Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കൊളമ്പോയില്‍ അന്താരാഷ്ട്ര ബുദ്ധ പൂര്‍ണിമ ദിനഘോഷങ്ങളോടനുബന്ധിച്ച് (2017 മെയ് 12) നു പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

കൊളമ്പോയില്‍ അന്താരാഷ്ട്ര ബുദ്ധ പൂര്‍ണിമ ദിനഘോഷങ്ങളോടനുബന്ധിച്ച് (2017 മെയ് 12) നു പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

കൊളമ്പോയില്‍ അന്താരാഷ്ട്ര ബുദ്ധ പൂര്‍ണിമ ദിനഘോഷങ്ങളോടനുബന്ധിച്ച് (2017 മെയ് 12) നു പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

കൊളമ്പോയില്‍ അന്താരാഷ്ട്ര ബുദ്ധ പൂര്‍ണിമ ദിനഘോഷങ്ങളോടനുബന്ധിച്ച് (2017 മെയ് 12) നു പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


കൊളമ്പോയില്‍ അന്താരാഷ്ട്ര ബുദ്ധ പൂര്‍ണിമ ദിനഘോഷങ്ങളോടനുബന്ധിച്ച് (2017 മെയ് 12) നു പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

ശ്രീലങ്കയുടെ അതിപൂജനീയനായ മഹാനായകോംതെറോ

ശ്രീലങ്കയുടെ അതിപൂജനീയനായ സംഘരാജ തൈറോ

ആദരണീയരായ മത ആദ്ധ്യാത്മിക നേതാക്കളെ

ശ്രീലങ്കയുടെ ബഹുമാന്യനായ പ്രസിഡന്റ് മൈത്രിപാല സിരിസേന

ശ്രീലങ്കയുടെ ബഹുമാന്യനായ പ്രധാനമന്ത്രി റനില്‍ വിക്രംസിംഗേ

ശ്രീലങ്കന്‍ പാര്‍ലമെന്റിന്റെ ബഹുമാന്യനായ സ്പീക്കര്‍ കാരൂ ജയസൂര്യ

അന്താരാഷ്ട്ര ബുദ്ധ പൂര്‍ണിമ ദിന കൗണ്‍സിലിന്റെ സംപൂജ്യനായ പ്രസിഡന്റ് ഡോ.ബ്രാഹ്മിന്‍ പണ്ഡിറ്റ്

ആദരണീയരായ നയതന്ത്ര പ്രതിനിധികളെ

വിശിഷ്ടാതിധികളെ,

മാധ്യമ സുഹൃത്തുക്കളെ,

മഹതീ മഹാന്മാരെ, നമസ്‌കാരം ആയുഭുവന്‍

ദിവസങ്ങളില്‍ ഏറ്റവും വിശുദ്ധമായ ദിനമാണ് വൈശാഖം.

തഥാഗതനും ബോധ ദീപ്തനുമായ ബുദ്ധഭഗവാന്റെ ജനനത്തെ മനുഷ്യരാശി ആദരിക്കുന്ന, അനുസ്മരിക്കുന്ന ദിനം. ലോകം ശ്രീബുദ്ധനില്‍ ആഹ്ലാദിക്കുന്ന ദിനം. ബുദ്ധഭഗവാന്‍ മാനവരാശിക്ക് ഉപദേശിച്ച ധര്‍മ്മാര്‍ത്ഥ കാമ മോക്ഷങ്ങളെന്ന നാലു പരമ സത്യങ്ങളെ കുറിച്ചും അവയുടെ കാലിക പ്രസക്തിയെ കുറിച്ചും ലോകം ചിന്തിക്കുന്ന ദിനം.

ബുദ്ധഭഗവാന്‍ പഠിപ്പിച്ച മഹാമനസ്‌കത, സല്‍സ്വഭാവം, പരിത്യാഗം, ജ്ഞാനം, ഊര്‍ജ്ജം, സഹിഷ്ണുത, സത്യസന്ധത, നിശ്ചദാര്‍ഢ്യം, കാരുണ്യം, സമഭാവന എന്നീ പത്തു പൂര്‍ണതകളെ കുറിച്ച് ഈ ദിനത്തില്‍ ലോകം ധ്യാനനിരതമാകുന്നു.

