Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഒഡീഷയിലെ പട്ടികജാതി ലിസ്റ്റില്‍ മാറ്റം വരുത്തുന്നതിനും പോണ്ടിച്ചേരിയുടെ പേര് പുതുച്ചേരിയാക്കുന്നതിനുമുള്ള നിയമ ഭേദഗതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാര


ഒഡീഷയിലെ പട്ടികജാതി ലിസ്റ്റില്‍ മാറ്റം വരുത്തുന്നതിനുള്ള 1950ലെ ഭരണഘടനാ ഉത്തരവ്(പട്ടികജാതി) ഭേദഗതിക്കും, കേന്ദ്ര ഭരണപ്രദേശമായ പോണ്ടിച്ചേരിയുടെ പേര് പുതുച്ചേരി എന്നാക്കുന്നതിനുള്ള 1964ലെ ഭരണഘടന (പോണ്ടിച്ചേരി) പട്ടിക ജാതി ഉത്തരവ് ഭേദഗതിക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഈ ഭേദഗതികള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനാ ഉത്തരവുകള്‍(പട്ടികജാതി) ഭേദഗതി-2017 ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനും തീരുമാനിച്ചു. അംഗീകരിച്ച രൂപമാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ സുല്‍ഗിരി, സ്വല്‍ഗിരി ജാതികള്‍ ഒഡീഷയുടെ പട്ടികജാതി പട്ടികയിലെ ക്രമ നമ്പര്‍ 79ല്‍ വരുന്ന സബക്കിയ ജാതിക്ക് തുല്യമായി പട്ടികജാതി പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന നിര്‍ദ്ദേശിക്കുന്നു. 2006 ഒക്‌ടോബര്‍ 1ന് പാസാക്കിയ പോണ്ടിച്ചേരി (പുനര്‍നാമകരണ) നിയമത്തിലൂടെ കേന്ദ്ര ഭരണപ്രദേശമായ പോണ്ടിച്ചേരിയുടെ പേര് പുതുച്ചേരിയെന്ന് മാറ്റിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനയിലെ പട്ടികജാതി പട്ടികയില്‍ ഈ മാറ്റം കൊണ്ടുവരാനായി ഒരു ഭേദഗതി അനിവാര്യമായിരുന്നു.

പട്ടിക ജാതി-വര്‍ഗ്ഗ പട്ടികപുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് ഗവണ്‍മെന്റ് 1999ല്‍ അംഗീകാരം നല്‍കുകയും 2002 ജൂണില്‍ ഭേദഗതി വരുത്തുകയും ചെയ്തിരുന്നു. ഈ നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണഘടനയില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നതിന് ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റുകളുടേയോ കേന്ദ്ര ഭരണപ്രദേശങ്ങളുടെയോ നിര്‍ദ്ദേശവും ഒപ്പം രജിസ്റ്റാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെയും ദേശീയ പട്ടിക ജാതി കമ്മിഷന്റെയും അനുമതിയും ആവശ്യമാണ്.

ഭരണഘടനയുടെ 341-ാം അനുച്ഛേദ പ്രകാരമുള്ള പട്ടികജാതി പട്ടികയില്‍പ്പെട്ടിട്ടുള്ള വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടന ചില ആനുകൂല്യങ്ങളും പ്രത്യേക അവകാശങ്ങളും അനുവദിച്ച് നല്‍കിയിട്ടുണ്ട്. ആദ്യമായി സംസ്ഥാനമോ കേന്ദ്ര ഭരണപ്രദേശമോ ആയി ബന്ധപ്പെട്ട പട്ടികജാതി പട്ടിക ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റുകളുമായി ആലോചിച്ച് രാഷ്ട്രപതി ഉത്തരവായി ഇറക്കും. അതിനുശേഷം ഏതെങ്കിലും വിഭാഗങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും പുറത്താക്കുന്നതും ഭരണഘടനയുടെ 341-ാം അനുച്‌ഛേദം രണ്ടാം ഉപഖണ്ഡപ്രകാരം പാര്‍ലമെന്റില്‍ നിയമം കൊണ്ടുവന്നു മാത്രമേ കഴിയുകയുള്ളു.

1950 നും 1978 നും ഇടയ്ക്ക് പല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി പട്ടികജാതി പട്ടികയുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള രാഷ്ട്രപതിയുടെ ആറു ഉത്തരവുകള്‍ ഇറങ്ങിയിട്ടുണ്ട്. ഭരണഘടനയുടെ 341-ാംഅനുച്ഛേദം രണ്ടാം ഉപഖണ്ഡപ്രകാരം പാര്‍ലമെന്റില്‍ നിയമം കൊണ്ടുവന്ന് 1956നും 2016നും ഇടയ്ക്ക് ഈ ഉത്തരവുകള്‍ പലതും ഭേദഗതി ചെയ്തിട്ടുമുണ്ട്.

ഈ ബില്ലുകള്‍ നിയമമായിക്കഴിഞ്ഞാല്‍ പട്ടികജാതി പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന സമുദായങ്ങള്‍ക്ക് പട്ടികജാതി വിഭാഗങ്ങള്‍ക്ക് നിലവിലെ പദ്ധതികള്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. പോസ്റ്റ് മെട്രിക്ക് സ്‌കോളര്‍ഷിപ്പ്, നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ്, രാജീവ്ഗാന്ധി നാഷണല്‍ ഫെലോഷിപ്പ്, ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യം, ദേശീയ പട്ടികജാതി ഫൈനാന്‍സ് ആന്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് സൗജന്യനിരക്കിലുള്ള വായ്പ, പട്ടിക ജാതി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം തുടങ്ങിയവയാണ് നിലവിലെ ചില പ്രധാനപ്പെട്ട ആനുകൂല്യങ്ങള്‍. ഇവയോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം തേടുന്നതിന് സംവരണത്തിനും അവര്‍ക്ക് അര്‍ഹതയുണ്ടാകും.