായത് കേവലം ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനം കൊണ്ടു മാത്രമല്ല. ശ്രദ്ധേയമായ ഈ നേട്ടം കൈവരിക്കുന്നതില്‍ പൗരന്മാരും സാമൂഹിക സംഘടനകളും ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുള്ള ജനകീയ പങ്കാളിത്തത്തിനും കേരളം മാതൃകയാണ്. യശഃശരീനായ ശ്രീ. പി.എന്‍.പണിക്കരുടെയും അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷന്റെയും പ്രവര്‍ത്തനങ്ങളെ ഞാന്‍ ആദരിക്കുന്നു. കേരളത്തിലെ വായനശാലാ പ്രസ്ഥാനത്തിന് ഊര്‍ജം പകര്‍ന്നിരുന്നതും ശ്രീ. പി.എന്‍.പണിക്കരാണ്. 47 ഗ്രാമീണ വായനശാലകളുമായി 1945ല്‍ സ്വയം കെട്ടിപ്പടുത്ത ഗ്രന്ഥശാലാ സംഘത്തിലൂടെയാണ് അദ്ദേഹം ഇതു സാധ്യമാക്കിയത്.

വായനയും അറിവും തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിക്കൂടെന്നു ഞാന്‍ കരുതുന്നു. അതു സാമൂഹിക ഉത്തരവാദിത്തവും രാഷ്ട്ര സേവനവും മാനവസേവനവും ഒക്കെ ജനിപ്പിക്കുന്നതായിരിക്കണം. സമൂഹത്തിലെയും രാഷ്ട്രത്തിലെയും തിന്‍മകളെ ഇല്ലാതാക്കാന്‍ അതിനു സാധിക്കണം. അത് ശാന്തിയുടെ ആശയത്തെയും സമാനമായി, രാഷ്ട്രത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രചരിപ്പിക്കുന്നതാകണം.

സാക്ഷരത നേടിയ ഒരു സ്ത്രീക്കു രണ്ടു കുടുംബങ്ങള്‍ക്കു വിദ്യ പകരാന്‍ സാധിക്കുമെന്നാണ് പറയുക. ഇക്കാര്യത്തില്‍ മാതൃകയായിത്തീരാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.

പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ഒട്ടേറെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുമായും സാമൂഹിക സംഘടനകളുമായും ചേര്‍ന്ന് വായന പ്രചരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു. 2022 ആകുമ്പോഴേക്കും അവസരം നിഷേധിക്കപ്പെട്ട 30 കോടി പേരിലേക്ക് എത്തിച്ചേരുക എന്നതാണു ഫൗണ്ടേഷന്റെ ലക്ഷ്യം. ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം വളരാനും അഭിവൃദ്ധി നേടാനുമായി വായന പ്രോത്സാഹിപ്പിക്കുക എന്നതാണ്.

വായനയിലൂടെ ചിന്ത വികസിക്കും. നല്ല വായനാശീലമുള്ള ജനത ഇന്ത്യയെ ആഗോളതലത്തില്‍ മുന്‍പന്തിയിലെത്താന്‍ സഹായിക്കും.

ഇതേ ഉദ്ദേശ്യത്തോടെ, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ‘വാഞ്ചേ ഗുജറാത്ത്’ എന്നൊരു പദ്ധതിക്കു ഞാന്‍ തുടക്കമിട്ടിരുന്നു. ഗുജറാത്ത് വായിക്കുന്നു എന്നാണ് വാഞ്ചേ ഗുജറാത്ത് എന്നതിന്റെ അര്‍ഥം. ജനങ്ങളെ വായിക്കാന്‍ പ്രേരിപ്പിക്കുന്നതിനായി ഒരു പൊതുവായനശാല ഞാന്‍ സന്ദര്‍ശിക്കുകയുണ്ടായി. പദ്ധതി വിശേഷിച്ചും യുവാക്കളെ ഉദ്ദേശിച്ചുള്ളതായിരുന്നു. ഗ്രന്ഥമന്ദിര്‍ അഥവാ പുസ്തകങ്ങളുടെ അമ്പലം അവരവരുടെ ഗ്രാമങ്ങളില്‍ ആരംഭിക്കാന്‍ പൗരന്മാരോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. അമ്പതോ നൂറോ പുസ്തകങ്ങള്‍കൊണ്ട് ഇതിനു തുടക്കമിടാം.

