Search

പിഎം ഇന്ത്യപിഎം ഇന്ത്യ

ശ്രീ ജവഹര്‍ലാല്‍ നെഹ്‌റു

ഓഗസ്റ്റ് 15, 1947 - മെയ് 27 1964 | കോണ്‍ഗ്രസ്

ശ്രീ ജവഹര്‍ലാല്‍ നെഹ്‌റു


അലഹബാദില്‍ 1889 നവംബര്‍ 14നാണു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ചത്. ബാല്യകാലത്ത് അധ്യാപകര്‍ വീട്ടിലെത്തി പഠിപ്പിക്കുകയായിരുന്നു. പതിനഞ്ചാം വയസ്സില്‍ വിദ്യാഭ്യാസം നേടുന്നതിനായി ഇംഗഌണ്ടിലെത്തി. രണ്ടു വര്‍ഷം ഹാരോയില്‍ പഠിച്ചശേഷം കേംബ്രിജ് സര്‍വകലാശാലയില്‍ ചേര്‍ന്നു നാച്വറല്‍ സയന്‍സ് പഠിച്ചു. പിന്നീട്, ഇന്നര്‍ ടെംപിളില്‍ നിയമപഠനം പൂര്‍ത്തിയാക്കി പ്രാക്ടീസ് ആരംഭിച്ചു. 1912ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി നേരെ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കാണു തിരിഞ്ഞത്. വിദ്യാര്‍ഥിയായിരിക്കെത്തന്നെ, വിദേശ അടിമത്തം അനുഭവിക്കുന്ന രാജ്യങ്ങളില്‍ നടക്കുന്ന സമരങ്ങളില്‍ അദ്ദേഹം താല്‍പര്യമെടുത്തിരുന്നു. അയര്‍ലന്‍ഡിലെ സിന്‍ ഫെയ്ന്‍ പ്രസ്ഥാനത്തെ അടുത്തറിയാന്‍ ശ്രമിച്ചു. ഇത്തരം ചിന്തകള്‍ നിറഞ്ഞ മനസ്സുമായാണു സമരഭൂമിയായ ഭാരതത്തിലേക്ക് അദ്ദേഹമെത്തിയത്.

1912ല്‍ ബങ്കിപ്പൂര്‍ കോണ്‍ഗ്രസില്‍ പ്രതിനിധിയായി പങ്കെടുത്തു. 1919ല്‍ അലഹബാദ് ഹോംറൂള്‍ ലീഗിന്റെ സെക്രട്ടറിയായി. 1916ല്‍ മഹാത്മാഗാന്ധിയെ ആദ്യമായി കണ്ടു. ആ കൂടിക്കാഴ്ച പണ്ഡിറ്റ് നെഹ്‌റുവിനു പ്രചോദനമേകി. 1920ല്‍ ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢില്‍ ആദ്യ കിസാന്‍ മാര്‍ച്ച് സംഘടിപ്പിച്ചത് അദ്ദേഹമാണ്. 1920-22ല്‍ നിസ്സഹകരണ സമരവുമായി ബന്ധപ്പെട്ട് രണ്ടു തവണ ജയിലിലടയ്ക്കപ്പെട്ടു.

1923 സെപ്റ്റംബറില്‍ ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തി. 1926ല്‍ ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇംഗഌ,് ബെല്‍ജിയം, ജര്‍മനി, റഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ബല്‍ജിയത്ത് കോണ്‍ഗ്രസ് ഓഫ് ഒപ്രസ്ഡ് നാഷനാലിറ്റീസ് ഓഫ് ബ്രസല്‍സില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി പങ്കെടുത്തു. 1927ല്‍ മോസ്‌കോയില്‍ നടന്ന, ഒക്ടോബര്‍ സോഷ്യലിസ്റ്റ് റെവല്യൂഷന്റെ പത്താം വാര്‍ഷികാഘോഷച്ചടങ്ങിലും സംബന്ധിച്ചു. 1926ല്‍, സ്വാതന്ത്ര്യം നേടിയെടുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന തീരുമാനം മദ്രാസ് കോണ്‍ഗ്രസ് കൈക്കൊണ്ടതിനു പിന്നില്‍ പ്രവര്‍ത്തിച്ചതു പണ്ഡിറ്റ് നെഹ്രുവാണ്. 1928ല്‍ സൈമണ്‍ കമ്മീഷനെതിരെ ലഖ്‌നൗവില്‍ പ്രകടനം നയിക്കുന്നതിനിടെ പൊലീസിന്റെ ലാത്തിച്ചാര്‍ജിനു വിധേയനായി. 1928 ഓഗസ്റ്റ് 29നു നടന്ന ഓള്‍-പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുകയും ഇന്ത്യന്‍ ഭരണഘടനാ പരിഷ്‌കാരത്തിനായുള്ള നെഹ്‌റു റിപ്പോര്‍ട്ടില്‍ ഒപ്പു വയ്ക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് മോട്ടിലാല്‍ നെഹ്‌റുവിന്റെ പേരിലാണു റിപ്പോര്‍ട്ട് അറിയപ്പെടുന്നത്. അതേവര്‍ഷം അദ്ദേഹം ‘ഇന്‍ഡിപെന്‍ഡന്‍സ് ഫോര്‍ ഇന്ത്യ ലീഗ്’ സ്ഥാപിച്ചു. അതിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബ്രിട്ടനും ഇന്ത്യയുമായുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം.

