Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാല് ജി.എസ്.റ്റി. ബില്ലുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


ചരക്ക് സേവന നികുതി (ജി.എസ്.റ്റി) യുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന നാല് ബില്ലുകള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി:

1. കേന്ദ്ര ചരക്ക് സേവന നികുതി ബില്‍ 2017 (സി.ജി.എസ്.റ്റി ബില്‍)

2. സംയോജിത ചരക്ക് സേവന നികുതി ബില്‍ 2017 (ഐ.ജി.എസ്.റ്റി ബില്‍)

3. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ചരക്ക് സേവന നികുതി ബില്‍ 2017 (യു.റ്റി.ജി.എസ്.റ്റി ബില്‍)

4. ചരക്ക് സേവന നികുതി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ട പരിഹാരം) ബില്‍ 2017 (നഷ്ട പരിഹാര ബില്‍)

കഴിഞ്ഞ ആറ് മാസങ്ങളിലായി നടന്ന ജി.എസ്.റ്റി. കൗണ്‍സിലിന്റെ 12 യോഗങ്ങളിലായി വകുപ്പ് തിരിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഈ നാല് ബില്ലുകള്‍ക്കും കൗണ്‍സില്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

സംസ്ഥാനങ്ങള്‍ക്കകത്ത് ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണത്തിന് കേന്ദ്ര ഗവണ്‍മെന്റിന് നികുതി ചുമത്താനും പിരിക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് സി.ജി.എസ്.റ്റി. ബില്‍. മറുവശത്ത് സംസ്ഥാനങ്ങള്‍ തമ്മില്‍ ചരക്കുകളും സേവനങ്ങളും വിതരണം ചെയ്യുന്നതിന് നികുതി ചുമത്താനും പിരിക്കാനും കേന്ദ്ര ഗവണ്‍മെന്റിന് അനുമതി നല്‍കുന്ന വകുപ്പുകളാണ് ഐ.ജി.എസ്.റ്റി. ബില്ലിലുള്ളത്.

നിയമസഭകളില്ലാത്ത കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുള്ളില്‍ ചരക്കുകളും സേവനങ്ങളും വിതരണം ചെയ്യുന്നതിന് നികുതി ചുമത്താനും പിരിക്കാനുമുള്ള വ്യവസ്ഥകളടങ്ങുന്നതാണ് യു.റ്റി. ജി.എസ്.റ്റി ബില്‍.

2016 ലെ ഭരണഘടനയുടെ നൂറ്റിയൊന്നാം ഭേദഗതിയിലെ പതിനെട്ടാം വകുപ്പ് പ്രകാരം ചരക്ക് സേവന നികുതി നടപ്പിലാക്കുന്നത് മൂലം സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന റവന്യൂ നഷ്ടത്തിന് അഞ്ച് വര്‍ഷത്തേയ്ക്ക് നഷ്ട പരിഹാരം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നഷ്ട പരിഹാര ബില്‍.

പശ്ചാത്തലം

രാജ്യത്തെ ഏറ്റവും വലിയ പരിഷ്‌ക്കരണങ്ങളിലൊന്നായ ചരക്ക് സേവന നികുതി എത്രയും വേഗം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. ജൂലൈ ഒന്നു മുതല്‍ ജി.എസ്.റ്റി ക്ക് സമാരംഭം കുറിക്കാന്‍ ജി.എസ്.റ്റി. കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ചരക്ക് സേവന നികുതി സമ്പ്രദായത്തിന്റെ വ്യവസ്ഥകളെ കുറിച്ച് വ്യാപാര വ്യവസായ മേഖലയ്ക്ക് വിശദീകരിച്ച് കൊടുക്കാന്‍ രാജ്യത്തുടനീളം ശ്രമങ്ങള്‍ നടത്തുമെന്ന് ധനകാര്യമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