ആള്‍ക്കാരെ സ്വീകരിക്കാന്‍ ബൊക്കേയ്ക്കു പകരം പുസ്തകം കൊടുക്കാന്‍ ഞാന്‍ അഭ്യര്‍ഥിച്ചിരുന്നു. അത്തരമൊരു നീക്കമുണ്ടായാല്‍ വലിയ മാറ്റത്തിനു വഴിവെക്കും.

സുഹൃത്തുക്കളേ!

ഉപനിഷദ്കാലം മുതല്‍ അറിവുള്ളവരെ ആദരിച്ചുവരുന്നു. നാം ഇപ്പോള്‍ അറിവിന്റെ കാലഘട്ടത്തിലാണ്. ഇന്നും നയിക്കുന്ന ഏറ്റവും നല്ല വെളിച്ചം അറിവുതന്നെ.

ഡിജിറ്റല്‍ ലൈബ്രറികളുടെ ആദ്യപദ്ധതിയുടെ ഭാഗമായി പണിക്കര്‍ ഫൗണ്ടേഷന്‍ സംസ്ഥാനത്തെ 18 വായനശാലകളുമായും ന്യൂ ഡല്‍ഹിയിലെ ഇന്ത്യന്‍ പബ്ലിക് ലൈബ്രറി പ്രസ്ഥാനവുമായും സഹകരിച്ചു പ്രവര്‍ത്തിക്കുകയാണെന്നാണ് എനിക്കറിയാന്‍ സാധിച്ചത്.
വായനയുടെയും വായനശാലയുടെയും അത്തരമൊരു മുന്നേറ്റം രാജ്യത്തെമ്പാടും രൂപപ്പെടുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആ പ്രസ്ഥാനം ജനങ്ങളെ സാക്ഷരരാക്കുന്നതില്‍ മാത്രമായി ഒതുങ്ങരുത്. സാമൂഹികവും സാമ്പത്തികവുമായ പരിവര്‍ത്തനം സാധ്യമാക്കുകയെന്ന യഥാര്‍ഥ ലക്ഷ്യം നേടുന്നതിനായുള്ള ശ്രമം അതിലൂടെ ഉണ്ടാകണം. നല്ല വിജ്ഞാനമെന്ന അടിത്തറയ്ക്കു പിന്നാലെ ഭേദപ്പെട്ട സമൂഹത്തിന്റെ മെച്ചപ്പെട്ട ഘടനയും രൂപപ്പെടണം.

ജൂണ്‍ 19 വായനാദിനമായി സംസ്ഥാന ഗവണ്‍മെന്റ് പ്രഖ്യാപിച്ചു എന്നറിയുന്നതില്‍ എനിക്കു സന്തോഷമുണ്ട്. ഈ പ്രവര്‍ത്തനത്തിനു പ്രചാരം നല്‍കാന്‍ പലവിധ ശ്രമങ്ങളും ഒത്തുചേരുമെന്ന് ഉറപ്പാണ്.

ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റും പിന്തുണ നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ഫൗണ്ടേഷന് 1.2 കോടി രൂപ നല്‍കിയിട്ടുണ്ടെന്നാണ് എനിക്കു കിട്ടിയ വിവരം.

ഡിജിറ്റല്‍ സാക്ഷതരയിലാണു ഫൗണ്ടേഷന്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നതും സന്തോഷപ്രദമാണ്. ഇതു കാലഘട്ടത്തിന്റെ ആവശ്യമാണ്.

സുഹൃത്തുക്കളേ!

ഞാന്‍ ജനങ്ങളുടെ ശക്തിയില്‍ വിശ്വസിക്കുന്നു. അതിന് ഭേദപ്പെട്ട സമൂഹവും രാഷ്ട്രവും യാഥാര്‍ഥ്യമാക്കാനുള്ള കഴിവുണ്ട്.

വായിക്കുമെന്നുള്ള പ്രതിജ്ഞ കൈക്കൊള്ളാന്‍ ഇവിടെയുള്ള എല്ലാ യുവതീയുവാക്കളോടും ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. മറ്റുള്ളവരെ അതിന് പ്രാപ്തരാക്കുകയും വേണം.

നമുക്കൊരുമിച്ച് ഒരിക്കല്‍ക്കൂടി ഇന്ത്യയെ വിവേകത്തിന്റെയും വിജ്ഞാനത്തിന്റെയും നാടാക്കിമാറ്റാം.

നന്ദി.