1929ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ലാഹോര്‍ സെഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇവിടെ വച്ചാണു സമ്പൂര്‍ണ സ്വരാജാണു ലക്ഷ്യമെന്ന പ്രഖ്യാപനമുണ്ടായത്. 1930-35 കാലഘട്ടത്തില്‍ ഉപ്പുസത്യാഗ്രഹമുള്‍പ്പെടെയുള്ള സമരങ്ങളുമായി ബന്ധപ്പെട്ടു പലതവണ അറസ്റ്റ് വരിക്കേണ്ടിവന്നിട്ടുണ്ട്. 1935 ഫെബ്രുവരി 14ന് അല്‍മോറ ജയിലില്‍ വച്ചാണ് അദ്ദേഹം ആത്മകഥ പൂര്‍ത്തിയാക്കിയത്. ജയില്‍മോചിതനായതോടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന ഭാര്യയെ സന്ദര്‍ശിക്കാനായി തിരിച്ചു. 1936 ഫെബ്രുവരി- മാര്‍ച്ചില്‍ ലണ്ടന്‍ സന്ദര്‍ശിച്ചു. ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ട 1938 ജൂലൈയില്‍ അദ്ദേഹം സ്‌പെയിനിലെത്തി. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടുമുന്‍പായിരുന്നു പണ്ഡിറ്റ് നെഹ്‌റുവിന്റെ ചൈനാ സന്ദര്‍ശനം.

1940 ഒക്ടോബര്‍ 31ന് ഏകാംഗ സത്യാഗ്രഹം നടത്തിയതിന് പണ്ഡിറ്റ് നെഹ്‌റു അറസ്റ്റിലായി. ഇന്ത്യയെ നിര്‍ബന്ധിതമായി ലോകമഹായുദ്ധത്തില്‍ പങ്കാളിയാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു സത്യാഗ്രഹം. മറ്റു നേതാക്കള്‍ക്കൊപ്പം 1941 ഡിസംബറിലാണ് അദ്ദേഹം ജയില്‍മോചിതനായത്. ചരിത്രപ്രസിദ്ധമായ ‘ക്വിറ്റ് ഇന്ത്യ’ പ്രമേയം 1942 ഓഗസ്റ്റ് ഏഴിനു ബോംബെയില്‍ നടന്ന എ.ഐ.സി.സി. സമ്മേളനത്തില്‍ പണ്ഡിറ്റ് നെഹ്‌റു അവതരിപ്പിച്ചു. അടുത്ത ദിവസം അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെയും മറ്റു നേതാക്കളെയും അഹമ്മദ്‌നഗര്‍ ഫോര്‍ട്ടിലേക്കു കൊണ്ടുപോയി. ഇതായിരുന്നു ഏറ്റവും ദൈര്‍ഘ്യമേറിയ ജയില്‍വാസം; അവസാനത്തേതും. ആകെ ഒന്‍പതു തവണ അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. 1945ല്‍ ജയിലില്‍നിന്നു വിട്ടയയ്ക്കപ്പെട്ടപ്പോള്‍ ആദ്യം ചെയ്തത് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടിരുന്ന ഐ.എന്‍.എ. ഓഫീസര്‍മാര്‍ക്കു നിയമസഹായം നല്‍കാന്‍ സംവിധാനമൊരുക്കുകയാണ്. 1946 മാര്‍ച്ചില്‍ അദ്ദേഹം തെക്കുകിഴക്കന്‍ ഏഷ്യ സന്ദര്‍ശിച്ചു. 1946 ജൂലൈ ആറിന് നാലാമത്തെ തവണ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1951നും 54നും ഇടയില്‍ മൂന്നു തവണകൂടി പണ്ഡിറ്റ് നെഹ്‌റു ആ പദവിയിലെത്തി.