ശ്രീലങ്കയ്ക്ക്, ഇന്ത്യയ്ക്ക്, ലോകമെമ്പാടുമുള്ള ബുദ്ധമതവിശ്വാസികള്‍ക്ക് വളരെ അര്‍ത്ഥവത്തായ ദിനം കൂടിയാണ് ഇത്. ഇന്ന് ഇവിടെ കൊളമ്പോയിലെ ഈ വൈശാഖ ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി ക്ഷണിച്ച് എന്നെ ആദരിച്ച ശ്രീലങ്കയിലെ ബഹുമാന്യരായ ജനങ്ങളോടും പ്രത്യേകിച്ച് ബഹുമാനപ്പെട്ട പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റണില്‍ വിക്രംസിന്‍ഹ എന്നിവരോടും ഞാന്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു. ഈ ശുഭവേളയില്‍ സാംയകസംബുദ്ധന്റെ നാട്ടിലെ 1.25 ശതലക്ഷം പ്രബുദ്ധജനങ്ങളുടെയും ആശംസകള്‍ ഞാന്‍ നിങ്ങള്‍ക്കു നേരുന്നു.

ബഹുമാന്യരെ, സുഹൃത്തുക്കളെ,

ലോകത്തിന് ഇന്നും അമൂല്യമായ ശ്രീബുദ്ധനെയും അദ്ദേഹത്തിന്റെ പഠനങ്ങളെയും സമ്മാനിച്ച നമ്മുടെ ഈ ഭൂഖണ്ഡം എത്രയോ അനുഗൃഹീതം. സിദ്ധാര്‍ത്ഥ രാജകുമാരന്‍ ശ്രീബുദ്ധനായി മാറിയ ഇന്ത്യയിലെ ബോധിഗയ ആഗോള ബുദ്ധമതത്തിന്റെ വിശുദ്ധമായ മര്‍മ്മ കേന്ദ്രമാണ്. ബുദ്ധദേവന്റെ പ്രഥമ പ്രഭാഷണം വരാണാസിയിലായിരുന്നു. അവിടെ നിന്നാണ് ധര്‍മ്മചക്രം പ്രയാണം തുടങ്ങിയത്. ഇന്ന് ആ മണ്ഡലത്തെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കാനുള്ള ഭാഗ്യം എനിക്കാണ് ലഭിച്ചിരിക്കുന്നത്. ഞങ്ങളുടെ എല്ലാ ദേശീയ ചിഹ്നങ്ങളും ബുദ്ധമതത്തില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളത്. ബുദ്ധമതവും അതിന്റെ സൂക്ഷ്മ തന്തുക്കളും ഞങ്ങളുടെ ഭരണപ്രക്രിയയില്‍, സംസ്‌കാരത്തില്‍, ദര്‍ശനത്തില്‍ എല്ലാം രൂഢമൂലമാണ്. ബുദ്ധമതത്തിന്റെ ദിവ്യ പരിമളം ഇന്ത്യയില്‍ നിന്നാണ് ഈ ഭൂഗോളത്തിന്റെ അതിര്‍ത്തികളോളം വ്യാപിച്ചത്. അശോക ചക്രവര്‍ത്തിയുടെ രണ്ടു കുമാരന്മാര്‍, മഹിന്ദ്രനും സംഘമിത്രനും ധര്‍മ്മ ദൂതുമായി ഇന്ത്യയില്‍ നിന്നാണ് ശ്രീലങ്കയിലേയ്ക്കു വന്നതും ബുദ്ധമതത്തിന്റെ ധര്‍മ്മങ്ങള്‍ ഇവിടുത്തെ ജനങ്ങള്‍ക്കു സമ്മാനിച്ചതും.

