ക്യോട്ടോ ഉടമ്പടി പ്രകാരം ഹരിതഗൃഹ വാതകങ്ങള്‍ പരിമിതപ്പെടുത്തുന്നതിനായി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ചര്‍ച്ചായോഗത്തിനു മുമ്പാകെ വെച്ച രണ്ടാമതു സമയപരിധിക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. ക്യോട്ടോ ഉടമ്പടിയുടെ രണ്ടാമതു സമയപരിധി 2012ലാണ് നിര്‍ണയിക്കപ്പെട്ടത്. ഇത് 65 രാഷ്ട്രങ്ങള്‍ ഇതിനകം അംഗീകരിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കാര്യങ്ങളില്‍ രാഷ്ട്രങ്ങളുടെ സമവായം ഉറപ്പാക്കുന്നതിന് നടത്തിവരുന്ന നിര്‍ണായകമായ ഇടപെടലുകള്‍ക്കൊപ്പം പരിസ്ഥിതിയും കാലാവസ്ഥയും സംരക്ഷിക്കുന്നതില്‍ ഇന്ത്യ വഹിക്കുന്ന നേതൃപരമായ പങ്കിനെ ഉയര്‍ത്തിക്കാട്ടുന്നതാണ് ഈ തീരുമാനം. ക്യോട്ടോ ഉടമ്പടി വ്യവസ്ഥകള്‍ ഇന്ത്യ അംഗീകരിക്കാന്‍ തയ്യാറായത് ഈ പാത പിന്‍തുടരാന്‍ വികസ്വര രാഷ്ട്രങ്ങള്‍ക്കു പ്രോത്സാഹനമേകും. ഈ കാലഘട്ടത്തിനകം സുസ്ഥിരവികസനരംഗത്തെ മുന്‍ഗണനകള്‍ക്ക് അനുസൃതമായി മാലിന്യരഹിതമായ വികസന പ്രക്രിയ നടപ്പാക്കുന്നത് ഇന്ത്യയിലേക്കു കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നതിനു സഹായകമാകുകയും ചെയ്യും.
കാലാവസ്ഥയ്ക്കു ദോഷം സംഭവിക്കാതിരിക്കാന്‍ ഹരിതഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലെ അളവ് പരമാവധി കുറയ്ക്കണമെന്നു കാലാവസ്ഥാ വ്യതിയാനത്തിനായുള്ള ഐക്യരാഷ്ട്രസഭാ ചര്‍ച്ചായോഗം ആവശ്യപ്പെടുന്നുണ്ട്. വികസിത രാഷ്ട്രങ്ങളാണു വലിയ തോതില്‍ ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിടുന്നത് എന്നതിനാല്‍ വികസിത രാഷ്ട്രങ്ങള്‍ അപകടകാരികളായ വാതകങ്ങള്‍ പുറംതള്ളുന്നത് പരിമിതമായ അളവില്‍ മാത്രമേ പാടുള്ളൂ എന്നും വികസ്വര രാഷ്ട്രങ്ങള്‍ പുറംതള്ളുന്ന ഇത്തരം വാതകങ്ങളുടെ തോതു കുറച്ചുകൊണ്ടുവരുന്നതിനായി പണവും സാങ്കേതികവിദ്യയും പ്രദാനംചെയ്യണമെന്നും ക്യോട്ടോ ഉടമ്പടി വ്യവസ്ഥ ചെയ്യുന്നു. ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്ട്രങ്ങള്‍ പുറംതള്ളാവുന്ന വാതകത്തിന്റെ അളവു പരിമിതപ്പെടുത്താനുള്ള വ്യവസ്ഥ ക്യോട്ടോ ഉടമ്പടിയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടില്ല.