Search

പിഎം ഇന്ത്യപിഎം ഇന്ത്യ

ശ്രീ മൊറാര്‍ജി ദേശായി

മാര്‍ച്ച് 24, 1977 - ജൂലൈ 28 - 1979 | ജനതാ പാര്‍ട്ടി

ശ്രീ മൊറാര്‍ജി ദേശായി


ഗുജറാത്തിലെ ബള്‍സാര്‍ ജില്ലയിലെ ബദേലി ഗ്രാമത്തില്‍ 1896 ഫെബ്രുവരി 29നാണ് ശ്രീ മൊറാര്‍ജി ദേശായി പിറന്നത്. അച്ചടക്കം നിഷ്‌കര്‍ഷിച്ചിരുന്ന സ്‌കൂള്‍ അധ്യാപകനായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍. സത്യസന്ധതയുടെയും കഠിനാധ്വാനത്തിന്റെയും വില, ബാല്യകാലത്തുതന്നെ അച്ഛനില്‍നിന്നു മൊറാര്‍ജി മനസ്സിലാക്കി. സെന്റ് ബര്‍സാര്‍ സ്‌കൂളില്‍ പഠിച്ച് മെട്രിക്കുലേഷന്‍ പരീക്ഷ പാസായി. അന്നത്തെ ബോംബെ പ്രവിശ്യയിലുള്ള വില്‍സണ്‍ സിവില്‍ സര്‍വീസില്‍നിന്ന് 1918ല്‍ ബിരുദം നേടി. 12 വര്‍ഷം ഡെപ്യൂട്ടി കലക്ടറായി ജോലി ചെയ്തു.

ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊതോടെ 1930ല്‍ ജോലി രാജിവച്ചു പ്രക്ഷോഭത്തില്‍ അണിചേരാന്‍ തീരുമാനിച്ചു. ബ്രിട്ടന്റെ നീതിവ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടതും രാജിക്കു പ്രേരണയായി. ജോലി വിടാനുള്ള തീരുമാനമെടുക്കാന്‍ എളുപ്പമല്ലായിരുന്നു. എന്നാല്‍ ദേശായിക്കു തോന്നിയതു കുടുംബത്തെ സംരക്ഷിക്കാന്‍ ജോലിയില്‍ തുടരണമെന്ന ആവശ്യത്തെക്കാളും പ്രധാനം രാജ്യത്തിന്റെ സ്വാതന്ത്ര്യമാണെന്നാണ്.

സ്വാതന്ത്ര്യസമരത്തിനിടെ ശ്രീ ദേശായി മൂന്നു തവണ തടവിലാക്കപ്പെട്ടു. 1931ല്‍ അദ്ദേഹം ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി അംഗമായി. 1937 വരെ ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

അന്നത്തെ ബോംബെ പ്രവിശ്യയില്‍ 1937ല്‍ ആദ്യ കോണ്‍ഗ്രസ് ഗവണ്‍മെന്റ് അധികാരമേറ്റപ്പോള്‍ ശ്രീ ദേശായ് റവന്യൂ, കൃഷി, വനം, സഹകരണ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി നിയമിതനായി. ശ്രീ ബി.ജി.ഖേറിന്റെ നേതൃത്വത്തിലായിരുന്നു മന്ത്രിസഭ. എന്നാല്‍, ജനഹിതം തേടാതെ ലോകമഹായുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടു പ്രഖ്യാപിച്ച ബ്രിട്ടന്റെ നടപടിയില്‍ പ്രതിഷേധിച്ചു മന്ത്രിസഭ 1939ല്‍ രാജിവച്ചൊഴിഞ്ഞു.

മഹാത്മാ ഗാന്ധി പ്രഖ്യാപിച്ച സത്യഗ്രഹ സമരത്തില്‍ പങ്കെടുത്തതിനു തടവിലാക്കപ്പെട്ട ശ്രീ ദേശായിയെ 1941 ഒക്ടോബറില്‍ ജയില്‍മോചിതനാക്കിയെങ്കിലും 1942ല്‍ ക്വിറ്റ് ഇന്ത്യാ സമരകാലത്തു വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 1945 വരെ ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. 1946ല്‍ സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിനുശേഷം രൂപീകൃതമായ മന്ത്രിസഭയില്‍ ആഭ്യന്തര, റവന്യൂ വകുപ്പുകളുടെ മന്ത്രിയായി. യഥാര്‍ഥ അവകാശിക്കു ഭൂമി ലഭ്യമാക്കുന്നതിന് ഉതകുന്നത് ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ റവന്യൂ മന്ത്രിയെന്ന നിലയില്‍ അദ്ദേഹം നടപ്പാക്കി. പൊലീസും ജനങ്ങളും തമ്മിലുള്ള മറ നീക്കുകയും ജനങ്ങളോടുള്ള ഉത്തരവാദിത്തം പൊലീസ് നിറവേറ്റുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള നിയമം കൊണ്ടുവരികയും ചെയ്തു. 1952ല്‍ അദ്ദേഹം ബോംബെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.

പാവങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും മെച്ചപ്പെട്ട ജീവിതം പ്രദാനം ചെയ്യാന്‍ സാധിക്കാത്തപക്ഷം സോഷ്യലിസത്തെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ അര്‍ഥമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കര്‍ഷകരുടെയും കുടിയാന്‍മാരുടെയും കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കാന്‍ സഹായകമായ നിയമനിര്‍മാണങ്ങള്‍ നടത്തുകവഴി അദ്ദേഹം ലക്ഷ്യത്തിലേക്കടുക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇക്കാര്യത്തില്‍ മറ്റേതു സംസ്ഥാനത്തുമുള്ള ഗവണ്‍മെന്റുകളേക്കാള്‍ എത്രയോ മുന്നിലായിരുന്ന ശ്രീ ദേശായിയുടെ ഗവണ്‍മെന്റ്. ഇത്തരം നിയമങ്ങള്‍ ആത്മാര്‍ഥത കൈവെടിയാതെ നടപ്പാക്കാനുള്ള ജാഗ്രതയും അദ്ദേഹം നേതൃത്വം നല്‍കുന്ന ബോംബെ ഭരണകൂടം വച്ചുപുലര്‍ത്തി.

സംസ്ഥാനങ്ങളുടെ പുനരേകീകരണമുണ്ടായതോടെ 1956 നവംബര്‍ 14നു ശ്രീ ദേശായി കേന്ദ്രമന്ത്രിസഭയില്‍ വാണിജ്യ, വ്യവസായ മന്ത്രിയായി. 1958 മാര്‍ച്ച് 22ന് അദ്ദേഹത്തിനു ധനമന്ത്രിപദം ലഭിച്ചു.

സാമ്പത്തികാസൂത്രണത്തിലായാലും ധനകാര്യഭരണനിര്‍വഹണത്തിലായാലും പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. വികസനത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ പണം കെത്തുന്നതിനായി വരുമാനം ഗണ്യമായി ഉയര്‍ത്താനും അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കാനും വഴികള്‍ തേടി. ഗവണ്‍മെന്റിന്റെ ചെലവുകളില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തി. സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുക വഴി ധനക്കമ്മി പരമാവധി താഴ്ത്തിനിര്‍ത്താന്‍ ശ്രമിച്ചു. ധനികരുടെ ആഡംബരജീവിതത്തിനുമേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു.

1963ല്‍ കാമരാജ് പഌന്‍ പ്രകാരം അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിനുശേഷം പ്രധാനമന്ത്രപദമേറ്റ ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍സ്ഥാനം ഏറ്റെടുക്കാന്‍ ശ്രീ ദേശായിയെ നിര്‍ബന്ധിച്ചു. ദൈര്‍ഘ്യമേറിയതും വ്യത്യസ്ത പദവികള്‍ കൈകാര്യം ചെയ്തിട്ടുള്ളതുമായ പൊതുജീവിതം അദ്ദേഹത്തെ ഈ പദവിക്കു സര്‍വഥാ യോഗ്യനാക്കിയിരുന്നു.

1967ല്‍ ശ്രീ ദേശായി, ശ്രീമതി ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയായി ചുമതലയേറ്റു. ധനകാര്യവകുപ്പ് അദ്ദേഹത്തിന്റെ കീഴിലായിരുന്നു. എന്നാല്‍ 1969 ജൂലൈയില്‍ ധനവകുപ്പില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കാന്‍ ശ്രീമതി ഗാന്ധി തീരുമാനിച്ചു. മന്ത്രിമാരുടെ വകുപ്പു മാറ്റാനുള്ള സ്വാതന്ത്ര്യം പ്രധാനമന്ത്രിക്കുണ്ടെന്നു പറഞ്ഞു തീരുമാനത്തിനു വഴങ്ങിയെങ്കിലും തന്നോടു ചോദിക്കാതെ വകുപ്പിന്റെ ചുമതലയില്‍നിന്നു നീക്കിയത് ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്നതാണെന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായി. അത്തരമൊരു സാഹചര്യത്തില്‍, ഉപപ്രധാനമന്ത്രിപദം രാജിവയ്ക്കുകയെന്ന മാര്‍ഗംമാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ.