ശ്രീബുദ്ധന്‍ പറഞ്ഞിട്ടുണ്ട്; ധര്‍മ ദാനമാണ് ഏറ്റവും വലിയ ദാനം. ഇന്ന് ബുദ്ധമതത്തിന്റെ ഏറ്റവും വലിയ ആദ്ധ്യാത്മിക ബൗദ്ധിക കേന്ദ്രമായി ശ്രീലങ്ക മാറിയിരിക്കുന്നു എന്നത് അഭിമാനകരമാണ്. നൂറ്റാണ്ടുകള്‍ക്കു ശേഷം ധര്‍മപാലന്‍ ഇതുപോലെ ഒരു യാത്ര നടത്തുകയുണ്ടായി. എന്നാല്‍ ഇപ്രാവശ്യം യാത്ര ശീലങ്കയില്‍ നിന്ന് ഇന്ത്യയിലേയ്ക്കായിരുന്നു എന്നു മാത്രം അതും ബുദ്ധമതത്തിന്റെ ചെതന്യം അതിന്റെ ഉറവിടമായ ഇന്ത്യയില്‍ പുനരുജ്ജീവിപ്പിക്കാന്‍. ഒരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ വീണ്ടും ഞങ്ങളെ സ്വന്തം വേരുകളിലെത്തിച്ചു. ബുദ്ധമതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പൈതൃകങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിന് ലോകം നിങ്ങളോട് അത്യധികം കടപ്പെട്ടിരിക്കുന്നു. നമുക്കിടയില്‍ ഇനിയും ഉടയാത്ത ബുദ്ധമതത്തിന്റെ പങ്കാളിത്ത പൈതൃകം,തലമുറകളായി, നൂറ്റാണ്ടുകളായി ഇരു ജനതകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പൈതൃകം ആഘോഷിക്കാനുള്ള അവസരമാണ് വൈശാഖം.

സുഹൃത്തുക്കളെ,

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സൗഹൃദത്തിന്റെ കണ്ണി മഹാഗുരുവിന്റെ കാലത്തു തുന്നിച്ചേര്‍ത്തതാണ്. ബുദ്ധമതമാണ് നമ്മുടെ ബന്ധത്തിന്റെ നിത്യ സാന്നിധ്യ തേജസ്. ഏറ്റവും അടുത്തുള്ള അയല്‍ക്കാര്‍ എന്ന നിലയില്‍ നമ്മുടെ ബന്ധത്തിന് പല മാനങ്ങളുണ്ട്. ബുദ്ധമതത്തിന്റെ പരസ്പരബന്ധിതമായ മൂല്യങ്ങള്‍ പോലെയാണ് അതിന്റെ ശക്തി. ഭാവിയില്‍ അനന്തമായ സാധ്യതകള്‍ അതിനുണ്ട്. ഇരുരാജ്യങ്ങളിലെയും ജനഹൃദയങ്ങളിലും സമൂഹമനസിലുമാണ് ഈ ബന്ധം ജീവിക്കുന്നത്.

നമുക്കിടയിലുള്ള ബുദ്ധമത പൈതൃക ബന്ധത്തെ കൂടുതല്‍ തീവ്രവും ശ്രേഷ്ഠവുമാക്കുന്നതിന് ഈ ഓഗസ്റ്റ് മാസം മുതല്‍ കൊളമ്പോയില്‍ നിന്ന് വരാണാസിയിലേയ്ക്ക് എയര്‍ ഇന്ത്യ നേരിട്ട് വ്യോമഗതാഗതം ആരംഭിക്കുന്ന വിവരം പ്രഖ്യാപിക്കാന്‍ എനിക്ക് സന്തോഷമുണ്ട്. ശ്രീലങ്കയിലെ എന്റെ സഹോദരീ സഹോദരന്മാര്‍ക്ക് ശ്രീബുദ്ധന്റെ ജന്മദേശത്ത് എത്തുവാനും സര്‍വഷ്ടി, കുശിനഗര്‍, സംഘാസ, കൗസംബി, സര്‍നാഥ് തുടങ്ങിയ കേന്ദ്രങ്ങള്‍ നേരിട്ടു സന്ദര്‍ശിക്കുവാനും ഇത് കൂടുതല്‍ സൗകര്യമൊരുക്കും. എന്റെ തമിഴ് സഹോദരങ്ങള്‍ക്ക് വരാണാസിയും കാശി വിശ്വനാഥും സന്ദര്‍ശിക്കാനും ഇത് സഹായകരമാകും.

