ഇന്ത്യയും ജോര്‍ജിയയുമായി എയര്‍ സര്‍വീസസ് കരാര്‍ (എ.എസ്.എ.) ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
രാജ്യാന്തര വ്യോമഗതാഗത സംഘടന(ഐ.സി.എ.ഒ.)യുടെ ഏറ്റവും അവസാനത്തെ രൂപരേഖയെ അടിസ്ഥാനപ്പെടുത്തി, വ്യോമഗതാഗത രംഗത്തെ മാറ്റങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ളതും ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള വ്യോമഗതാഗതം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതുമാണ് കരാര്‍. നിലവിലില്‍ ഇന്ത്യയും ജോര്‍ജിയയുമായി എയര്‍ സര്‍വീസസ് കരാറില്ല. ഇരു രാജ്യങ്ങള്‍ക്കിടയില്‍ വ്യോമഗതാഗതം നടത്തുന്നതിനുള്ള അടിസ്ഥാന നിയമ ചട്ടക്കൂടാണ് എ.എസ്.എ.
കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയില്‍നിന്നു ജോര്‍ജിയയിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധിക്കും.
കരാറിന്റെ സവിശേഷതകള്‍:
1. സര്‍വീസ് നടത്തുന്നതിനായി ഇരു രാജ്യങ്ങള്‍ക്കും ഒന്നോ അതിലേറെയോ വിമാനക്കമ്പനികളെ ചുമതലപ്പെടുത്താന്‍ സാധിക്കും.
2. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ജോര്‍ജിയയില്‍ എവിടേക്കും സര്‍വീസ് നടത്താം. ജോര്‍ജിയയിലെ വിമാനക്കമ്പനികള്‍ക്കാകട്ടെ, ന്യൂഡെല്‍ഹി, മുംബൈ, ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ, ഗോവ എന്നീ ആറു സ്ഥലങ്ങളിലേക്കു നേരിട്ടു വിമാനസര്‍വീസ് നടത്താം.
3. ചുമതലപ്പെടുത്തപ്പെട്ട ഇന്ത്യയിലെ വിമാനക്കമ്പനികള്‍ക്ക് ജോര്‍ജിയയിലും ജോര്‍ജിയന്‍ കമ്പനികള്‍ക്ക് ഇന്ത്യയിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓഫീസ് തുറക്കാം.
4. ചുമതലപ്പെടുത്തപ്പെട്ട കമ്പനികള്‍ക്ക് ടിക്കറ്റ് വില്‍പനയ്ക്കും മറ്റുമായി മറ്റു കമ്പനികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാവുന്നതാണ്.
ഇന്ത്യയും ജോര്‍ജിയയുമായുള്ള എയര്‍ സര്‍വീസസ് കരാര്‍ ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള വാണിജ്യവും നിക്ഷേപവും വിനോദസഞ്ചാരവും സാംസ്‌കാരിക വിനിമയവും മെച്ചപ്പെടുത്തും. ഇരു രാജ്യങ്ങളിലെയും വിമാനക്കമ്പനികളുടെ വാണിജ്യസാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന നേട്ടവുമുണ്ട്.