Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എം.എസ്.സ്വാമിനാഥനെക്കുറിച്ചുള്ള രണ്ടു ഭാഗങ്ങളായുള്ള പുസ്തകമായ വിശപ്പില്ലാത്ത ലോകത്തിനായുള്ള അന്വേഷണം പ്രധാനമന്ത്രി പ്രകാശിപ്പിച്ചു

എം.എസ്.സ്വാമിനാഥനെക്കുറിച്ചുള്ള രണ്ടു ഭാഗങ്ങളായുള്ള പുസ്തകമായ വിശപ്പില്ലാത്ത ലോകത്തിനായുള്ള അന്വേഷണം പ്രധാനമന്ത്രി പ്രകാശിപ്പിച്ചു


പ്രമുഖ കൃഷിശാസ്ത്രജ്ഞന്‍ എം.എസ്.സ്വാമിനാഥനെക്കുറിച്ചുള്ള രണ്ടു ഭാഗങ്ങളായുള്ള പുസ്തകം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രകാശിപ്പിച്ചു. എം.എസ്.സ്വാമിനാഥന്‍: വിശപ്പില്ലാത്ത ലോകത്തിനായുള്ള അന്വേഷണം എന്നാണു പുസ്തകങ്ങളുടെ പേര്.

താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ പ്രൊഫ. സ്വാമിനാഥനുമായി ചര്‍ച്ച ചെയ്താണു സോയില്‍ ഹെര്‍ത്ത് കാര്‍ഡ് പദ്ധതി നടപ്പാക്കിയതെന്ന് ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

പ്രൊഫ. സ്വാമിനാഥന്റെ സമര്‍പ്പണത്തെയും പ്രതിബദ്ധതയെയും പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി, അദ്ദേഹത്തെ ഒരു കൃഷിശാസ്ത്രജ്ഞന്‍ എന്നല്ല, കര്‍ഷകരുടെ ശാസ്ത്രജ്ഞന്‍ എന്നാണു വിശേഷിപ്പിച്ചത്. പ്രായോഗിക യാഥാര്‍ഥ്യത്തില്‍ അധിഷ്ഠിതമാണു പ്രവര്‍ത്തനം എന്നതാണു പ്രൊഫ. സ്വാമിനാഥന്റെ സവിശേഷതയെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രൊഫ. സ്വാമിനാഥന്റെ ലാളിത്യത്തെ ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

കാര്‍ഷികമേഖല ഇന്നു നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു പരാമര്‍ശിക്കവേ, കൃഷിയിലെ വിജയം കിഴക്കന്‍ ഇന്ത്യയില്‍ക്കൂടി സംഭവിക്കേണ്ടതുണ്ടെന്നും അതിനായി ശാസ്ത്ര, സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആധുനിക ശാസ്ത്രീയ രീതികളും പരമ്പരാഗത കാര്‍ഷികവിജ്ഞാനവും ചേര്‍ന്നാല്‍ നല്ല ഫലമുണ്ടാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഓരോ സംസ്ഥാനങ്ങളില്‍നിന്ന് ഉദാഹരണങ്ങള്‍ എടുത്തുകാട്ടിയ അദ്ദേഹം, ഇന്ത്യയിലെ ഓരോ ജില്ലയ്ക്കും ‘കാര്‍ഷിക വ്യക്തിത്വം’ ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതു വിപണനപ്രക്രിയ എളുപ്പമാക്കുകയും വ്യാവസായിക കൂട്ടായ്മകള്‍ക്കു സമാനമായി കര്‍ഷകകൂട്ടായ്മകള്‍ രൂപപ്പെടുന്നതിനു സഹായകമാകുകയും ചെയ്യുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

2022 ആകുമ്പോഴേക്കും കൃഷിയില്‍നിന്നുള്ള വരുമാനം ഇരട്ടിപ്പിക്കുകയെന്ന ലക്ഷ്യത്തെക്കുറിച്ചു വിശദമാക്കിയ പ്രധാനമന്ത്രി, ഈ ലക്ഷ്യം യാഥാര്‍ഥ്യമാകാന്‍ ഒട്ടേറെ പ്രധാന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് ഓര്‍മിപ്പിച്ചു. മുമ്പുണ്ടായിരുന്ന കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതികളെ അപേക്ഷിച്ച് പ്രധാനമന്ത്രി ഫസല്‍ ബീമ യോജനയ്ക്കു കര്‍ഷകര്‍ക്കിടയില്‍ സ്വീകാര്യത കൂടുതലാണെന്നതില്‍ ശ്രീ. മോദി സംതൃപ്തി പ്രകടിപ്പിച്ചു. ഈ സ്വീകാര്യത വിളനഷ്ടത്തെക്കുറിച്ചു കര്‍ഷകര്‍ക്കുള്ള ആശങ്ക കുറയാനും കാര്‍ഷിക രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളെ പരീക്ഷണ ലാബുകളില്‍നിന്നു കൃഷിയിടങ്ങളിലേക്ക് എത്തിക്കാനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ നല്ല വാക്കുകള്‍ക്കു നന്ദി പറഞ്ഞ ഡോ. എം.എസ്.സ്വാമിനാഥന്‍, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ അഭിനന്ദിക്കുകയും ചെയ്തു. സാങ്കേതികവിദ്യയും പൊതുനയവും ചേര്‍ന്നുപോകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഉയര്‍ത്തിക്കാട്ടി.