സംപൂജ്യരായ സന്യാസി ശ്രേഷ്ഠരെ, ബഹുമാന്യരെ, സുഹൃത്തുക്കളെ,

ശ്രീലങ്കയുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിനുള്ള വലിയ അവസരമാണ് ഈ നിമിഷം എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. എല്ലാ മേഖലകളിലും പങ്കാളിത്തത്തിന്റെ കുതിച്ചു ചാട്ടം നടത്താനുള്ള അവസരം. നമ്മുടെ സൗഹൃദ വിജയത്തിന്റെ പ്രസക്തമായ മാനദണ്ഡം നിങ്ങളുടെ പുരോഗതിയും വികസനവുമാണ്. ശ്രീലങ്കയുടെ സാമ്പത്തിക പുരോഗതിക്കായി ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. വികസന സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന് അനുകൂലമായ മാറ്റം സാധ്യമാക്കുന്നതിന് നാം കൂടുതല്‍ നിക്ഷേപങ്ങള്‍ തുടരും. നമ്മുടെ അറിവും ശേഷിയും അഭിവൃദ്ധിയും പങ്കുവയ്ക്കുന്നതിലാണ് നമ്മുടെ ശക്തി. വ്യാപാരത്തിലും നിക്ഷേപത്തിലും നാം ഇപ്പോള്‍ത്തന്നെ പങ്കാളികളാണ്. അതിര്‍ത്തികള്‍ കടന്ന് കൂടുതല്‍ സ്വതന്ത്രമായ വ്യാപാര, നിക്ഷേപ, സാങ്കേതിക, ആശയ പ്രവാഹം ഉണ്ടാകണം. അത് ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകും. ഇന്ത്യയുടെ ത്വരിത ഗതിയിലുള്ള വളര്‍ച്ച ഈ മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും പ്രത്യേകിച്ച് ശ്രീലങ്കയ്ക്ക് ഗുണം ചെയ്യും. അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗതം, ഊര്‍ജ്ജം കമ്പ്യൂട്ടര്‍ ശ്രുംഖല എന്നിവയില്‍ നാം സഹകരണം വര്‍ധിപ്പിച്ചു കഴിഞ്ഞു. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പുനരധിവാസം, ഗതാഗതം, ഊര്‍ജ്ജം, സംസ്‌കാരം, ജലം, പാര്‍പ്പിടം, കായിക രംഗം, മനുഷ്യവിഭവം തടങ്ങിയ മേഖലകളിലെല്ലാം വികസനത്തിന്റെ നമ്മുടെ പങ്കാളിത്തം ഇന്ന് നിലനില്‍ക്കുന്നു.

ഇന്ന് ശ്രീലങ്കയുടെ വികസനത്തിനായി വിവിധ മേഖലകളില്‍ ഇന്ത്യ 2.6 ശതലക്ഷം അമേരിക്കന്‍ ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് ഒരു ലക്ഷ്യം മാത്രമെയുള്ളു. സമാധാനം പുലരുന്ന ഒരു ശ്രീലങ്ക, അവിടുത്തെ ജനങ്ങളുടെ പുരോഗതിയും ക്ഷേമവും. കാരണം ശ്രീലങ്കയിലെ ജനങ്ങളുടെ സാമൂഹിക സാമ്പത്തിക പുരോഗതി, ഇന്ത്യയിലെ 1.25 ശതലക്ഷം പൗരന്മാരുടെ ജീവിതവുമായി വളരെ ബന്ധപ്പെട്ടതാണ്. കരയിലായാലും ഇന്ത്യന്‍ സമുദ്രത്തിലായാലും നമ്മുടെ ജനങ്ങളുടെ സുരക്ഷ അഭേദ്യമാണ്. പ്രസിഡന്റ് സിരിസേനയും, പ്രധാനമന്ത്രി വിക്രം സിന്‍ഹയുമായും ഞാന്‍ നടത്തിയ സംഭാഷണത്തില്‍ നമ്മുടെ പൊതു ലക്ഷ്യങ്ങള്‍ നേടാന്‍ നാം കൈകോര്‍ക്കണം എന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു. നമ്മുടെ ജനങ്ങളുടെ പുരോഗതിക്കും ഐക്യത്തിനുമായി നിങ്ങള്‍ തീരുമാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇന്ത്യ എന്നും ഒരു സുഹൃത്തും പങ്കാളിയും ആയിരിക്കും. അത് നിങ്ങളുടെ രാഷ്ട്ര നിര്‍മ്മാണ പരിശ്രമങ്ങളെ ബലപ്പെടുത്തും.

സംപൂജ്യരായ സന്യാസി ശ്രേഷ്ഠരെ, ബഹുമാന്യരെ, സുഹൃത്തുക്കളെ,

രണ്ടര സഹസ്രാബ്ദം കഴിഞ്ഞിട്ടും ബുദ്ധദേവന്റെ സന്ദേശങ്ങള്‍ക്ക് ഇന്നും ഈ 21-ാം നൂറ്റാണ്ടിലും പ്രസക്തിയുണ്ട്. ബുദ്ധദേവന്‍ കാണിച്ചു തന്ന് മധ്യമാര്‍ഗ്ഗം നമ്മോട് എല്ലാം പറയുന്നുണ്ട്. അതിന്റെ സാര്‍വത്രികതയും നിത്യ നൂതന സ്വഭാവവും വളരെ ആകര്‍ഷകമാണ്. രാഷ്ട്രങ്ങളെ ഒന്നിപ്പിക്കുന്ന ഒരു ശക്തിയാണ് അത്. ദക്ഷിണ, മധ്യ, ദക്ഷിണപൂര്‍വ, പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ ബുദ്ധമതവുമായും ശ്രീബുദ്ധന്റെ ജന്മനാടുമായും അവര്‍ക്കുള്ള ബന്ധങ്ങളില്‍ അഭിമാനിക്കുന്നവരാണ്. ഈ വര്‍ഷം വൈശാഖ ദിന വിഷയമായി നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്ന സാമൂഹ്യ നീതി, സുസ്ഥിര ലോക സമാധാനം എന്നിവ ശ്രീബുദ്ധന്റെ പഠനങ്ങളുമായി ആഴത്തില്‍ ബന്ധമുള്ളവ തന്നെ. വിഷയങ്ങള്‍ സ്വതന്ത്രങ്ങളാണ് എന്നു തോന്നാം. പക്ഷെ അവ പരസ്പര ബന്ധിതവും പരസ്പര പൂരകവുമാണ്. സാമൂഹിക നീതി രാജ്യങ്ങല്‍ തമ്മിലുള്ള സംഘടനവുമായി ബന്ധപ്പെട്ടതാണ്. ഇത് തൃഷ്ണ ഉണര്‍ത്തും. ആഗ്രഹം പിന്നീട് അത്യഗ്രഹമായി മാറും. അത്യാഗ്രഹമാണ് മനുഷ്യനെ അവന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ തകര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. സമൂഹത്തില്‍ സാമ്പത്തിക പൊരുത്തക്കേടുകളും അനൈക്യവും സൃഷ്ടിക്കുന്നത് നമ്മുടെ ആഗ്രഹങ്ങളാണ്. എല്ലാം നേടാനുള്ള ആഗ്രഹങ്ങള്‍.

അതുപോലെ ഏറ്റവും വലിയ വെല്ലുവിളിയാണ് സുസ്ഥിര ലോക സമാധാനം. രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം യുദ്ധത്തിലാണ്. മനോഭാവങ്ങളില്‍ നിന്നാണ്, വിദ്വേഷം, അക്രമം തുടങ്ങിയ ചിന്താധാരകള്‍ ഉണ്ടാകുന്നത്. ഈ വിധ്വംസക വികാരത്തിന്റെ മൂര്‍ത്തമായ ആവിഷ്‌കാരമാണ് നമ്മുടെ മേഖലയില്‍ ഇന്നു കാണുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍. ഖേദപൂര്‍വം പറയട്ടെ, ഈ വിദ്വേഷ ആശയങ്ങളും നമ്മുടെ മേഖലയിലുള്ള അവയുടെ പ്രചാരകരും ഒരു തുറന്ന ചര്‍ച്ചയ്ക്കു തയാറാവുന്നില്ല. മരണങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും തുടരുന്നു. ലോകമെമ്പാടും ഇന്നു വ്യാപകമായി കാണുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉത്തരം ശ്രീബുദ്ധന്റെ സമാധാന സന്ദേശമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു.

