Search

പിഎം ഇന്ത്യപിഎം ഇന്ത്യ

ശ്രീ ലാല്‍ ബഹദൂര്‍ ശാസ്ത്രി

ജൂണ്‍ 9, 1964 - ജനുവരി 11, 1966 | കോണ്‍ഗ്രസ്

ശ്രീ ലാല്‍ ബഹദൂര്‍ ശാസ്ത്രി


1904 ഒക്ടോബര്‍ രണ്ടിന്, ഉത്തര്‍പ്രദേശിലെ വാരണാസിയില്‍നിന്ന് ഏഴു മൈല്‍ അകലെയുള്ള ചെറിയ റെയില്‍വേ ടൗണായ മുഗള്‍സാരായിലായിരുന്നു ശ്രീ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജന്‍മം. സ്‌കൂള്‍ അധ്യാപകനായിരുന്ന അച്ഛന്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് കേവലം ഒന്നര വയസ്സുള്ളപ്പോള്‍ മരിച്ചു. അമ്മയ്ക്കാകട്ടെ അപ്പോള്‍ പ്രായം മുപ്പതു വയസ്സില്‍ താഴെ മാത്രം. മൂന്നു മക്കളുമായി തന്റെ അച്ഛന്റെ വീട്ടിലേക്കു മടങ്ങാനായിരുന്നു അവരുടെ തീരുമാനം.

ചെറിയ പട്ടണത്തില്‍ ലാല്‍ ബഹദൂറിനു മെച്ചപ്പെട്ട വിദ്യാഭ്യാസമൊന്നും ലഭിച്ചില്ല. ദാരിദ്ര്യം നിറഞ്ഞതെങ്കിലും മറ്റെല്ലാ വിധത്തിലും ആഹഌദം നിറഞ്ഞതായിരുന്നു ബാല്യകാലം.

ഹൈസ്‌കൂള്‍ പഠനത്തിനായി ഒരു അമ്മാവനൊപ്പം വാരണാസിയിലേക്ക് അയക്കപ്പെട്ടു. ചെറിയ കുട്ടി എന്ന അര്‍ഥത്തില്‍ ‘നാനി’ എന്നായിരുന്നു വീട്ടിലെ വിളിപ്പേര്. മൈലുകള്‍ അകലെയുള്ള സ്‌കൂളിലേക്കു നടന്നാണു പോയിരുന്നത്. തെരുവുറോഡുകള്‍ വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളുമ്പോഴും കാലില്‍ ഷൂസ് ധരിക്കാതെയായിരുന്നു നടപ്പ്.

വളരുംതോറും, വിദേശ ശക്തികളില്‍നിന്നു സ്വാതന്ത്ര്യം നേടാനായുള്ള സമരത്തില്‍ അദ്ദേഹത്തിനു കൂടുതല്‍ കൂടുതല്‍ താല്‍പര്യം ജനിച്ചുതുടങ്ങി. ബ്രിട്ടീഷ് ഭരണത്തെ അനുകൂലിക്കുന്ന ഇന്ത്യന്‍ രാജാക്കന്‍മാരുടെ നിലപാടിനെ വിമര്‍ശിച്ച മഹാത്മാ ഗാന്ധിയുടെ നടപടി അദ്ദേഹത്തെ ആകര്‍ഷിച്ചു. 11-ാം വയസ്സായപ്പോഴേക്കും സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തുചാടാനുള്ള ചിന്ത ശക്തമായി.

നിസ്സഹകരണ സമരത്തില്‍ പങ്കെടുക്കാന്‍ ഗാന്ധിജി ആഹ്വാനം ചെയ്യുന്നതു ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് 16 വയസ്സു പ്രായമുള്ളപ്പോഴാണ്. മഹാത്മജിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട്, പഠനം നിര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ ഇത് അമ്മയുടെ മോഹങ്ങള്‍ക്കു തിരിച്ചടിയായി. വിനാശകരമെന്ന് അവര്‍ കരുതിയ തീരുമാനത്തില്‍നിന്നു പക്ഷേ, അദ്ദേഹത്തെ പിന്‍തിരിപ്പിക്കാന്‍ കുടുംബാംഗങ്ങള്‍ക്കു സാധിച്ചില്ല. ലാല്‍ ബഹദൂര്‍ എല്ലാം തീരുമാനിച്ചുറപ്പിച്ചിരുന്നു. പ്രഥമദൃഷ്ടിയില്‍ ലോലഹൃദയനെന്നു തോന്നുമെങ്കിലും പാറയുടെ ഉറപ്പുള്ള മനസ്സാണ് അദ്ദേഹത്തിനെന്നറിയാമായിരുന്നതിനാല്‍ തീരുമാനത്തില്‍നിന്നു പിന്‍വാങ്ങില്ലെന്ന് അടുപ്പമുള്ളവര്‍ക്കു വ്യക്തമായിരുന്നു.

