പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ദേശീയ ഉരുക്കുനയം (എന്‍.എസ്.പി.) 2017ന് അംഗീകാരം നല്കി.
ഉരുക്കുമേഖലയ്ക്ക് ഊര്‍ജം പകരുകയെന്ന ഗവണ്മെന്റിന്റെ ദീര്‍ഘകാല നയം പുതിയ ഉരുക്കുനയത്തില് പ്രതിഫലിക്കുന്നു. ആഭ്യന്തരമായി ഉരുക്കിന്റെ ഉപയോഗം വര്‍ധിപ്പിക്കാനും ഉയര്‍ന്ന നിലവാരമുള്ള ഉരുക്കിന്റെ ഉല്പാദനം ഉറപ്പുവരുത്താനും സാങ്കേതികമായി മുന്‍പന്തിയിലുള്ളതും ആഗോളതലത്തില്‍ മത്സരക്ഷമതയാര്ന്നതുമായ ഉരുക്കു വ്യവസായം സൃഷ്ടിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
സ്വകാര്യ ഉല്പാദകര്ക്കു നയപരമായ പിന്തുണയും നേതൃത്വവും നല്കുകവഴി ഉരുക്ക് ഉല്പാദനത്തില് സ്വാശ്രയത്വം നേടിയെടുക്കല്‍, ശേഷിവര്‍ധന പ്രോത്സാഹിപ്പിക്കല്‍, ആഗോള മത്സരക്ഷമതയുള്ള ഉരുക്ക് ഉല്പാദന ശേഷി വികസിപ്പിച്ചെടുക്കല്‍, താങ്ങാവുന്ന ചെലവിലുള്ള ഉല്പാദനം, ഇരുമ്പയിരും കല്‍ക്കരിയും പ്രകൃതിവാതകവും ആഭ്യന്തരമായി ലഭ്യമാക്കല്‍, വിദേശനിക്ഷേപത്തിനു സൗകര്യമൊരുക്കല്‍, ആഭ്യന്തരവിപണിയില്‍ ഉരുക്കിനുള്ള ആവശ്യകത വര്‍ധിപ്പിക്കല്‍ തുടങ്ങിയവയാണ് എന്‍.എസ്.പി. 2017ന്റെ സവിശേഷതകള്‍.