Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇരുമ്പ്, ഉരുക്ക് ഉല്‍പന്നങ്ങള്‍ ഗവണ്‍മെന്റ് സംഭരിക്കുമ്പോള്‍ ആഭ്യന്തരമായി ഉല്‍പാദിപ്പിക്കപ്പെട്ടവ വാങ്ങുന്നതിനു മുന്‍ഗണന നല്‍കുന്ന നയം മന്ത്രിസഭ അംഗീകരിച്ചു


ഇരുമ്പ്, ഉരുക്ക് ഉല്‍പന്നങ്ങള്‍ ഗവണ്‍മെന്റ് സംഭരിക്കുമ്പോള്‍ ആഭ്യന്തരമായി ഉല്‍പാദിപ്പിക്കപ്പെട്ടവ വാങ്ങുന്നതിനു മുന്‍ഗണന നല്‍കുന്ന നയത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

രാഷ്ട്രനിര്‍മാണത്തിനും ആഭ്യന്തര ഉല്‍പാദനം പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചുള്ള പ്രധാനമന്ത്രിയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ വീക്ഷണം യാഥാര്‍ഥ്യമാക്കാന്‍ പുതിയ നയം ലക്ഷ്യംവെക്കുന്നു.

തുറക്കാനിരിക്കുന്ന എല്ല ഗവണ്‍മെന്റ് ദര്‍ഘാസുകള്‍ക്കും ഈ നയം ബാധകമായിരിക്കും.

നയപ്രകാരം, മുന്‍ഗണനാ അടിസ്ഥാനത്തിലുള്ള സംഭരണത്തിനു കീഴില്‍ വരുന്ന വിജ്ഞാപനം ചെയ്യപ്പെട്ട ഉരുക്ക് ഉല്‍പന്നങ്ങള്‍ക്കു 15% മൂല്യവര്‍ധന ലഭിക്കും. വ്യവസ്ഥകള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി, ഉരുക്കു മന്ത്രാലയം അംഗീകരിക്കപ്പെട്ടിട്ടുള്ള ഉരുക്ക് ഉല്‍പന്നങ്ങള്‍ സംബന്ധിച്ചും മൂല്യവര്‍ധയുടെ മാനദണ്ഡങ്ങള്‍ സംബന്ധിച്ചും പുനഃപരിശോധന നടത്തും.

സംഭരിക്കുന്നത് ആഭ്യന്തരമായി ഉല്‍പാദിപ്പിച്ച ഇരുമ്പ്, ഉരുക്ക് ഉല്‍പന്നമാണോ എന്ന് ഉറപ്പുവരുത്തേണ്ടത് സംഭരണ ഏജന്‍സിയുടെ ചുമതലയായിരിക്കില്ല. ആഭ്യന്തര ഉല്‍പാദകര്‍ സ്വയംസാക്ഷ്യപത്രം ഹാജരാക്കുന്ന രീതിയായിരിക്കും അവലംബിക്കുക. എന്നാല്‍, ചുരുക്കം അവസരങ്ങളില്‍ ഇത് ഉറപ്പുവരുത്താന്‍ ലേലംവിളിക്കുന്നയാളെ ചുമതലപ്പെടുത്തും.

ഉല്‍പാദകര്‍ക്കു പരാതികളുണ്ടെങ്കില്‍ ഉല്‍പാദകരുടെ പരാതികള്‍ പരിശോധിക്കുന്നതിനായി ഉരുക്കുമന്ത്രാലയത്തിനു കീഴില്‍ രൂപീകരിക്കുന്ന പരാതി പരിഹാര കമ്മിറ്റി, സമയബന്ധിതമായി നാലാഴ്ചയ്ക്കകം നടപടി കൈക്കൊള്ളും.
സംഭരണത്തിന് ആവശ്യമായ മികവ് ആഭ്യന്തരമായി ഉല്‍പാദിപ്പിക്കപ്പെടുന്ന ഉരുക്കിന് ഇല്ലാത്തപക്ഷമോ ആവശ്യമായ അളവില്‍ ഉരുക്ക് ആഭ്യന്തരമായി ലഭ്യമല്ലാതെ വരികയോ ചെയ്യുന്നപക്ഷം ആഭ്യന്തര സംഭരണം ഒഴിവാക്കുന്നതിനും നയത്തില്‍ വ്യവസ്ഥയുണ്ട്.

ആഭ്യന്തര ഉരുക്കു വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും ഗവണ്‍മെന്റ് പദ്ധതികള്‍ക്കു ഗുണവും വിലയും കുറഞ്ഞ ഉരുക്ക് ഇറക്കുമതി ചെയ്യുന്നതു നിരുത്സാഹപ്പെടുത്താനും നയത്തിലൂടെ ഉദ്ദേശിക്കുന്നു. പുതിയ നയം നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് ഓരോ ഗവണ്‍മെന്റ് എജന്‍സിയുടെയും ഉത്തരവാദിത്തമാണ്.