ബ്രിട്ടീഷ് ഭരണത്തെ എതിര്‍ത്തുകൊണ്ടുള്ള ദേശീയ സ്ഥാപനങ്ങളിലൊന്നായ വാരണാസിയിലെ കാശി വിദ്യാപീഠത്തില്‍ ചേരാന്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി തീരുമാനിച്ചു. അവിടെ, മുന്‍നിര ബുദ്ധിജീവികളും ദേശീയവാദികളുമായി അടുക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. ‘ശാസ്ത്രി’യെന്നത് വിദ്യാപീഠത്തില്‍നിന്ന് അദ്ദേഹത്തിനു ലഭിച്ച ബാച്ചിലേഴ്‌സ് ഡിഗ്രിയാണ്. എന്നാല്‍ അത് ലാല്‍ ബഹദൂറിന്റെ പേരിന്റെ ഭാഗമായാണു ജനങ്ങള്‍ കാലങ്ങളായി കരുതിപ്പോരുന്നത്.

1927ല്‍ അദ്ദേഹം വിവാഹിതനായി. ഭാര്യ ലളിതാ ദേവി മിര്‍സാപൂര്‍ സ്വദേശിനിയായിരുന്നു. സ്ത്രീധനത്തിന്റെ കാര്യത്തിലൊഴികെ, വിവാഹച്ചടങ്ങുകളെല്ലാം പാരമ്പര്യ രീതിയില്‍ തന്നെ നടന്നു. ഒരു ചര്‍ക്കയും ഏതാനും മുഴം കൈത്തറി വസ്ത്രവുമായിരുന്നു സ്ത്രീധനം. വരന്‍ മറ്റൊന്നും സ്വീകരിക്കാന്‍ തയ്യാറല്ലായിരുന്നു.

1930ല്‍ മഹാത്മാ ഗാന്ധി ദണ്ഡി കടപ്പുറത്തേക്കു മാര്‍ച്ച് നടത്തി സാമ്രാജ്യത്വത്തിന്റെ ഉപ്പുനിയമം ലംഘിച്ചു. ഇത് ഇന്ത്യ മൊത്തം സമരജ്വാല ആളിക്കത്താനിടയാക്കി. അത്യാവേശപൂര്‍വം ലാല്‍ ബഹദൂര്‍ ശാസ്ത്രിയും സമരച്ചൂടിലേക്ക് എടുത്തുചാടി.

അദ്ദേഹം ഏറെ നിയമലംഘന സമരങ്ങള്‍ നയിക്കുകയും അറസ്്റ്റ് വരിക്കുകയും ചെയ്തു. ഏഴു വര്‍ഷം ജയിലിലടയ്ക്കപ്പെട്ടിരുന്നു. സമരാനുഭവങ്ങള്‍ ചിന്തകളെ മയപ്പെടുത്തുകയും അദ്ദേഹത്തെ പക്വമതിയാക്കിത്തീര്‍ക്കുകയും ചെയ്തു.

