Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആറു കോടി ഗ്രാമീണ ഭവനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ‘പ്രധാനമന്ത്രി ഗ്രാമീണ്‍ ഡിജിറ്റല്‍ സാക്ഷരതാ അഭിയാന്’ മന്ത്രിസഭായോഗം അംഗീകാരം നല്‍കി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം 6 കോടി ഗ്രാമീണ ഭവനങ്ങളെ ഡിജിറ്റല്‍ സാക്ഷരരാക്കുകയെന്ന ലക്ഷ്യത്തിനായുള്ള പ്രധാനമന്ത്രി ഗ്രാമീണ്‍ സാക്ഷരതാ അഭിയാന് (പി.എം.ജി.ഡി.ഐ.എസ്.എച്ച്.എ) അംഗീകാരം നല്‍കി. 2,351.38 കോടി രൂപയുടെ പദ്ധതിയുടെ ഉദ്ദേശ്യം ഗ്രാമീണമേഖലയെ മാര്‍ച്ച് 2019 ഓടെ ഡിജിറ്റല്‍ സാക്ഷരരാക്കുകയെന്നതാണ്. 2016-17ലെ ബജറ്റില്‍ കേന്ദ്ര ധനകാര്യ മന്ത്രി നടത്തിയ പ്രഖ്യാപനത്തിന്റെ ചുവട് പിടിച്ചാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതികളില്‍ ഒന്നായിരിക്കും പി.എം.ജി.ഡി.ഐ.എസ്.എച്ച്.എ. ഈ പദ്ധതിപ്രകാരം 25 ലക്ഷം അപേക്ഷകരെ 2016-17 സാമ്പത്തികവര്‍ഷം പരിശീലിപ്പിക്കും. 2017-18 സാമ്പത്തികവര്‍ഷത്തില്‍ 275 ലക്ഷം പേരെയും 2018-19ല്‍ 300 ലക്ഷം പേരെയും പരിശീലിപ്പിക്കാനാണ് പദ്ധതിലക്ഷ്യമിടുന്നത്. ഭൂമിശാസ്ത്രപരമായ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്നതിനായി രാജ്യത്താകമാനമുള്ള 250,000 ഗ്രാമപഞ്ചായത്തുകളില്‍ നിന്നും 200 മുതല്‍ 300 വരെ പേരെ പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യിക്കാനാണ് പരിശ്രമിക്കുന്നത്.

ഡിജിറ്റല്‍ സാക്ഷരതനേടുന്നവര്‍ക്ക് കമ്പ്യൂട്ടറുകളും ഒപ്പം മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും (ടാബ്ലറ്റ്, സ്മാര്‍ട്ട് ഫോണുകള്‍) ഉപയോഗിക്കാനാകും, ഇതിലുടെ അവര്‍ക്ക് ഇ-മെയിലുകള്‍ അയക്കാം സ്വീകരിക്കാം, ഇന്റര്‍നെറ്റ് ഉപയോഗിക്കാം, മറ്റ് സര്‍ക്കാര്‍ സേവനങ്ങള്‍ ഉപയോഗിക്കാം, വിവരശേഖരങ്ങള്‍ നടത്താം, കറന്‍സിരഹിത ഇടപാടുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ സാദ്ധ്യമാകും. ഒപ്പംവിവരസാങ്കേതിക വിദ്യയ്ക്ക് രാജ്യനിര്‍മ്മാണത്തില്‍ സജീവമായ പങ്കുവഹിക്കാനും കഴിയും.

സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും സജീവപങ്കാളത്തിത്തോടെയാണ് പദ്ധതി നടപ്പാക്കുക. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചുമതലപ്പെടുത്തിയിട്ടുള്ള സംസ്ഥാന നിര്‍വഹണ ഏജന്‍സികള്‍, ജില്ലാ തല ഇ-ഗവേര്‍ണന്‍സ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഐ.ടി. മന്ത്രാലയത്തിന്റെ മൊത്തത്തിലുള്ള മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുക.