Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അന്തര്‍ദ്ദേശീയ വിശാഖ ദിനാഘോഷങ്ങളുടെ ഉദ്ഘാടനചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

അന്തര്‍ദ്ദേശീയ വിശാഖ ദിനാഘോഷങ്ങളുടെ ഉദ്ഘാടനചടങ്ങില്‍ പ്രധാനമന്ത്രി  നടത്തിയ പ്രസംഗം

അന്തര്‍ദ്ദേശീയ വിശാഖ ദിനാഘോഷങ്ങളുടെ ഉദ്ഘാടനചടങ്ങില്‍ പ്രധാനമന്ത്രി  നടത്തിയ പ്രസംഗം

അന്തര്‍ദ്ദേശീയ വിശാഖ ദിനാഘോഷങ്ങളുടെ ഉദ്ഘാടനചടങ്ങില്‍ പ്രധാനമന്ത്രി  നടത്തിയ പ്രസംഗം


കൊളംബോയിലെ ബന്ദാരനായകെ മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അന്താരാഷ്ട്രീയ വിശാഖ ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അഭിസംബോധന ചെയ്തു.
ശ്രീലങ്കന്‍  പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ  വേദിയിലേക്ക് സ്വീകരിച്ചു. ആചാരപരമായ വാദ്യഘോഷങ്ങളുടെയും പാരമ്പര്യ നൃത്തക്കാരുടെയും അകമ്പടിയോടെയാണ് പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചാനയിച്ചത്. ഓഡിറ്റോറിയത്തിന്റെ പ്രവേശനകവാടത്തില്‍ അദ്ദേഹം ദീപം തെളിയിക്കുകയും ചെയ്തു.
ബുദ്ധമതത്തിലെ അഞ്ച് ധര്‍മ്മശാസനകള്‍ ആലാപിച്ചുകൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.
ശ്രീലങ്കന്‍ ബുദ്ധ സന്‍സാന്‍ ആന്റ് നീതി വകുപ്പ് മന്ത്രി ശ്രീ വിജയേദാസ രജപക്ഷേ സ്വാഗതം ആശംസിച്ചു.
” ശ്രീലങ്കയെ സംബന്ധിച്ച് നിങ്ങള്‍ ഞങ്ങളില്‍ ഒരാളാണ്” ശ്രീ നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ഇവിടെ സന്നിഹിതനായിരിക്കുന്നത് വലിയ ഭാഗ്യമാണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ചൂണ്ടിക്കാട്ടി. പ്രാചീനകാലം മുതല്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവരിച്ച അദ്ദേഹം പ്രധാനമന്ത്രി മോദിയുടെ സാന്നിദ്ധ്യം ഈ വിശാഖ ദിനാഘോഷത്തിനുണ്ടായത് വളരെ മഹത്വപൂര്‍ണ്ണമായെന്നും, ലോകം മുഴുവന്‍ ഇത് പ്രത്യേകം ശ്രദ്ധിക്കുമെന്നും വ്യക്തമാക്കി. സൗഹൃദവും സമാധാനവുമാണ് അദ്ദേഹം കൊണ്ടുവന്നിരിക്കുന്നതെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ഭഗവാന്‍ ബുദ്ധന്റെ ജനനം, ജ്ഞാനോദയം, പരിനിര്‍വാണം എന്നിവയൊക്കെ  മനുഷ്യകുലം പൂജിക്കുന്ന ദിവസമായതുകൊണ്ട് വിശാഖം മറ്റുദിവസങ്ങളെ അപേക്ഷിച്ച്  ഏറ്റവും പുണ്യമേറിയതാണെന്ന് തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ഇത് പരമസത്യവും  കാലാതീതിയായ ധര്‍മ്മവും നാല് ശ്രേഷ്ഠസത്യവും പ്രതിഫലിക്കേണ്ട ദിവസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊളംബോയില്‍ നടക്കുന്ന അന്താരാഷ്ട്ര വിശാഖ ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി തന്നെ ക്ഷണിച്ചതില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയോടും, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയോടും ശ്രീലങ്കയിലെ ജനങ്ങളോടുമുള്ള അകൈതവമായ നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു.
”ഈ ധന്യവേളയില്‍ സംയക്-സംബുദ്ധന്റെ നാട്ടില്‍നിന്ന് സമ്പൂര്‍ണ്ണമായി സ്വയം ഉദ്ബുദ്ധരായ 1.5 ബില്യണ്‍ ജനങ്ങളുടെ അഭിവാദ്യവും ഒപ്പം കൊണ്ടു വന്നിട്ടുണ്ട്” പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍ ചുവടെ:
ബുദ്ധമത പ്രപഞ്ചത്തിന്റെ മര്‍മ്മം എന്ന് പറയാവുന്നത് സിദ്ധാര്‍ത്ഥരാജകുമാരന്‍ ബുദ്ധനായി മാറിയ ബുദ്ധഗയയാണ്. അത് ഇന്ത്യയിലാണ്.
ധര്‍മ്മചക്രത്തിന്റെ ചലനത്തിന് തുടക്കം കുറിച്ച ഭഗവാന്‍ ബുദ്ധന്റെ ആദ്യത്തെ ധര്‍മ്മപ്രഭാഷണം നടന്നത് വാരണസിയിലാണ്, പാര്‍ലമെന്റില്‍ ഇപ്പോള്‍ ആ മണ്ഡലത്തെ പ്രതിനിധാനം ചെയ്യാനുളള മഹാഭാഗ്യം എനിക്കാണ് ലഭിച്ചത്.
നമ്മുടെ പ്രധാനപ്പെട്ട ദേശീയ ചിഹ്‌നം ബുദ്ധമതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടുണ്ടായതാണ്.
ബുദ്ധമതവും അതിന്റെ വിവിധ ഇഴകളും നമ്മുടെ ഭരണത്തിലും സംസ്‌ക്കാരത്തിലും തത്വശാസ്ത്രത്തിലും ആഴത്തില്‍ വേരോടിയിട്ടുണ്ട്.
ബുദ്ധമതത്തിന്റെ ദൈവീക ഗന്ധം ഇന്ത്യയില്‍ നിന്ന് ലോകത്തിന്റെ എല്ലാ മൂലയിലും ചെന്നെത്തി.
അശോക ചക്രവര്‍ത്തിയുടെ മഹാന്മാരായ മക്കളായ മഹേന്ദ്രയും സംഗമിത്രയുമാണ് ധര്‍മ്മമെന്ന ഏറ്റവും വലിയ സമ്മാനം പ്രചരിപ്പിക്കുന്നതിനുള്ള ധര്‍മ്മ ദൂതുമായി ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ എത്തിയത്.
ഇന്ന് ്ര്രശീലങ്ക ബുദ്ധമതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ബോധന-പഠനകേന്ദ്രമെന്ന നിലയില്‍ ബഹുമാനിക്കപ്പെടുകയാണ്.
നൂറ്റാണ്ടുകള്‍ക്ക് ശേഷം അങ്കാരിക ധര്‍മ്മപാല സമാനമായ മറ്റൊരു യാത്ര നടത്തിയിരുന്നു. പക്ഷേ അത് ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചായിരുന്നു. ബുദ്ധമതത്തിന്റെ ജീവചൈനത്യത്തെക്കുറിച്ച് അതിന്റെ ഉത്ഭവഭൂമിയെ പഠിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം.
ഒരുവിധത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ ഞങ്ങളെ സ്വന്തം വേരുകളിലേക്ക് മടക്കി കൊണ്ടുപോയി.
ബുദ്ധമതപൈതൃകത്തില്‍ വളരെ പ്രധാനപ്പെട്ട ചില ഘടകങ്ങള്‍ ഇപ്പോഴും സംരക്ഷിച്ചുനിര്‍ത്തിയിരിക്കുന്നുവെന്നതിനാല്‍ ലോകം നിങ്ങളോട് കടപ്പെട്ടിരിക്കുകയാണ്.
ബുദ്ധമതത്തിന്റെ പങ്കുവയ്ക്കപ്പെട്ട പൊട്ടാത്ത ഈ പൈതൃകം ആഘോഷിക്കുന്ന അവസരം കൂടിയാണ് ഞങ്ങള്‍ക്ക് വിശാഖാഘോഷം.
നൂറ്റാണ്ടുകളോളമായി തലമറുകളായി നമ്മുടെ സമൂഹങ്ങളെ ബന്ധിപ്പിച്ച് നിര്‍ത്തുന്നതാണ് ഈ പൈതൃകം.
‘മഹാനായ ഗുരുവിന്റെ’ കാലം മുതല്‍ കൊത്തിവച്ചതാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സൗഹൃദം.
നമ്മുടെ ബന്ധത്തിനെ എക്കാലവും ദീപ്തമാക്കുന്നത് ബുദ്ധമതമാണ്.
അടുത്ത അയല്‍ക്കാരായ നമ്മുടെ ബന്ധം വിവിധ തലങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ്.
ഇതിന് ശക്തികൈവരുന്നത് മിക്കവാറും ബുദ്ധമതത്തിന്റെ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന മൂല്യങ്ങളില്‍ നിന്നാണ്. ഇത് പങ്കാളിത്ത ഭാവിക്ക് കാലാതീതമായ സാദ്ധ്യതകള്‍ നല്‍കുന്നുണ്ട്.
ജനങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുകയും ഒരുമിപ്പിച്ചുനിര്‍ത്തുന്നതുമാണ് നമ്മുടെ സൗഹൃദം.
ഈ ബുദ്ധപൈതൃകവുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി ഈ വര്‍ഷം എപ്രില്‍ മുതല്‍ എയര്‍ ഇന്ത്യ, കൊളംബോ-വാരണസി വിമാനസര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
ശ്രീലങ്കയിലുള്ള എന്റെ സഹോദരി സഹോദരന്മാര്‍ക്ക് ബുദ്ധന്റെ നാട്ടിലേക്കുള്ള യാത്ര ഇത് എളുപ്പമാക്കും. ഈ സര്‍വീസ് മുഖേന നിങ്ങള്‍ക്ക് സര്‍വസ്തി, കുശിനഗര്‍, സന്‍സകാസാ, കൗശാമ്പി, സാരാനാഥ് എന്നിവിടങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്താന്‍ കഴിയും.
എന്റെ തമിഴ്‌സഹോദരി സഹോദരന്മാര്‍ക്ക് കാശിവിശ്വനാഥന്റെ ഭൂമിയായ വാരണസിയും സന്ദര്‍ശിക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങും.
നമ്മുടെ ബന്ധങ്ങള്‍ ഏറ്റവും മികച്ചതാക്കാന്‍ കഴിയുന്ന ഒരു കാലത്താണ് നാമിപ്പോഴുള്ളതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
വിവിധ മേഖലകളിലെ നേട്ടങ്ങളില്‍ നമ്മുടെ പങ്കാളിത്തത്തിന് ഒരു കുതിച്ചുചാട്ടത്തിന് പറ്റിയ സന്ദര്‍ഭമാണിത്.
ഞങ്ങളെ സംബന്ധിച്ചിടത്തോളം നമ്മുടെ സൗഹൃദത്തിന്റെ ഏറ്റവും പ്രസക്തമായ അളവുകോല്‍ നിങ്ങളുടെ പുരോഗതിയും വിജയവുമാണ്.
നമ്മുടെ ശ്രീലങ്കന്‍ സഹോദരി സഹോദരങ്ങളുടെ സാമ്പത്തിക ക്ഷേമ ഐശ്വര്യങ്ങള്‍ക്ക് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരുമാണ്.
നമ്മുടെ വികസന സഹകരണത്തിനും സാമ്പത്തികവളര്‍ച്ചയ്ക്കും വേണ്ട അനുകൂലമാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായി ഇനിയും ഞങ്ങള്‍ നിക്ഷേപങ്ങള്‍ നടത്തും.
അറിവുകള്‍, ശേഷി, ഐശ്വര്യം എന്നിവയുടെ പങ്കുവയ്ക്കലിലാണ് നമ്മുടെ ശക്തി അന്തര്‍ലീനമായിരിക്കുന്നത്.
വ്യാപാര-നിക്ഷേപമേഖലകളില്‍ ഇപ്പോള്‍ തന്നെ നാം പ്രമുഖ പങ്കാളികളാണ്.
വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും സാങ്കേതികവിദ്യയുടെയും ആശയങ്ങളുടെയും അതിര്‍ത്തികള്‍പ്പുറമിപ്പുറമുള്ള ഒഴുക്ക് പരസ്പരം നമുക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്ന് നാം വിശ്വസിക്കുന്നു.
ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച ഈ മേഖലയ്ക്കാകെ പ്രത്യേകിച്ച് ശ്രീലങ്കയ്ക്ക് വളരെ ഗുണം ചെയ്യുന്നതാകും.
അടിസ്ഥാനസൗകര്യം, പരസ്പരം ബന്ധിപ്പിക്കല്‍, ഗതാഗതം ഊര്‍ജ്ജം എന്നീ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ നാം തയാറാണ്.
കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ഊര്‍ജ്ജം, സാംസ്‌ക്കാരികം, ജലം, പുനരധിവാസം, കായികം, മാനവവിഭവശേഷി തുടങ്ങി മനുഷ്യകര്‍മ്മത്തിന്റെ വിവിധ മേഖലകളിലായി നമ്മുടെ പങ്കാളിത്തം നീണ്ടുകിടക്കുന്നുമുണ്ട്.
ഇന്ന് ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ വികസനസഹകരണം 2.6 ബില്യണ്‍ യു.എസ്. ഡോളറിലെത്തിനില്‍ക്കുകയാണ്.
ശ്രിലങ്കയ്ക്ക് സമാധാനപരവും സമ്പല്‍സമൃദ്ധവും സുരക്ഷിതവുമായ ഒരു ഭാവി ലഭ്യമാക്കുകയെന്നത് മാത്രമാണ് ഈ പിന്തുണയുടെ ഏക ലക്ഷ്യം.
ശ്രീലങ്കയിലെ ജനങ്ങളുടെ സാമ്പത്തിക-സാമൂഹിക ക്ഷേമം ഇന്ത്യയിലെ 1.25 ബില്യണ്‍ ജനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.
കരയിലായാലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ വെള്ളത്തിലായാലും നമ്മുടെ സമൂഹത്തിന്റെ സുരക്ഷിതത്വം അവിഭാജ്യഘടകമാണ്.
പ്രസിഡന്റ് സിരിസേനയും പ്രധാനമന്ത്രി വിക്രമസിംഗെയുമായി ഞാന്‍ നടത്തിയ ചര്‍ച്ചയില്‍ പൊതുലക്ഷ്യം നേടുന്നതിന് വേണ്ടി ഒന്നിച്ചുനില്‍ക്കാനുള്ള നമ്മുടെ ആഗ്രഹം ദൃഡീകരിക്കുകയായിരുന്നു.
നിങ്ങളുടെ സമൂഹം പ്രഥമപരിഗണന നല്‍കുന്ന ലക്ഷ്യങ്ങളായി പുരോഗതി, സഹവര്‍ത്തിത്വം എന്നിവ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ രാജ്യനിര്‍മ്മാണത്തിന് വേണ്ട സഹായം നല്‍കിക്കൊണ്ട് സുഹൃത്തും പങ്കാളിയുമായി എന്നും ഇന്ത്യ ഉണ്ടാകും.
രണ്ടര സഹസ്രാബ്ധങ്ങള്‍ക്ക് മുമ്പത്തെപ്പോലെ ഇന്നും ഭഗവാന്‍ ബുദ്ധന്റെ സന്ദേശങ്ങള്‍ക്കുള്ള പ്രസക്തി വര്‍ദ്ധിക്കുകയാണ്.
അഷ്ടാംഗമാര്‍ഗ്ഗം അദ്ദേഹം കാണിച്ചുതന്നു; അദ്ദേഹം നമ്മോടെല്ലാം സംസാരിച്ചു.
നിത്യഹരിതവും സാര്‍വലൗകീകവുമായ അത് മനസില്‍ ദൃഢമായി പതിഞ്ഞുകിടക്കുകയുമാണ്.
രാജ്യങ്ങള്‍ക്കിടയിലെ ഏകീകരണത്തിനുള്ള ശക്തിയാണത്.
തെക്കന്‍, മദ്ധ്യ, തെക്കുകിഴക്കന്‍, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ബുദ്ധന്റെ രാജ്യത്തിന്റെ അവശിഷ്ടങ്ങളാലും ബുദ്ധമതവുമായുള്ള ബന്ധത്തിനാലും ബഹുമാനിതരാണ്.
വിശാഖദിവസത്തിന്റെ പ്രമേയമായി തെരഞ്ഞെടുക്കപ്പെട്ട സാമൂഹിക നീതിയും സുസ്ഥിര ലോക സമാധാനവും ബുദ്ധന്റെ ഉപദേശങ്ങളില്‍ ആഴത്തില്‍ പ്രതിദ്ധ്വനിക്കുന്നതാണ്.
ഈ പ്രമേയങ്ങള്‍ സ്വതന്ത്രമായി തോന്നിയേക്കാം.
എന്നാല്‍ ഇവ രണ്ടും അഗാധമായി പരസ്പരാശ്രയത്വമുള്ളതും പരസ്പരം ബന്ധപ്പെട്ടതുമാണ്.
സമുദായങ്ങള്‍ക്കുള്ളില്‍ നടക്കുന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് സാമൂഹികനീതി.
അതിമോഹത്തില്‍ നിന്നും ഉത്ഭവിക്കുന്ന അടങ്ങാത്ത ആഗ്രഹം എന്ന് അര്‍ത്ഥമാക്കുന്ന
സംസ്‌കൃതത്തിലെ തന്‍ഹ അല്ലെങ്കില്‍ തൃഷ്ണ എന്നിവയാണ് ഇവയുടെ മൂലകാരണം.
ഈ അത്യാഗ്രഹമാണ് മനുഷ്യരാശിയെ അവന് ചുറ്റുമുള്ള സ്വാഭാവിക ആവാസവയവസ്്ഥയെപ്പോലും അടക്കിവായാനോ, വിഘടിപ്പിക്കാനോ പ്രേരിപ്പിക്കുന്നത്.
നമ്മുടെ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിക്കാനുള്ള ഇച്ഛയാണ് സമുദായങ്ങള്‍ക്കിടയില്‍ വരുമാന അസമത്വം സൃഷ്ടിച്ച് സാമൂഹിക ഐക്യത്തിന് ശല്യമാകുന്നത്.
സുസ്ഥിരമായ ലോകസമാധാനത്തിന് ഇന്നുള്ള പ്രധാനവെല്ലുവിളി രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മാത്രമാകണമെന്നില്ല.
മാനസികനില, ചിന്താധാരകള്‍, വെറുപ്പിലും അക്രമത്തിലുമധിഷ്ഠിതമായ സ്ഥാപനങ്ങളില്‍ നിന്നോ വസ്തുക്കളില്‍ നിന്നോ ഒക്കെ ഉടലെടുക്കുന്നതുമാകാം അത്.
നമ്മുടെ മേഖലകള്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്ന തീവ്രവാദം അത്തരത്തിലുള്ള നശീകരണ വികാരങ്ങളുടെ മൂര്‍ത്തിമദ് ഭാവമാണ്.
നമ്മുടെ മേഖലയിലുള്ള ഈ വെറുപ്പിന്റെ തത്വശാസ്ത്രവും അതിന്റെ വക്താക്കളും ചര്‍ച്ചയ്ക്ക് തയാറാകുന്നില്ലെന്നതും മരണം സൃഷ്ടിക്കുന്നതിനും നശീകരണത്തിനും മാത്രമാണ് ശ്രമിക്കുന്നതെന്നതുമാണ് ദുഃഖകരം.
ആഗോളതത്തില്‍ തന്നെ വളര്‍ന്നുവരുന്ന അതിക്രമങ്ങള്‍ക്കുള്ള ശക്തമായ ഉത്തരമാണ് ബുദ്ധമതത്തിലെ സമാധാനത്തിന്റെ സന്ദേശമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.
സംഘര്‍ഷത്തിന് അവധി നല്‍കാതെ സമാധാനമെന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല.
കരുണ (സഹാനുഭൂതി), പ്രജ്ഞ (വിവേകം) എന്നിവയിലധിഷ്ഠിതമായി ചര്‍ച്ച, ഐക്യം, നീതി എന്നിവ പ്രചരിപ്പിക്കാന്‍ നാം ഒന്നിച്ചുശ്രമിച്ചാല്‍ സമാധാനം കര്‍മ്മപഥത്തിലെത്തിക്കാനാകും.
” സമാധാനത്തെക്കാള്‍ മറ്റൊരു വലിയ അനുഗ്രഹമില്ലെ”ന്ന് ബുദ്ധന്‍ തന്നെ വ്യക്തമാക്കിട്ടുണ്ട്.
വിശാഖത്തിന്റെ ഈ അവസരത്തില്‍ ഭഗവാന്‍ ബുദ്ധന്റെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യയും ശ്രീലങ്കയും യോജിച്ച് പ്രവര്‍ത്തിക്കുമെന്നാണ് എന്റെ പ്രതീക്ഷ. സമാധാനം, സഹവര്‍ത്തിത്വം, അംഗീകരിക്കല്‍, സഹാനുഭൂതി എന്നിവയുടെ മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയും ഗവണ്‍മെന്റിന്റെ നയങ്ങളിലും പ്രവര്‍ത്തനങ്ങളിലും അവ ഉള്‍പ്പെടുത്തുകയും വേണം.
” അത്യാഗ്രഹം, വെറുപ്പ്, അറിവില്ലായ്മ” എന്നീ മൂന്ന് വിഷങ്ങളില്‍ നിന്ന് വ്യക്തികളേയും സമൂഹത്തെയും രാജ്യത്തേയും വിശാലമായി പറഞ്ഞാല്‍ ഈ ലോകത്തെയൂം തന്നെ മോചിപ്പിക്കുന്നതിനുള്ള യഥാര്‍ത്ഥപാത ഇതാണ്.
ഈ അനുഗ്രഹിക്കപ്പെട്ട വിശാഖദിവസത്തില്‍ നമുക്ക് അന്ധകാരത്തില്‍ നിന്ന് പുറത്തുകടക്കുന്നതിനായി അറിവിന്റെ ദീപം തെളിക്കാം; നമ്മുടെ ഉള്ളിലേക്കിറങ്ങി കൂടുതല്‍ നോക്കാം, മറ്റെന്തിനെക്കാളും സത്യത്തെ നമുക്ക് ഉയര്‍ത്തിപ്പിടിക്കാം.
ലോകം മുഴുവന്‍ പ്രകാശം പരത്തിയ ബുദ്ധന്റെ പാത പിന്തുടരുന്നതിന് നമ്മുടെ കഴിവുകള്‍ സമര്‍പ്പിക്കാം.
ധര്‍മപാദരുടെ 387-ാം ശ്ലോകം പറയുന്നതുപോലേ
സൂര്യന്‍ പകല്‍ ജ്വലിക്കുന്നു,
ചന്ദ്രന്‍ രാത്രിയില്‍ പ്രകാശിക്കുന്നു,
പോരാളി അവന്റെ യുദ്ധകോപ്പുകളില്‍ തിളങ്ങുന്നു,
ബ്രാഹ്മണന്‍ ധ്യാനത്തില്‍ തിളങ്ങുന്നു,
എന്നാല്‍ ഉണര്‍ത്തപ്പെട്ടവന്‍ രാവും പകലും അവന്റെ പ്രഭയാല്‍ വെട്ടിതിളങ്ങുന്നു.

നിങ്ങളോടൊപ്പം ഇവിടെ ഒത്തുചേരാനുള്ള ബഹുമതി നല്‍കിയതിന് ഒരിക്കല്‍ കൂടി നന്ദിപറയുന്നു.

പുണ്യ പല്ല് തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന അമ്പലമായ കാന്‍ഡിയിലെ ശ്രീ ദലാഡാ മാലിഗവയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് ആരാധന നടത്താന്‍ പോകുന്ന ആ അവസരത്തിന് വേണ്ടി ആകാംക്ഷാഭരിതനായി കാത്തിരിക്കുകയാണ് ഞാന്‍.

ബുദ്ധന്റെ ത്രിമുത്തുകളായ ബുദ്ധം, ധര്‍മ്മം, സംഘം നമ്മെ അനുഗ്രഹിക്കട്ടെ.