ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍ പെട്ട ഇബ്രാഹിംപട്ടി ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തിലാണ് ശ്രീ ചന്ദ്രശേഖര്‍ പിറന്നത്. 1927 ജൂലൈ ഒന്നിനായിരുന്നു ജനനം. 1977 മുതല്‍ 1988 വരെ അദ്ദേഹം ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിപ്ലവതൃഷ്ണയുള്ള ആവേശം നിറഞ്ഞ പോരാളിയായിരുന്ന ശ്രീ ചന്ദ്രശേഖര്‍ വിദ്യാര്‍ഥിയായിരിക്കെത്തന്നെ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. 1950-51ല്‍ അലഹബാദ് സര്‍വകലാശാലയില്‍നിന്നു രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്നു. ആചാര്യ നരേന്ദ്ര ദേവുമായി അടുത്തിടപഴകാനുള്ള അവസരം ലഭിച്ചിരുന്നു. വൈകാതെ, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ബലിയ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു വര്‍ഷത്തിനകം പാര്‍ട്ടിയുടെ യു.പി. സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 1955-56 ആയപ്പോഴേക്കും സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.
1962ല്‍ യു.പിയില്‍നിന്നു രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1965ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1967ല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടിയും സാമൂഹ്യമാറ്റത്തിനുതകുന്ന നയങ്ങള്‍ക്കുവേണ്ടിയും ശബ്ദമുയര്‍ത്തുകവഴി പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ശ്രദ്ധേയനായി. ഭരണത്തിന്റെ മറവില്‍ കുത്തകകള്‍ വളരുന്നതിനെ എതിര്‍ക്കാന്‍ തുടങ്ങിയതോടെ അധികാരകേന്ദ്രങ്ങളുമായി ഇടയേണ്ടിവന്നു.
സ്ഥാപിത താല്പര്യങ്ങള്ക്കെതിരെ ആര്‍ജവത്തോടും ധൈര്യത്തോടും കൂടി ദൃഢമായി നീങ്ങിയതോടെ അദ്ദേഹം ‘യുവതുര്‍ക്കി’ എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി. 1969ല്‍ ഡെല്‍ഹിയില്‍നിന്നു പ്രസിദ്ധീകരണം ആരംഭിച്ച യംങ് ഇന്ത്യന്‍ വാരികയുടെ സ്ഥാപകന്‍ ശ്രീ ചന്ദ്രശേഖറാണ്. ഈ വാരികയുടെ മുഖപ്രസംഗങ്ങളാണ് അക്കാലത്ത് ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെട്ടിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് (1975 ജൂണ്‍ മുതല്‍ 1977 മാര്‍ച്ച് വരെ) യംങ് ഇന്ത്യന്‍ പൂട്ടിയിടാന്‍ നിര്‍ദേശമുണ്ടായി. പിന്നീട് 1989 ഫെബ്രുവരിയിലാണു പ്രസിദ്ധീകരണം പുനരാരംഭിച്ചത്. വാരികയുടെ എഡിറ്റോറിയല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനാണ് അദ്ദേഹം.
ശ്രീ ചന്ദ്രശേഖര്‍ എപ്പോഴും വ്യക്തിയധിഷ്ഠിത രാഷ്ട്രീയത്തെ എതിര്‍ക്കുകയും സൈദ്ധാന്തികവും സാമൂഹികമാറ്റങ്ങള്‍ക്കു വഴിവയ്ക്കുന്നതുമായ രാഷ്ട്രീയത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. ഇത് 1973- 75 കാലഘട്ടത്തില്‍ അദ്ദേഹത്തെ ശ്രീ ജയപ്രകാശ് നാരായണനിലേക്ക് അടുപ്പിച്ചു. അതോടെ നേതൃത്വത്തിനെതിരെ തിരിഞ്ഞ വിപ്ലവകാരിയെന്ന നിലയില്‍ ശ്രീ ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണ്ണിലെ കരടായി.
1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ഉടന്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതികളായ കേന്ദ്ര ഇലക്ഷന് കമ്മിറ്റിയിലും വര്‍ക്കിംങ് കമ്മിറ്റിയിലും അംഗമായിരുന്നെങ്കിലും മെയ്ന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്റ്റ് (മിസ) പ്രകാരമാണ് ശ്രീ ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തു ജയിലലടച്ചത്.
അറസ്റ്റ് ചെയ്യപ്പെട്ട വളരെ ചുരുക്കം ഭരണകക്ഷി നേതാക്കളില്‍ ഒരാളാണ് അദ്ദേഹം.
എന്നും അധികാര രാഷ്ട്രീയത്തെ എതിര്‍ക്കുകയും ജനാധിപത്യ മൂല്യങ്ങളോടും സാമൂഹിക മാറ്റത്തോടും ആഭിമുഖ്യമുള്ള രാഷ്ട്രീയത്തെ ഇഷ്ടപ്പെടുകയും ചെയ്തു.
ജയില്‍ശിക്ഷ അനുഭവിച്ച കാലത്ത് അദ്ദേഹം എഴുതിയ ഡയറി പിന്നീട് ‘മേരി ജയില്‍ ഡയറി’ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ രചനകള്‍ ‘ഡൈനാമിക്സ് ഓഫ് സോഷ്യല്‍ ചേഞ്ച്’ എന്ന പേരില്‍ സമാഹരിച്ചു പുറത്തിറക്കിയിട്ടുണ്ട്.
1983 ജനുവരി ആറു മുതല്‍ 1983 ജൂണ്‍ 25 വരെ രാജ്യത്തിന്റെ തെക്കേയറ്റത്തുള്ള കന്യാകുമാരിയില്‍നിന്ന് ന്യൂഡല്‍ഹിയിലുള്ള ഗാന്ധിസമാധിസ്ഥലമായ രാജ്ഘട്ടിലേക്കു പദയാത്ര നടത്തി. 4260 കിലോമീറ്റര്‍ നീളുന്നതായിരുന്നു യാത്ര. ജനങ്ങളുടെ പ്രശ്നങ്ങള്‍ അടുത്തറിയാനും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുമായിരുന്നു യാത്ര.
യാത്രയുടെ ഭാഗമായി കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഭാരത് യാത്രാ സെന്ററുകള്‍ സ്ഥാപിച്ചു. രാജ്യത്തെ പിന്നോക്ക മേഖലകളില്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കാനും പൊതുവിദ്യാഭ്യാസം നല്‍കുന്നതിനും സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുകയായിരുന്നു ലക്ഷ്യം.
1962 മുതല്‍ 1984നും 1989നും ഇടയ്ക്കുള്ള കാലമൊഴിച്ചാല്‍ എല്ലായ്പ്പോഴും പാര്‍ലമെന്റ് അംഗമായിരുന്നു അദ്ദേഹം. 1989ല്‍ ജന്മനാടായ ബല്ലിയയിലും തൊട്ടടുത്തുള്ള മഹാരാജ്ഗഞ്ചിലും അദ്ദേഹം മല്‍സരിച്ചു. രണ്ടിടത്തും ജയിച്ച അദ്ദേഹം മഹാരാജ്ഗഞ്ചില്നിന്നുള്ള അംഗത്വം രാജിവയ്ക്കുകയായിരുന്നു.
ശ്രീമതി ദുജാ ദേവിയാണ് ശ്രീ ചന്ദ്രശേഖറിന്റെ ഭാര്യ. രണ്ടു മക്കള്‍: പങ്കജും നീരജും.