പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ദൃശ്യ-ശ്രാവ്യ മേഖലയില്‍ ബംഗ്ലാദേശുമായി ചേര്‍ന്ന് പരിപാടികളുടെ നിര്‍മ്മാണത്തിനുള്ള കരാറിന് അംഗീകാരം നല്കി.
ഈ കരാരിന്റെ പ്രധാന സവിശേഷതകള്‍ ഇവയാണ്:
ചലച്ചിത്രം, ഡോക്യൂമെന്ററികള്‍, അനിമേഷന്‍ ഫിലിമുകള്‍ എന്നിവയുടെ നിര്‍മ്മാണം ഈ കരാറില്‍ ഉള്‍പ്പെടും. ഈ കരാറിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന ഏത് ദൃശ്യ-ശ്രാവ്യ പരിപാടിയും രണ്ടു രാജ്യങ്ങളുടെയും നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ അവിടെ നിര്‍മ്മിക്കപ്പെടുന്ന പരിപാടികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുളളതായിരിക്കും. ഇത് രണ്ടു രാജ്യങ്ങളിലേയും കല-സംസ്കാരം എന്നിവയുടെ കൈമാറ്റത്തിനും ഒപ്പം ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ക്ക് പരസ്പരം മനസിലാക്കുന്നതിനും നല്ല ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനും സഹായിക്കും. പരസ്പര സഹകരണത്തോടെയുള്ള ഈ നിര്മ്മാണപ്രക്രിയവഴി സാംസ്ക്കാരിക വിനിമയത്തിലൂടെ അവരുമായുള്ള മികച്ച ബന്ധം പ്രകടമാക്കാനാകും. ഇതിലൂടെ കലാകാരന്മാര്, സാങ്കേതികവിദഗ്ധര്‍ അല്ലാത്തവര്‍ തുടങ്ങി വിവിധ തുറകളില്പ്പെട്ടവര്ക്ക് നിരവധി തൊഴിലവസരം സൃഷ്ടിക്കാന്‍ കഴിയും. നിര്‍മ്മാണം, നിര്‍മ്മാണം പൂര്‍ത്തിയായശേഷമുള്ള പ്രവര്‍ത്തനം, മാര്‍ക്കറ്റിംഗ് എന്നീ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വര്ദ്ധനവരുത്തും. ഇന്ത്യയിലെ വിവിധ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത് നമ്മുടെ പ്രദേശങ്ങളുടെ ദൃഷ്ടിഗോചരത വര്‍ദ്ധിപ്പിക്കും. ഇത് ഇന്ത്യയെ ആഗോളതലത്തില്‍ തന്നെ ചലച്ചിത്ര ചിത്രീകരണത്തിനുള്ള ഒരു കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സാദ്ധ്യതകളും വലുതാകും. ദൃശ്യ-ശ്രാവ്യമേഖലയിലെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ ഇന്ത്യ ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, ബ്രസീല്‍, ഫ്രാന്‍സ്, ന്യൂസിലാന്‍ഡ്, പോളണ്ട്, സ്പെയിന്, കാനഡ, ചൈന, റിപ്പബ്ലിക്ക് ഓഫ് കൊറിയ എന്നീ രാജ്യങ്ങളുമായി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.