1969ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ശ്രീ ദേശായി സംഘടന കോണ്‍ഗ്രസിന്റെ ഭാഗമായി നിലകൊണ്ടു. പ്രതിപക്ഷ നേതൃനിരയില്‍ അദ്ദേഹം സജീവമായിരുന്നു. 1971ല്‍ ശ്രീ ദേശായി പാര്‍ലമെന്റിലേക്കു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1975ല്‍, പിരിച്ചുവിടപ്പെട്ട ഗുജറാത്ത് നിയമസഭയിലേക്കു തെരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ച തര്‍ക്കത്തില്‍ അദ്ദേഹം അനിശ്ചിതകാല നിരാഹാരസമരം നടത്തി. ഇതേത്തുടര്‍ന്ന് 1975 ജൂണില്‍ തെരഞ്ഞെടുപ്പു നടത്തി. നാലു പ്രതിപക്ഷ പാര്‍ട്ടികളും അവരെ പിന്തുണയ്ക്കുന്ന സ്വതന്ത്രരും ചേര്‍ന്നു രൂപീകരിച്ച ജനതാ മുന്നണി വ്യക്തമായ ഭൂരിപക്ഷം നേടി. ശ്രീമതി ഗാന്ധിയുടെ തെരഞ്ഞെടുപ്പുവിജയം മരവിപ്പിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി വന്നതോടെ, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അവര്‍ രാജിവയ്ക്കണമെന്ന് ശ്രീ ദേശായി നിലപാടെടുത്തു.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെത്തുടര്‍ന്ന് 1975 ജൂണ്‍ 26ന് ശ്രീ ദേശായിയെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ ഏകാന്ത തടവിലാണു പാര്‍പ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പു നടത്താന്‍ തീരുമാനിക്കുന്നതിനു തൊട്ടു മുന്‍പ്, 1977 ജനുവരി 18ന് അദ്ദേഹം സ്വതന്ത്രനാക്കപ്പെട്ടു. ശ്രീ ദേശായി ആവേശപൂര്‍വം രാജ്യത്തൊട്ടാകെ പ്രചാരണം നടത്തി. 1977 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി വിജയം നേടുന്നതില്‍ അദ്ദേഹത്തിന്റെ നേതൃപാടവത്തിനു കാര്യമായ പങ്കുണ്ട്‌. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തില്‍നിന്നു ശ്രീ ദേശായിയും ലോക്‌സഭയിലെത്തി. ജനതാപാര്‍ട്ടിയുടെ സഭാനേതാവായി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടതോടെ 1977 മാര്‍ച്ച് 24നു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ശ്രീ ദേശായിയും ഗുര്‍ജാബെന്നും 1911ല്‍ വിവാഹിതരായി. അവരുടെ അഞ്ചു മക്കളില്‍ ഒരു മകളും ഒരു മകനും ജീവിച്ചിരിപ്പുണ്ട്‌.

ഏറ്റവും കരുത്തനായ വ്യക്തി തെറ്റു കാണിച്ചാല്‍ ഏറ്റവും ദുര്‍ബലനായ വ്യക്തിക്കു ചൂണ്ടിക്കാണിക്കാവുന്നവിധം നിര്‍ഭയരായിത്തീരാന്‍ ജനങ്ങളെ സഹായിക്കണമെന്ന ചിന്തയാണു പ്രധാനമന്ത്രിയായിരിക്കുമ്പോഴും ശ്രീ ദേശായി വച്ചുപുലര്‍ത്തിയിരുന്നത്. ‘ഒരാളും, എന്നു വച്ചാല്‍ പ്രധാനമന്ത്രി പോലും നിയമത്തിന് അതീതരായിരിക്കരുതെ’ന്ന് അദ്ദേഹം ആവര്‍ത്തിക്കുമായിരുന്നു.

സത്യം അദ്ദേഹത്തിനു കേവലം പ്രായോഗിതയായിരുന്നില്ല; മറിച്ച് ഇളക്കം തട്ടാത്ത നിഷ്ഠയായിരുന്നു. ഒരു ഘട്ടത്തിലും ആദര്‍ശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ശ്രീ ദേശായി തയ്യാറായില്ല. പ്രതിസന്ധിഘട്ടങ്ങളില്‍ പ്രതിജ്ഞാബദ്ധത കൈവിട്ടില്ല. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: ‘സത്യവും അവനവന്‍ എന്തില്‍ വിശ്വസിക്കുന്നുവോ അതും കൈവിടാതെ വേണം ജീവിക്കാന്‍.’