സ്വാതന്ത്ര്യം ലഭിച്ചു കോണ്‍ഗ്രസ് അധികാരമേറ്റപ്പോഴേക്കും ശാന്തനും നാട്യങ്ങളില്ലാത്ത വ്യക്തിത്വത്തിനുടമയുമായ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കഴിവുകള്‍ അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. 1946ല്‍ രൂപീകൃതമായ കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ ഭാഗമാകാനും അതുവഴി ഭരണത്തില്‍ സൃഷ്ടിപരമായ പങ്കുവഹിക്കാനുമുള്ള ക്ഷണം അദ്ദേഹത്തിനു ലഭിച്ചു. സ്വന്തം നാടായ ഉത്തര്‍പ്രദേശിലെ പാര്‍ലമെന്ററി സെക്രട്ടറിയായാണ് ആദ്യം നിയമനം ലഭിച്ചത്. വൈകാതെ ആഭ്യന്തര മന്ത്രിയായി. യു.പിയില്‍ കഴിവിന്റെയും കഠിനാധ്വനത്തിന്റെയും പ്രതീകമായാണ് അദ്ദേഹം അറിയപ്പെട്ടത്. 1951ല്‍ ന്യൂഡെല്‍ഹിയിലെത്തിയ ലാല്‍ ബഹദൂര്‍ ശാസ്ത്രി കേന്ദ്രമന്ത്രിസഭയില്‍ പല വകുപ്പുകളും കൈകാര്യം ചെയ്തു. റെയില്‍വേ വകുപ്പു മന്ത്രി, ഗതാഗത-ആശയവിനിമയ വകുപ്പുകളുടെ മന്ത്രി, വാണിജ്യ- വ്യവസായ വകുപ്പു മന്ത്രി, ആഭ്യന്തര വകുപ്പു മന്ത്രി തുടങ്ങിയ പദവികള്‍ക്കു പുറമെ നെഹ്‌റുവിന് അസുഖം ബാധിച്ച കാലത്തു വകുപ്പില്ലാ മന്ത്രിയായും പ്രവര്‍ത്തിച്ചു. ജീവിതാവസാനം വരെ അദ്ദേഹം വളര്‍ച്ചയുടെ പടവുകള്‍ കയറിക്കൊണ്ടേയിരിക്കുകയായിരുന്നു. ഏറെപ്പേര്‍ മരിക്കാനിടയായ റെയില്‍ അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം റെയില്‍ മന്ത്രിസ്ഥാനം രാജിവച്ചു. മാതൃകാപരമായ അദ്ദേഹത്തിന്റെ നടപടിയെ പാര്‍ലമെന്റും ജനങ്ങളും പ്രകീര്‍ത്തിച്ചു. അന്നത്തെ പ്രധാനമന്ത്രിയായ പണ്ഡിറ്റ് നെഹ്‌റു പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ആര്‍ജവത്തെയും മൂല്യബോധത്തെയും ശഌഘിച്ചു. അപകടത്തിനു മന്ത്രി ഒരു തരത്തിലും ഉത്തരവാദിയല്ലെന്നും ഭരണഘടനയുടെ അന്ത:സത്ത ഉയര്‍ത്തിപ്പിടിക്കുന്ന നടപടിയായതുകൊണ്ടു മാത്രമാണ് രാജി സ്വീകരിക്കുന്നതെന്നും പണ്ഡിറ്റ് നെഹ്‌റു വ്യക്തമാക്കി.

റെയില്‍വേ അപകടത്തെക്കുറിച്ചുണ്ടായ നീണ്ട സംവാദത്തിനു മറുപടിയായി ലാല്‍ ബഹദൂര്‍ ശാസ്ത്രി പറഞ്ഞു: ‘ചെറിയ മനുഷ്യനായതുകൊണ്ടും മൃദുഭാഷിയായതുകൊണ്ടും ശക്തമായ തീരുമാനങ്ങളെടുക്കാന്‍ ഞാന്‍ പ്രാപ്തനല്ലെന്ന ചിന്ത പൊതുവേ ഉണ്ടാകാം. എന്നാല്‍, ശരീരത്തിനു കരുത്തു കുറവാണെങ്കിലും മനസ്സിന്റെ കരുത്തു കുറവില്ലെന്നാണ് എന്റെ തോന്നല്‍.’

മന്ത്രിസഭയിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനൊപ്പം, സംഘാടനത്തിനുള്ള കഴിവ് കോണ്‍ഗ്രസിനായി അദ്ദേഹം ഉപയോഗപ്പെടുത്തി. 1952ലും 57ലും 62ലും കോണ്‍ഗ്രസിനു മികച്ച ജയം ഉറപ്പാക്കിയതിനു പിന്നില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കും പങ്കുണ്ട്.

രാജ്യത്തിനായി 30 വര്‍ഷം സ്വയം സമര്‍പ്പിച്ച ചരിത്രമുണ്ട്, അദ്ദേഹത്തിന്. ആര്‍ജവത്തിന്റെയും മല്‍സരക്ഷമതയുടെയും ആള്‍രൂപമെന്ന പേര് കാലക്രമേണ അദ്ദേഹം നേടി. വിനയവും സഹനശക്തിയും മനക്കരുത്തും ദൃഢചിത്തതയും പുലര്‍ത്തുകയും ചെയ്ത ലാല്‍ ബഹദൂര്‍ ശാസ്ത്രി, സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യുന്ന നേതാവായിരുന്നു. രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാനുള്ള വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. മഹാത്മാഗാന്ധി പകര്‍ന്നുനല്‍കിയ രാഷ്ട്രീയ പാഠങ്ങള്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ വളരെയധികം സ്വാധീനിച്ചു. ഗുരുസ്ഥാനത്തു പ്രതിഷ്ഠിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പാത പിന്‍തുടര്‍ന്ന അ്‌ദേഹം ‘കഠിനാധ്വാനം പ്രാര്‍ഥനയ്ക്കു തുല്യമാണെ’ന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ പാരമ്പര്യം പിന്‍തുടര്‍ന്നു ഭാരതീയ സംസ്‌കാരത്തിന്റെ മഹനീയ മാതൃകയായിത്തീരുകയായിരുു, ലാല്‍ ബഹദൂര്‍ ശാസ്ത്രി.