സംഘട്ടനം ഇല്ലാതിരിക്കുക എന്നതല്ല സമാധാനത്തിന്റെ നിര്‍വചനം. പക്ഷെ പരമമായ സമാധാനം അവിടെ നാം അനുകമ്പയിലും വിജ്ഞാനത്തിലും അധിഷ്ടിതമായ പരസ്പര ചര്‍ച്ചകള്‍ക്കും ഐക്യത്തിനും, നീതിക്കും പരിശ്രമിക്കുന്നു. ശ്രീബുദ്ധന്‍ പറഞ്ഞു: സമാധാനത്തെക്കാള്‍ വലിയ നിര്‍വൃതി ഇല്ല. അതിനാല്‍ ശ്രീബുദ്ധന്‍ മുറുകെ പിടിച്ച സമാധാനത്തിന്റെയും ഒരുമയുടെയും ദയയുടെയും മൂല്യങ്ങള്‍ വൈശാഖ ദിനത്തില്‍ നമ്മുടെ ഗവണ്‍മെന്റുകള്‍ സ്വീകരിക്കുന്ന നയങ്ങളില്‍ പുലരാന്‍ ഈ വൈശാഖദിനാചരണം ഇടവരുത്തുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതാണ് സ്വതന്ത്രമായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും, സമൂഹങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ലോകത്തിനും അത്യാഗ്രഹം, വിദ്യേഷം, അജ്ഞത എന്നീ മൂന്നു വിഷങ്ങളില്‍ നിന്നും അകന്നു നില്ക്കാനുള്ള മാര്‍ഗ്ഗം.

സംപൂജ്യരായ സന്യാസി ശ്രേഷ്ഠരെ, ബഹുമാന്യരെ, സുഹൃത്തുക്കളെ,

അനുഗൃഹീതമായ ഈ വൈശാഖ ദിനത്തില്‍ ഇരുട്ടിനെ അകറ്റാന്‍ നമുക്ക് അറിവിന്റെ വിളക്കുകള്‍ തെളിക്കാം. നമുക്ക് നമ്മിലേയ്ക്ക് തന്നെ നോക്കാം. സത്യത്തെ മാത്രം ഉയര്‍ത്തിപ്പിടിക്കാം. ലോകത്തിനു മേല്‍ പ്രകാശിക്കുന്ന ശ്രീബുദ്ധന്റെ വെളിച്ചത്തിന്റെ മാര്‍ഗ്ഗം പിന്തുടരുവാന്‍ നമ്മുടെ പരിശ്രമങ്ങളെ പുനരര്‍പ്പണം ചെയ്യാം.
ധര്‍മ്മപാദത്തിലെ 387 -ാം വാക്യം ഇപ്രകാരമാണ്.

സൂര്യന്‍ പകല്‍ പ്രകാശിക്കുന്നു.

ചന്ദ്രന്‍ രാത്രിയില്‍ പ്രകാശിക്കുന്നു

പടയാളി അയാളുടെ രക്ഷാകവചത്തില്‍ പ്രകാശിക്കുന്നു

ബ്രാഹ്മണന്‍ ധ്യാനത്തില്‍ പ്രകാശിക്കുന്നു

എന്നാല്‍ പ്രബുദ്ധന്‍ രാപ്പകല്‍ ദീപ്തിയാല്‍ പ്രകാശിക്കുന്നു.

എനിക്കു നല്കിയ ഈ ആദരവിന് ഞാന്‍ വീണ്ടും നന്ദി പറയുന്നു.

കാന്‍ഡിയില്‍ ഇന്നുച്ചകഴിഞ്ഞ് വിശുദ്ധ ദന്ത ക്ഷേത്രത്തില്‍ പ്രണാമം അര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ശ്രീബുദ്ധന്റെ മൂന്നു രത്‌നങ്ങള്‍ ബുദ്ധം ധര്‍മ്മം സംഘം നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ.

നിങ്ങള്‍ക്കു നന്ദി, വളരെ നന്ദി